Wednesday, June 21, 2017

പുഴപോലും പ്രദക്ഷിണം ചെയ്യുന്ന പുണ്യഭൂമി

കാലവര്‍ഷം കനത്ത മഴ പൊഴിച്ചുതുടങ്ങിയാലാണ് ഇവിടെ തീര്‍ത്ഥാടന കാലം. പ്രകൃതിയുടെ ഹര്‍ഷാശ്രു കൂടിയാണിത്. മഴ നനഞ്ഞുള്ള ഈ തീര്‍ത്ഥാടനത്തിനായി ഭക്തരെത്തുമ്പോള്‍ അവര്‍ക്കത് ആനന്ദത്തിന്റെകൂടി അശ്രുവായി മാറുന്നു. വടക്കന്‍ മലബാറുകാര്‍ വൈശാഖമാഘോഷിക്കുന്ന ഈ പുണ്യകാലത്താണ് വാവലിപ്പുഴ കുത്തിയൊഴുകാന്‍ തുടങ്ങുക. അത് കൊട്ടിയൂരിലെ മണിത്തറയെയും വലം വയ്ക്കുന്നു.
പുഴപോലും പ്രദക്ഷിണം ചെയ്യുന്ന പുണ്യഭൂമിയാണ് കൊട്ടിയൂര്‍. ഇവിടെ സ്വയംഭൂവായ പരമശിവനേയും പാര്‍വ്വതിയേയും വലംവച്ച് വാവലിപ്പുഴയൊഴുകുന്നു. കുളിരണിയുന്ന സഹ്യനില്‍ തഴുകിയൊഴുകിയെത്തുന്ന ജലകണങ്ങളില്‍ പാദം സ്പര്‍ശിച്ച് പരമശിവനെ ദര്‍ശിക്കുമ്പോള്‍ ഏതൊരു ഭക്തനും സായൂജ്യമടയും. സുകൃതമീയാത്ര. മനം കുളിരുമ്പോള്‍ ഭക്തിയുടെ നിര്‍വൃതിയില്‍ എല്ലാം അലിഞ്ഞില്ലാതാകുന്നു. അത് കൊട്ടിയൂര്‍ തീര്‍ത്ഥാടകര്‍ക്ക് അനുഭവമാണുതാനും. എല്ലാ വര്‍ഷവും വൈശാഖത്തി ല്‍ ആയിരങ്ങളാണ് ഇവിടേക്കൊഴുകിയെത്തുന്നത്.  ഒരു തവണ തീര്‍ത്ഥാടനത്തിനെത്തിയാല്‍ പിന്നീട് അതൊരു ജീവിത സപര്യയായി മാറുകയാണെന്നാണ് ഭക്തഭാഷ്യം. സര്‍വ്വപാപനാശമാണ് കൊട്ടിയൂര്‍ ദര്‍ശനഫലം. മലയാളിക്ക് കാശിദര്‍ശനത്തിന് തുല്യമാണത്രേ ഇത്. കാലവര്‍ഷം കനത്ത മഴ പൊഴിച്ചുതുടങ്ങിയാലാണ് ഇവിടെ തീര്‍ത്ഥാടന കാലം. പ്രകൃതിയുടെ ഹര്‍ഷാശ്രു കൂടിയാണിത്. മഴ നനഞ്ഞുള്ള ഈ തീര്‍ത്ഥാടനത്തിനായി ഭക്തരെത്തുമ്പോള്‍ അവര്‍ക്കത് ആനന്ദത്തിന്റെ കൂടി അശ്രുവായി മാറുകയാണ്. വടക്കന്‍ മലബാറുകാര്‍ വൈശാഖമാഘോഷിക്കുന്ന ഈ പുണ്യകാലത്താണ് വാവലിപ്പുഴ കുത്തിയൊഴുകാന്‍ തുടങ്ങുക. അത് കൊട്ടിയൂരിലെ മണിത്തറയെയും വലം വയ്ക്കുന്നു. പുഴപോലും ഇവിടുത്തെ ഈശ്വരസങ്കല്‍പ്പത്തെ പ്രദക്ഷിണം വയ്ക്കുന്നു എന്നുതന്നെ കരുതാം. പുഴയുടെ ഈ ഒഴുക്കിനൊപ്പമാണ് ആയിരങ്ങള്‍ പരമശിവനെയും പാര്‍വ്വതീദേവിയേയും പ്രദക്ഷിണം വയ്ക്കുന്നത്. ഭക്തിയുടെ അമൂര്‍ത്തതലങ്ങളില്‍ തൊട്ടറിയുന്ന ഈ പുണ്യദര്‍ശനം സായൂജ്യത്തിന്റെ ഏതോ വഴികളിലൂടെ എവിടെയൊക്കെയോ നമ്മെയെത്തിക്കുന്നു. ദക്ഷിണ കാശിയിലേക്കുള്ള യാത്ര, വടക്കീശ്വരം തീര്‍ത്ഥാടനം, വടക്കുംകാവ് തൊഴല്‍ തുടങ്ങി പല പേരുകളിലും കൊട്ടിയൂര്‍ തീര്‍ത്ഥാടനം അറിയപ്പെടുന്നുണ്ട്. ദക്ഷിണ കാശിയായറിയപ്പെടുന്ന ഇവിടം പെരുമാക്കന്‍മാരുടെ ഭരണകാലത്ത് ഏറെ അറിയപ്പെട്ടു. കേരളത്തില്‍ ബുദ്ധമതത്തിന്റെ സ്വാധീനം പ്രകടമായിരുന്ന കാലത്തും ചരിത്രാതീത കാലത്തും ഈ ക്ഷേത്രമില്ലാക്ഷേത്രം അറിയപ്പെടാന്‍ തുടങ്ങിയതായാണ് ചരിത്രം. പല്ലവ ഭരണകാലത്തെ മത്തവിലാസം കൂത്ത് ഇന്നും ഇവിടെ നടമാടുന്നുണ്ട്. ഭൗതിക നേത്രങ്ങളെ ആകര്‍ഷിക്കുന്ന ശില്പവേലകളും, ഉത്സവമേളക്കൊഴുപ്പും ഒന്നുംതന്നെ ഇവിടെയില്ല. ഓടത്തണ്ടുകള്‍ ഏച്ചുകൂട്ടാത്ത മൂന്ന് ഉത്തരങ്ങളില്‍ ഉറപ്പിച്ചാണ് താല്‍ക്കാലിക ശ്രീകോവിലുണ്ടാക്കുന്നത്. ഇത് പനയോലകൊണ്ട് പൊതിയുന്നു. ഉത്സവം സമാപിച്ചാല്‍ പിഴുത് തിരുവഞ്ചിറയില്‍ തള്ളുകയാണ് പതിവ്. അതുകഴിഞ്ഞാല്‍ അക്കരെക്കൊട്ടിയൂര്‍ തീര്‍ത്തും നിശ്ശബ്ദമാണ്. പിന്നെ അടുത്ത വര്‍ഷം ഉത്സവത്തിനേ മനുഷ്യപാദ സ്പര്‍ശമേല്‍ക്കൂ. ശ്രീചക്ര മദ്ധ്യത്തെ സൂചിപ്പിക്കുന്ന മണിത്തറയും അതിനരികിലെ അമ്മാറക്കല്‍ തറയും ചുറ്റും ഉയര്‍ന്നുനില്‍ക്കുന്ന ഓലയും ഓടയും മാത്രം ഉപയോഗിച്ചുണ്ടാക്കിയ താല്‍ക്കാലിക പര്‍ണ്ണശാലകളും പഴമയുടെ പെരുമ വിളിച്ചോതുന്നു. ക്ഷേത്ര സങ്കല്‍പ്പത്തിന്റെ മറ്റൊരു മാതൃകയും ഇതില്‍ ദര്‍ശിക്കാം. പര്‍ണ്ണശാലകളാണ് അവയിലൊന്ന്. ഉത്സവകാലത്ത് ക്ഷേത്രം ഓഫീസ് പ്രവര്‍ത്തിക്കുന്നത് ഈ പര്‍ണ്ണശാലകളിലൊന്നിലാണ്. തിടപ്പള്ളിയും ഭക്ഷണശാലയും സാധനസാമഗ്രികള്‍ സൂക്ഷിക്കുന്ന സ്‌റ്റോറുകളും അടിയന്തിരക്കാര്‍ക്കുള്ള താമസസൗകര്യങ്ങളും എല്ലാം ഉള്‍ക്കൊള്ളുന്നത് ഓലയാല്‍ മേഞ്ഞ മനോഹരമായ ഈ ശാലകളിലാണ്. നാല് കരയിലുമായി ആദിവാസികള്‍ മുതല്‍ ബ്രാഹ്മണര്‍വരെയുള്ളവര്‍ ശാലകള്‍കെട്ടി 27 ദിവസം ഇവിടെ കഴിച്ചുകൂട്ടുന്നു.വര്‍ഷത്തിലൊരിക്കല്‍ വൈശാഖ കാലത്തു മാത്രമാണിവിടെ ദര്‍ശനം.ഇടവത്തിലെ ചോതി മുതല്‍ മിഥുനത്തിലെ ചിത്തിര വരെ. ബാക്കി കാലം ഇക്കരെക്കൊട്ടിയൂര്‍ തീര്‍ത്ഥാടനമേ നടക്കൂ.  ആധുനികാതിപ്രസരം അധികമേറ്റിട്ടില്ലെന്നത് കൊട്ടിയൂരിന്റെ ഗ്രാമഭംഗി ദര്‍ശിച്ചാലറിയാം. ഇവിടെ പെരുമാള്‍ ശിവനാണെങ്കിലും ഭക്തര്‍ വൈഷ്ണവ നാമങ്ങളുരുവിടുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഗോവിന്ദ നാമസങ്കീര്‍ത്തനങ്ങളാല്‍ മുഖരിതമാകുന്ന ഓരോ നിമിഷവും ഒരു പ്രത്യേക അനുഭൂതി തന്നെയാണ്. ദക്ഷയാഗത്തില്‍ സതീദേവി ദേഹത്യാഗം ചെയ്തതായി വിശ്വസിക്കുന്ന പുണ്യഭൂമിയാണിത്. യഥാര്‍ത്ഥത്തില്‍ ദക്ഷയാഗം നടന്നത് ഉത്തരേന്ത്യയിലെ ഹരിദ്വാറിലാണെങ്കിലും കേരളത്തിലെ യാഗഭൂമിയായി മലയാളികള്‍ക്ക് ഏറെ അടുത്തറിയാവുന്നത് ഈ കൊട്ടിയൂരാണ്. ചില സ്ഥലനാമങ്ങള്‍ ശ്രദ്ധിച്ചാല്‍ വിശ്വാസ്യതയ്ക്ക് കൂടുതല്‍ അര്‍ത്ഥതലങ്ങള്‍ കൈവന്നേക്കും. കണിച്ചാര്‍, നീണ്ടുനോക്കി, പാമ്പുറപ്പന്‍ തോട്, പാലുകാച്ചിമല, എന്നിവ ഉദാഹരണങ്ങളായി പറയാം. സതീദേവിയുടെ കണ്ണുനീര്‍ ഒഴുകിയ സ്ഥലമാണത്രേ കണിച്ചാര്‍. സതീദേവി നീണ്ടുനിവര്‍ന്ന് എത്തിനോക്കിയ ഇടം നീണ്ടുനോക്കിയായി. സതി യാഗവേദിയിലേക്കായി യാത്രതിരിക്കാ ന്‍ ഒരുങ്ങിയപ്പോള്‍ യാഗത്തിനു പോകേണ്ടതില്ലെന്ന് സര്‍പ്പങ്ങളും ഉറപ്പിച്ചു പറഞ്ഞുവത്രേ. ഇതാണ് പാമ്പുറപ്പന്‍ തോടായി മാറിയത്. അങ്ങനെ ദക്ഷയാഗവുമായി ബന്ധപ്പെട്ടാണ് ക്ഷേത്രമില്ലാ ക്ഷേത്രത്തിന്റെ മുഴുവന്‍ ഐതിഹ്യങ്ങളും ചരിത്രങ്ങളും ചുറ്റപ്പെട്ടു കിടക്കുന്നത്. ദക്ഷപ്രജാപതി നടത്തിയ യാഗത്തിന് മകളായ ദാക്ഷായണിയേയും, ജാമാതാവായ പരമേശ്വരനേയും ക്ഷണിച്ചില്ല എന്നതില്‍ നിന്നു തന്നെ ഇവിടേയും കഥ തുടങ്ങുന്നു. യാഗം കാണണമെന്ന ദാക്ഷായണിയുടെ ആഗ്രഹത്തിന് മനസ്സില്ലാമനസ്സോടെയാണ് ശ്രീ പരമേശ്വരന്‍ അനുമതി നല്‍കിയത്. സപത്‌നിയുടെ ആഗ്രഹത്തിന് പരമശിവന്‍ എതിരുനിന്നില്ലെങ്കിലും ദക്ഷന്‍ മകള്‍ക്കെതിരായി. യാഗ സ്ഥലത്ത് ആ പുത്രിക്ക് വിലക്കായിരുന്നു ലഭിച്ചത്. അച്ഛന്റെ അപമാനം സഹിച്ചതില്‍ മനംനൊന്ത് ദാക്ഷായണി പിന്നീട് യാഗകുണ്ഠത്തിലേക്ക് എടുത്തു ചാടുന്നതാണ് കഥ. പിന്നീട് കലി ബാധിക്കാന്‍ തുടങ്ങിയ ഈ യാഗഭൂമിയെ പരശുരാമന്‍ രക്ഷിച്ചുവെന്നാണ് ഐതിഹ്യം. കലിയെ പരശുരാമന്‍ വധിക്കാനൊരുങ്ങിയെങ്കിലും ത്രിമൂര്‍ത്തികള്‍ രക്ഷപ്പെടുത്തുകയാണുണ്ടായത്. വൈശാഖകാലത്ത് തങ്ങളുടെ സാന്നിധ്യം ഇവിടെ ഉണ്ടാകുമെന്ന് പരശുരാമന് ത്രിമൂര്‍ത്തികള്‍ ഉറപ്പും നല്‍കി. അതിനാല്‍ ശിവപാര്‍വ്വതിമാരുടെ അനുഗ്രഹത്തോടൊപ്പം ത്രിമൂര്‍ത്തികളുടെ പ്രസാദവും ലഭിക്കുമെന്ന വിശ്വാസമുണ്ട്. പരശുരാമന്‍ നിശ്ചയിച്ച പൂജകളും സല്‍ക്കര്‍മ്മങ്ങളും ദുര്‍വ്വാസാവിനെ അയച്ച് വിശ്വാമിത്രന്‍ മുടക്കിയെന്നും പറയപ്പെടുന്നു. നൂറ്റാണ്ടുകള്‍ക്ക് ശേഷം നായാട്ടിനുവന്ന കുറിച്യരാണ് പിന്നീട് ഒരു കല്ലില്‍ ദേവസാന്നിധ്യം കണ്ടെത്തിയതത്രേ. നൂറ്റാണ്ടുകളായി പറഞ്ഞു പറഞ്ഞ് പ്രചരിച്ച ഐതിഹ്യ കഥകള്‍ അടുത്തറിയാന്‍ പ്രശ്‌നചിന്ത വച്ചപ്പോള്‍ ആ കല്ല് സ്വയംഭൂ ശിവലിംഗമാണെന്ന് തിരിച്ചറിയുകയാണുണ്ടായത്. ദാക്ഷായണി ജീവത്യാഗം ചെയ്ത ഈ യാഗഭൂമിയാണത്രേ അമ്മാറക്കല്‍ തറ. അമ്മ മറഞ്ഞ തറയാണ് പിന്നീട് അമ്മാറക്കല്‍ തറയായി അറിയപ്പെട്ടത്. സ്വയംഭൂവായി കുടികൊള്ളുന്ന പരമശിവന്റെ സ്ഥാനം മണിത്തറയിലാണ്. ഇവ രണ്ടും വലംവച്ചാണ് വാവലിപ്പുഴയുടെ ഒഴുക്ക് തുടരുന്നത്. പലപ്പോഴും വലംവച്ചൊഴുകുന്ന പുണ്യവാഹിനി ഒന്ന് പൊന്തി ഒഴുകുന്ന കാഴ്ചയും കാണാം. ഭഗവാനെ ഒന്നു സ്പര്‍ശിക്കാനെന്നവണ്ണം യമുന ഒഴുകിയ കഥ ഇവിടെ ഓര്‍മ്മവന്നേക്കാം. കൃഷ്ണനേയും തലയിലേറ്റി അമ്പാടിയിലേക്ക് വസുദേവര്‍ യാത്ര തിരിക്കുമ്പോള്‍ ആദ്യം യമുന വഴിമാറിക്കൊടുക്കുകയായിരുന്നു. സഞ്ചാരപാതയൊരുക്കിയ ഈ യമുനതന്നെ വസുദേവരുടെ കഴുത്തോളം ഉയര്‍ന്നു പൊന്തി. ശ്രീകൃഷ്ണനെ ഒന്നു തൊടുവാനുള്ള വെമ്പലാണത്രേ ആ പാരവശ്യത്തിനു പിന്നില്‍. ഉണ്ണിക്കണ്ണനെ സ്പര്‍ശിച്ച മാത്രയില്‍ അവള്‍ നിശ്ചലയാകുകയും ചെയ്തു. വീണ്ടും വസുദേവര്‍ യാത്ര തുടര്‍ന്നു. വടക്കന്‍ കേരളത്തിന്റെ ഗംഗയും യമുനയുമെല്ലാം ഈ വാവലിയാണ്. അവിടെ യമുനയാണ് ശ്രീകൃഷ്ണനെ സ്പര്‍ശിക്കാന്‍ വെമ്പല്‍പൂണ്ടതെങ്കില്‍ ഇവിടെ പരമശിവനെ സ്പര്‍ശിക്കാന്‍ ബാവലിപ്പുഴയാണ് വെമ്പല്‍ കൊള്ളുന്നത്. യമുനയുടെ ആ പാരവശ്യം വാവലിയിലും ആദ്യ കാലത്ത് പ്രകടമായിരുന്നെന്ന് പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. അക്കരെക്കൊട്ടിയൂരില്‍ പൂജ മുഴുമിക്കാതെയാണ് ഓരോ വര്‍ഷവും ഉത്സവം പര്യവസാനിക്കുക. അവിടെയും നിഗൂഢത തന്നെയാണ് കാണാന്‍ കഴിയുന്നത്. പ്രകൃതിയുടെ ശരിയായ ഭാവം അത് തന്നെയാണത്രെ. അതുതന്നെയാണ് കൊട്ടിയൂരിലെ ചില സങ്കല്‍പ്പങ്ങള്‍ക്കാധാരം. നിഗൂഢതയില്‍ പര്യവസാനിച്ച് നിഗൂഢതയില്‍ തുടങ്ങുന്നു. ഓരോ വര്‍ഷത്തെ ഉത്സവവും ആയില്യാര്‍ക്കാവില്‍ നടക്കുന്ന നിഗൂഢ പൂജയോടെയാണ് തുടങ്ങുന്നത്.അല്ലെങ്കിലും പ്രകൃതി തന്നെ നിഗൂഢമാണല്ലോ! അതാകാം ശക്തിയുടെ അന്തഃസത്ത. തന്റെ പരിമിതമായ ചൈതന്യത്തെ സാക്ഷാത്കരിക്കുന്നതുവരെ മനുഷ്യന് അപൂര്‍ണ്ണതയുടെ തലത്തിലുള്ള പ്രാര്‍ത്ഥനകള്‍ കൂടിയേ കഴിയൂ. ആ അപൂര്‍ണ്ണത്വം തന്നെയാണ് കൊട്ടിയൂരിലെ സവിശേഷതയും. ഒരു വര്‍ഷത്തെ ഉത്സവം 27 നാളാണ്. അതുകഴിഞ്ഞാല്‍ അങ്ങോട്ടാര്‍ക്കും പ്രവേശനമില്ല. പതിനൊന്ന് മാസക്കാലം മനുഷ്യരുടെ പാദസ്പര്‍ശമേല്‍ക്കാത്ത ഒരു പുണ്യഭൂമിയാണ് പിന്നീട് കാണുന്നത്. ഇക്കാലത്തെല്ലാം ഇവിടെ ദേവ-ഭൂത-ഗണങ്ങളുടെ ഉത്സവകാലമാണെന്നാണ് ഐതിഹ്യപ്പെരുമ. കാട് പിടിച്ചുകിടക്കുന്ന താഴ്‌വാരം വൃത്തിയാക്കിയാണ് അടുത്തവര്‍ഷം ഉത്സവം ആരംഭിക്കുക. വൈശാഖമഹോത്സവവും, പൂജകളും വീണ്ടും അപൂര്‍ണ്ണതയില്‍ നിന്നു തുടങ്ങും. ആചാര്യസ്വാമികളാണ് ഉത്സവം ചിട്ടപ്പെടുത്തിയതെന്ന അഭിപ്രായം നിലവിലുണ്ട്. കാലമെത്ര കഴിഞ്ഞാലും തലമുറകളെ കോര്‍ത്തിണക്കുന്ന കണ്ണികളായി ഇവിടുത്തെ ആചാരാനുഷ്ഠാനങ്ങള്‍ വര്‍ത്തിക്കുന്നുവെന്നത് കൊട്ടിയൂരിനെ വേറിട്ട് നിര്‍ത്തുന്നു. വാക്കുകളുടെ വര്‍ണ്ണനകള്‍ക്ക് ഇവിടെ പ്രസക്തിയില്ലെന്നത് കൊട്ടിയൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞാല്‍ തിരിച്ചറിയും. വരിക ഈ പുണ്യവാഹിനിയില്‍ ഒന്നു മുങ്ങിനിവരാന്‍. ദര്‍ശനം: ജൂണ്‍ 6-ന് രാത്രി നെയ്യാട്ടത്തിനും പൂജകള്‍ക്കും ശേഷമാണ് ദര്‍ശനം ആരംഭിക്കുന്നത്. ജൂണ്‍ 7-ന് അര്‍ദ്ധരാത്രിയോടെ ഭണ്ഡാരഘോഷയാത്ര അക്കരെക്കൊട്ടിയൂരിലെത്തിയ ശേഷമേ സ്ത്രീകള്‍ക്ക് പ്രവേശനമുള്ളൂ. 28-ന് മകം നാള്‍ ഉച്ചശീവേലിക്കു ശേഷം സ്ത്രീകള്‍ക്ക് അക്കരക്കൊട്ടിയൂരിലേക്ക് പ്രവേശനമില്ല. ജൂലൈ 2-ന് ക്ഷേത്ര നട അടക്കും

No comments:

Post a Comment