ദക്ഷിണകാശിയെന്നറിയപ്പെടുന്ന കൊട്ടിയൂര്‍ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ച് ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ മുതിരേരി കാവിലെ വാള്‍ കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. ഇതോടെ 28 ദിവസം നീണ്ടനില്‍ക്കുന്ന കൊട്ടിയൂര്‍ വൈശാഖമഹോത്സവത്തിന് തുടക്കമായി.നൂറ്റാണ്ടുകളുടെ ഓര്‍മകളെപ്പോലും പിന്നിലാക്കിയാണ് മുതിരേരിയിലെ വാള്‍ ഇപ്പോഴും കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കുന്നത്. കാടും മലയും കടന്ന് മറുകരകള്‍ നീന്തിക്കടന്നും ദക്ഷന്റെ ശിരസ്സറുത്ത വാളുമായി വയനാട്ടില്‍ നിന്ന് കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂരിലേക്ക് ചരിത്രത്തില്‍ ഇടം തേടിയ യാത്ര. മുതിരേരിയില്‍ നിന്ന് വാള്‍ വരുന്നതും കാത്തിരിക്കുകയാണ് വൈശാഖ മഹോത്സവവും.
ദക്ഷിണകാശിയായ കൊട്ടിയൂരിലെ വൈശാഖ മഹോത്സവത്തിന്റെ ഓര്‍മകളില്‍ ജ്വലിച്ചു നില്‍ക്കുകയാണ് വയനാട്ടിലെ മുതിരേരിക്കാവും. ഈ കാവില്‍ നിന്ന് വാള്‍ എഴുന്നള്ളിച്ച് എത്തുന്നതോടെയാണ് വൈശാഖ മഹോത്സവത്തിന്റെ തുടക്കവും. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ആചാരനുഷ്ഠാനങ്ങള്‍ ഇന്നും പതിവുതെറ്റാതെ നടക്കുന്നു. 40 കിലോമീറ്ററോളം ദൂരം കാടുംമേടും താണ്ടി കാല്‍നടയായാണ് ക്ഷേത്രം മേല്‍ശാന്തി കൊട്ടിയൂര്‍ അമ്പലത്തില്‍ വാള്‍ എത്തിക്കുന്നത്. പഴക്കം നിര്‍ണയിക്കാന്‍ കഴിയാത്തവിധത്തില്‍ ചരിത്രത്തിന്റെ ഭാഗമാവുകയാണ് വയനാടന്‍ പൈതൃകഭൂമിയിലെ വേറിട്ടൊരു അനുഷ്ഠാനവും.
വടക്കേവയനാട്ടിലെ കോഴിയോട്ട് കുടുംബ ക്ഷേത്രമാണ് മുതിരേരിക്കാവ്. പാലയാട്ട് തറവാട് മുറ്റത്ത് എല്ലാവരും ഒത്തുകൂടി കുടുംബക്ഷേത്രത്തില്‍ വഴിപാടുകള്‍ നടത്തി ഏവരും കാവിലെത്തുന്നു. ജില്ലയിലെ വിവിധ ദേശങ്ങളിലുള്ളവര്‍ അതിരാവിലെ തന്നെയെത്തി വാളുപോക്ക് ചടങ്ങിന് സാക്ഷ്യം വഹിച്ചിരുന്നു. അന്നദാനത്തിനുശേഷം ധ്യാനത്തിലിരിക്കുന്ന ക്ഷേത്രം മേല്‍ശാന്തി വെളിപാടുണരുമ്പോള്‍ അമ്പലക്കുളത്തില്‍ മുങ്ങി കഴകകാര്‍ക്ക് ഒറ്റവാര്‍പ്പ് നിവേദ്യങ്ങള്‍ നല്‍കി വാളുമായി കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. ഇനി വൈശാഖ മഹോത്സവം സമാപിച്ചതിനുശേഷംമാത്രമാണ് വാള്‍ മുതിരേരി കാവിലേക്ക് തിരികെ എഴുന്നള്ളിക്കുക. അതുവരെ വിശേഷ ഉത്സവങ്ങളൊന്നും ഉപക്ഷേത്രങ്ങളില്‍ നടക്കില്ല. പുത്തന്‍മഠം മൂഴിയോട്ട് ഇല്ലത്തിനാണ് വാളുകൊണ്ടുപോകാനുള്ള പരമ്പരാഗത അവകാശം.
Wednesday, June 7, 2017
ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ മുതിരേരി കാവിലെ വാള്‍ കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു
Subscribe to:
Post Comments (Atom)
No comments:
Post a Comment