Friday, June 2, 2017

നെയ്യമൃത് മഠങ്ങള്‍ സക്രിയമായി

കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ പ്രാരംഭ ചടങ്ങുകളില്‍ പ്രധാനമായ നെയ്യാട്ടത്തിനായി നെയ്യമൃതുമായി പോകുന്ന വ്രതക്കാര്‍ കലശംകുളിച്ച് മഠത്തില്‍ കയറി കഠിനവ്രതം തുടങ്ങി. ബുധനാഴ്ച നീരെഴുന്നള്ളത്ത് ചടങ്ങിന്റെ ഭാഗമായി ചെനക്കല്‍ ചടങ്ങും ചില മഠങ്ങളില്‍ നിഴല്‍ക്കൂടല്‍ ചടങ്ങും നടത്തി . കല്ലൂര്‍ മഠത്തില്‍ കാപ്പാടന്‍ രാമചന്ദ്രന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ നെയ്യമൃത് വ്രതക്കാര്‍ മഠത്തില്‍ കയറി. എറാഞ്ചേരി കൃഷ്ണന്‍ നമ്പൂതിരി ഓട്ടായിക്കര ബാബു നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ കലശംകുളി നടത്തി. ജൂണ്‍ നാലിന് സംഘം കൊട്ടിയൂരില്‍ നെയ്യുമായി പുറപ്പെടും. മട്ടന്നൂര്‍ പരിയാരം മഠത്തില്‍ കാരണവര്‍ കല്ലുമാടത്തില്‍ വെള്ളുവ ശ്രീധരന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ വ്രതക്കാര്‍ കലശംകുളിച്ച് മഠത്തില്‍കയറി. ക്ഷേത്ര ക്ഷേത്ര മേല്‍ശാന്തി പനക്കാട്ടില്ലത്തെ ഹരീഷ് നമ്പൂതിരി കലശംകുളിച്ച് വ്രതക്കാരെ സ്വീകരിച്ചു. ചെനക്കല്‍ ചടങ്ങും നിഴല്‍ക്കുടല്‍ ചടങ്ങും നടത്തി. കൊട്ടിയൂരിലേക്ക് നെയ്യ് എത്തിക്കുന്നതിനായി കിണ്ടിമുറുക്കുന്നതിനുള്ള കയര്‍ പിരിച്ചെടുക്കുന്നതിനായി പ്രവൃത്തി തുടങ്ങി. സംഘം അഞ്ചാംതീയതി കൊട്ടിയൂരിലേക്ക് പുറപ്പെടും. തില്ലങ്കേരി മഠത്തില്‍ 59 പേര്‍ ഇക്കുറി കൊട്ടിയൂരിലേക്ക് നെയ്യമൃതുമായി പുറപ്പെടും. മഠത്തില്‍ ചെനക്കല്‍ ചടങ്ങും നീരെഴുന്നള്ളത്തിന്റെ ഭാഗമായി നടത്തി . ചാവശ്ശേരി മഠത്തില്‍ ഇ.എം.കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ വ്രതക്കാര്‍ കൊട്ടിയൂരിലേക്ക് നെയ്യമൃതുമായി ജൂണ്‍ നാലിന് പുറപ്പെടും. കോളാരി, വട്ടക്കയം, വെളിയമ്പ്ര, പൊറോറ, കിളിയങ്ങാട്, വെള്ളിയാംപറമ്പ്, കൊടോളിപ്രം, കവിടിശ്ശേരി കുന്നോത്ത് മഠങ്ങളില്‍ നിന്ന് ഇക്കുറി നിരവധിപേര്‍ കൊട്ടിയൂരിലേക്ക് നെയ്ക്കിണ്ടിയുമായി യാത്രതിരിക്കും .

No comments:

Post a Comment