രോഹിണി ആരാധനയ്ക്കുശേഷം ആയില്യം നക്ഷത്രത്തിന് മുമ്പായുള്ള കൊട്ടിയൂര്‍ പെരുമാളിന്റെ പ്രസാദമെന്ന് വിശേഷിപ്പിക്കുന്ന തൃക്കൂര്‍ അരിയളവ് ഇന്ന് നടക്കും. കോട്ടയം കോവിലകം, മണത്തണയിലെ കുളങ്ങരേത്ത്, കരിമ്പനക്കല്‍ ചാത്തോത്ത്, ആക്കല്‍, തിട്ടയില്‍ തറവാടുകളിലെ സ്ത്രീകള്‍ക്ക് അരിയും ഏഴില്ലക്കാര്‍ക്ക് തേങ്ങയും വെല്ലവുമാണ് നല്കുക. കോവിലകത്തെ സ്ത്രീകള്‍ക്ക് പന്തീരടിപൂജയ്ക്ക് തൊട്ടുപുറകെ വെള്ളിത്തട്ടില്‍ സ്വര്‍ണപ്പാത്രത്തിലാണ് അരി ചൊരിയുന്നത്. മറ്റ് സ്ത്രീകള്‍ക്ക് അത്താഴശീവേലിക്കുശേഷം കിഴക്കെനടയിലെ മുഖമണ്ഡപത്തില്‍വെച്ചും അരി ചൊരിയും. 4 തറവാടുകളിലെയും പുരുഷന്മാര്‍ക്കും ആണ്‍കുട്ടികള്‍ക്കും ആയുസ്സില്‍ ഒരിക്കല്‍മാത്രം അരിവാങ്ങാം. വൈശാഖ മഹോത്സവ നാളുകളില്‍ ഊരാളന്മാരുടെ കുടുംബത്തിലെ സ്ത്രീകള്‍ക്ക് തൃക്കൂര്‍ അരിയളവിനും ഏഴില്ലക്കാരുടെ വീടുകളിലെ സ്ത്രീകള്‍ക്ക് ഒരുതവണ പ്രത്യേക പ്രസാദം വാങ്ങാനും മാത്രമേ ക്ഷേത്രസന്നിധിയില്‍ പ്രവേശിക്കാവൂ. നാളികേരവും മധുരവും ചേര്‍ത്തതാണ് പ്രസാദം. കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിലെ നാല് ചതുശ്ശതങ്ങളില്‍ ആദ്യത്തേതായ തിരവാതിര ചതുശ്ശതവും ഇന്ന് നടക്കും. തിരുവാതിര, പുണര്‍തം, ആയില്യം,അത്തം എന്നീ നാളുകളിലാണ് ചതുശ്ശതം അഥവാ വലിയവട്ടളം പായസം ദേവന് നിവേദിക്കുന്നത്. തിരുവാതിര പന്തീരടിയോടെയാണ്തിടപ്പള്ളിയില്‍ പായസ നിര്‍മ്മാണം ആരംഭിക്കുക. 100 ഇടങ്ങഴി അരി, 100 നാളികേരം, 100 കിലോ ശര്‍ക്കരയും നെയ്യും ചേര്‍ത്താണ് പായസം തയ്യാറാക്കുക. മണിത്തറയില്‍ വെച്ചും കോവിലകം കയ്യാലയില്‍ വെച്ചും പായസനിവേദ്യം വിതരണം ചെയ്യും.
No comments:
Post a Comment