വൈശാഖ മഹോത്സവത്തിനുതുടക്കംകുറിക്കുന്ന ആദ്യ ചടങ്ങായ നെയ്യാട്ടത്തില്‍ പങ്കെടുക്കാന്‍ നെയ്യ് നിറച്ച കിണ്ടികളുമായി ഇരുവനാട് വില്ലിപ്പാലന്‍ വലിയ കുറുപ്പിന്റെ നേതൃത്വത്തിലുള്ള നെയ്യമൃത് സംഘം ഞായറാഴ്ച നിടുമ്പ്രം കുറ്റിപ്പുറം ശിവക്ഷേത്രത്തില്‍നിന്ന് യാത്രതിരിക്കും ഒരുമാസത്തിലേറെയായി കഠിന വ്രതമെടുത്തവര്‍ കഴിഞ്ഞദിവസമാണ് സങ്കേതങ്ങളില്‍ എത്തിയത്. നിടുമ്പ്രം നള്ളക്കണ്ടി മഠത്തിലും എളന്തോടത്തു മഠത്തിലുമായാണ് 31-ന് നൂറ്റിമുപ്പതോളംപേര്‍ എത്തിച്ചേര്‍ന്നത്. അന്ന് കലശംകുളിയോടുകൂടിയാണ് സങ്കേതത്തില്‍ കുടിയേറിയത്. നാലു ദിവസങ്ങളിലായി നെയ്യമൃത് വ്രതക്കാര്‍ വിവിധ പ്രവൃത്തികളുമായി സങ്കേതത്തില്‍ തങ്ങും. നെയ്ക്കിണ്ടി കുടുക്കുവാനുള്ള കയര്‍ ഭക്തര്‍ സ്വന്തമായി ചികിരി പിരിച്ചെടുക്കും. ഞായറാഴ്ച രാവിലെ നിടുംമ്പ്രം കുറ്റിപ്പുറം ശിവക്ഷേത്ര സന്നിധിയില്‍ നെയ്യ് നിറയ്ക്കല്‍ ചടങ്ങ് നടക്കും. ഇരുവനാട് വില്ലിപ്പാലന്‍ ബാലകുറുപ്പിന്റെ നേതൃത്തില്‍ വലിയ കുഭംത്തില്‍ ആദ്യം നെയ്യ് നിറയ്ക്കുകയും തുടര്‍ന്ന് മറ്റുള്ള മഠക്കാര്‍ ചെറിയ കിണ്ടികളില്‍ നെയ്യ് നിറയ്ക്കുകയും ചെയ്യും. ഇതിനുശേഷം ഉച്ചയോടെയാണ് യാത്ര പുറപ്പെടുക. ഞായറാഴ്ച രാത്രി എടയാറിലും പിറ്റേദിവസം മണത്തണയിലും തങ്ങും. ആറിന് രാവിലെ മണത്തണയില്‍നിന്ന് യാത്രതിരിച്ച് ഉച്ചയോടെ കൊട്ടിയൂരില്‍ എത്തിച്ചേരും. രാത്രി പന്ത്രണ്ടോടെയാണ് നെയ്യാട്ടം. ഞായറാഴ്ച യാത്ര പുറപ്പെടുന്ന നെയ്യമൃത് സംഘം തലക്കുടയുമായി നെയ്ക്കിണ്ടിയുമെടുത്ത് കാല്‍നടയായാണ് കൊട്ടിയൂരിലെത്തുക.
No comments:
Post a Comment