Friday, January 16, 2015

തനിമയുടെ താളത്തില്‍ അമ്പലപ്പുഴ, ആലങ്ങാട് എഴുന്നള്ളത്ത്‌... മാളികപ്പുറത്തമ്മയുടെ എഴുന്നള്ളത്തുകള്‍ 18 വരെ

തനിമയുടെ താളത്തില്‍ അമ്പലപ്പുഴ, ആലങ്ങാട് എഴുന്നള്ളത്ത്‌...

മാളികപ്പുറത്തമ്മയുടെ എഴുന്നള്ളത്തുകള്‍ 18 വരെ

ശബരിമല: മകരവിളക്ക് ആഘോഷത്തിന്റെ തുടര്‍ച്ചയായി സന്നിധാനത്ത് മാളികപ്പുറത്തമ്മയുടെ എഴുന്നള്ളത്ത് തുടങ്ങി. 18 വരെ എഴുന്നള്ളത്ത് തുടരും. ആനപ്പുറത്ത് എഴുന്നള്ളുന്ന അമ്മയ്ക്ക് മേളവും തീവെട്ടിയും അകമ്പടിയായി. 18ന് എഴുന്നള്ളത്ത് ശരംകുത്തി വരെ പോകും. മടക്കം വാദ്യവും ആരവവും ഇല്ലാതെയാകും.

19 വരെ ഭക്തരുടെ ദര്‍ശനം. നെയ്യഭിഷേകം 18 വരെ മാത്രമേ ഉള്ളൂ. അന്ന് 10.30ന് മാളികപ്പുറത്ത് കുരുതി നടക്കും. 20ന് രാജാവിന്റെ ദര്‍ശനം കഴിഞ്ഞശേഷം നട അടയ്ക്കും
.
വ്യാഴാഴ്ച അമ്പലപ്പുഴ സംഘത്തിന്റെ ശീവേലി എഴുന്നള്ളത്തുണ്ടായി. ആനയും താലപ്പൊലിയും മിഴിവേറ്റി. സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. എഴുന്നള്ളത്ത് പതിനെട്ടാംപടിക്കല്‍ എത്തിയപ്പോള്‍ അംഗങ്ങള്‍ അവിടം കഴുകി വൃത്തിയാക്കി. പടിയില്‍ മണ്‍ചട്ടിയില്‍ ദീപം തെളിയിച്ചു. തിരിച്ച് മാളികപ്പുറം എത്തി. തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പനെ ദര്‍ശിച്ച് കര്‍പ്പൂരാഴി പൂജ നടത്തി മടങ്ങി.

പ്രസിഡന്റ് കെ.ചന്തു, ജി.മോഹനന്‍ നായര്‍, ജി.ശ്രീകുമാര്‍, സി.എന്‍.രവികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ആലങ്ങാട്ട് സംഘത്തിന്റെ എഴുന്നള്ളിപ്പ് വൈകീട്ട് 6ന് പുറപ്പെട്ടു. പതിനെട്ടാംപടിയില്‍ ദീപം തെളിയിച്ച് ഗോളക സഹിതം പടി കയറി ദര്‍ശനം നടത്തി. പുറയാറ്റി രാജേഷ്, എം.എന്‍.രാജപ്പന്‍, എ.കെ.വിദ്യാധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വെള്ളിയാഴ്ച സംഘം കാണിക്ക സമര്‍പ്പിക്കും. രാത്രി 8.30ന് അരവണനിവേദ്യം എഴുന്നള്ളിപ്പും ഉണ്ടാകും. ശനിയാഴ്ച രാവിലെ കാണിക്ക സമര്‍പ്പിച്ച് സംഘം ഉപചാരം ചൊല്ലി പിരിയും.

No comments:

Post a Comment