Sunday, January 4, 2015

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭഗവതിക്ക് പിള്ളേര് താലപ്പൊലി നാളെ... സന്നിധിയില്‍ 1001 നിറപറകള്‍ നിറയും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭഗവതിക്ക് പിള്ളേര് താലപ്പൊലി നാളെ...

സന്നിധിയില്‍ 1001 നിറപറകള്‍ നിറയും

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉപദേവതയായ ഭഗവതിക്ക് ഭക്തരുടെ പിള്ളേര് താലപ്പൊലി തിങ്കളാഴ്ച പ്രൗഢിയോടെ ആഘോഷിക്കും. ഒന്നര നൂറ്റാണ്ട് പിന്നിട്ട പിള്ളേരുതാലപ്പൊലിക്ക് നാട്ടുകാരുടെ താലപ്പൊലി സംഘമാണ് നേതൃത്വം. പതിവുപോലെ ദേവസ്വത്തിന്റെ സഹകരണത്തോടെയാണ് ആചാര അനുഷ്ഠാന ചടങ്ങുകള്‍.
വിശേഷപുഷ്പാലങ്കാര ദീപക്കാഴ്ചകളോടെ പുലര്‍ച്ചെ മൂന്നിന് ആഘോഷം തുടങ്ങും. നാഗസ്വര കച്ചേരിയാണ് പിന്നീട്. പതിനൊന്നരയ്ക്ക് ഗുരുവായൂരപ്പന്റെ ശ്രീലകം അടയ്ക്കുന്നതോടെ ക്ഷേത്രത്തില്‍ ഭഗവതിയുടെ എഴുന്നള്ളിപ്പ് തുടങ്ങും. പഞ്ചവാദ്യമാണ് ആദ്യം അകമ്പടി.
പരയ്ക്കാട് തങ്കപ്പമാരാര്‍, വൈക്കം ചന്ദ്രന്‍, പല്ലശ്ശന മുരളി എന്നിവര്‍ തിമില നിരയ്ക്കും ചെര്‍പ്പുളശ്ശേരി ശിവന്‍, കോട്ടയ്ക്കല്‍ രവി മദ്ദളസംഘത്തിനും നേതൃത്വം നല്കും.
ക്ഷേത്രത്തിനു പുറത്തുകടന്ന് കിഴക്കേനടയില്‍ പഞ്ചവാദ്യം അവസാനിക്കും. പാണ്ടിമേളം തുടങ്ങും. കിഴക്കൂട്ട് അനിയന്‍മാരാര്‍, തിരുവല്ല രാധാകൃഷ്ണന്‍, ദാസന്‍ മാരാര്‍ എന്നിവര്‍ പാണ്ടി നയിക്കും. മേളസമാപനത്തില്‍ 1001 നിറപറകള്‍ ഭഗവതിക്ക് മുന്നില്‍ ചൊരിയും. കോമരം സുരേന്ദ്രന്‍ നായര്‍ ഉറഞ്ഞുതുള്ളി ചടങ്ങ് നിര്‍വ്വഹിക്കും. കുളപ്രദക്ഷിണത്തോടെ പകല്‍പ്പൂരം അവസാനിക്കും.
സന്ധ്യക്ക് വെടിക്കെട്ട് നടക്കും. രാത്രി വീണ്ടും പഞ്ചവാദ്യ അകമ്പടിയില്‍ എഴുന്നള്ളിപ്പ് തുടങ്ങും. പിന്നീട് മേളവും കഴിഞ്ഞാല്‍ കളമെഴുത്ത് പാട്ട് ഉണ്ടാകും. മേല്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ മുതല്‍ രാത്രി വരെ കലാപരിപാടികള്‍ അരങ്ങേറും. നടി ആശാശരത്തിന്റെ നൃത്തങ്ങളോടെ സമാപിക്കും.

No comments:

Post a Comment