Tuesday, January 13, 2015

കൃഷ്ണപ്പരുന്തും സ്വാമിമാരും സാക്ഷി; തിരുവാഭരണഘോഷയാത്ര പുറപ്പെട്ടു....

!!! സ്വാമിയേ ശരണമയ്യപ്പാ !!!

പന്തളം: ആകാശത്ത് വട്ടമിട്ടുപറന്ന കൃഷ്ണപ്പരുന്തിനെയും പതിനായിരക്കണക്കിന് സ്വാമിമാരെയും സാക്ഷിനിര്‍ത്തി തിരുവാഭരണ ഘോഷയാത്ര ശബരീശസന്നിധിയിലേക്ക് പുറപ്പെട്ടു.

മകരസംക്രമസന്ധ്യയില്‍ ശബരീശന് ചാര്‍ത്താനുള്ള തങ്കയാഭരണങ്ങളാണ് പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താക്ഷേത്രത്തില്‍നിന്ന് തിങ്കളാഴ്ച ഘോഷയാത്രയായി കൊണ്ടുപോയത്.

പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചത്. ശ്രീകോവിലിനുമുമ്പില്‍ തുറന്നുവച്ച ആഭരണങ്ങള്‍ ദര്‍ശനത്തിനുശേഷം പേടകങ്ങളിലാക്കി പുറത്തേക്കെടുത്തു. ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍പിള്ള തിരുമുഖമടങ്ങുന്ന പ്രധാനപെട്ടിയും മരുതമന ശിവന്‍പിള്ള വെള്ളിപ്പാത്രങ്ങളടങ്ങിയ പെട്ടിയും കൊടിയും ജീവതയുമടങ്ങിയ വലിയപെട്ടി കിഴക്കേതോട്ടത്തില്‍ പ്രതാപചന്ദ്രന്‍നായരും ശിരസ്സിലേറ്റി. രാജപ്രതിനിധി മകയിരംനാള്‍ കേരളവര്‍മരാജ പല്ലക്കിലേറി ഘോഷയാത്രയെ അനുഗമിച്ചു. ഘോഷയാത്രാസംഘത്തിനൊപ്പം ഇരുമുടിക്കെട്ടെടുത്ത നൂറുകണക്കിന് അയ്യപ്പന്മാരും സായുധപോലീസ് സേനയും ഒഴുകിനീങ്ങി. ഘോഷയാത്രാസംഘം മൂന്നാംദിവസം ശബരിമലയിലെത്തും.

കുളനട, ഉള്ളന്നൂര്‍, ആറന്മുളവഴി ആദ്യദിവസം അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തിലെത്തി വിശ്രമിക്കും. രണ്ടാംദിവസം വടശ്ശേരിക്കര, പെരുനാട്വഴി ളാഹ വനംവകുപ്പ് സത്രത്തില്‍ താവളമടിക്കും. മൂന്നാംദിവസം കാനനപാതയിലൂടെയാണ് സംഘം യാത്രചെയ്യുന്നത്. പ്ലാപ്പള്ളി, നിലയ്ക്കല്‍, വലിയാനവട്ടം, ചെറിയാനവട്ടം, നീലിമലവഴി ശരംകുത്തിയിലെത്തുന്ന ഘോഷയാത്രയെ ദേവസ്വംബോര്‍ഡ് അധികാരികള്‍ സ്വീകരിക്കും.

പ്രധാനപെട്ടി പതിനെട്ടാംപടിയിലൂടെ സന്നിധാനത്തേക്കും മറ്റ് രണ്ട് പെട്ടികള്‍ മാളികപ്പുറത്തേക്കും കൊണ്ടുപോകും. ശബരീശ വിഗ്രഹത്തില്‍ ആഭരണങ്ങള്‍ചാര്‍ത്തി ദീപാരാധന നടത്തുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.

ഘോഷയാത്രയോടൊപ്പം പമ്പയിലെത്തി വിശ്രമിക്കുന്ന രാജാവ് മൂന്നാംദിവസമാണ് മലകയറുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാളികപ്പുറത്തുതാമസിച്ച് ദര്‍ശനംനടത്തിയശേഷം കളഭവും കുരുതിയുംകഴിഞ്ഞ് രാജാവ് തിരുവാഭരണങ്ങളുമായി പന്തളത്തേക്ക് മടങ്ങും.

No comments:

Post a Comment