!!! സ്വാമിയേ ശരണമയ്യപ്പാ !!!
ശബരിമല: മകരവിളക്കിന് ശബരിമലയിലെ ക്രമീകരണങ്ങള്‍ തീരുമാനിച്ചു. മകരവിളക്ക് ദിനമായ ബുധനാഴ്ച ഉച്ചപ്പൂജ കഴിഞ്ഞാല്‍ ദീപാരാധനവരെ പതിനെട്ടാംപടി ചവിട്ടാന്‍ അനുവാദമില്ല. ഉച്ചമുതല്‍ പമ്പയില്‍നിന്ന് മലകയറാനും വിലക്കുണ്ട്. മൂന്നുമണി മുതല്‍ മരക്കൂട്ടത്തുനിന്ന് അയ്യപ്പന്‍മാരെ കടത്തിവിടില്ല.
തിരുവാഭരണഘോഷയാത്ര ശരംകുത്തിയില്‍ എത്തിയതിനുശേഷമേ പമ്പയില്‍ നിന്ന് അയ്യപ്പന്‍മാരെ മലചവിട്ടാന്‍ അനുവദിക്കൂ. ഘോഷയാത്രയ്ക്കിടയില്‍ തിക്കും തിരക്കും ഒഴിവാക്കാനാണിത്. തിരുവാഭരണം സന്നിധാനത്തേക്ക് പ്രവേശിക്കുന്ന മുറയ്‌ക്കേ അയ്യപ്പന്‍മാരെ താഴെ തിരുമുറ്റത്തേക്ക് കടത്തിവിടൂ. ദീപാരാധനസമയത്ത് പടി കയറ്റിത്തുടങ്ങും.
ആറരയ്ക്കാണ് ദീപാരാധന. ഇക്കുറി മകരസംക്രമപൂജ രാത്രി 7.28നാണ്. തിരുവാഭരണം ചാര്‍ത്തി ദീപാരാധന കഴിഞ്ഞ് 7.10ന് മകരസംക്രമപൂജയ്ക്ക് ഒരുക്കം തുടങ്ങും. ഈ സമയത്തും പതിനെട്ടാംപടി കയറാന്‍ തടസ്സമില്ലെന്ന് എ.ഡി.ജി.പി. പദ്മകുമാര്‍ അറിയിച്ചു. 13നും 14നും വെര്‍ച്വല്‍ ക്യൂവഴി ദര്‍ശനം ഉണ്ടാവില്ല. 15ന് ഇത് പുനരാരംഭിക്കും. 13നും 14നും പമ്പ-സന്നിധാനം ട്രാക്ടര്‍ ഓട്ടത്തിന് വിലക്കുണ്ട്. അത്യാവശ്യ കാര്യത്തിനുമാത്രമേ ട്രാക്ടര്‍ അനുവദിക്കൂ.
ശരണപാതയില്‍ ഇതുവരെയും വാഹനങ്ങള്‍ തടയേണ്ടിവന്നിട്ടില്ല. മകരവിളക്കിന് അത് വേണ്ടിവന്നാല്‍ അതിന് പ്രത്യേക ഇടങ്ങള്‍ പോലീസ് നിശ്ചയിച്ചു. ഇടത്താവളങ്ങള്‍ കേന്ദ്രീകരിച്ചേ വാഹനങ്ങള്‍ തടയൂ. നിലയ്ക്കലിലെ മുഴുവന്‍ മൈതാനവും പ്രയോജനപ്പെടുത്തും. അയ്യപ്പന്‍മാരെ എരുമേലിയില്‍ ഇറക്കിയശേഷം കാലിയായി വരുന്ന വണ്ടികള്‍ പമ്പയ്ക്ക് വിടില്ല. ഇവ നിലയ്ക്കലില്‍ കിടക്കണം. ഈ വണ്ടികളിലെ അയ്യപ്പന്‍മാര്‍ കരിമലവഴി നടന്ന് സന്നിധാനത്ത് എത്തി ദര്‍ശനംകഴിഞ്ഞ് മടങ്ങുമ്പോള്‍ നിലയ്ക്കല്‍ എത്താന്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് ഉപയോഗിക്കണം.
പാണ്ടിത്താവളത്തില്‍നിന്ന് സന്നിധാനത്തേക്ക് ഇറങ്ങിവരുന്നവരെ നിയന്ത്രിക്കാന്‍ ആര്‍.എ.എഫിന്റെ സഹായവും തേടും. ഇവരെ ഘട്ടംഘട്ടമായി മാത്രമേ വിടൂ. പാണ്ടിത്താവളം, പുല്ലുമേട് തുടങ്ങി എല്ലായിടവും വിരി പട്രോളിങ്ങിന് പോലീസിനെ നിയോഗിച്ചു. മോഷണം തടയാനാണിത്.
സന്നിധാനത്തും പമ്പയിലും പോലീസ് സേവനം 19വരെ തുടരുമെന്ന് എ.ഡി.ജി.പി. അറിയിച്ചു. 19വരെ തിരക്കുതുടരും എന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
No comments:
Post a Comment