!!! സ്വാമിയേ ശരണമയ്യപ്പാ !!!
പന്തളം: പരമ്പരാഗതമായി തുടര്‍ന്നുവരുന്ന ചില ആചാരാനുഷ്ഠാനങ്ങളാണ് ഘോഷയാത്രയില്‍ പ്രധാനം. ഇതിന് കോട്ടംവരാതെയിരിക്കാന്‍ കൊട്ടാരം നിര്‍വാഹകസംഘം ഭാരവാഹികള്‍ ശ്രദ്ധിക്കുന്നു. തിരുവാഭരണ പേടകങ്ങള്‍ പുലര്‍ച്ചെ ക്ഷേത്രത്തിലേക്ക് മാറ്റുന്നതിനുമുമ്പുതന്നെ ചടങ്ങുകള്‍ ആരംഭിക്കും.
തിങ്കളാഴ്ച 4 മണിയോടെ ആഭരണങ്ങള്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. ശ്രീകോവിലിനു മുമ്പില്‍ തുറന്നുവയ്ക്കുന്ന ആഭരണങ്ങള്‍ 11.30വരെ തീര്‍ഥാടകര്‍ക്ക് ദര്‍ശിക്കാനാവും.
വലിയതമ്പുരാന്‍ രേവതിനാള്‍ പി.രാമവര്‍മരാജയും രാജപ്രതിനിധി മകയിരംനാള്‍ കേരളവര്‍മരാജയും ക്ഷേത്രത്തിലേക്ക് എത്തിക്കഴിഞ്ഞാല്‍ ചടങ്ങുകളാരംഭിക്കും. മേല്‍ശാന്തി ശ്രീകോവിലില്‍ പൂജിച്ചുനല്‍കുന്ന ഉടവാള്‍ വലിയതമ്പുരാന്‍ രാജപ്രതിനിധിക്കുകൈമാറി അനുഗ്രഹിക്കും. തുടര്‍ന്ന് ഇരുവരും സംഘാംഗങ്ങളെ ഭസ്മംനല്‍കി അനുഗ്രഹിക്കും.
12.45ന് ആഭരണങ്ങള്‍ നീരാജനമുഴിഞ്ഞ് പെട്ടിയിലാക്കി അലങ്കരിച്ച് ശ്രീകോവിലിനു വലംവച്ച് ക്ഷേത്രത്തിനു പുറത്തെടുക്കും. ഒരുമണിക്ക് ആഭരണപ്പെട്ടികള്‍ ശിരസ്സിലേറ്റി ഘോഷയാത്രപുറപ്പെടും. തിരുവാഭരണ ഘോഷയാത്രയ്‌ക്കൊപ്പം പല്ലക്കില്‍കയറി കൈപ്പുഴ വടക്കേമുറി കൊട്ടാരത്തിലെത്തുന്ന രാജപ്രതിനിധി വലിയതമ്പുരാട്ടിയെ കണ്ട് ഉടവാള്‍ നടയ്ക്കല്‍വച്ച് അനുഗ്രഹംവാങ്ങും. ഉച്ചഭക്ഷണത്തിനുശേഷം കൊട്ടാരം പരദേവതയായ മണ്ണടി ഭഗവതിയെ തൊഴുത് കൊട്ടാരം പടിപ്പുരമാളികയുടെ 18 പടികളിറങ്ങി ഘോഷയാത്രേയാടൊപ്പംചേരും.
പമ്പയിലെത്തി വിശ്രമിക്കുന്ന രാജാവ് മണ്ഡപത്തിലിരുന്ന് ഭക്തര്‍ക്ക് ഭസ്മംനല്‍കി അനുഗ്രഹിക്കും. മകരവിളക്കിന്റെ മൂന്നാംദിവസം മലകയറുന്ന രാജാവ് അയ്യപ്പനെകണ്ട് തൊഴുത് മാളികപ്പുറത്ത് വിശ്രമിക്കും. കളഭത്തിനും കുരുതിക്കും രാജാവിന്റെ സാന്നിധ്യമുണ്ടാകും. കുരുതികഴിഞ്ഞ് നടയടച്ച് മേല്‍ശാന്തിയില്‍നിന്ന് താക്കോല്‍ ഏറ്റുവാങ്ങി വരുംമാസ പൂജകള്‍ക്കായി താക്കോല്‍ തിരികെ ഏല്പിച്ച് പടിയിറങ്ങി രാജാവ് തിരുവാഭരണങ്ങളുമായി പന്തളത്തേക്ക് മടങ്ങും. കാല്‍നടയായിത്തന്നെയാണ് മടക്കയാത്രയും.
No comments:
Post a Comment