Sunday, January 11, 2015

എരുമേലിയില്‍ സാഹോദര്യത്തിന്റെ വിളംബരമായി ഇന്ന് ചന്ദനക്കുടം; നാളെ പേട്ടതുള്ളല്‍...

!!! സ്വാമിയേ ശരണമയ്യപ്പാ !!!

എരുമേലി: മനസ്സുകളില്‍ ഭക്തിമഴ ചൊരിഞ്ഞ് പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ഞായറാഴ്ച നടക്കും. പേട്ടതുള്ളലിന് ഐക്യദാര്‍ഢ്യവുമായി ശനിയാഴ്ചയാണ് ചന്ദനക്കുടം ഉത്സവം. ചന്ദനക്കുടത്തിന് ക്ഷേത്രങ്ങളിലും പേട്ടതുള്ളലിന് മസ്ജിദിലും സ്വീകരണങ്ങള്‍ നല്കുമ്പോള്‍ ഭക്തിയും സൗഹൃദവും കൈകോര്‍ക്കുന്ന കാഴ്ചയിലേക്ക് നാട് കണ്‍തുറക്കും.
ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് എരുമേലി പേട്ട ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍നിന്ന് അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളല്‍ ആരംഭിക്കുന്നത്. ഭഗവദ്‌സാന്നിധ്യമായി മാനത്ത് കൃഷ്ണപ്പരുന്തെത്തുമ്പോള്‍ സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തില്‍ പേട്ടതുള്ളല്‍ തുടങ്ങും.
വാവരുപള്ളിയിലെ സ്വീകരണം ഏറ്റുവാങ്ങി വാവരുസ്വാമിയുടെ പ്രതിനിധിയുമായാണ് സംഘം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് നീങ്ങുന്നത്.
ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് യോഗം പെരിയോന്‍ എ.കെ.വിജയകുമാറിന്റെ നേതൃത്വത്തില്‍ ആലങ്ങാട് സംഘം പേട്ടതുള്ളുന്നത്. വര്‍ണ്ണവൈവിധ്യങ്ങളോടെയാണ് അമ്പലപ്പുഴ പേട്ടയെങ്കില്‍ ചടുലതാളമാണ് ആലങ്ങാട് സംഘത്തിന്റെ പ്രത്യേകത.
പേട്ടതുള്ളലിന് ഐക്യദാര്‍ഢ്യവുമായി എരുമേലി മഹല്ലാ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച ചന്ദനക്കുടം ഉത്സവം നടക്കും. വൈകീട്ട് ആറരയ്ക്കാണ് ചന്ദനക്കുടം ഘോഷയാത്ര.
ഘോഷയാത്രയ്ക്ക് മുന്നോടിയായി നടക്കുന്ന സമ്മേളനം ജസ്റ്റിസ് ടി.ആര്‍.രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി.ഗോവിന്ദന്‍നായര്‍ ഘോഷയാത്ര ഫ്ലഗ് ഓഫ് ചെയ്യും. ഉച്ചയ്ക്ക് 2ന് പുറപ്പെടുന്ന മാലിസ ഘോഷയാത്ര പള്ളിയങ്കണത്തില്‍ തിരികെയെത്തിയ ശേഷമാണ് വൈകീട്ട് ആറരയോടെ ചന്ദനക്കുട ഘോഷയാത്ര പുറപ്പെടുന്നത്.

No comments:

Post a Comment