ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം ഉപദേവതയായ ഇടത്തരികത്തുകാവിലമ്മ എഴുന്നള്ളിവന്നപ്പോള്‍ ക്ഷേത്രനടയില്‍ എതിരേറ്റത് 1,001 നിറപറകളുടെ സമൃദ്ധി. ആയിരങ്ങള്‍ ഉറക്കെ മനമുരുകി വിളിച്ചപ്പോള്‍ മഞ്ഞളില്‍ ആറാടിനിന്ന ദേവി നിറപറകളെല്ലാം ഏറ്റുവാങ്ങി അനുഗ്രഹം ചൊരിഞ്ഞു മടങ്ങി.
ഗുരുവായൂര്‍ താലപ്പൊലി സംഘത്തിന്റെ നേതൃത്വത്തിലുള്ള 'പിള്ളേര് താലപ്പൊലി' യുടെ ഭാഗമായി തിങ്കളാഴ്ച ഉച്ചതിരിഞ്ഞുനടന്ന നടക്കല്‍പ്പറ ആചാരപ്രാധാനവും ഭക്തിനിര്‍ഭരവുമായ ചടങ്ങായിരുന്നു. പറവെക്കാന്‍ ക്ഷേത്രനടപ്പുര മനോഹരമായി അലങ്കരിച്ചിരുന്നു. ഉച്ചയോടെതന്നെ പറകള്‍ നാലുവരികളിലായി നിരത്തിവച്ചു. മഞ്ഞള്‍, കുങ്കുമം, നെല്ല്, മലര്‍, അവില്‍, ശര്‍ക്കര, പുഷ്പം തുടങ്ങിയ ദ്രവ്യങ്ങള്‍ നിറച്ചു. ഭക്തരുടെ പറകളെല്ലാം ദേവിക്ക് ഭക്തിപുരസ്സരം സമര്‍പ്പിച്ചു.
ഗുരുവായൂരപ്പന്റെ ശ്രീലകം അടച്ചശേഷം ഉച്ചയ്ക്ക് 12ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് ഇടത്തരികത്തുകാവ് ഭഗവതി പുറത്തേക്കെഴുന്നള്ളിയത്. പരക്കാട് തങ്കപ്പന്‍ മാരാര്‍, വൈക്കം ചന്ദ്രന്‍, പല്ലശ്ശന മുരളി എന്നിവര്‍ തിമിലയിലും ചെര്‍പ്പുളശ്ശേരി ശിവന്‍, കോട്ടക്കല്‍ രവി എന്നിവര്‍ മദ്ദളത്തിലും വാദ്യം നയിച്ചു. ഗുരുവായൂരിലെ പേരുകേട്ട കൊമ്പന്‍മാരായ വലിയ കേശവന്‍, ഇന്ദ്രസെന്‍, ശ്രീധരന്‍ എന്നിവര്‍ അണിനിരന്നപ്പോള്‍ എഴുന്നള്ളിപ്പിന് തലയെടുപ്പായി.
പഞ്ചവാദ്യം കിഴക്കേനടയില്‍ സമാപിച്ചശേഷം മേളമായിരുന്നു. കിഴക്കൂട്ട് അനിയന്‍ മാരാര്‍, തിരുവല്ല രാധാകൃഷ്ണന്‍, ഗുരുവായൂര്‍ ദാസന്‍ മാരാര്‍ എന്നിവരായിരുന്നു മേളനായകര്‍. ആദ്യം ചെമ്പടകൊട്ടി അവസാനിപ്പിച്ചശേഷം പാണ്ടി കൊട്ടിക്കയറി. മേളാവേശത്തിന്റെ അലയൊലി തീര്‍ത്ത പാണ്ടി കൊട്ടിത്തീര്‍ന്നശേഷം ക്ഷേത്രം കോമരമായ സുരേന്ദ്രന്‍ വെളിച്ചപ്പാട് വാളും ചിലമ്പുമേന്തി ഉറഞ്ഞുതുള്ളി പറകള്‍ ഏറ്റുവാങ്ങി.
ഗുരുവായൂര്‍ മുരളിയുടെ നാദസ്വര അകമ്പടിയോടെ കുളപ്രദക്ഷിണമായിരുന്നു പിന്നീട്. നടവഴികളിലെല്ലാം ദേവിയെ പറവെച്ചു സ്വീകരിച്ചു. തുടര്‍ന്ന് വെടിക്കെട്ട്. ക്ഷേത്രത്തില്‍ രാത്രി പഞ്ചവാദ്യത്തോടെയും മേളത്തോടെയും എഴുന്നള്ളിപ്പിനുശേഷം കളംപാട്ടുംകൂടി കഴിഞ്ഞാണ് താലപ്പൊലിക്ക് സമാപനമായത്.
ഗുരുവായൂര്‍ താലപ്പൊലിക്ക് വൈവിധ്യ കലകളുടെ സംഗമം...
ഗുരുവായൂര്‍: ഗുരുവായൂരിലെ 'പിള്ളേര് താലപ്പൊലി'ക്ക് വൈവിധ്യമാര്‍ന്ന കലകളുടെ സംഗമം ആഘോഷത്തെ മാധുര്യമുള്ളതാക്കി.
തിങ്കളാഴ്ച രാത്രി നടി ആശാ ശരത്തിന്റെ നൃത്തം ആസ്വദിക്കാന്‍ തിരക്കുണ്ടായി. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ ജനാര്‍ദ്ദനന്‍ നെടുങ്ങാടിയുടെ അഷ്ടപദിയോടെയായിരുന്നു കലാപരിപാടികളുടെ തിരശ്ശീലയുയര്‍ന്നത്. ഗുരുവായൂരര്‍ വിനോദ് ഒപ്പം പാടി. ഗുരുവായൂര്‍ ശശിമാരാര്‍ ഇടയ്ക്ക വായിച്ചു. കഥകളിപ്പദ കച്ചേരിയും ആസ്വാദ്യമായി. നാദരത്‌നം കലാമണ്ഡലം സുകുമാരനും കലാമണ്ഡലം സുധീഷുമായിരുന്നു പാട്ട്. കലാമണ്ഡലം രാജന്‍ ( ചെണ്ട ), കലാമണ്ഡലം ഹരിനാരായണന്‍ ( മദ്ദളം), ഗുരുവായൂര്‍ ശ്യാമളന്‍ ( ഇടക്ക) എന്നിവരും അണിചേര്‍ന്നു.' തുറവൂര്‍ വിശ്വംഭരന്‍ ഭക്തി പ്രഭാഷണം നടത്തി.
Photos - Guruvayoorappan page
No comments:
Post a Comment