Friday, January 9, 2015

ശബരിമല പ്രസാദത്തിന്റെ അനധികൃത വെബ്‌സൈറ്റ് അടപ്പിച്ചു...

ശബരിമല പ്രസാദത്തിന്റെ അനധികൃത വെബ്‌സൈറ്റ് അടപ്പിച്ചു...

ശബരിമല: ശബരിമല ക്ഷേത്രത്തിലെ പ്രസാദം അനധികൃതമായി ഓണ്‍ലൈന്‍വഴി ബുക്കിങ് നടത്തി നല്‍കിയിരുന്ന വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം പോലീസ് തടഞ്ഞു. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവന്നിരുന്ന 'ഓണ്‍ലൈന്‍ പ്രസാദം ഡോട്ട് കോം' എന്ന സൈറ്റിനെതിരെയാണ് നടപടി. ഇതിന്റെ ഉടമ പശ്ചിമബംഗാള്‍ റേഞ്ചര്‍ഗോട്ട് സ്വദേശി ഗൂഞ്ചന്‍ മാളി(26)െനതിരെ ഐ.ടി.നിയമപ്രകാരം കേസെടുത്തു. ഇദ്ദേഹത്തിന് അറസ്റ്റ് വാറണ്ട് അയച്ചു. ബാംഗ്ലൂരില്‍ കേംബ്രിഡ്ജ് ലേഔട്ട് എന്ന ഫ്‌ലാറ്റിലാണ് ഇയാള്‍ താമസം. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയാണ്.

സൈബര്‍സെല്‍ എസ്.പി. പി.പ്രകാശിന്റെ നേതൃത്വത്തിലാണ് നടപടികള്‍. ശബരിമല ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്.ജയകുമാറാണ് അനധികൃത ഓണ്‍ലൈന്‍ പ്രസാദവില്പനയ്‌ക്കെതിരെ ഡി.ജി.പി.ക്ക് പരാതി നല്‍കിയിരുന്നത്. ഈ സ്ഥാപനം 3000 ഓര്‍ഡര്‍ എടുത്തിരുന്നതായി കണ്ടെത്തി. ബാംഗ്ലൂരിലെ ഓക്‌സ്‌ഫോര്‍ഡ് ടവേഴ്‌സ് എന്ന കെട്ടിടം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. ശബരിമല ഉള്‍പ്പെടെ 81 ക്ഷേത്രത്തിലെ പ്രസാദം ഇയാള്‍ ഓണ്‍ലൈന്‍വഴി ബുക്കിങ് നേടി വിതരണം നടത്തിയിരുന്നതായി പോലീസ് കണ്ടെത്തി.

ശബരിമലപ്രസാദത്തിന് വിവിധതരം പാക്കേജുകളാണ് ഇവര്‍ നല്‍കിയിരുന്നത്. 501 രൂപയ്ക്ക് ഒരുകിറ്റ് അപ്പം, 751 രൂപയ്ക്ക് സുവര്‍ണചിത്രം, പ്രസാദം, 1801 രൂപയ്ക്ക് പ്രസാദം, ഫോട്ടോ, മാല, 1501 രൂപയ്ക്ക് മൂന്നുമാസം പ്രസാദം, 3000 രൂപയ്ക്ക് ആറുമാസം പ്രസാദം, 18,000 രൂപയ്ക്ക് പ്രസാദം, തീര്‍ഥാടനവേഷം, മാല, ത്രീസ്റ്റാര്‍ അക്കോമഡേഷന്‍, വിമാനടിക്കറ്റ് എന്നിങ്ങനെ വിവിധ ഇനം ഓഫറുകള്‍ നല്‍കിയിരുന്നു. സ്ഥാപനത്തിന്റെ കമ്പ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്‌ക്, രേഖകള്‍ എന്നിവ പിടിച്ചെടുത്തു. സൈറ്റ് പ്രവര്‍ത്തനം തടഞ്ഞു. ഇവരില്‍നിന്നു കണ്ടെടുത്ത പ്രസാദം ശബരിമലയിലേതാണോ എന്ന്‌ െഫാറന്‍സിക് പരിശോധനവഴി ഉറപ്പാക്കും.

കേരള സൈബര്‍ പോലീസ് വിഭാഗത്തിന്റെ ഇത്തരം ഒരു നടപടി കേരളത്തിനുപുറത്ത് ഇതാദ്യമാണ്. ഐ.ടി. ആക്ട് പ്രകാരം വിശ്വാസ്യത ഇല്ലാത്ത വിവരങ്ങള്‍ നല്‍കിയതിനും വഞ്ചനയ്ക്കും ഉടമയ്‌ക്കെതിരെ െേകസടുക്കും. ഈ സൈറ്റിന്റെ പ്രതിനിധികള്‍ ശബരിമലയിലെത്തി പ്രസാദം വാങ്ങി പോവുകയായിരുന്നു എന്നാണ് വിവരം. ഡിവൈ.എസ്.പി. എന്‍.വിജയകുമാര്‍, എസ്.ഐ. കെ.ഹരീന്ദ്രന്‍ നായര്‍, സി.രഞ്ജിത്ത്, എന്‍.സുനില്‍കുമാര്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.

No comments:

Post a Comment