!!! സ്വാമിയേ ശരണമയ്യപ്പാ !!!
പന്തളം: മകരസംക്രമസന്ധ്യയില്‍ ശബരീശന് ചാര്‍ത്തുന്നതിനുള്ള തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര തിങ്കളാഴ്ച പന്തളത്തുനിന്നു പുറപ്പെടും. ഉച്ചയ്ക്ക് ഒരുമണിക്കാണ് ഘോഷയാത്ര വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍നിന്നു പുറപ്പെടുന്നത്. പന്തളം വലിയതമ്പുരാന്റെ പ്രതിനിധിയായി മകയിരംനാള്‍ കേരളവര്‍മരാജാ തിരുവാഭരണഘോഷയാത്രാ സംഘത്തെ നയിക്കും.
ഘോഷയാത്ര പുറപ്പെടുന്നതിനുമുമ്പും ശബരിമലയിലെത്തിച്ചേരുമ്പോഴും ആചാരപരമായ ചടങ്ങുകളുണ്ട്. പന്തളത്തുനിന്ന് പരമ്പരാഗത തിരുവാഭരണപാതയിലൂടെ നീങ്ങുന്ന ഘോഷയാത്രാസംഘം കുളനട, ആറന്മുളവഴി ആദ്യദിവസം അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തിലെത്തി വിശ്രമിക്കും.
രണ്ടാംദിവസം വടശ്ശേരിക്കര, പെരുനാട് വഴി ളാഹ വനംവകുപ്പ് സത്രത്തിലാണ് വിശ്രമം. മൂന്നാംനാള്‍ കാനനപാതയിലൂടെ നിലയ്ക്കല്‍, അട്ടത്തേക്ക്, വലിയാനവട്ടം, ശരംകുത്തിവഴി വൈകീട്ട് ശബരിമലയിലെത്തിച്ചേരും. ഘോഷയാത്രയ്‌ക്കൊപ്പം പമ്പയിലെത്തി വിശ്രമിക്കുന്ന രാജപ്രതിനിധി മൂന്നാംദിവസമാണ് മലചവിട്ടുന്നത്.
ശബരിമലയിലെത്തിക്കുന്ന തിരുവാഭരണങ്ങള്‍ ശബരീശവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.
ശബരിമലയിലെത്തി ശാസ്താവിനെ തൊഴുത് മാളികപ്പുറത്ത് വിശ്രമിക്കുന്ന രാജപ്രതിനിധി കളഭവും കുരുതിയും കഴിഞ്ഞ് ശബരിമലനടയടച്ച് താക്കോല്‍ ഏറ്റുവാങ്ങിയശേഷമാണ് തിരുവാഭരണങ്ങളുമായി പന്തളത്തേക്ക് മടങ്ങുക. മടക്കയാത്രയില്‍ ആദ്യദിവസം ളാഹ വനംവകുപ്പ് സത്രത്തില്‍ വിശ്രമിക്കും. രണ്ടാംനാള്‍ പെരുനാട്ടിലെത്തി ആഭരണങ്ങള്‍ കക്കാട്ടുകോയിക്കല്‍ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തും. മൂന്നാംദിവസം ആറന്മുളയിലെത്തി താവളമടിക്കുന്ന സംഘം ജനവരി 23നാണ് പന്തളത്ത് മടങ്ങിയെത്തുന്നത്.
ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍പിള്ളയുടെ നേതൃത്വത്തിലുള്ള 23 അംഗ സംഘമാണ് ആഭരണങ്ങളും പൂജാപാത്രങ്ങളും കൊടിക്കൂറകളുമടങ്ങിയ പേടകങ്ങള്‍ ശിരസ്സിലേറ്റി ശബരിമലയിലെത്തിക്കുന്നത്.
No comments:
Post a Comment