Monday, January 12, 2015

മകരവിളക്ക്: ശബരിമലയില്‍ അധിക സുരക്ഷ...

!!! സ്വാമിയേ ശരണമയ്യപ്പാ !!!

പമ്പ: മകരവിളക്ക് ആഘോഷത്തിന് സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ നടന്ന അവലോകനയോഗത്തില്‍ തീരുമാനമായി. സന്നിധാനം, പമ്പ, പുല്ലുമേട് എന്നിവിടങ്ങളിലും മകരജ്യോതി കാണാന്‍ വിശ്വാസികള്‍ കൂടുന്ന ഇടങ്ങളിലും പോലീസ് സുരക്ഷ ഉണ്ടാകും.

പമ്പയില്‍ 1270 പോലീസും സന്നിധാനത്ത് 2450 പോലീസും ഉണ്ടാകും. പുല്ലുമേട്ടില്‍ 1500 പോലീസുകാരുടെ സേവനം ഉറപ്പാക്കും. പുല്ലുമേട്ടില്‍ വെളിച്ചക്കുറവ് പരിഹരിക്കാന്‍ 146 അസ്‌കലൈറ്റുകള്‍ സ്ഥാപിക്കും. പാഞ്ചാലിമേട് അടക്കമുള്ള ജ്യോതിദര്‍ശന കേന്ദ്രങ്ങളില്‍ ആംബുലന്‍സ് ഉണ്ടാകും. 46 എണ്ണം കൂടി അധികമായി എത്തും.

കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളില്‍ മകരവിളക്ക് കാണാന്‍ ആളുകള്‍ കൂടുന്ന ഇടങ്ങളുടെ സുരക്ഷ നേരിട്ട് അതത് എസ്.പി.മാര്‍ വഹിക്കും. കെ.എസ്.ആര്‍.ടി.സി. പമ്പ-നിലയ്ക്കല്‍ ചെയിനിന് 350 ബസ്സുകള്‍ മാറ്റിവെക്കും. ദീര്‍ഘദൂര സര്‍വ്വീസിന് 650 ബസ്സുകളും ഉണ്ടാകും.

ഇക്കുറി പതിവില്‍നിന്ന് വ്യത്യസ്തമായി അയ്യപ്പന്‍മാര്‍ വനത്തിലൂടെ നിയന്ത്രണമില്ലാതെ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പമ്പയില്‍ നിന്ന് തിരുവാഭരണപാത വഴി അപ്പാച്ചിമേട്ടിലേക്കും മറ്റും ഈ രീതിയില്‍ കയറുന്നു. ഇത് മരക്കൂട്ടത്തെ നിയന്ത്രണം പാളാന്‍ ഇടയാക്കുന്നു. ഇത് കര്‍ശനമായി തടയും.

70 സ്ട്രക്ച്ചര്‍ സര്‍വ്വീസുകള്‍ കൂടി ലഭ്യമാകും. പമ്പയില്‍ സുരക്ഷാച്ചുമതല ഐ.ജി. മനോജ് ഏബ്രഹാമിനും സന്നിധാനത്ത് എ.ഡി.ജി.പി. പത്മകുമാറിനുമാണ്. പുല്ലുമേട്ടില്‍ ഐ.ജി. എം.ആര്‍.അജിത്കുമാറിനാണ് സുരക്ഷാനേതൃത്വം.

രമേശ് ചെന്നിത്തലയ്ക്ക് ഒപ്പം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹരിദാസ് ഇടത്തിട്ട, എസ്.പി. ഡോ. ശ്രീനിവാസ്, കളക്ടര്‍ എസ്.ഹരികിഷോര്‍ തുടങ്ങിയവരും ഉണ്ടായി.

No comments:

Post a Comment