Wednesday, January 14, 2015

മകരവിളക്കിനായി മലയില്‍ മിഴിനട്ട്...

!!! സ്വാമിയേ ശരണമയ്യപ്പാ !!!

മകരവിളക്കിനായി മലയില്‍ മിഴിനട്ട്...

ശബരിമല: തിരുനടയ്ക്കുകിഴക്ക് മകരനക്ഷത്രം ഉദിക്കുന്ന ശുഭമുഹൂര്‍ത്തം വരവായി. ബുധനാഴ്ച സന്ധ്യയ്ക്ക് കാനനവാസനെ തിരുവാഭരണപ്രഭയില്‍ കണ്ടുതൊഴാന്‍ ലക്ഷങ്ങള്‍ കാത്തിരിക്കുന്നു. പൊന്നമ്പലമേടിന്റെ നെറുകയില്‍ ജ്യോതിതെളിയുന്ന നിമിഷമെത്തി. പൂങ്കാവനത്തിന് ശരണത്തിന്റെ നാദവും കറുപ്പിന്റെ ഉടയാടയും സ്വന്തം. പര്‍ണശാലകളില്‍ തെളിയുന്ന കര്‍പ്പൂരദീപത്തില്‍ അഴലകറ്റി എല്ലാം സ്വാമിമയം. ബുധനാഴ്ച വൈകീട്ട് 6.30നാണ് തിരുവാഭരണം ചാര്‍ത്തി ദീപാരാധന.

മകരജ്യോതിദര്‍ശനം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം മകരസംക്രമപൂജ നടക്കും. 7.10 മുതല്‍ ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. 7.28നാണ് പൂജ. ദീപാരാധനകഴിഞ്ഞ് തിരുവാഭരണം മാറ്റിയശേഷമാണ് മകരസംക്രമപൂജ നടക്കുക. ഈ സമയത്ത് കവടിയാര്‍ കൊട്ടാരത്തില്‍നിന്ന് കൊണ്ടുവരുന്ന നെയ്യ് അഭിഷേകം ചെയ്യും. പിന്നെ വീണ്ടും തിരുവാഭരണം ചാര്‍ത്തും.

തിരുവാഭരണ ഘോഷയാത്ര വൈകുന്നേരം നാലുമണിക്ക് ശരംകുത്തിയില്‍ എത്തും. അവിടെനിന്ന് ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ സ്വീകരിച്ച് ആനയിക്കും. ബുധനാഴ്ച ഉച്ചപ്പൂജ കഴിഞ്ഞാല്‍ ദര്‍ശനം വൈകീട്ട് ദീപാരാധനമുതലേ ഉണ്ടാകൂ. ഉച്ചമുതല്‍ പമ്പയില്‍നിന്ന് മലകയറ്റത്തിന് നിയന്ത്രണം ഉണ്ടാകും. തിരുവാഭരണം ശരംകുത്തിയില്‍ എത്തിയിട്ടേ പമ്പയില്‍നിന്ന് ഭക്തരെ കടത്തിവിടൂ. തിരുവാഭരണം ശരംകുത്തിയില്‍നിന്ന് പുറപ്പെട്ട് കഴിഞ്ഞേ മരക്കൂട്ടത്തുനിന്ന് അയ്യപ്പന്‍മാരെ വിടൂ. മകരവിളക്ക് ആഘോഷത്തിന് മുന്നോടിയായ ശുദ്ധിക്രിയകള്‍ സന്നിധാനത്ത് പൂര്‍ത്തിയായി. ആയിരങ്ങള്‍ തനിമചോരാതെ പമ്പവിളക്ക് പൂര്‍ണമാക്കി. അയ്യപ്പന് ആദ്യ ഇലയിട്ട് വിളമ്പി പമ്പസദ്യയും കഴിച്ചാണ് അയ്യപ്പന്‍മാര്‍ മലകയറിയത്.

സന്നിധാനത്തെ ഒരുക്കങ്ങള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി.ഗോവിന്ദന്‍ നായര്‍, മന്ത്രി വി.എസ്.ശിവകുമാര്‍, കമ്മീഷണര്‍ പി.വേണുഗോപാല്‍ എന്നിവര്‍ വിലയിരുത്തി. നടന്‍മാരായ ജയറാം, വിവേക് ഒബ്‌റോയ്, ജസ്റ്റിസ് അരിജിത് പസായത്ത് തുടങ്ങിയവര്‍ സന്നിധാനത്ത് എത്തി.

No comments:

Post a Comment