Tuesday, February 24, 2015

ശ്രീകാന്ത് നമ്പൂതിരിപ്പാട് ഗുരുവായൂരപ്പനെ പൂജിച്ച് തന്ത്രി പദത്തിലേക്ക്‌....

!!! ഓം നമോ നാരായണായ !!!

ഗുരുവായൂര്‍: ചേന്നാസ് തന്ത്രി കുടുംബത്തിലെ ഇളംതലമുറ തന്ത്രിപദവിയിലേക്ക്. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രികുടുംബമായ ചേന്നാസ് മനയിലെ ഇളംതലമുറക്കാരനായ ശ്രീകാന്ത് നമ്പൂതിരിപ്പാട് (28)ആണ് ചൊവ്വാഴ്ച ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജ നിര്‍വ്വഹിച്ച് തന്ത്രിപദത്തിലേക്ക് പ്രവേശിച്ചത്.
ഇപ്പോഴത്തെ വലിയതന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടിന്റെ ഏകമകനാണ് ശ്രീകാന്ത് നമ്പൂതിരിപ്പാട്. സോഫ്‌റ്റ്വെയര്‍ എന്‍ജിനിയറാണ്.
ചേന്നാസ് കുടുംബക്ഷേത്രമായ വെങ്കിടങ്ങ് ശങ്കരനാരായണ ക്ഷേത്രത്തില്‍ പൂജ നടത്തിയശേഷം, ഗ്രാമക്ഷേത്രമായ ശുകപുരം ദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. തറവാട്ടിലെ മുതിര്‍ന്ന അംഗങ്ങളില്‍നിന്ന് അനുഗ്രഹം വാങ്ങിയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തന്റെ ആദ്യത്തെ പൂജയ്ക്ക് എത്തിയത്. മാസത്തില്‍ ഗുരുവായൂരപ്പന് നടക്കുന്ന ശുദ്ധിച്ചടങ്ങുകളായിരുന്നു ചൊവ്വാഴ്ച. തന്ത്രിമാരായ ചേന്നാസ് ഹരിനമ്പൂതിരിപ്പാട്, സതീശന്‍ നമ്പൂതിരിപ്പാട് എന്നിവരുെട കാര്‍മ്മികത്വത്തിലായിരുന്നു പ്രധാനമായ ഉച്ചപ്പൂജ ശ്രീകാന്ത് നമ്പൂതിരിപ്പാട് നിര്‍വ്വഹിച്ചത്. ശുദ്ധിച്ചടങ്ങുകളുടെ ഭാഗമായി ഉച്ചപ്പൂജയ്ക്ക് മധ്യേയുള്ള 25 കലശാഭിഷേകവും ശ്രീകാന്ത് നമ്പൂതിരിപ്പാട് നിര്‍വ്വഹിച്ചു. മേല്‍ശാന്തി ഭവന്‍നമ്പൂതിരി, കീഴ്ശാന്തി കാരണവന്മാരായ കീഴിയേടം രാമന്‍നമ്പൂതിരി, മേലേടം ഹരിനമ്പൂതിരി എന്നിവരും സന്നിഹിതരായി.
ശ്രീകാന്ത് നമ്പൂതിരിപ്പാട് പൂജ തുടങ്ങിയതോടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചേന്നാസ് കുടുംബത്തില്‍നിന്ന് താന്ത്രികച്ചടങ്ങുകള്‍ നടത്തുന്നവര്‍ അഞ്ച് അംഗങ്ങളായി. വലിയതന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട്, ദിനേശന്‍ നമ്പൂതിരിപ്പാട്, ഹരിനമ്പൂതിരിപ്പാട്, സതീശന്‍ നമ്പൂതിരിപ്പാട് എന്നിവരാണ് മറ്റു നാലുപേര്‍.

No comments:

Post a Comment