പാലാ: കത്തിയെരിയുന്ന വെയിലിൽ ടാർ റോഡിലൂടെ ശബരീശ സന്നിധിയിലേക്ക് സേതുസ്വാമി നിരങ്ങി നീങ്ങുകയാണ്. ചുണ്ടിൽ ശരണം വിളി മാത്രം. ചക്രം ഘടിപ്പിച്ച മരപ്പലകയിൽ നിരങ്ങി നീങ്ങുന്നത് ഒന്നും രണ്ടും കിലോമീറ്ററല്ല; തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ നിന്ന് നീണ്ട 35 ദിവസം ചക്രപ്പലകയിൽ നിരങ്ങിയാണ് ഈ അയ്യപ്പൻ ശബരിമലയ്ക്കു പോകുന്നത്! കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി തുടരുന്ന തീവ്ര വ്രത പുണ്യം.
തഞ്ചാവൂരിൽ നിന്ന് ഡിസംബർ 5 ന് പുലർച്ചെ കെട്ടുമുറുക്കി കൊച്ചു ചക്രവണ്ടിയിൽ കയറിയതാണ് ശരീരം തളർന്ന് നിവർന്നു നടക്കാൻ കഴിയാത്ത സേതുസ്വാമി. നാടുകൾ നിരങ്ങി നീങ്ങി ശരണം വിളിച്ച് കഠിനവ്രതത്തിന്റെ ആയാസമൊതുക്കി സേതു സ്വാമി യാത്ര തുടരുകയാണ്. ദിവസവും പുലർച്ചെ 6 ന് യാത്ര ആരംഭിക്കും. വെയിൽ കനത്താലും ഉച്ചവരെയുള്ള യാത്രയ്ക്ക് യാതൊരു മടുപ്പുമില്ല. വൈകിട്ട് 7 മണിയോടെ ഏതെങ്കിലും ക്ഷേത്രാങ്കണത്തിലെത്തി വിശ്രമിക്കും. വഴി നീളെ ഈ അയ്യപ്പസ്വാമിയെ എല്ലാവിധത്തിലും സഹായിക്കാൻ ഭക്തർ ഓടിയെത്തും. രൂപയും വെള്ളവും ഭക്ഷണവുമൊക്കെയായി സേതു സ്വാമിക്ക് സമർപ്പിച്ച് അവർ അയ്യപ്പ പൂജ നടത്തും. ''കഴിഞ്ഞ 20 വർഷമായി തുടരുന്ന യാത്രയിൽ വഴിനീളെ സഹായം ലഭിക്കും. എല്ലാം അയ്യപ്പന്റെ അനുഗ്രഹം.'' പാലാ രാമപുരം റോഡിൽ ചക്കാമ്പുഴയിൽ എത്തിയ സേതുസ്വാമി 'കേരളകൗമുദി'യോട് പറഞ്ഞു.
കണ്ണൂർ പാറക്കടവ്, കീച്ചേരിൽ കുടുംബാംഗമായിരുന്നു സേതു. 20-ാം വയസ്സിൽ പുഴയിൽ കുളിക്കാനിറങ്ങവെ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താണു. ഇതിനിടയിൽ പാറയിൽ നടുവിടിച്ചു തളർന്നു. ആരൊക്കെയോ ചേർന്ന് താങ്ങി കരയിലെത്തിച്ചു. അങ്ങനെയാണ് യുവാവായ സേതു ശിഷ്ടജീവിതം തളർച്ചയിൽ കഴിച്ചുകൂട്ടാൻ ഇടയായത്. ഭാര്യയും 3 മക്കളും തഞ്ചാവൂരിലാണ്. അവരോടൊപ്പം ആക്രിക്കച്ചവടവുമായി കഴിയുകയാണ് സേതു. ഇന്നലെ രാവിലെ രാമപുരത്തുനിന്ന് യാത്ര തുടർന്നു. രാത്രി കടപ്പാട്ടൂർ മഹാദേവക്ഷേത്രത്തിൽ വിരി വെച്ചത്. ഇന്നു പുലർച്ചെ വീണ്ടും യാത്ര തുടർന്നു. ഇടയ്ക്ക് വഴിയിൽ കാണുന്ന ശബരിമല തീർത്ഥാടകരെല്ലാം സേതുസ്വാമിയെ തങ്ങളുടെ വണ്ടിയിൽ കയറാൻ നിർബന്ധിക്കും. സ്‌നേഹപൂർവ്വം ക്ഷണം നിരസിക്കുന്ന സേതുസ്വാമി നേർത്ത പുഞ്ചിരിയോടെ പറയും; ''ഇത് എന്റെ നേർച്ചയാണ്. നിരങ്ങിത്തന്നെ ഞാൻ മലകയറും. സ്വാമിയെ കാണും. എല്ലാം അവിടുന്നിനറിയാം.'' ദു:ഖങ്ങളുടെ ഇരുമുടിക്കെട്ട് സ്വാമിക്ക് മുന്നിലഴിച്ച് നെയ്യഭിഷേകം നടത്തി, മകരവിളക്ക് തൊഴുത് സേതുസ്വാമി മലയിറങ്ങും. വീണ്ടും അടുത്തവർഷം വരാൻ കാത്തിരിക്കും; അപൂർവ്വ വ്രതപുണ്യവുമായി വൈകല്യങ്ങളെ കൈവല്യമാക്കി സ്വാമിയെക്കാണാൻ മലയിലേക്ക് നിരങ്ങിനീങ്ങാൻ.
No comments:
Post a Comment