Sunday, January 11, 2015

ശബരിമല കൊടിമരത്തിന് ഇനി തനിത്തങ്കശോഭ... കൊടിമരം പൂര്‍ണമായും സ്വര്‍ണത്തില്‍ പുനര്‍നിര്‍മിക്കും

!!! സ്വാമിയേ ശരണമയ്യപ്പാ !!!

ശബരിമല: ക്ഷേത്രത്തിലെ കൊടിമരം പൂര്‍ണമായും സ്വര്‍ണത്തില്‍ പുനര്‍നിര്‍മിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. അടുത്ത തീര്‍ഥാടനകാലത്തിനുമുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് പ്രസിഡന്റ് അഡ്വ. എം.പി.ഗോവിന്ദന്‍ നായര്‍, അംഗം സുഭാഷ് വാസു എന്നിവര്‍ പറഞ്ഞു. ദേവപ്രശ്‌നത്തില്‍ ഇപ്പോഴുള്ള സ്വര്‍ണം പൂശിയ കൊടിമരത്തിന് ജീര്‍ണത വന്നതായി കണ്ടതിനെത്തുടര്‍ന്നാണ് പുതിയത് നിര്‍മിക്കേണ്ടിവരുന്നത്.

130 കിലോഗ്രാം സ്വര്‍ണം ഇതിന് വേണ്ടിവരും. തേക്കുതടിയിലുള്ള കൊടിമരത്തില്‍ സ്വര്‍ണപ്പറ ഇറക്കുകയാണ് ചെയ്യുക. ഇതിന് ആവശ്യമായ സ്വര്‍ണം ബോര്‍ഡിന്റെ ശേഖരത്തില്‍ ഉണ്ട്. വഴിപാടായി കിട്ടുന്നതും സ്വീകരിക്കാം. നിലവിലുള്ള കൊടിമരം പുതുക്കി സ്വര്‍ണം പൂശാനാണ് നേരത്തെ ആലോചിച്ചിരുന്നത്. എന്നാല്‍ അതിന് ഉപയോഗിക്കുന്ന സ്വര്‍ണത്തിന്റെ അളവ് കണ്ടെത്താനുംമറ്റും പ്രയാസം വരുമെന്ന് കണ്ടിരുന്നു. സ്വര്‍ണം പൂശിയാല്‍ കാലാകാലം ഇത് മിനുക്കുകയും വേണം. സ്വര്‍ണപ്പറ നിര്‍മിച്ചാല്‍ അത് കാലങ്ങളോളം നന്നായി നില്‍ക്കും.

കൊടിമരം മാറ്റുന്നതിന്, ദേവപ്രശ്‌നത്തെത്തുടര്‍ന്ന് തന്ത്രി കണ്ഠര് രാജീവര് അനുമതി നല്‍കിയിരുന്നു. ഇതിനുള്ള തേക്കുതടി വഴിപാടായി നല്‍കാന്‍ അയ്യപ്പസേവാസംഘം സന്നദ്ധത അറിയിച്ച് ബോര്‍ഡിന് കത്തും നല്‍കി. ലക്ഷണമൊത്ത മരം കണ്ടെത്തി വൃക്ഷപൂജ നടത്തി നിലംതൊടാതെ മുറിച്ചെടുത്ത് സന്നിധാനത്ത് എത്തിക്കണം. മരം കണ്ടെത്താന്‍ സേവാസംഘം പ്രവര്‍ത്തനം തുടങ്ങിയെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ഡി.വിജയകുമാര്‍ പറഞ്ഞു. ശബരിമല ക്ഷേത്രത്തിന്റെ മേല്‍ക്കൂരയും ചുമരും സ്വര്‍ണപ്പാളി പാകിയതാണ്.

No comments:

Post a Comment