Tuesday, January 6, 2015

അയ്യപ്പസന്നിധിയില്‍ തന്ത്രിപദത്തില്‍ കാല്‍നൂറ്റാണ്ടു പിന്നിട്ട് കണ്ഠര് രാജീവര്‌...

ശബരിമല: അയ്യപ്പസേവയിലാണ് താഴമണ്‍ കുടുംബത്തിന്റെ ജീവിതം. തന്ത്രിയായി ഈ സന്നിധിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ധന്യതയിലാണ് കണ്ഠര് രാജീവര്. പൂര്‍വികരില്‍നിന്ന് പകര്‍ന്നുകിട്ടിയ വിശ്വാസത്തിന്റെയും ഭക്തിയുടെയും സമര്‍പ്പിതവഴിയില്‍ മുന്നോട്ടുപോവുകയാണ് ഇദ്ദേഹം.
25 വര്‍ഷം പിന്നിടുമ്പോള്‍ രാജീവര്, ആ ഭാഗ്യം അയ്യപ്പസന്നിധിയില്‍നിന്നു കിട്ടിയതാണെന്നു വിശ്വസിക്കുന്നു. 'ആ പാദപൂജയോളം മഹത്തായ ഒന്നില്ല; ശ്രീകോവിലില്‍ ചെലവിടുന്ന സമയം ഏറ്റവും മഹത്തും'-രാജീവര് പറയുന്നു.
1980ലാണ് അച്ഛന്‍ കണ്ഠര് കൃഷ്ണര്‍ക്കൊപ്പം രാജീവര് സന്നിധാനത്ത് ആദ്യപൂജ നടത്തുന്നത്. അന്ന് 19 വയസ്സാണ് പ്രായം. 1990ലാണ് മുഴുവന്‍സമയം താന്ത്രികപദവിയില്‍ സന്നിധിയിലെത്തുന്നത്. ആ വര്‍ഷമാണ് അച്ഛന്റെ വിയോഗവും. ഉത്സവസമയത്ത് അച്ഛന് അസുഖം എന്നറിഞ്ഞ് മഠത്തിലെത്തി കണ്ടതിനുശേഷമായിരുന്നു നിര്യാണം.
ലോകമെങ്ങും നിരവധി ക്ഷേത്രങ്ങളുടെ ആചാര്യസ്ഥാനത്ത് നില്‍ക്കുമ്പോഴും വിനയവും ഭക്തിയും നിറഞ്ഞ പെരുമാറ്റംകൊണ്ട് രാജീവര് എല്ലാവരുടെയും മനസ്സില്‍ നിറയുന്നു.
ആന്‍ഡമാനില്‍മാത്രം നാല് അയ്യപ്പക്ഷേത്രമാണ് ഇദ്ദേഹം പ്രതിഷ്ഠിച്ചത്. രാജസ്ഥാനില്‍ രണ്ട് അമ്പലത്തിലും പ്രതിഷ്ഠ നടത്തി. അമേരിക്ക, ഇന്തോനേഷ്യ എന്നിവിടങ്ങളിലും രാജീവര് പ്രതിഷ്ഠ നടത്തിയ അയ്യപ്പക്ഷേത്രങ്ങളുണ്ട്. കേരളത്തില്‍ ഒട്ടേറെ മഹാക്ഷേത്രങ്ങളുടെ താന്ത്രികപദവി ഉണ്ട്.
ശബരിമലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ രാജീവരുടെ മനസ്സില്‍ നിറയുന്നത് ഈ പൂജചെയ്യാന്‍ ഇനിയുള്ള ജന്മങ്ങളിലും ഭാഗ്യം കിട്ടണം എന്നാണ്. ഇക്കാലത്ത് വേദനയുളവാക്കിയത് ഹില്‍ടോപ്പിലും പുല്‍മേട്ടിലും ഉണ്ടായ അപകടങ്ങളാെണന്ന് അദ്ദേഹം പറയും. അയ്യപ്പന്മാര്‍ക്കുള്ള നൊമ്പരങ്ങള്‍ തന്റേതുമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

No comments:

Post a Comment