Sunday, January 11, 2015

കീര്‍ത്തനപുണ്യവുമായി യേശുദാസ് മൂകാംബികയെ തൊഴുതുവണങ്ങി...

കൊല്ലൂര്‍: കീര്‍ത്തനപുണ്യവുമായി പിറന്നാള്‍ത്തലേന്ന് യേശുദാസ് മൂകാംബികയെ തൊഴുതുവണങ്ങി. ചൈതന്യധന്യമായ സരസ്വതി മണ്ഡപത്തില്‍ 'വാണീ വാഗദീശ്വരി' കീര്‍ത്തനം ചൊല്ലിക്കൊണ്ടായിരുന്നു ഗാനഗന്ധര്‍വന്റെ സംഗീതാര്‍ച്ചനയുടെ തുടക്കം.

ചെന്നൈയില്‍നിന്ന് ഭാര്യ പ്രഭയോടൊത്ത് മംഗലാപുരത്തേക്ക് യാത്രതിരിച്ച യേശുദാസ് വൈകിട്ട് എഴരയോടെയാണ് കൊല്ലൂരിലെത്തിയത്. ഗോവിന്ദ അഡിഗയ്‌ക്കൊപ്പം 7.35-ന് ക്ഷേത്രസന്നിധിയിലെത്തിയ ദമ്പതിമാര്‍ പഞ്ചമുഖഗണപതിക്കുമുമ്പില്‍ പ്രത്യേകപൂജ നടത്തി. പിന്നീട് ദേവീസവിധത്തില്‍ തൊഴുകൈയോടെ എഴുപ്രദക്ഷിണം പൂര്‍ത്തിയാക്കി. ദീപാരാധനയുടെ ഭാഗമായുള്ള പതിവുശീവേലിയില്‍ ഭക്തജനങ്ങള്‍ക്കൊപ്പമായിരുന്നു സംഗീതപ്രതിഭയുടെ ഒടുവിലത്തെ മൂന്ന് പ്രദക്ഷിണം. തുടര്‍ന്നാണ് സരസ്വതി മണ്ഡപത്തില്‍ ദേവിക്കുള്ള പ്രത്യേക വഴിപാടായി സംഗീതാര്‍ച്ചന നടത്തിയത്.

കീര്‍ത്തനാലാപം പൂര്‍ത്തിയാക്കി യേശുദാസ് രാത്രി എട്ടരയോടെ അത്താഴപൂജ തൊഴാന്‍ അകത്തെ ചുറ്റമ്പലത്തില്‍ പ്രവേശിച്ചു. പൂജ കഴിയുംവരെ ശ്രീകോവിലിനുമുമ്പില്‍ ഇരുവരും പ്രാര്‍ഥനാനിരതരായി. തീര്‍ഥ പ്രസാദം കൈയേറ്റശേഷമാണ് ഇരുവരും വിശ്രമസ്ഥലത്തേക്ക് മടങ്ങിയത്.

എഴുപത്തിഅഞ്ചാം പിറന്നാള്‍ ദിനമായ ശനിയാഴ്ച രാവിലെ എഴരയോടെ യേശുദാസ് വീണ്ടും ക്ഷേത്ര സന്നിധിയിലെത്തും. ഭാര്യ പ്രഭ, മക്കളായ വിജയ്, വിനോദ് എന്നിവര്‍ക്കൊപ്പം സങ്കല്പപൂജയില്‍ പങ്കെടുത്ത് പ്രഭാതഭക്ഷണത്തിനുമടങ്ങും. ക്ഷേത്രസന്നിധിയില്‍ തിരിച്ചെത്തുന്ന യേശുദാസും സംഘവും യാഗശാലയില്‍ ചണ്ഡികാഹോമത്തിന് സന്നിഹിതരാവും. പൂര്‍ണാഹുതിക്കുശേഷം സാഷ്ടാംഗപ്രണാമം നടത്തി യാഗശാലയില്‍നിന്ന് പടിയിറങ്ങുന്ന യേശുദാസ് കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രത്യേക സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കും.

യേശുദാസിന്റെ എഴുപത്തഞ്ചാം പിറന്നാള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ സംഗീതവിദ്വാന്‍ കുമാരകേരള വര്‍മ, മൃദംഗവിദ്വാന്‍ പാറശ്ശാല രവി, സംഗീതസംവിധായകന്‍ വിദ്യാധരന്‍, ഗാനരചയിതാവ് ആര്‍.കെ.ദാമോദരന്‍. ഡോ. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ കൊല്ലൂരിലെത്തിയിട്ടുണ്ട്

No comments:

Post a Comment