Sunday, January 4, 2015

കളഭത്തില്‍ ആറാടിയ കണ്ണനെ ആയിരങ്ങള്‍ തൊഴുതു...

!!! ഓം നമോ നാരായണായ !!!

കളഭത്തില്‍ ആറാടിയ കണ്ണനെ ആയിരങ്ങള്‍ തൊഴുതു...

ഗുരുവായൂര്‍: മണ്ഡലകാല സമാപനദിനമായിരുന്ന ശനിയാഴ്ച ഗുരുവായൂരപ്പന് വിശേഷ സുഗന്ധപൂരിതകളഭം അഭിഷേകമായി. കളഭത്തിലാറാടിനിന്ന കണ്ണനെ ആയിരങ്ങള്‍ വണങ്ങി സൗഖ്യത്തിനായി പ്രാര്‍ത്ഥിച്ചു. ഞായറാഴ്ച പുലര്‍ച്ചെ നിര്‍മ്മാല്യ ദര്‍ശനം വരെ കളഭത്തില്‍ തന്നെയായിരുന്നു കണ്ണന്‍.
ശനിയാഴ്ച ഉച്ചപ്പൂജയ്ക്ക് മുന്‍പായിരുന്നു ഭഗവാന് കളഭാഭിഷേകം. കസ്തൂരി, കശ്മീര്‍ കുങ്കുമപ്പൂവ്, മൈസൂര്‍ ചന്ദനം, പച്ചക്കര്‍പ്പൂരം എന്നിവ പനിനീരില്‍ അരച്ച് ചാലിച്ചെടുത്ത കളഭം, കലശപൂജ നടത്തിയതിനുശേഷമായിരുന്നു ആടിയത്.
കീഴ്ശാന്തിക്കാര്‍ വ്രതശുദ്ധിയില്‍ തയ്യാറാക്കിയ കളഭം സ്വര്‍ണ്ണക്കുംഭത്തില്‍ നിറച്ചു. തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാട് വേദമന്ത്രങ്ങള്‍ ഉരുവിട്ട് കളഭം ഭഗവാന് അഭിഷേകം ചെയ്തു. തന്ത്രി ചേന്നാസ് സതീശന്‍ നമ്പൂതിരിപ്പാട് സന്നിഹിതനായിരുന്നു.
കളഭാട്ടം കോഴിക്കോട് സാമൂതിരി രാജയുടെ വക വഴിപാടായിരുന്നു. സാമൂതിരിപ്പാട് കെ.സി. ശ്രീമാനവേദന്‍ ഉണ്ണി അനുജന്‍രാജയും കോവിലകാംഗങ്ങളും അഭിഷേകം തൊഴാന്‍ എത്തിയിരുന്നു.
കളഭാഭിഷേകത്തിനുശേഷം ഉച്ചപ്പൂജയും കഴിഞ്ഞതോടെ മണ്ഡലകാലത്തുള്ള പ്രത്യേക ചടങ്ങുകള്‍ സമാപിച്ചു. കളഭ പ്രസാദം ഞായറാഴ്ച ഭക്തര്‍ക്ക് വിതരണം ചെയ്യും.
പഞ്ചാബ് നാഷണല്‍ ബാങ്ക് ജീവനക്കാരുടെ വക ചുറ്റുവിളക്ക് കളഭാട്ടദിനത്തില്‍ ആഘോഷിച്ചു. ഉച്ചതിരിഞ്ഞ് നടന്ന കാഴ്ചശ്ശീവേലിക്ക് പഞ്ചവാദ്യം അകമ്പടിയായി. ചോറ്റാനിക്കര വിജയന്‍ വാദ്യം നയിച്ചു. ഗജരത്‌നം പത്മനാഭന്‍ കോലവും പൊന്‍തിടമ്പും വഹിച്ചു. ഇന്ദ്രസെനും ശ്രീധരനും പറ്റാനകളായി. സന്ധ്യയ്ക്ക് ദീപാലങ്കാരം, നാഗസ്വരം, തായമ്പക എന്നിവ ഉണ്ടായി. രാത്രി വിളക്കെഴുന്നള്ളിപ്പിന് പഞ്ചാരിമേളം മുന്നില്‍ നീങ്ങി. തിരുവല്ല രാധാകൃഷ്ണന്‍ മേളം അമരക്കാരനായി. പി.എന്‍.ബി. ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികള്‍ മേല്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറി.

No comments:

Post a Comment