Tuesday, July 14, 2015

ആറന്മുള വഴിപാട്‌ വള്ളസദ്യക്ക്‌ നാളെ തുടക്കം.

പത്തനംതിട്ട: ആറന്മുള വഴിപാട്‌ വള്ളസദ്യക്ക്‌ നാളെ തുടക്കം. രാവിലെ 11 ന്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എം.പി. ഗോവിന്ദന്‍ നായര്‍ ഈ വര്‍ഷത്തെ വള്ളസദ്യയുടെ ഉദ്‌ഘാടന കര്‍മം നിര്‍വഹിക്കും. വള്ളസദ്യക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഇന്ന്‌ രാവിലെ 10 ന്‌ മുഖ്യ അടുപ്പിലേക്ക്‌ അഗ്നി പകരുന്ന ചടങ്ങുനടക്കും. മേല്‍ശാന്തി ശ്രീകോവിലിനുള്ളില്‍ നിന്നും പകര്‍ന്നുനല്‍കുന്ന അഗ്നി പള്ളിയോട സേവാസംഘം പ്രസിഡന്റ്‌ ഏറ്റുവാങ്ങി മുതിര്‍ന്ന പാചകക്കാരന്‌ കൈമാറുകയാണ്‌ രീതി.

ഒക്‌ടോബര്‍ രണ്ടു വരെ നീണ്ടുനില്‍ക്കുന്ന വഴിപാട്‌ വള്ളസദ്യക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ സംഘാടകരായ പള്ളിയോട സേവാസംഘത്തിന്റെ പ്രസിഡന്റ്‌ ഡോ.കെ.ജി. ശശിധരന്‍ പിള്ള, സെക്രട്ടറി പി.ആര്‍. രാധാകൃഷ്‌ണന്‍ എന്നിവര്‍ അറിയിച്ചു. ആദ്യ ദിവസം പത്ത്‌ പള്ളിയോടങ്ങള്‍ വള്ളസദ്യയില്‍ പങ്കെടുക്കും. ക്ഷേത്രത്തിന്റെ രണ്ട്‌ ഊട്ടുപുരകളിലും തിരുമുറ്റത്ത്‌ തയാറാക്കിയിരിക്കുന്ന പന്തലുകളിലുമാണ്‌ സദ്യ നടക്കുക.

പത്തിലധികം വഴിപാട്‌ വള്ളസദ്യകള്‍ ഒരു ദിവസം നടത്തേണ്ടിവന്നാല്‍ ഓഡിറ്റോറിയങ്ങളിലും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ആധുനിക സൗകര്യങ്ങളോടെ എട്ട്‌ പന്തലുകളാണ്‌ ക്ഷേത്ര മതിലകത്ത്‌ ഒരുക്കിയിട്ടുള്ളത്‌. ആറന്മുള കേറ്ററിങ്‌ ഉടമ വിജയന്‍ നടമംഗലത്ത്‌, ചോതി കേറ്ററിങ്‌ ഉടമ മനോജ്‌ മാധവശേരില്‍, എസ്‌.എന്‍. സദാശിവന്‍പിള്ള, കെ.ജി.ഗോപാല കൃഷ്‌ണന്‍ നായര്‍ എന്നിവര്‍ ആദ്യ ദിവസത്തെ വള്ളസദ്യക്ക്‌ വിഭവങ്ങള്‍ ഒരുക്കും.

പുതിയതായി എട്ടു പേര്‍ ഉള്‍പ്പെടെ ഇക്കുറി 15 കരാറുകാരാണ്‌ വള്ളസദ്യ ഒരുക്കുന്നത്‌. ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി പാചകക്കാര്‍ക്ക്‌ വിശ്രമം ഉറപ്പാക്കും. പാചകപ്പുരകള്‍ നിരീക്ഷിക്കുന്നതിനായി ആറന്മുള ആസ്‌ടെക്‌ കമ്പ്യൂട്ടേഴ്‌സ്‌ സജ്‌ജീകരിച്ച പ്രത്യേക കാമറ സംവിധാനവും ഒരുക്കിയിട്ടുണ്ട്‌. വഴിപാട്‌ സ്വീകരിക്കാന്‍ എത്തുന്ന പള്ളിയോടങ്ങള്‍ക്ക്‌ ക്ഷേത്ര കടവില്‍ സുഗമമായി അടുക്കുന്നതിന്‌ കടവും പമ്പാ തീരവും ഒരുക്കിയിട്ടുണ്ട്‌.

സുരക്ഷയ്‌ക്കായി പ്രത്യേക ക്രമീകരണവും സജ്‌ജമാക്കി. മാലിന്യ സംസ്‌കരണത്തിന്‌ കരാര്‍ നല്‍കികഴിഞ്ഞു. സദ്യ നടക്കുന്ന പന്തലിലെ തറ ടാര്‍പ്പോളിന്‍ വിരിച്ച്‌ മാലിന്യം നിലത്ത്‌ വീഴാതെ നോക്കും. സദ്യ നടക്കുന്ന സ്‌ഥലത്തേക്ക്‌ പ്രവേശനം പാസ്‌ മൂലം നിയന്ത്രിക്കും. ഏറ്റവും കുറഞ്ഞത്‌ 200 പേര്‍ക്കാണ്‌ വഴിപാടുകള്‍ ഒരുക്കുന്നത്‌.

കൂടുതല്‍ പേര്‍ സദ്യക്ക്‌ എത്തുന്നുണ്ടെങ്കില്‍ വിവരം പള്ളിയോട സേവാസംഘത്തെ അറിയിച്ചിരിക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ പള്ളിയോട സേവാസംഘം വൈസ്‌ പ്രസിഡന്റ്‌ കെ.പി. സോമന്‍, ട്രഷറാര്‍ ബി. കൃഷ്‌ണകുമാര്‍, കണ്‍വീനര്‍ കെ.കെ. ഗോപിനാഥന്‍ നായര്‍ എന്നിവരും പങ്കടുത്തു.

No comments:

Post a Comment