Monday, July 27, 2015

ചോറ്റാനിക്കര ഭഗവതി ക്ഷേത്രം

എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിലുള്ള പ്രശസ്തമായ ക്ഷേത്രമാണ് ചോറ്റാനിക്കര ക്ഷേത്രം. ഇവിടത്തെ പ്രധാന പ്രതിഷ്ഠ മാതൃദേവത ആയ ഭഗവതി ആണ്. ഭഗവതി ഈ പ്രദേശത്തെ പ്രധാന ദേവി ആണ്. ഭഗവതിയെയും മഹാവിഷ്ണുവിനെയും ഈ ക്ഷേത്രത്തില്‍ ആരാധിക്കുന്നു. ഭഗവതിയെ മൂന്നു രൂപങ്ങളിലാണ് ഈ ക്ഷേത്രത്തില്‍ ആരാധിക്കുക. വെള്ള നിറത്തില്‍ പൊതിഞ്ഞ് സരസ്വതീ ദേവിയായി രാവിലെ ആരാധിക്കുന്നു. കുങ്കുമ നിറത്തില്‍ പൊതിഞ്ഞ് ഭദ്രകാളിയായാണ് ഉച്ചക്ക് ആരാധിക്കുക. നീല നിറത്തില്‍ പൊതിഞ്ഞ് ദുര്‍ഗ്ഗയായി ഭഗവതിയെ വൈകുന്നേരം ആരാധിക്കുക.മാനസിക രോഗങ്ങളെ ഇവിടത്തെ ഭഗവതി സുഖപ്പെടുത്തും എന്നാണ് വിശ്വാസം. അതുകൊണ്ട് മാനസികാസ്വാസ്ഥ്യങ്ങള്‍ ഉള്ളവര്‍ ഇവിടം സന്ദര്‍ശിക്കുന്നു.ചോറ്റാനിക്കര കീഴ്ക്കാവില്‍ ക്ഷേത്രത്തിലെ 'ഗുരുതി പൂജ' പ്രശസ്തമാണ്. സായാഹ്നത്തിനു ശേഷം ദേവിയെ ഉണര്‍ത്തുവാനായി ആണ് ഈ പൂജ നടത്തുക. നൂറ്റെട്ട് ദുര്‍ഗാക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ചോറ്റാനിക്കര.രണ്ട് ക്ഷേത്രങ്ങളാണ് ചോറ്റാനിക്കരയിലുള്ളത്. മേല്‍ക്കാവും കീഴ്ക്കാവും. മേല്‍ക്കാവാണ് പ്രധാന ക്ഷേത്രം. വലിയ കൊടിമരവും ആനക്കൊട്ടിലും ഇവിടെയുണ്ട്. പ്രധാനപ്രതിഷ്ഠയായ ഭഗവതി മഹാവിഷ്ണുവിനോടൊപ്പം കിഴക്കോട്ട് ദര്‍ശനമായി വാഴുന്നു. കന്യാകുമാരിയിലുള്ളതുപോലെ രുദ്രാക്ഷശിലയിലാണ് വിഗ്രഹം തീര്‍ത്തിരിക്കുന്നത്. സ്വയംഭൂവാണ്. വിഷ്ണുവിഗ്രഹത്തിന് ആറടി പൊക്കം വരും. കൃഷ്ണശിലാവിഗ്രഹമാണ്. നില്‍ക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ. ശംഖചക്രഗദാപത്മധാരിയാണ്. ദേവീവിഗ്രഹത്തിന് മൂന്നരയടിയേ പൊക്കമുള്ളൂ. ശംഖചക്രവരദാഭയങ്ങള്‍ ധരിച്ചിരിക്കുന്നു. കൂടാതെ ശിവന്‍, ബ്രഹ്മാവ്, ഗണപതി, സുബ്രഹ്മണ്യന്‍, ശാസ്താവ് എന്നിവരുടെയും സാന്നിദ്ധ്യം ശ്രീകോവിലിലുണ്ട്.നാലമ്പലത്തിനുപുറത്ത് തെക്കുപടിഞ്ഞാറേമൂലയില്‍ ഒരു പവിഴമല്ലിത്തറയുണ്ട്. ഭഗവതിയുടെയും ഭഗവാന്റെയും മൂലസ്ഥാനമാണതെന്ന് വിശ്വസിക്കപ്പെടുന്നു. അതിനടുത്ത് ശിവന്റെ ശ്രീകോവില്‍. കിഴക്കോട്ട് ദര്‍ശനമായാണ് ശിവപ്രതിഷ്ഠ. അതിനടുത്ത് ഗണപതി, നാഗങ്ങള്‍, യക്ഷി, ബ്രഹ്മരക്ഷസ്സ് എന്നിവരുടെ ശ്രീകോവിലുകളുമുണ്ട്. ചോറ്റാനിക്കരയമ്മയുടെ ഭക്തനായിരുന്ന കണ്ടാരപ്പള്ളി ഗുപ്തന്‍ നമ്പൂതിരിയെ ആക്രമിച്ച യക്ഷിയാണ് ഇവിടത്തേത്. നമ്പൂതിരി അലറിവിളിച്ചപ്പോള്‍ ഭഗവതി തന്റെ പള്ളിവാളുംകൊണ്ട് ശ്രീകോവിലിനു പുറത്തിറങ്ങിവരികയും യക്ഷിയുടെ തലവെട്ടി തെക്കുഭാഗത്തുള്ള കുളത്തിലെറിയുകയും ചെയ്തു എന്ന് ഐതിഹ്യം പറയുന്നു. അതിനുശേഷമാണ് ഇവിടെ യക്ഷിപ്രതിഷ്ഠ നടന്നത്. കൂടാതെ വടക്കുകിഴക്കുഭാഗത്ത് ശാസ്താവും വാഴുന്നു. പ്രഭാസത്യകാസമേതനായ ശാസ്താവാണ് ഇവിടത്തെ പ്രതിഷ്ഠ. ഒരു നമ്പൂതിരിയാണ് ശാസ്താവിനെ പ്രതിഷ്ഠിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.മേല്‍ക്കാവില്‍നിന്നും 500 മീറ്റര്‍ കിഴക്കോട്ട് നടന്നാല്‍ കീഴ്ക്കാവിലെത്താം. ഉഗ്രദേവതയായ ഭദ്രകാളിയാണ് ഇവിടത്തെ പ്രതിഷ്ഠ. വില്വമംഗലം സ്വാമിയാരാണ് പ്രതിഷ്ഠ നടത്തിയത്. ഇവിടെയാണ് ഗുരുതി നടക്കുന്നത്. എല്ലാ ദിവസവും ഗുരുതി നടക്കാറുണ്ടെങ്കിലും ഭഗവതിക്ക് പ്രാധാന്യമുള്ള ചൊവ്വ, വെള്ളി ദിവസങ്ങളില്‍ കൂടുതല്‍ പ്രധാനമാണ്. മേല്‍ക്കാവിലെ അത്താഴപ്പൂജയ്ക്കുശേഷമാണ് ഗുരുതി. കീഴ്ക്കാവ് ഭഗവതിയും ശാസ്താവുമാണ് ഇവിടെ ബാധോപദ്രവക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു.നെയ്പായസം, പാല്പായസം, കൂട്ടുപായസം, കടുമ്പായസം, അപ്പം, അട തുടങ്ങിയ പലവസ്തുക്കളും ഭഗവതിക്കും കൂടെയുള്ള വിഷ്ണുവിനും നേദിക്കാറുണ്ട്. കൂടാതെ ശിവന് ധാര, ഗണപതിക്ക് ഒറ്റപ്പവും ഗണപതിഹോമവും, നാഗങ്ങള്‍ക്ക് നൂറും പാലും തുടങ്ങിയവയും പ്രധാനമാണ്. ശാസ്താവിന് നീരാജനം തന്നെ പ്രധാനം. കീഴ്ക്കാവ് ഭഗവതിക്ക് ഗുരുതിയും. വെടിവഴിപാട് മറ്റൊരു പ്രധാനവഴിപാടാണ്.കിഴക്കെ ചിറയില്‍ സ്‌നാനത്തിനിറങ്ങിയ വില്വമംഗലം സ്വാമിയാര്‍ക്ക് ദേവീ വിഗ്രഹം കിട്ടിയെന്നും അദ്ദേഹം തന്നെ അത് കിഴക്കെ കരയില്‍ പ്രതിഷ്ഠിച്ചു എന്നുമാണ് ഐതിഹ്യം.നൂറ്റിയെട്ട് ദുര്‍ഗ്ഗാലയങ്ങളെ എണ്ണിപ്പറയുന്ന കീര്‍ത്തനങ്ങള്‍ 'ചോറ്റാനിക്കര രണ്ടിലും' എന്നു കാണുന്നതുകൊണ്ട് കീഴ്ക്കാവിലും ദുര്‍ഗ്ഗതന്നെയാണെന്നു വരുന്നു. എന്നാല്‍ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന ദേവിയില്‍ ഭദ്രകാളിയുടെ ചൈതന്യമുണ്ടെന്നും ഈ ചൈതന്യത്തിനാണ് ശക്തിയേറുകയെന്നും പറയപ്പെടുന്നു. ബാധകളെ സത്യം ചെയ്യിച്ച് ഒഴിപ്പിക്കുന്നത് കീഴ്ക്കാവിലമ്മയുടെ നടയില്‍വെച്ചാണ്. ബാധക്ക് കാരണമായ ക്ഷുദ്ര മൂര്‍ത്തിയെ ശ്രീ കോവിലിന് വടക്കുഭാഗത്തുള്ള പാലമരത്തില്‍ ആണിയടിച്ച് ബന്ധിക്കുന്ന പതിവ് ഇപ്പോഴുമുണ്ട്. ചോറ്റാനിക്കര അമ്മയെ സംബന്ധിക്കുന്ന ഐതിഹ്യങ്ങള്‍ അനവധിയാണ്. വില്വമംഗലം സ്വാമിയാര്‍ മുജ്ജന്മത്തില്‍ കണ്ണപ്പനെന്നു പേരായ മലവേടനായിരുന്നുവെന്നും കണ്ണപ്പന്‍ ഓമനിച്ചു വളര്‍ത്തിയിരുന്ന പശുക്കുട്ടി ഒരു രാത്രിയില്‍ കല്ലായി മാറിയെന്നും ഈ കല്ലാണ് പില്‍ക്കാലത്ത് ചോറ്റാനിക്കര ക്ഷേത്രത്തിലെ വിഗ്രഹമായി ആരാധിക്കപ്പെടാന്‍ തുടങ്ങിയതെന്നും ഒരു കഥ പ്രചാരത്തിലുണ്ട്. പുല്ലരിയാന്‍ പോയ പുലയസ്ത്രീ അരിവാളിന് മൂര്‍ച്ച കൂട്ടാന്‍ ഉരച്ച കല്ലില്‍ നിന്നും രക്തം വന്നുവെന്നും അചിരേണ അവിടം ആരാധാനാലയമായി രൂപാന്തരപ്പെട്ടുവെന്നും ഈ ക്ഷേത്രത്തിന്റെ ഉല്‍പത്തി ചരിത്രത്തില്‍ പറഞ്ഞു കാണുന്നു. അദൈ്വത മതസ്ഥാപകനായ ശങ്കരാചാര്യര്‍ മൈസൂറിലെ ചാമുണ്ഡേശ്വരിയെ കേരളത്തില്‍ കുടിയിരുത്തണമെന്ന ഉദ്ദേശത്തോടെ, ദീര്‍ഘകാലം ഭജിച്ചുവെന്നും ഒടുവില്‍ ചില നിബന്ധനകള്‍ക്ക് വിധേയമായി കേരളത്തിലേക്ക് പുറപ്പെട്ട ദേവി, ആചാര്യ സ്വാമികള്‍ നിബന്ധന ലംഘിച്ചതിനാല്‍ മൂകാംബികയില്‍ വാസമുറപ്പിച്ചുവെന്നും സ്വാമികളുടെ ആഗ്രഹമനുസരിച്ച് ദേവിയുടെ ചൈതന്യം എല്ലാ ദിവസവും എതൃത്തു പൂജ കഴിയുന്നതുവരെ ചോറ്റാനിക്കര അമ്മയില്‍ അധിവസിക്കുന്ന എന്നും ഐതിഹ്യമുണ്ട്. മഹാപണ്ഡിതനായിരുന്ന കാക്കശ്ശേരി ഭട്ടതിരക്ക് ഭ്രഷ്ട് വന്നതും അദ്ദേഹം അപ്രതൃക്ഷനായതും ചോറ്റാനിക്കരയില്‍ വച്ചാണത്രേ. ദേവിയുടെ ഭക്തവാത്സല്യം തെളിയിക്കുന്ന ഒട്ടനവധി അത്ഭുത കഥകള്‍ ആധുനികര്‍ക്കും പറയുവാനുണ്ട്. ചോറ്റാനിക്കരയും പ്രാന്തപ്രദേശങ്ങളും ഉള്‍പ്പെട്ട ഭൂവിഭാഗം വേന്ദനാട് എന്ന പേരിലാണ് പണ്ടുകാലത്ത് അറിയപ്പെട്ടിരുന്നത്. വേദപണ്ഡിതന്മാരും മന്ത്രതന്ത്രാദികളില്‍ നിപുണന്മാരുമായ നമ്പൂതിരിമാരുടെ ഒട്ടേറെ ഭവനങ്ങള്‍ ഈ ഗ്രാമത്തിലുണ്ടായിരുന്നു. ചോറ്റാനിക്കര ക്ഷേത്രത്തിന്റെ ആദ്യത്തെ ഭരണകര്‍ത്താകള്‍. അവരില്‍ എടാട്ടു നമ്പൂതിരിയായിരുന്നു പ്രമാണികന്‍. പിന്നീട് അയിനിക്കാട്ട് നമ്പൂതിരിമാരുടെ ഭരണമായിരുന്നു. ഇക്കാലത്ത് ക്ഷേത്രത്തിന്റെ ഐശ്വര്യവും ദേവിയുടെ ചൈതന്യവും പതിന്മടങ്ങ് വര്‍ദ്ധിച്ചതായി പറയപ്പെടുന്നു. അയിനിക്കാട് ഇല്ലം അന്യം നിന്നപ്പോള്‍ ക്ഷേത്ര ഭരണം കൊച്ചി രാജാവ് ഏറ്റെടുത്തു. ഇപ്പോള്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡാണു ഭരണം നടത്തുന്നത്.

No comments:

Post a Comment