Friday, July 24, 2015

തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണപ്പെരുമാള്‍ ക്ഷേത്രം

ഏറണാകുളം ജില്ലയില്‍ ചാലക്കുടിപ്പുഴയുടെ തീരത്തു സ്ഥിതിചെയ്യുന്ന അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാള്‍ ക്ഷേത്രം. ഭാരതത്തിലെ 108 ദിവ്യദേശങ്ങളില്‍ (തിരുപ്പതികള്‍) പതിമൂന്ന് ക്ഷേത്രങ്ങള്‍ മലയാളനാട്ടിലാണ്, അതില്‍ ഒരു തിരുപ്പതിയാണ് തിരുമൂഴിക്കുളം ക്ഷേത്രം. ഈ 108 വൈഷ്ണവ ക്ഷേത്രങ്ങളില്‍ ലക്ഷ്മണസ്വാമിയുടെ സങ്കല്പത്തിലുള്ള പ്രതിഷ്ഠ ഇവിടെ മാത്രമാണ്. ലക്ഷ്മണസ്വാമിയുടെ പൂര്‍ണ്ണകായ ചതുര്‍ബാഹു പ്രതിഷ്ഠയാണ് ഇവിടെ ചാലക്കുടിപ്പുഴയുടെ കിഴക്കെക്കരയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ആദിശേഷന്റെ അവതാരമായ ശ്രീ ലക്ഷ്മണസ്വാമി ഇവിടെ രാവണപുത്രനായ മേഘനാദനെ (ഇന്ദ്രജിത്ത്) വധിക്കുവാന്‍ പുറപ്പെടുന്ന ഭാവാദിസങ്കല്പങ്ങളോടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ചരിത്ര പ്രസിദ്ധമായ നീയമ വ്യവസ്ഥകള്‍ പ്രതിപാദിച്ചിരിക്കുന്ന മൂഴിക്കുളംക്കച്ചവും, പുരാതന മലയാളത്തിലെ വേദപാഠശാലയായ മൂഴിക്കുളംശാലയും ക്ഷേത്രത്തോടനുബന്ധിച്ചുള്ളവയായിരുന്നു.
ദ്വാപരയുഗാന്ത്യത്തോടെ ദ്വാരക സമുദ്രത്തില്‍ ആണ്ടുപോകുകയും ഭഗവാന്‍ ശ്രീകൃഷ്ണന്‍ ആരാധിച്ചിരുന്ന ശ്രീരാമ ഭരത ലക്ഷ്മണ ശത്രുഘ്‌നന്മാരുടെ കൃഷ്ണശിലാ വിഗ്രഹങ്ങള്‍ സമുദ്രത്തില്‍ ഒഴുകിനടക്കുകയും ചെയ്തു. ഈ വിഗ്രഹങ്ങള്‍ തൃപ്രയാറിനു സമീപം മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന മുക്കുവര്‍ക്ക് ലഭിച്ചു. അവര്‍ വിഗ്രഹങ്ങളെ അന്നത്തെ കരപ്രമാണിയായിരുന്ന വാക്കയില്‍കൈമളിന് കാഴ്ചവച്ചു. ദേവപ്രശ്‌നത്തില്‍ അമാനുഷിക നിര്‍മ്മിതമായ വിഗ്രഹങ്ങളുടെ യാഥാര്‍ത്ഥ്യം മനസ്സിലാവുകയും പ്രശ്‌നനിര്‍ദ്ദേശങ്ങളനുസരിച്ച് ശ്രീരാമസ്വാമിയുടെ വിഗ്രഹം തൃപ്രയാറിലും, ഭരതവിഗ്രഹം ഇരിങ്ങാലക്കുടയിലും, ലക്ഷ്മണസ്വാമിയുടെ വിഗ്രഹം മൂഴിക്കുളത്തും, ശത്രുഘ്‌നവിഗ്രഹം പയിമ്മലിലും പ്രതിഷ്ഠിക്കുകയും ചെയ്തുവെന്നുമാണ് ഒരു വിശ്വാസം.
തമിഴ് വിശ്വാസമനുസരിച്ച് വനവാസക്കാലത്ത് ചതുരംഗപടയോടുകൂടി ഭരതന്‍ ശ്രീരാമനെ കാണാന്‍ വന്നപ്പോള്‍ തങ്ങളെ വധിച്ചു അയോദ്ധ്യ എന്നന്നേക്കുമായി കൈക്കലാക്കുവാന്‍ വന്നതാണെന്ന സംശയത്തോടെ യുദ്ധസന്നദ്ധനായ ലക്ഷ്മണനെ, ശ്രീരാമപാദങ്ങളില്‍ നമസ്‌കരിച്ചു അയോധ്യയില്‍വന്നു രാജ്യഭാരമേല്‍ക്കണമെന്ന ഭരതന്റെ അപേക്ഷ പശ്ചാത്താപവിവശനാക്കി. പാപശാന്തിക്കായി പുറൈയാറിന്‍ തീരത്ത് (ചാലക്കുടിയാര്‍) ഹരിതമഹര്‍ഷി മഹാവിഷ്ണുവിനെ പ്രത്യക്ഷപ്പെടുത്തിയ സ്ഥലത്ത് തപസ്സനുഷ്ടിക്കുകയും വിഷ്ണു സങ്കല്പത്തില്‍ ഗോപുരം, മണ്ഡപം, ചുറ്റമ്പലം എന്നിവയോടുകൂടി ക്ഷേത്രം പണിയുകയും ചെയ്തു. ലക്ഷ്മണനാല്‍ നിര്‍മ്മിതമായ ക്ഷേത്രം ലക്ഷ്മണക്ഷേത്രമായിതീര്‍ന്നുവെന്നു വിശ്വസിക്കുന്നു. വിഷ്ണുക്ഷേത്രമെന്ന നിലയിലാണ് ഈ ക്ഷേത്രത്തിനു 108 പാടല്‍പെറ്റ തിരുപ്പതികളില്‍ സ്ഥാനമുള്ളത്. തിരുമൂഴിക്കളത്തപ്പന്‍ എന്നാണ് മൂര്‍ത്തീഭാവത്തെ നാമകരണം ചെയ്തിട്ടുള്ളത്. അമാനുഷിക നിര്‍മ്മിതിയെന്നു വിശ്വസിക്കുന്ന വിഗ്രഹം ചതുര്‍ബാഹു രൂപത്തിലാണ്. ആനമല ലിഖിതം പ്രാചീന തമിഴ് വൈഷ്ണവാലയമായാണ് മൂഴിക്കുളത്തെ വെളിപ്പെടുത്തുന്നത്.മൂഴിക്കുളം ദേശം നിബിഡവനമായിരുന്നു. ഹരിത മഹര്‍ഷി ഇവിടെ വളരെ കാലം തപസ്സു ചെയ്ത് ഈ പ്രദേശത്തെ അനുഗൃഹീതമാക്കി. തപസ്സില്‍ സംപ്രീതനായ മഹാവിഷ്ണു മഹര്‍ഷിക്ക് ദര്‍ശനം നല്‍കുകയും കലിയുഗത്തില്‍ ആത്മശാന്തിക്ക് വേണ്ടി ജനങ്ങള്‍ അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ വേദസാരരൂപത്തില്‍ ഉപദേശിച്ചരുളുകയും ചെയ്തു. മഹര്‍ഷിക്ക് ഉപദേശം ലഭിച്ചത് ഇവിടെ വച്ചായിരുന്നു. തിരുമൊഴിയുണ്ടായ കളം തിരുമൊഴിക്കളം കാലക്രമത്തില്‍ തിരുമൂഴിക്കുളമായി മാറി. മൊഴിക്ക് വേദം എന്നും കളത്തിന്‍ സ്ഥലം എന്ന അര്‍ത്ഥവും കല്‍പ്പിക്കുമ്പോള്‍ ഈ പേരിനു കൂടുതല്‍ യുക്തി തോന്നും.
വാക്കയിള്‍ കൈമള്‍ എന്ന നാട്ട്പ്രമാണിക്ക് നാല് കൃഷ്ണശിലാ വിഗ്രഹങ്ങള്‍ ലഭിക്കുകയും അവ എവിടെ എങ്ങനെ പ്രതിഷ്ഠിക്കണം എന്നു പ്രശ്‌ന വിചാരം നടത്തുകയും ലക്ഷ്മണവിഗ്രഹം മൂഴിക്കുളത്ത് പ്രതിഷ്ഠിക്കാന്‍ നിര്‍ദ്ദേശമുണ്ടായി എന്നുമാണ്‍ ഐതിഹ്യം. ദ്വാരകയില്‍ ശ്രീകൃഷ്ണന്‍ പൂജിച്ചിരുന്ന ലക്ഷ്മണ വിഗ്രഹമാണ്‍ ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചത് എന്നാണ്‍ വിശ്വാസം. ലക്ഷ്മണന്‍ വിഷ്ണുതുല്യനായ അനന്തന്റെ അവതാരമായതിനാല്‍ സര്‍പ്പവിമുക്തമാണ്‍ ഈ പരിസരം എന്നാണ്‍ വിശ്വാസം. സര്‍പ്പ ബാധയേറ്റ മരണവും ഈ പ്രദേശത്ത് കുറവാണ്‍ എന്നാണ് ഐതിഹ്യം. തമിഴ്വിശ്വാസികളുടെ നിഗമനം ചിത്രകൂടത്തില്‍ ശ്രീരാമന്റെ സഹചാരിയായ ലക്ഷ്മണന്റെ ഭാവമാണ്‍ ഈ മൂര്‍ത്തിക്ക് എന്നാണ്‍. എന്നാല്‍ ഇന്ദ്രജിത്തിനെ വധിക്കാനായി കഠിനവ്രതമനായി കാലം കഴിക്കുന്ന ലക്ഷ്മണമൂര്‍തിയാണ്‍ ക്ഷേത്രത്തിലെ ഉപാസനമൂര്‍ത്തി എന്ന് മറ്റൊരു വിശ്വാസമുണ്ട്.ആലുവ താലൂക്കില്‍ പാറക്കടവ് പഞ്ചായത്തിലാണ് ഈ മഹാക്ഷേത്രം സ്ഥിതിചെയ്യുന്നത്. മുന്‍കാലത്ത് വനപ്രദേശമായിരുന്നു മൂഴിക്കുളം. ദ്വാപരയുഗത്തിന്റെ അവസാനം, ഹരിതമഹര്‍ഷി മഹാവിഷ്ണുവിന്റെ ദര്‍ശനത്തിനായി പുറൈയാറിന്‍ തീരത്ത് (ചാലക്കുടിയാര്‍) തപസ്സുചെയ്തു. തപസ്സില്‍ സന്തുഷ്ടനായ മഹാവിഷ്ണു മഹര്‍ഷിക്കു ദര്‍ശനം നല്‍കുകയും പിറക്കാനിരിക്കുന്ന പത്താമത്തെ യുഗം സര്‍വ്വനാശിയായ കലിയുഗമാനണെന്നും അക്കാലത്ത് ജനങ്ങള്‍ ആത്മശാന്തിക്കും മോക്ഷത്തിനുമായി അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ വേദസാരരൂപേണ ഭഗവാന്‍ മഹര്‍ഷിക്കുപദേശിച്ചു. ഭഗവാന്റെ തിരുമൊഴിയുണ്ടായ കളത്തിനു (സ്ഥലം) തിരുമൊഴിക്കളം എന്ന പേര് ലഭിച്ചു. ക്രമേണ തിരുമൂഴിക്കുളമായും മൂഴിക്കുളമായും തീര്‍ന്നു. തമിഴ് ഗ്രന്ഥങ്ങളില്‍ ഇന്നും തിരുമൂഴിക്കളമെന്നാണ് രേഖപെടുത്തുന്നത്.
തിരുമൂഴിക്കുളം ക്ഷേത്രം ആര്, എന്ന് നിര്‍മ്മിച്ചുവെന്നതിനു ചരിത്രപരമായ രേഖകളൊന്നുമില്ല. കേവലം ഐതിഹ്യങ്ങളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളു. ക്ഷേത്രനിര്‍മ്മാണം എന്നാണ് നടന്നത് എന്നു വ്യക്തമല്ലെങ്കിലും ചേരരാജാക്കന്മാരുടെ കാലത്ത് പ്രസക്തമായിരുന്ന ഈ ക്ഷേത്രത്തില്‍ നാലാം ശതകത്തില്‍ കുലശേഖരവര്‍മ്മന്‍ കൊടിമരം പ്രതിഷ്ഠിച്ചതായും പിന്നീട് ഭാസ്‌കരവര്‍മ്മന്റെ കാലത്ത് ക്ഷേത്രം പുതുക്കി പണിതതായും ചരിത്രമുണ്ട്. 18ആം ശതകം വരെ നില നിന്നിരുന്ന ഐശ്വര്യവും പ്രതാപവും ടിപ്പുവിന്റെ പടയോട്ടത്തോടെ നശിച്ച് തുടങ്ങി. പൂജപോലും ഇല്ലാത്ത അവസ്ഥയിലെത്തുകയും ഗ്രാമീണരുടെ പ്രവര്‍ത്തനഫലമായി പൂജയും ഉത്സവവും പുനരാരംഭിക്കുകയും ചെയ്തു.തിരുമൂഴിക്കുളം ദേശത്തിന്റെ ഗ്രാമക്ഷേത്രമായി ലക്ഷ്മണപെരുമാള്‍ ക്ഷേത്രം കണക്കാക്കപെടുന്നു. പ്രാചീന കേരളത്തില്‍ ഏറ്റവും അധികം തമിഴ് വൈഷ്ണവര്‍ ദര്‍ശനത്തിനു വന്നിരുന്ന ഒരു ക്ഷേത്രമാണിത്. ഈ ക്ഷേത്രത്തില്‍ വച്ച് എടുത്തിരുന്ന ക്ഷേത്ര സംബന്ധമായ തീരുമാണങ്ങള്‍ കേരളത്തിലെ മറ്റ് ക്ഷേത്രങ്ങള്‍ അംഗീകരിച്ചിരുന്നു. ഈ ക്ഷേത്രത്തിലെ ക്ഷേത്രസംബന്ധ നിയമാവലിയായിരുന്നു 'മൂഴിക്കുളം കച്ചം'. സമസ്ത കേരളവും അംഗീകരിച്ച നിയമ സംഹിതയായി പരിഗണിച്ചിരുന്നു. ചേരസാമ്രാജ്യക്കാലത്തെ 4 പ്രധാന തളികളില്‍ മേല്‍ തളിയായി മൂഴിക്കുളം കണക്കാക്കപ്പെട്ടിരുന്നു. ദര്‍ശനത്തിനു വന്നിരുന്ന തമിഴ് വൈഷ്ണവര്‍ ധാരാളം സ്തുതിഗീതങ്ങള്‍ ലക്ഷ്മണപെരുമാളെ കുറിച്ച് രചിച്ചിട്ടുള്ളതായി പറയപ്പെടുന്നു. തമിഴ് കവിയായ നമ്മാഴ്!വാരുടെ 'പെരിയ തിരുവായ് മൊഴി' തിരുമൂഴിക്കുളത്തപ്പന്റെ മഹത്ത്വം വ്യക്തമാക്കുന്ന ഒരു കൃതിയാണ്.
ചരിത്രപരമായ കാഴ്ചപാടില്‍ ചേരരാജവംശ ആസ്ഥാനമായ മഹോദയപുരത്തിനടുത്ത് (കൊടുങ്ങല്ലൂര്‍) സ്ഥിതിചെയ്യുന്ന മൂഴിക്കുളത്ത് ചേര രാജാവായ കുലശേഖരവര്‍മ്മന്‍ ഏ.ഡി 14 )0 ശതകത്തില്‍ സ്വര്‍ണ്ണകൊടിമരം സ്ഥാപിച്ചതായും തുടര്‍ന്ന് അധികാരമേറ്റ ഭാസ്‌കരവര്‍മ്മന്‍ ക്ഷേത്രം പുനരുദ്ധിച്ചതായും കാണാം. ചേരരാജവംശകാലത്ത് നിര്‍മ്മിക്കപ്പെട്ട അനേകം ശിലാലിഖിതങ്ങളിലും രേഖകളിലും മൂഴിക്കുളത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. വില്വമംഗലം സ്വാമിയാര്‍ അനന്തന്‍ കാടന്വേഷണവേളയില്‍ ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിട്ടുണ്ട്. ആദിശങ്കരാചാര്യര്‍, വൈഷ്ണവ കവികളായ ശതഗോപനമ്മാള്‍വാര്‍, തിരുമന്‌കൈ ആള്‍വാര്‍, തിരുവുള്ളുവര്‍ തുടങ്ങിയവരും ക്ഷേത്രത്തില്‍ ആരാധന നടത്തിയിരുന്നു.
ഏ.ഡി ആറാം നൂറ്റാണ്ടിനും ഒമ്പതാം നൂറ്റാണ്ടിനും ഇടയ്ക്ക് ജീവിച്ചിരുന്ന ആള്‍വാര്‍ കവിയായ ശതഗോപനമ്മാള്‍വാര്‍ പെരിയതിരുവായ്‌മൊഴിയില്‍ തിരുമൂഴിക്കുളത്തപ്പന്റെ മഹത്വം പാടിപ്പുകഴ്ത്തിയിട്ടുണ്ട്. ആധാരിക വൈഷ്ണവഗ്രന്ഥമായ കുലശേഖര ആള്‍വാറുടെ പെരുമാള്‍ തിരുമൊഴിയെന്ന ദിവ്യപ്രബന്ധത്തിലും തിരുമൂഴിക്കുളത്തപ്പനെക്കുറിച്ചുള്ള സ്തുതികളുണ്ട്. തിരുമന്‌കൈയ് ആള്‍വാര്‍ തിരുവായ്‌മൊഴിയിലും അകനാനൂര്‍, പുരനാനൂര്‍, പെരിയപുരാണം തുടങ്ങിയ സംഘകാല കൃതികളിലും തിരുമൂഴിക്കുളത്തപ്പനെ സ്തുതിക്കുന്നുണ്ട്. ആധികാരിക വൈഷ്ണവഗ്രന്ഥമായ കുലശേഖര ആള്‍വാറുടെ പെരുമാള്‍ തിരുമൊഴിയെന്ന നാലായിരം ദിവ്യപ്രബന്ധത്തിലെ 1553, 2061, 2674 സ്തുതികള്‍ തിരുമൂഴിക്കുളത്തപ്പനെക്കുറിച്ചാണ്.പണോപയോഗം, വിനിമയം, കാര്‍ഷിക വിനിമയം എന്നിവയെപ്പറ്റി പരിസരവിജ്ഞാനം പ്രദാനം ചെയ്യുന്നുവെന്നതാണ് ലിഖിതങ്ങളുടെ സവിശേഷത. ക്രിസ്തുവര്‍ഷം ഒന്‍പതാം നൂറ്റാണ്ടുമുതല്‍ക്കിങ്ങോട്ടുള്ള വട്ടെഴുത്തിലുള്ള ശിലാലിഖിതങ്ങള്‍ കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെയുള്ള ക്ഷേത്രങ്ങളില്‍ പലതിലുമായി നിലനില്ക്കുന്നുണ്ട്. ഇന്ത്യയില്‍ മറ്റു ഭാഗങ്ങളില്‍ കാണുന്ന ലിഖിതങ്ങളില്‍ നിന്നും ചില വ്യത്യാസങ്ങള്‍ കേരളീയ ലിഖിതത്തില്‍ കണ്ടെത്താം. ഇവ താരതമ്യേനെ നീളം കുറഞ്ഞവയും വിശദാംശങ്ങള്‍ വിട്ടുകളഞ്ഞതും കൊണ്ടുള്ളവയാണ്. മൂഴിക്കുളത്തുനിന്നും കണ്ടുകിട്ടിയ രണ്ടു രേഖകള്‍ ടി. എ. ഗോപിനാഥറാവു ട്രാവന്‍കൂര്‍ ആര്‍ക്കിയോളജിക്കല്‍ സീരീസ് വോള്യം 2 ലും 3 ലും ഫോട്ടോ സഹിതം വിവരിക്കുന്നുണ്ട്.
ക്ഷേത്രത്തിനകത്ത് മുഖമണ്ഡപത്തിനു കിഴക്കുഭാഗത്ത് 1086 ല്‍ ഭാസ്‌കരവര്‍മ്മന്‍ എന്ന മനുകുലാദിത്യന്റെ ശിലാലിഖിതം: ഗ്രാമവാസികള്‍ക്കും ക്ഷേത്രത്തിലെ പൊതുവാള്‍ക്കും പൂയാട്ടുപറമ്പ്, പെരുമ്പറമ്പ്, കുടയാര്‍വായില്‍കാട്, മേലാന്നിപുലൈ തുടങ്ങി കുറെ വസ്തുക്കള്‍ (ചേരിക്കല്ല്) ക്ഷേത്രത്തിലെ ബ്രാഹ്മണ ഊട്ടിനായി നല്‍കിയെന്നാണ് ഉള്ളടക്കം. ഒരാളും യാതൊരു കാരണവശാലും അഗ്രത്തിനു (ബ്രാഹ്മണയൂട്ടിനു) മുട്ടുവരുത്തുവാന്‍ പാടില്ലെന്ന് കര്‍ശനമായി നിര്‍ദ്ദേശിക്കുന്നുണ്ട്.ഏ.ഡി. പത്താം ശതകത്തില്‍ ഭരിച്ചിരുന്ന ഇന്ദുക്കോതയുടെ 948 ലെ ക്ഷേത്രത്തിലെ നിവേദ്യപൂജകളെ സംബന്ധിച്ച് ആണ് ഈ ലിഖിതം. : രാവിലെ 25 അടി നിഴല്‍ അളക്കുന്നതിന് മുമ്പ് (7 നും 8 നും ഇടയില്‍) കാലത്തെ നിവേദ്യം കഴിഞ്ഞിരിക്കണം, ഉച്ചപൂജ 12 മണിക്കുമുന്‍പ് കഴിഞ്ഞിരിക്കണം, സന്ധ്യയ്ക്ക് മുന്‍പ് നിവേദ്യം പാകപെടുത്തിയിരിക്കണം, സന്ധ്യക്കുമുന്പു പിറ്റേദിവസം രാവിലെക്കുള്ള അരി അളന്നിരിക്കണം.പൗരാണിക ഭാരതവര്‍ഷം മുതല്‍ 108 വൈഷ്ണവക്ഷേത്രങ്ങള്‍ പാടല്‍പെറ്റ തിരുപ്പതികള്‍ അഥവാ ദിവ്യദേശങ്ങള്‍ ആയി അംഗീകരിച്ചു വൈഷ്ണവര്‍ ആരാധിച്ചുവരുന്നു. പുരാതന മലയാളക്കരയില്‍ 13 ദിവ്യദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതില്‍ ഒന്നാണ് തിരുമൂഴിക്കുളം ക്ഷേത്രം. കേരളത്തില്‍ ഇന്ന് നിലവിലുള്ള ദിവ്യദേശങ്ങള്‍ തിരുമിറ്റക്കോട്, തിരുനാവായ, തിരുമൂഴിക്കുളം, തൃക്കാക്കര, തിരുവല്ല, തിരുചെങ്ങന്നൂര്‍, ത്രിചിട്ടാട്റ്റ്, ത്രിപ്പുലിയൂര്‍, തിരുവാറന്മുള, തിരുവന്‍വണ്ടൂര്‍, ത്രികൊടിത്താനം, തിരുവനന്തപുരം,തിരുവട്ടാര്‍ എന്നിവയാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും പാടല്‍പെറ്റ 108 തിരുപ്പതികള്‍ സന്ദര്‍ശിച്ചു ആരാധിക്കുകഎന്നത് തമിഴ് വൈഷ്ണവരുടെ ജീവിതാഭിലാഷമാണ്.
ചേരഭരണകാലത്ത് മലയാളക്കരയെ നാലു വിഭാഗങ്ങളാക്കി (തളികള്‍) അവയോടൊപ്പം ഗ്രാമക്ഷേത്രങ്ങള്‍ രൂപീകരിച്ചാണ് ഭരണസംവിധാനം ചെയ്തിരുന്നത്. ഊരാളരും മറ്റ് അധികാരികളും അവിരോധത്താല്‍ കൂടി എടുക്കുന്ന തീരുമാനങ്ങള്‍ ചട്ടങ്ങളാകുന്നു. ഇത്തരം ചട്ടങ്ങളെ അഥവാ വ്യവസ്ഥകളെയാണ് കച്ചങ്ങളെന്നു പറയുന്നത്. സാമൂഹിക ബന്ധങ്ങള്‍ക്ക് ആസ്പദമായ വഴക്കങ്ങളെ ക്രമീകരിക്കുന്നവയാണ് കച്ചങ്ങള്‍. ഇവയുടെ കാലം അതാത് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട രേഖകളുടെ കാലം തന്നെയാണ്. മികച്ച ദൃഷ്ടാന്തം മൂഴിക്കുളം കച്ചമാണ്. ഇതിനെക്കുറിച്ചുള്ള പരാമര്‍ശം ഉള്ളഏറ്റവും പഴക്കമുള്ള രേഖയായ ചോക്കൂര്‍ കോതരവിയുടെ പതിനഞ്ചാം വര്‍ഷം ക്രിസ്തുവര്‍ഷം 898, ഇതിനെ ഒരു വ്യവസ്ഥയായിട്ടാണ് പറയുന്നത്. മൂഴിക്കളത്തൊഴുക്കം എന്നുപറയുന്നതില്‍ നിന്ന് ഇത് മൂഴിക്കുളത്ത് ഏര്‍പ്പെടുത്തിയ ക്രമീകരണമാണെന്ന് സാരം. പെരുമാളുടെ ആസ്ഥാനമായ മഹോദയപുരത്തിനടുത്ത് (കൊടുങ്ങല്ലൂര്‍) ഈ ഗ്രാമം തിരുവനന്തപുരം, തിരുവല്ല, മൂഴിക്കുളം, കാന്തല്ലൂര്‍ എന്നീ പെരുമാളുടെ ഉപദേശകസമിതിയായ നാലു തളികളുടെ മേല്‍ത്തളിയായിരുന്നു. പാരമ്പര്യവിശ്വാസമനുസരിച്ചു ഈ നാല് തളികളും 32 ബ്രാഹ്മണഗ്രാമങ്ങളുടെയും നേതൃഘടകങ്ങളാണ്. ഇവിടുത്തെ തീരുമാനങ്ങള്‍ മറ്റുള്ളവര്‍ മാതൃകയായി സ്വീകരിച്ചു. നാടുകളുടെ കേന്ദ്രീകരണ കാലത്ത് ഒരു ഉദ്ഗ്രഥന ഘടകം എന്ന നിലയില്‍ മൂഴിക്കുളം കച്ചത്തിനു പ്രാധാന്യമുണ്ടായിരുന്നു. കേരളചരിത്രത്തില്‍ മറ്റു കച്ചങ്ങളെ കുറിച്ച് പറയുന്നുണ്ടെങ്കിലും ചേരസാമ്രാജ്യത്തില്‍ എന്ത് നടപടിയും മൂഴിക്കുളം കച്ചത്തിനെ ആസ്പദമാക്കിയായിരുന്നു സ്വീകരിച്ചിരുന്നത് എന്നതാണ് മൂഴിക്കുളത്തിനുള്ള പ്രാധാന്യം. നാല് തളികളുടെ മേല്‍ത്തളിയെന്ന പ്രാമുഖ്യമുള്ളത് കൊണ്ട് ഇവിടുത്തെ ദേവന് മാത്രം ചക്രവര്‍ത്തിപദ തുല്യമായ പെരുമാള്‍ സ്ഥാനം നല്‍കിയിരുന്നത്.ബ്രാഹ്മണ ബാലന്മാര്‍ക്ക് വേദമന്ത്രങ്ങള്‍ പഠിക്കുന്നതിനുവേണ്ടി പ്രധാന ഗ്രാമക്ഷേത്രങ്ങളോട് അനുബന്ധിച്ചു ചാലകള്‍ (ശാലകള്‍) പ്രവര്‍ത്തിച്ചിരുന്നു. ഗുരുകുലസമ്പ്രദായത്തില്‍ ആയിരുന്നു പഠനം. മലയാളനാട്ടിലെ നാല് തളികലുണ്ടായിരുന്ന ശാലകളില്‍ മൂഴിക്കുളത്തിനായിരുന്നു പ്രഥമസ്ഥാനം. ക്ഷേത്രങ്ങലോടനുബന്ധിച്ചുള്ള ശാലകളുടെ നടത്തിപ്പിന് അതാത് വകയില്‍ വരുന്ന നെല്ല് അതാത് സ്ഥാപനങ്ങളില്‍ വിതരണം ചെയ്യപ്പെട്ടിരുന്നു. ശാലയില്‍ പഠിക്കുന്ന ചാത്തിരരെയും (ബ്രാഹ്മണബാലന്മാര്‍) അവരെ പഠിപ്പിക്കുന്ന ഭാട്ടന്മാരെയും ഊട്ടാന്‍ വ്യവസ്ഥയുണ്ടായിരുന്നു. 1010ലെ മൂഴിക്കുളം രേഖയില്‍ പുരയിടം വഴിപാടായി വരുന്നത് പറയുന്നുണ്ട്. ഉണ്ണികളെ ഊട്ടാന്‍ എന്നര്‍ത്ഥത്തില്‍ നീക്കിവച്ചിരുന്ന ക്ഷേത്രം വക ഉണ്ണിപ്പാടം എന്ന വിസ്തൃത വയല്‍ ഭൂപരിഷ്‌കരണ നിയമത്തെ തുടര്‍ന്ന് അന്യാധീനപ്പെട്ടുപോയി. അന്നത്തെ ശാലകളുടെ പരിഷ്‌കൃതരൂപമായിരിക്കാം ഇന്നത്തെ സര്‍വ്വകലാശാലകള്‍ അഥവാ യൂണിവേര്‍സിറ്റികള്‍!! ഇങ്ങനെ പൂര്‍ണ്ണാനദിയുടെ (ചാലക്കുടിയാര്‍) തീരത്ത് ശാലകളും കുടികളും ഉണ്ടായിരുന്നതിനാലാണ ചാലക്കുടിയെന്നു നാമവും പുഴക്ക് ചാലക്കുടിപ്പുഴയെന്ന പേരുമായതെന്നു ചരിത്രം രേഖപെടുത്തുന്നു.നാട്ടുഭരണം ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചു നടന്നിരുന്ന കാലഘട്ടത്തില്‍ ഓരോ ക്ഷേത്രത്തിനും ഒന്നോ ഒന്നിലധികമോ രാജവംശങ്ങളുമായി ബന്ധമുണ്ടായിരുന്നതായി കാണാം. തിരുമൂഴിക്കുളം ക്ഷേത്രത്തെ സംബന്ധിച്ച് നോക്കിയാല്‍ പ്രധാനമായും ചേരരാജവംശം, കൊച്ചി രാജവംശം, തിരുവിതാംകൂര്‍ രാജവംശം എന്നീ മൂന്നു ബന്ധങ്ങളാണ് കാണുന്നത്.ചേരഭരണകാലം എന്തുകൊണ്ടും മൂഴിക്കുളത്തിന്റെ സുവര്‍ണ്ണകാലമായിരുന്നു. മലയാളക്കരയിലെ നാലു തളികളുടെ മേല്‍ത്തളി, പ്രമുഖ ഗ്രാമക്ഷേത്രം, പ്രശസ്തമായ മൂഴിക്കുളം ശാല, മലയാളക്കരയാകെ പാലിച്ചിരുന്ന നിയമവ്യവസ്ഥയായ മൂഴിക്കുളം കച്ചം തുടങ്ങി ഒട്ടനവധി കാര്യങ്ങളില്‍ പ്രാമുഖ്യം മൂഴിക്കുളത്തിനുണ്ടായിരുന്നു. ലക്ഷ്മണസ്വാമിയെ മാത്രം 'പെരുമാള്‍' പദവി നല്‍കി ആദരിച്ചിരുന്നു.
കൊച്ചി രാജവംശം എക്കാലവും കോഴിക്കോട് സാമൂതിരിയില്‍ നിന്നും ആക്രമണം ഭയന്നിരുന്നു ഈ സാഹചര്യത്തില്‍ കൊച്ചിയെ ശത്രുക്കളുടെ ആക്രമണസമയത്ത് സംരക്ഷിച്ചുകൊള്ളാമെന്നും തിരുവിതാംകൂറിന്റെ ശത്രുക്കളുമായി ഒരിക്കലും ബന്ധം സ്ഥപിക്കില്ലെന്നും കൊച്ചിയും തിരുവിതാംകൂറും സംയുക്ത കരാറില്‍ ഒപ്പ് വയ്ക്കുകയുണ്ടായി. ഏ.ഡി. 1762ല്‍ കാര്‍ത്തിക തിരുന്നാള്‍ മഹാരാജാവും കേരളവര്‍മ മഹാരാജാവും ശുചീന്ദ്രം ക്ഷേത്രത്തില്‍ വച്ചുണ്ടാക്കിയതാണ് പ്രസിദ്ധമായ ഈ ശുചീന്ദ്രം ഉടമ്പടി. ഇതില്‍ സന്തുഷ്ടനായ കൊച്ചി മഹാരാജാവ് പറവൂര്‍, ആലങ്ങാട് നാട്ടുരാജ്യങ്ങള്‍ തിരുവിതാംകൂറിനു വിട്ടുകൊടുത്തു . പറവൂര്‍ നാട്ടുരാജ്യത്തിലായിരുന്ന മൂഴിക്കുളം അങ്ങിനെ തിരുവിതാംകൂറിന്റെ ഭാഗമായി.
പറവൂര്‍ തിരുവിതാംകൂറിന്റെ ഭാഗമായെങ്കിലും സാമന്തനെന്ന നിലയില്‍ പറവൂര്‍ തമ്പുരാന്‍ തന്നെ ഭരണകാര്യങ്ങള്‍ നടത്തികൊണ്ടിരുന്നു. അങ്ങിനെയിരിക്കെ 1790 –ല്‍ മലബാര്‍, കൊച്ചി കടന്നു ടിപ്പു മൂഴിക്കുളം ക്ഷേത്രം ആക്രമിച്ചത്. ക്ഷേത്രം കൊള്ളയടിക്കുകയും തീവക്കുകയും ചെയതതുകൂടാതെ ഭഗവാന്റെ തിരുവിഗ്രഹം തല്ലിയുടക്കുകയും (ഒരു കൈയ്യും ഒരു കാലുമാണ് തല്ലിയൊടിച്ചത്) ചെയ്ത ശേഷം ആലുവയിലേക്ക് നീങ്ങി. ആലുവ മണപ്പുറത്ത് തമ്പടിച്ചിരുന്ന ടിപ്പുവിനു അര്‍ദ്ധരാത്രിയില്‍ ഓര്‍ക്കാപ്പുറത്തുണ്ടായ മലവെള്ളപാച്ചിലില്‍ ജീവന്‍ രക്ഷിക്കാന്‍ കനത്ത വില നല്‍കേണ്ടിവന്നു. ഒട്ടുമിക്ക സാധനങ്ങളും നഷ്ടപെട്ട ടിപ്പുവിനു മറക്കാനാവാത്ത തിരിച്ചടിയും കിട്ടി. തിരുമൂഴികുളത്തപ്പനോട് ചെയ്ത കൊടും ക്രൂരതക്ക് അതെ നാണയത്തില്‍ തന്നെ മറുപടി ഭഗവാന്‍ തന്നെ നല്‍കിയെന്നാണ് ഇന്നും പഴമക്കാര്‍ പറയുന്നത്. ഒരു കാലും ഒരു കൈയ്യും ഒടിഞ്ഞാണ് ടിപ്പുവിന്റെ ജീവരക്ഷാര്‍ത്ഥമുള്ള പാലായനം.ടിപ്പുവിന്റെ ആക്രമണശേഷം ഏകദേശം ഒരു നൂറ്റാണ്ട് നിത്യപൂജപോലുമില്ലാതെ ക്ഷേത്രം അനാഥമായിക്കിടന്നു. ആ സമയം പട്ടംതുരുത്തിമനയിലെ ഒരു അന്തര്‍ജ്ജനം ക്ഷേത്രത്തില്‍ വന്ന് യഥാശക്തി നിവേദ്യം നല്‍കി ഭഗവാനെ സേവിച്ചു. വൃദ്ധയായപ്പോള്‍ തനിക്ക് ഇനി ഭഗവാനെ കണ്ടുതൊഴുവാനോ നേദിക്കാനോ കഴിയില്ലെന്ന് ദു:ഖിച്ച ആ അമ്മയ്ക്ക് ഭഗവാന്‍ സ്വപ്നദര്‍ശനം നല്‍കി സമാശ്വസിപ്പിച്ചു. ആഗ്രഹിക്കുമ്പോഴൊക്കെ മനക്കണ്ണാല്‍ ഭഗവാന്‍ ദര്‍ശനം നല്‍കാമെന്നും നിവേദ്യത്തെക്കുറിച്ച് വ്യാകുലപ്പെടേണ്ടെന്നും നേരിട്ടുവന്ന് വര്‍ഷത്തിലൊരിക്കല്‍ മനയ്ക്കല്‍ നിന്ന് നിവേദ്യം സ്വീകരിച്ചുകൊള്ളാമെന്നും ഭഗവാന്‍ സ്വപ്നദര്‍ശനത്തിലൂടെ പറഞ്ഞുവത്രേ. ക്ഷേത്രപുനരുദ്ധാരണത്തിനു ശേഷം ഉത്സവം ആരംഭിച്ചപ്പോള്‍ ഒമ്പതാം ഉത്സവദിവസം മനയ്ക്കലേക്ക് ഇറക്കിപൂജ ആരംഭിച്ചു. ഈയൊരു കാര്യത്തിനും ആറാട്ടിനുമല്ലാതെ തിരുമൂഴിക്കുളത്തപ്പന്റെ തിടമ്പ് ക്ഷേത്രമതില്‍ക്കെട്ടിനു പുറത്തിറക്കാറില്ല.
ടിപ്പുവിന്റെ ആക്രമണത്തിനുശേഷം ക്ഷേത്രത്തിനുണ്ടായ ദുരവസ്ഥ ശ്രീമൂലംതിരുനാള്‍ മഹാരാജാവ് അറിഞ്ഞപ്പോള്‍ ക്ഷേത്രം പുനരുദ്ധരിക്കുവാന്‍ അനുമതി നല്‍കി. തുടര്‍ന്നു ശ്രീചിത്തിരതിരുനാള്‍ ഇന്ന് കാണുന്നരീതിയില്‍ ക്ഷേത്രം പണിതീര്‍ത്തു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ബിംബത്തിന്റെ കേടുപാടുകള്‍ തീര്‍ക്കുവാനും നഷ്ടപ്പെട്ട കൊടിമരത്തിനു പകരം മറ്റൊന്ന് സ്ഥാപിക്കുവാനും കഴിഞ്ഞില്ല.അഞ്ചേക്കറോളം വിസ്തൃതിയുള്ള നാല് നടയിലേക്കും ഗോപുരമുള്ള, ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ മദ്ധ്യഭാഗത്തായി വ്യാളികള്‍ കാവല്‍ നില്‍ക്കുന്ന വിളക്കുമാടത്തോടുകൂടിയ ബൃഹത്തായ ചുറ്റമ്പലം കാണാം. കിഴക്കേനടയിലൂടെ വലിയമ്പലം കടന്ന് നാലമ്പലത്തില്‍ പ്രവേശിക്കുമ്പോള്‍ വിസ്തൃതമായ നമസ്‌കാരമണ്ഡപത്തിലെത്തും. തേക്കില്‍പണിത മേല്‍ക്കൂരയില്‍ കാണുന്ന അഷ്ടദിക്പാലകര്‍ പുരാതന ദരുശില്പകലക്ക് മകുടോദാഹരണമാണ്. നാലമ്പലമാകെ വിരിച്ച കരിങ്കല്‍പാളികള്‍ നടുമുറ്റത്തെ പ്രൌഡ്ഢമാക്കുന്നു. മലയാളക്കരയില്‍ ചുരുക്കം ചില ക്ഷേത്രങ്ങളില്‍ മാത്രം കാണുന്ന രണ്ടു നിലയില്‍ ചെമ്പുമേഞ്ഞ വട്ട ശ്രീകോവിലാണ് ഇവിടെ. വടക്കുഭാഗത്ത് അഭിഷേകതീര്‍ഥം പുറത്തേക്കു വരുന്ന ഓവ് ദേവഭൃത്യന്‍ താങ്ങിനിറുത്തിയിരിക്കുന്നു. ഒരേ ശ്രീകോവിലില്‍ തന്നെ രണ്ടു ഭാഗങ്ങളിലായി ലക്ഷ്മണസ്വാമിയെയും ശ്രീമഹാഗണപതിയേയും പ്രതിഷ്ടിച്ചിരിക്കുന്നു. ഓരോ നേരം നിവേദ്യം വെയ്ക്കുവാന്‍ പ്രത്യേക തിടപ്പള്ളികളുണ്ട്. പൂജാദികര്‍മ്മങ്ങള്‍ക്ക് മാത്രമായി നാലമ്പലത്തിനകത്ത് മണിക്കിണര്‍ (ശംഖതീര്‍ത്ഥം) ഉണ്ട്. പൂര്‍ണ്ണാനദിയിലെയും മണിക്കിണറിലെയും പെരിയകുളത്തിലെയും ( കിഴക്കേ നടയില്‍ ഉണ്ടായിരുന്നതും ഇപ്പോള്‍ മൂടപെട്ടതും) ജലം പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് ഒരു അന്തര്‍വാഹിനിയുണ്ടായിരുന്നതായി കേള്‍വി. മതിക്കകത്തു വടക്കുകിഴക്ക് ഭാഗത്ത് ഗോശാലകൃഷ്ണന്റെ ക്ഷേത്രവും പൊതു ആവശ്യത്തിനുള്ള കിണറും കാണാം. തെക്കുകിഴക്ക് ഭാഗത്ത് കേരളത്തിലെ ഏറ്റവും ലക്ഷണമൊത്ത കൂത്തമ്പലങ്ങളിലൊന്നു കാണാം.കിഴക്കോട്ട് ദര്‍ശനമായി കാണപ്പെടുന്ന ലക്ഷ്മണനെ പൂര്‍ണ്ണ പ്രതിഷ്ഠയോടെ പ്രധാന ദേവനായി ആരാധിക്കുന്ന ഈ ക്ഷേത്രത്തില്‍ ലക്ഷ്മണനു പുറമെ അതേ ശ്രീകോവിലില്‍ തെക്കോട്ട് ദര്‍ശനമായി ശിവന്‍,ഗണപതി എന്നീ ശൈവ സാന്നിദ്ധ്യവും ശ്രീരാമന്‍,സീത,ഹനുമാന്‍ എന്നീ വൈഷ്ണവ സാന്നിദ്ധ്യവും ഉണ്ട്. നാലമ്പലത്തില്‍ തെക്ക് പടിഞ്ഞാറായി ശാസ്താവും ഭഗവതിയും പൂജിക്കപ്പെടുന്നു. ക്ഷേത്രത്തില്‍ നാലമ്പലത്തിനു പുറത്ത് വടക്കേ ദിശയില്‍ ഗോശാലകൃഷ്ണന്റെ പ്രതിഷ്ഠയുണ്ട്.
ക്ഷേത്രത്തില്‍ ദര്‍ശനത്തിന്‍ ഒരു പ്രത്യേക ക്രമമുണ്ട്. കിഴക്കേ നടയിലൂടെ അകത്ത് കടന്ന് ലക്ഷ്മണസ്വാമിയെ വണങ്ങി ഗണപതി,ദക്ഷിണാമൂര്‍ത്തി, മറ്റ് ദേവതകള്‍ എന്നിവരെ തൊഴുത് വീണ്ടും ലക്ഷ്മണസ്വാമിയെ വണങ്ങണം. പ്രദക്ഷിണമായി വന്ന് ശാസ്താവിനേയും ഭഗവതിയേയും തൊഴണം. പിന്നീട് ഗോശാലകൃഷ്ണനെ വന്ദിക്കുക. എന്നിട്ട് കിഴക്കേ നടയില്‍ എത്തി വീണ്ടും ലക്ഷ്മണസ്വാമിയെ വണങ്ങുക. പൂജാതികര്‍മ്മങ്ങള്‍ക്ക് ജലം സംഭരിക്കുവാന്‍ ക്ഷേത്രത്തിനകത്തുതന്നെ ഒരു കിണര്‍ ഉണ്ട്. പതിവായി എതൃത്തപൂജ,ഉച്ചപൂജ,അത്താഴപൂജ എന്നീ മൂന്ന് പൂജകളും അനുബന്ധമായി മൂന്ന് ശ്രീബലിയും ഉണ്ട്.

No comments:

Post a Comment