കേരളത്തിലെ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് തൃശ്ശൂര്‍ ജില്ലയില്‍ ഗുരുവായൂരിനടുത്ത് സ്ഥിതിചെയ്യുന്ന മമ്മിയൂര്‍ മഹാദേവക്ഷേത്രം. വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ മമ്മിയൂരപ്പന്റെ (ശിവന്‍) സാന്നിധ്യം ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്ര പ്രതിഷ്ഠാസമയത്ത് ഉണ്ടായിരുന്നുവെന്ന് ഐതിഹ്യം. ഗുരുവായൂര്‍ ക്ഷേത്രത്തിനു അടുത്തായി വടക്കുപടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്നു. ഗുരുവായൂരില്‍ പോകുന്ന എല്ലാ ഭക്തജനങ്ങളും ഇവിടെയും പോകണം എന്നാണ് ആചാരം.ശിവന്റെ ശ്രീകോവിലിന്റെ പിന്നില്‍ പാര്‍വതി സാന്നിധ്യമരുളുന്നു. കൂടാതെ വിഷ്ണുവും ക്ഷേത്രത്തില്‍ പ്രധാനമാണ്. ശിവനും വിഷ്ണുവും കിഴക്കോട്ട് ദര്‍ശനമായാണ്. സ്വയംഭൂവാണ് ശിവലിംഗം. ശിവന്‍ ഇവിടെ രൗദ്രഭാവത്തിലാണ്. അതൊഴിവാക്കാനാണത്രേ സമീപത്തുതന്നെ വിഷ്ണുപ്രതിഷ്ഠയും നടത്തിയത്. ശിവന്‍ ഇവിടെ ഗൃഹസ്ഥനായി വാഴുന്നു. വാമാംഗത്തില്‍ പാര്‍വതിയും ചുറ്റും പുത്രന്മാരായ ഗണപതി, സുബ്രഹ്മണ്യന്‍, അയ്യപ്പന്‍ എന്നിവരും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.ക്ഷേത്രത്തിലെ ഉപദേവതകള്‍ ഗണപതി, സുബ്രഹ്മണ്യന്‍, അയ്യപ്പന്‍, ഭഗവതി, രക്ഷസ്സ്, നാഗദേവത എന്നിവരാണ്.ക്ഷേത്രത്തില്‍ മൂന്ന് പൂജയുണ്ട്. പുഴക്കര ചേന്നാസ്സ് നമ്പൂതിരിയാണ് ഈ ക്ഷേത്രത്തിലെയും തന്ത്രി. ശിവരാത്രിയാണ് മുഖ്യ ആഘോഷം. വിഷ്ണുവിന് അഷ്ടമിരോഹിണി വിശേഷാല്‍ പൂജയും ആഘോഷങ്ങളും ഉണ്ട്. ക്ഷേത്രം മുമ്പ് 72 ഇല്ലക്കാരുടെതായിരുന്നു എന്നും അവര്‍ അന്യം വന്നപ്പോള്‍ സാമൂതിരിയുടേതായിത്തീര്‍ന്നു എന്നും പറയുന്നു. ഇപ്പോള്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള കമ്മിറ്റിയാണ് ഭരണം നടത്തുന്നത്.പാതാള അഞ്ജനം കൊണ്ടു വിഷ്ണു തന്നെ തീര്‍ത്ത ഗുരുവായൂരിലെ വിഷ്ണുവിഗ്രഹത്തെ ശിവന്‍ ആരാധിച്ചിരുന്നു എന്നാണ് ഐതിഹ്യം. ബ്രഹ്മാവിന് ശിവന്‍ ഈ വിഗ്രഹം സമ്മാനിച്ചു. പ്രജാപതിയായ സുതപനും അദ്ദേഹത്തിന്റെ പത്‌നിയായ പ്രശ്‌നിയും ബ്രഹ്മാവിനെ വിളിച്ച് തപസ്സനുഷ്ഠിച്ചു. ഈ തപസ്സില്‍ സംപ്രീതനായ ബ്രഹ്മാവ് ഇവര്‍ക്ക് ഈ വിഗ്രഹം സമ്മാനിച്ചു. വിഗ്രഹത്തെ അതിഭക്തിയോടെ ഇവര്‍ ആരാധിക്കുന്നതു കണ്ട വിഷ്ണു ഇവരുടെ മുന്‍പില്‍ അവതരിച്ച് വരം ചോദിക്കുവാന്‍ ആവശ്യപ്പെട്ടു. വിഷ്ണുവിനെ കണ്ട ആഹ്ലാദത്തില്‍ ഇരുവരും നാലുതവണ വിഷ്ണുസമാനനായ ഒരു മകനെ വേണം എന്ന് ആവശ്യപ്പെട്ടു. വിഷ്ണു നാലുജന്മങ്ങളില്‍ ഇവരുടെ മകനായി ജനിക്കാമെന്നും ഈ നാലുജന്മങ്ങളിലും ഇവര്‍ക്ക് ബ്രഹ്മാവില്‍ നിന്ന് വിഗ്രഹം ലഭിക്കും എന്നും വരം കൊടുത്തു.സത്യയുഗത്തിലെ ഒന്നാം ജന്മത്തില്‍ മഹാവിഷ്ണു സുതപന്റെയും പ്രശ്‌നിയുടെയും മകനായി പ്രശ്‌നിഗര്‍ഭന്‍ ആയി ജനിച്ചു. പ്രശ്‌നിയുടെ ഗര്‍ഭത്തില്‍ പിറന്നവനെന്നാണ് ആ പേരിന്റെ അര്‍ത്ഥം തന്നെ. പ്രശ്‌നിഗര്‍ഭന്‍ ലോകത്തിന് ബ്രഹ്മചാര്യത്തിന്റെ പ്രാധാന്യം പഠിപ്പിച്ചു കൊടുത്തു.ത്രേതായുഗത്തില്‍ സുതപനും പത്‌നി പ്രശ്‌നിയും യഥാക്രമം കശ്യപനും അദിതിയുമായി ജനിച്ചു. മഹാവിഷ്ണു രണ്ടാമത്തെ ജന്മത്തില്‍ അവരുടെ മകനായ വാമനനായി ജനിച്ചു. വാമനന്‍ മഹാബലിയുടെ ഗര്‍വ്വ് ഒഴിവാക്കി പാദംകൊണ്ട് അദ്ദേഹത്തെ അനുഗ്രഹിച്ച് പാതാളത്തിലെത്തിച്ചു.ത്രേതായുഗത്തില്‍ത്തന്നെ സുതപനും പ്രശ്‌നിയും യഥാക്രമം ദശരഥനും കൗസല്യയുമായി ജനിച്ചു. മഹാവിഷ്ണു മൂന്നാമത്തെ ജന്മത്തില്‍ അവരുടെ മകനായ ശ്രീരാമനായി ജനിച്ചു. ശ്രീരാമന്‍ മനുഷ്യനായി ജീവിച്ചുകാണിച്ചു.ദ്വാപരയുഗത്തില്‍ സുതപനും പ്രശ്‌നിയും യഥാക്രമം വസുദേവരും ദേവകിയുമായി ജനിച്ചു. മഹാവിഷ്ണു നാലാമത്തെ ജന്മത്തില്‍ അവരുടെ മകനായ ശ്രീകൃഷ്ണനായി ജനിച്ചു. ശ്രീകൃഷ്ണന്‍ ഉപദേശങ്ങള്‍ ചെയ്തുപോന്നു.ധൗമ്യനാണ് ഇവര്‍ക്ക് ഈ വിഗ്രഹം ആരാധനയ്ക്കായി നല്‍കിയത് എന്നു കരുതപ്പെടുന്നു. ശ്രീകൃഷ്ണന്‍ ദ്വാരകയില്‍ ഒരു വലിയ ക്ഷേത്രം നിര്‍മ്മിച്ച് ഈ വിഗ്രഹം ഇവിടെ പ്രതിഷ്ഠിച്ചു. സ്വര്‍ഗ്ഗാരോഹണ സമയത്ത് കൃഷ്ണന്‍ തന്റെ ഭക്തനായ ഉദ്ധവനോട് ഈ വിഗ്രഹം ദേവലോകത്തെ ഗുരുവായ ബൃഹസ്പതിയുടെയും വായു ദേവന്റെയും സഹായത്തോടെ ഒരു പുണ്യസ്ഥലത്ത് പ്രതിഷ്ഠിക്കുവാന്‍ പറഞ്ഞു. ഗുരുവും വായുവും ഈ വിഗ്രഹവുമായി തെക്കുള്ള ഒരു സ്ഥലത്തെത്തി വിഗ്രഹം പ്രതിഷ്ഠിച്ചു. ഗുരുവും വായുവും വന്ന ഊര് (സ്ഥലം) എന്നതില്‍ നിന്നാണ് ഗുരുവായൂര്‍ എന്ന സ്ഥലപ്പേര് ഉണ്ടായത്. ശിവനും പാര്‍വ്വതിയും ഈ വിഗ്രഹം പ്രതിഷ്ഠിക്കുന്ന പുണ്യമുഹൂര്‍ത്തത്തില്‍ അവിടെ ഉണ്ടായിരുന്നു എന്നും എല്ലാവര്‍ക്കും നില്‍ക്കുവാന്‍ ക്ഷേത്രത്തിനടുത്ത് സ്ഥലം ഇല്ലാത്തതുകൊണ്ട് ശിവന്‍ അല്പം മാറി മമ്മിയൂര്‍ ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്തുനിന്ന് അനുഗ്രഹങ്ങള്‍ വര്‍ഷിച്ചു എന്നുമാണ് ഐതിഹ്യം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും 10 മിനിറ്റ് നടക്കാവുന്ന ദൂരത്തിലാണ് മമ്മിയൂര്‍ ക്ഷേത്രം.
No comments:
Post a Comment