Monday, July 27, 2015

വടക്കുംനാഥ ക്ഷേത്രം

തൃശ്ശൂര്‍ നഗരഹൃദയത്തിലുള്ള തേക്കിന്‍കാട് മൈതാനത്തിന്റെ മദ്ധ്യത്തിലാണ് ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമനാണ് ഇവിടെ പ്രതിഷ്ഠ നടത്തിയതെന്നാണു വിശ്വാസം. ശ്രീവടക്കുംനാഥന്‍ ക്ഷേത്രത്തിനു തൃശൂരുമായി വളരെ അധികം ചരിത്ര പ്രധാനമായ ബന്ധമാണുള്ളത്. ശക്തന്‍ തമ്പുരാന്റെ കാലഘട്ടത്തിലാണ് ഈ ക്ഷേത്രം ഇന്നു കാണുന്ന രീതിയില്‍ പുനര്‍നിര്‍മ്മിച്ചത്. ക്ഷേത്ര വിസ്തൃതിയില്‍ കേരളത്തിലെ ഇതരക്ഷേത്രങ്ങളെ അപേക്ഷിച്ച് വിശാലമായ ക്ഷേത്രമതിലകം ഉള്ള വടക്കുംനാഥക്ഷേത്രം 20 ഏക്കര്‍ വിസ്താരമേറിയതാണ്. നാലുദിക്കുകളിലുമായി നാലു മഹാഗോപുരങ്ങള്‍ ഇവിടെ പണിതീര്‍ത്തിട്ടുണ്ട്. വടക്കുംനാഥന്റെ മഹാപ്രദക്ഷിണവഴിയാണ് സ്വരാജ് റൗണ്ട് എന്നറിയപ്പെടുന്നത്. 108 ശിവാലയ സ്‌തോത്രത്തില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രത്തെ ശ്രീമദ് ദക്ഷിണ കൈലാസം എന്നാണ് അതില്‍ പ്രതിപാദിച്ചിരിക്കുന്നത്.
വടക്കുംനാഥക്ഷേത്ര നിര്‍മ്മാണം പന്തിരുകുലത്തിലെ പെരുന്തച്ചന്റെ കാലത്ത് നടന്നതാണെന്ന് പറയപ്പെടുന്നു. പെരുന്തച്ചന്റെ കാലം ഏഴാം നൂറ്റാണ്ടിലാകയാല്‍ ക്ഷേത്രത്തിനും കൂത്തമ്പലത്തിനും 1300 വര്‍ഷത്തെ പഴക്കം ഉണ്ടാകുമെന്ന് കരുതുന്നു. പാറമേക്കാവ് ഭഗവതിയും ആദ്യകാലങ്ങളില്‍ ഈ ക്ഷേത്രത്തില്‍ തന്നെയായിരുന്നു പ്രതിഷ്ഠിക്കപ്പെട്ടിരുന്നത്. പഴക്കത്തില്‍ കുരുംബ ഭഗവതി ക്ഷേത്രം (കൊടുങ്ങല്ലൂര്‍), ഊരകം അമ്മത്തിരുവടി ക്ഷേത്രം, കൂടല്‍മാണിക്യം ക്ഷേത്രം എന്നിവയോളം വടക്കുംനാഥ ക്ഷേത്രത്തിനു പഴക്കമില്ല എന്നു ക്ഷേത്ര സ്‌തോത്രമാല നിന്നും മനസ്സിലാവുന്നു തൃശ്ശുര്‍ വടക്കുംനാഥക്ഷേത്ര ഭരണച്ചുമതല വഹിച്ചിരുന്ന നമ്പൂതിരിമാരാണ് യോഗാതിരിമാര്‍ എന്നറിയപ്പെട്ടിരുന്നത്. കേരളത്തില്‍ നമ്പൂതിരിമാര്‍ ആധിപത്യം സ്ഥാപിച്ചതോടെ വടക്കുംനാഥന്‍ ക്ഷേത്രം തൃശൂര്‍ ഗ്രാമക്കാരായ നമ്പൂതിരിമാരുടെ നിയന്ത്രണത്തിലായി. തൃശൂര്‍ യോഗസങ്കേതത്തില്‍നിന്നും തിരഞ്ഞെടുക്കുന്നയാളായ യോഗാതിരിപ്പാടാണ് ക്ഷേത്രത്തിന്റെ ഭരണാധികാരിയായിരുന്നത്. ശക്തന്‍ തമ്പുരാന്റെ കാലത്തിനു മുന്‍പ് യോഗാതിരി അവരോധം അവസാനിപ്പിച്ചു. പിന്നീട് കൊച്ചിരാജാവ് നേരിട്ട് ക്ഷേത്രഭരണം ഏറ്റെടുക്കുകയും നിരവധി ക്ഷേത്രാചാര പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു. ഇന്ന് കൊച്ചി ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് ക്ഷേത്രഭരണം നടക്കുന്നത്.
മൈസൂര്‍ സുല്‍ത്താനായിരുന്ന ടിപ്പുവിന്റെ പടയോട്ടകാലത്ത് വടക്കുംനാഥന്‍ ക്ഷേത്രത്തിനു കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ചരിത്രം പറയുന്നില്ല. അതില്‍ നിന്നും മനസ്സിലാവുന്നത് നിരവധിക്ഷേത്രങ്ങള്‍ നശിപ്പിച്ച ടിപ്പു, തൃശ്ശൂര്‍ കടന്നു പോയിട്ടും ക്ഷേത്രേശ ബഹുമാനാര്‍ത്ഥം നശീകരണ പ്രവൃത്തികളില്‍ നിന്നും മാറിനിന്നിരുന്നുവെന്നാണ്. തൃശ്ശൂരിലെ പ്രാന്തപ്രദേശങ്ങളിലെ നിരവധി ക്ഷേത്രങ്ങള്‍ (പെരുവനം മഹാദേവ ക്ഷേത്രം, ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രം) ഈ പടയോട്ടത്തില്‍ പൂര്‍ണ്ണമായോ ഭാഗികമായോ നശിപ്പിക്കപ്പെട്ടിട്ടുണ്ട് ക്ഷേത്രം ജൈനസങ്കേതമായിരുന്നു എന്നൊരു വാദഗതിയുണ്ട്. ഉപദേവനായ ഋഷഭന്‍ ജൈന തീര്‍ത്ഥങ്കരനായ ഋഷഭദേവനാണ് എന്നാണ് ഒരു നിഗമനം. ജൈനര്‍ തത്ത്വചിന്തയില്‍ പരാജയപ്പെട്ടപ്പോള്‍ വൈഷ്ണവര്‍ക്കും ശൈവര്‍ക്കും തുല്യ പ്രാധാന്യം നല്‍കി ഒരു ഹിന്ദുക്ഷേത്രമായി രൂപപ്പെടുകയാണ് ചെയ്തത്. ഋഷഭനെ തൊഴുമ്പോള്‍ ഭക്തന്മാര്‍ തങ്ങളുടെ വസ്ത്രത്തില്‍ നിന്നും ഒരു നൂലിഴ എടുത്ത് പ്രതിഷ്ഠാമൂര്‍ത്തിയുടെ സന്നിധിയില്‍ സമര്‍പ്പിച്ച് തൊഴുകയാണ് ചെയ്യുന്നത്. ഇത് പ്രതിഷ്ഠാമൂര്‍ത്തിയുടെ നഗ്‌നത മറയ്ക്കാന്‍ എന്ന സങ്കല്പത്തിലാണ്. ജൈനമുനി ദിഗംബരനായതു കൊണ്ടാണ് ഈ ആചാരം ഉടലെടുത്തത് എന്ന വാദഗതിയുമുണ്ട്.
ക്രിസ്തുവര്‍ഷം 1750 മുതല്‍ 1762 വരെ തൃശ്ശൂരും, വടക്കുന്നാഥന്‍ ക്ഷേത്രവും സാമൂതിരിയുടെ നിയന്ത്രണത്തിലായിരുന്നു. സാമൂതിരി നടത്തിയ ഒരു തുലാഭാരത്തിന്റെ കരിങ്കല്‍ത്തൂണ് ഒരു ചരിത്രസ്മാരകമായി ക്ഷേത്രമതില്‍ക്കെട്ടിനകത്ത് കാണാന്‍ സാധിക്കും. വടക്കേക്കര കോവിലകത്താണ് (ഇന്നത്തെ ശക്തന്‍ തമ്പുരാന്‍ കോവിലകം) സാമൂതിരിയും സൈന്യവും അന്ന് പാര്‍ത്തിരുന്നത്. തലപ്പിള്ളി രാജാക്കന്മാര്‍ ചെങ്ങഴി നമ്പ്യാന്മാര്‍ മുതലായവര്‍ സാമൂതിരിയെ അന്ന് പിന്തുണച്ചിരുന്നു. 1762ഓടെ തിരുവിതാംകൂറിലെ രാജാവായിരുന്ന കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മയുടെ സഹായത്തോടെ കൊച്ചി രാജാവ് സാമൂതിരിയെ തുരത്തി തൃശ്ശൂരിന്റെ ഭരണം തിരിച്ചു പിടിച്ചുവെന്നു ചരിത്രം.
വെള്ളാരപ്പിള്ളി കോവിലകത്ത് 1751ല്‍ ജനിക്കുകയും, അതിനുശേഷം 1769മുതല്‍ കൊച്ചിരാജ്യത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന ഇളമുറ തമ്പുരാനായും പിന്നെ 1790ല്‍ കൊച്ചിരാജാവായും മാറിയ രാമവര്‍മ്മ ശക്തന്‍തമ്പുരാന്റെ കാലത്താണ് തൃപ്പൂണിത്തുറയില്‍നിന്നും കൊച്ചിയുടെ ഭരണസിരാകേന്ദ്രം തൃശ്ശിവപേരൂര്‍ നഗരത്തിലേക്ക് മാറ്റപ്പെട്ടത്. തമ്പുരാന് തൃശൂരിനോടും വടക്കുംനാഥക്ഷേത്രത്തോടുമുണ്ടായിരുന്ന ആത്മബന്ധമാണ് ഇതിനൊരു കാരണം. ശക്തന്‍ തമ്പുരാനാണ് തൃശ്ശിവപേരൂരിന്റെ സാംസ്‌കാരിക തനിമയില്‍ തിലകക്കുറിയായി ശോഭിക്കുന്ന തൃശൂര്‍പൂരം തുടങ്ങിവെച്ചത്. 1797 (കൊല്ലവര്‍ഷം 977 മേടം മാസം) ലാണ് ആദ്യമായി തൃശൂര്‍പൂരമെന്ന മഹോത്സവം വടക്കുന്നാഥ ക്ഷേത്രാങ്കണത്തില്‍ അരങ്ങേറുന്നത്. അമാനുഷപ്രഭാവനായിരുന്ന ശക്തന്‍ തമ്പുരാന്‍ തിരുമനസ്സിലേക്കുറിച്ച് കേട്ടിട്ടില്ലാത്തവരായി കേരളത്തിലാരും തന്നെ ഉണ്ടായിരിക്കുമെന്നു തോന്നുന്നില്ല എന്നാണ് ഐതിഹ്യമാല കര്‍ത്താവായ കൊട്ടാരത്തില്‍ ശങ്കുണ്ണി അദ്ദേഹത്തെക്കുറിച്ചുള്ള ലേഖനത്തിലെ ആമുഖത്തില്‍ എഴുതിയിരിക്കുന്നത്. തൃശ്ശൂര്‍ പൂരത്തിനു അദ്ദേഹത്തിന്റെ സാന്നിധ്യം ക്ഷേത്രമതിലകത്ത് ഇലഞ്ഞിത്തറയില്‍ ഉണ്ടായിരിക്കുമായിരുന്നു, അദ്ദേഹത്തിനു മുന്‍പില്‍ അരങ്ങേറിയ ചെണ്ടമേളം പിന്നീട് പ്രശസ്തമാവുകയും ഇലഞ്ഞിത്തറമേളം എന്നറിയപ്പെടുകയും ചെയ്തു. ശിവപെരുമാളിന്റെ സ്ഥലം എന്നര്‍ത്ഥമുള്ള തിരുശിവപേരൂര്‍ ആണ് തൃശ്ശിവപേരൂരും പിന്നീട് തൃശ്ശൂരും ആയിതീര്‍ന്നത്. തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രത്തിലെ പ്രതിഷ്ഠാമൂര്‍ത്തികള്‍ മൂന്നാണ്; ശ്രീപരമശിവന്‍, ശ്രീരാമസ്വാമി, ശങ്കരനാരായണമൂര്‍ത്തി. ശിവപെരുമാള്‍ ഏറ്റവും വടക്കുഭാഗത്തും ശ്രീരാമന്‍ ദക്ഷിണഭാഗത്തും ശങ്കരനാരായണസ്വാമി മദ്ധ്യ ഭാഗത്തും കുടികൊള്ളുന്നു. വടക്കുഭാഗത്തുള്ള ശിവപെരുമാള്‍ക്കാണ് ഇവിടെ ക്ഷേത്രാചാരപ്രകാരം പ്രാധാന്യവും, പ്രശസ്തിയും. വടക്കെ അറ്റത്തുള്ള ശിവന്റെ പേരില്‍ അറിയപ്പെട്ട ക്ഷേത്രം പിന്നീട് വടക്കുംനാഥക്ഷേത്രമായതായും കരുതുന്നു. കേരളം ശൈവാധിപത്യത്തില്‍ ആയിരുന്നതിനാല്‍ വടക്കെ അറ്റത്ത് പ്രതിഷ്ഠിച്ച ശിവനാണ് നാഥന്‍ എന്നു പിന്നീട് സങ്കല്പമുണ്ടായി. വടക്ക് നാഥന്‍ എന്ന ശൈവ സങ്കല്പം കാലാന്തരത്തില്‍ വടക്കുന്നാഥന്‍ എന്ന പേര്‍ നേടിക്കൊടുത്തു.മുമ്പില്‍ വലിയ നമസ്‌കാരമണ്ഡപങ്ങളുള്ള വലിയ വട്ട ശ്രീകോവിലിലാണ് ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്. പടിഞ്ഞാട്ടഭിമുഖമായാണ് പ്രതിഷ്ഠ. ക്ഷേത്രത്തിലെ മൂന്ന് പ്രധാന പ്രതിഷ്ഠകളാണ് (പരമശിവന്‍, ശങ്കരനാരായണന്‍, ശ്രീരാമന്‍) ഉള്ളത്. ശിവന്റെ പിറകില്‍ കിഴക്കോട്ട് ദര്‍ശനമായി പാര്‍വ്വതിയുമുണ്ട്. അതുമൂലം അനഭിമുഖമായ ഈ പ്രതിഷ്ഠകള്‍ അര്‍ദ്ധനാരീശ്വരസങ്കല്‍പ്പത്തില്‍ കാണപ്പെടുന്നു. പിന്നെ ഗണപതിയും.
പല ശിവക്ഷേത്രങ്ങളിലും ശിവന്‍ രൗദ്രഭാവത്തിലാണ് വാഴാറുള്ളത്. ആ ക്ഷേത്രങ്ങളിലെല്ലാം ക്ഷേത്രേശന്റെ രൗദ്രഭാവം കുറയ്ക്കുന്നതിനായി നടയ്ക്കുനേരെ കുളം കുഴിയ്ക്കുകയോ വിഷ്ണുവിനെയോ വിഷ്ണുവിന്റെ അവതാരങ്ങളെയോ പ്രതിഷ്ഠിയ്ക്കുകയോ ചെയ്യാറുണ്ട്. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. ശിവന്‍ ഇവിടെ ഉഗ്രമൂര്‍ത്തിയാണ്. അതിനാല്‍ കോപം കുറയ്ക്കുന്നതിനായി ക്ഷേത്രത്തില്‍ വിഷ്ണുവിനെ ശ്രീരാമസങ്കല്പത്തില്‍ പ്രതിഷ്ഠിച്ചു. ശൈവവൈഷ്ണവശക്തികളുടെ സംഗമം നടുക്ക് മറ്റൊരു ശ്രീകോവിലിനും ഉദയം കൊടുത്തു. അതാണ് ശങ്കരനാരായണന്റെ ശ്രീകോവില്‍. വട്ട ശ്രീകോവിലില്‍ മൂന്നാമത്തെ അറയായ ഗര്‍ഭഗൃഹത്തിനുള്ളില്‍ നെയ്യ് കൊണ്ട് മൂടി ജ്യോതിര്‍ലിംഗമായി ദര്‍ശനമരുളുന്നു. ജ്യോതിര്‍ലിംഗത്തില്‍ ഏകദേശം എട്ടൊമ്പതടി ഉയരത്തില്‍ 25 അടിയോളം ചുറ്റളവില്‍ നെയ്മല സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. അന്തരീക്ഷത്തിലെ താപവും ദീപങ്ങളുടെ ചൂടും കൊണ്ടുപോലും ഇതിനു നാശം സംഭവിക്കുന്നില്ല. ശിവലിംഗം കാണാന്‍ കഴിയാത്ത ഏകക്ഷേത്രം കൂടിയാണ് വടക്കുംനാഥക്ഷേത്രം.നെയ്യ് മലയില്‍ ദര്‍ശനത്തിനുവേണ്ടി ചന്ദ്രക്കലകള്‍ ചാര്‍ത്തുന്നുണ്ട്. നെയ്മല ഇടിയുകയാണെങ്കില്‍ ആ ഭാഗത്തുള്ള ദേശങ്ങള്‍ക്ക് അനിഷ്ടം സംഭവിക്കുമെന്നു് കരുതുന്നു. 2006 നവംബര്‍ 19ന് ക്ഷേത്രത്തിലെ നെയ്യിന് തീപിടിച്ചു. അതുമൂലം ഇതിന്റെ നല്ലൊരുഭാഗവും ഇടിഞ്ഞുവീണു. ഇത് തൊട്ടടുത്ത വര്‍ഷം (2007) പലവിധ ആപത്തുകള്‍ക്കും കാരണമായി. 2005ല്‍ നടന്ന ദേവപ്രശ്‌നത്തില്‍ തൊട്ടടുത്ത വര്‍ഷം (2006) അഗ്‌നിബാധയുണ്ടാകുമെന്നു പറഞ്ഞിരുന്നു. അതിനുള്ള പ്രതിവിധിയായി അതിരുദ്രമഹായജ്ഞം ചെയ്യാനിരിക്കെയായിരുന്നു അഗ്‌നിബാധ.
ഉപദേവതകളായി ചുറ്റമ്പലത്തിനു പുറത്ത് വേട്ടേക്കരന്‍, ശ്രീകൃഷ്ണന്‍ (ഗോശാലകൃഷ്ണന്‍), പരശുരാമന്‍, അയ്യപ്പന്‍, നാഗദേവതകള്‍, ശിവഭൂതഗണങ്ങളായ നന്ദികേശ്വരന്‍, ഋഷഭന്‍, സിംഹോദരന്‍ എന്നിവരെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ക്ഷേത്രത്തിനകത്ത് ഒരു വലിയ കൂത്തമ്പലം ഉണ്ട്. ശ്രീ ശങ്കരാചാര്യരുടെ സമാധിയും പ്രതിഷ്ഠയും ക്ഷേത്രത്തിനകത്ത് സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ മഹാവിഷ്ണുവിന്റെ ആയുധങ്ങളായ ശംഖചക്രങ്ങളുമുണ്ട്. വടക്കുകിഴക്കുഭാഗത്തായി അര്‍ജുനന്റെ വില്‍ക്കുഴി കാണാവുന്നതാണ്. വടക്കുഭാഗത്തായി ആന കൊട്ടില്‍ സ്ഥിതിചെയ്യുന്നു.ക്ഷേത്രത്തിനുപുറത്തായി പടിഞ്ഞാറ് ഭാഗത്ത് നടുവിലാല്‍ ഗണപതി പ്രതിഷ്ഠയുണ്ട്. തെക്കുഭാഗത്തായി മണികണ്ഠനാലില്‍ ഗണപതിയെയും സുബ്രഹ്മണ്യനെയും പ്രതിഷ്ഠിച്ചിരിക്കുന്നു. പിതാവായ മഹാദേവന് അഭിമുഖമായാണ് ഇരുവരും വാഴുന്നത്. രണ്ട് ക്ഷേത്രങ്ങളും ഒരു നൂറ്റാണ്ടില്‍ത്താഴെക്കാലത്തെ മാത്രം പഴക്കമുള്ളവയാണ്. നടുവിലാലില്‍ ശബരിമല തീര്‍ത്ഥാടകരും പുലിക്കളിക്കാരും നാളികേരമുടച്ചുവന്നപ്പോള്‍ അവിടെ ഒരു ക്ഷേത്രം പണിയാന്‍ ഭക്തര്‍ നിശ്ചയിച്ചു. അങ്ങനെയാണ് അവിടെ ഗണപതിക്ഷേത്രം വന്നത്.മണികണ്ഠനാല്‍ സ്വാതന്ത്ര്യസമരകാലത്ത് നിരവധി പ്രസംഗങ്ങള്‍ക്ക് വേദിയായി. എന്നാല്‍ ക്ഷേത്രദര്‍ശനത്തിനുപോകുന്നഅന്തര്‍ജനങ്ങള്‍ക്ക് അത് ശല്യമായപ്പോള്‍ അവര്‍ക്കുവേണ്ടി സുബ്രഹ്മണ്യനെ അവിടെ പ്രതിഷ്ഠിച്ചു. ഇപ്പോള്‍ ഈ രണ്ട് ക്ഷേത്രങ്ങളിലെയും പ്രതിഷ്ഠകള്‍ ക്ഷേത്രത്തിനകത്തേക്കുമാറ്റാന്‍ തീരുമാനിച്ചിരിക്കുന്നു. ക്ഷേത്രദര്‍ശനം നടത്തുന്നതിന്‍ ചില ചിട്ടകളും ക്രമങ്ങളും ഉണ്ട്. അതനുസരിച്ച് ദേവന്മാരെ വന്ദിക്കണമെന്നാണ് പഴമക്കാര്‍ പറയുന്നത്.ശ്രീകോവിലുകളെ ചുറ്റി വിസ്തൃതമായ ചുറ്റമ്പലവും വിളക്കുമാടവുമുണ്ട്. അതിവിശാലമായ തിരുമുറ്റമുള്ള ക്ഷേത്രവളപ്പ് 10 ഏക്കറോളം വിസ്തൃതിയുള്ളതാണ്. അതിനുചുറ്റും ഗംഭീരമായ ചുറ്റുമതിലാണ്. മതിലില്‍ നാലുഭാഗത്തായി മൂന്നുനിലകളുള്ള കൂറ്റന്‍ ഗോപുരങ്ങളാണ്. ഇതിലെ 'ആനവാതിലുകള്‍' ദര്‍ശനീയങ്ങള്‍ തന്നെയാണ്.ക്ഷേത്രത്തിന്റെ പ്രദക്ഷിണവഴിയുടെ വടക്കുഭാഗത്ത് ഒരു വലിയ കൂത്തമ്പലം ഉണ്ട്. കേരളത്തിലെ ഏറ്റവും വലുതും ലക്ഷണമൊത്തതുമായ കൂത്തമ്പലമാണിത്. ചെമ്പ് മേഞ്ഞ ഈ നാട്യഗൃഹത്തിന്‍ 23 മീറ്റര്‍ നീളവും 17 മീറ്റര്‍ വീതിയുമുണ്ട്. കേരളത്തിലെ പ്രസിദ്ധരായ കൂടിയാട്ട വിദഗ്ദ്ധന്മാര്‍ ഇവിടെ പല തവണ കൂത്തും കൂടിയാട്ടവും അവതരിപ്പിച്ചിട്ടുണ്ട്.
വടക്കുംനാഥന്റെ പ്രധാന വഴിപാടാണ് നെയ്യഭിഷേകം. പരമശിവനും അര്‍ജുനനും തമ്മില്‍ നടന്ന യുദ്ധത്തില്‍ ശിവനുണ്ടായ ആഘാതത്തിന്‍ ധന്വന്തരമൂര്‍ത്തി വിധിച്ച ചികിത്സയാണ് നെയ്യഭിഷേകമെന്ന് ഐതിഹ്യമുണ്ട്. 41 ദിവസത്തെ കൂത്തും കൂടിയാട്ടവും ഇവിടെയുള്ള കൂത്തമ്പലത്തില്‍ ഇന്നും നടന്ന് വരുന്നു.ഇവയെ കൂടാതെ ഗണപതിക്ക് ഒറ്റപ്പം നിവേദിക്കല്‍, അയ്യപ്പന് പുഷ്പാഭിഷേകം എന്നിവയും വഴിപാടുകളില്‍ വരും. കതിനവെടി മറ്റൊരു വഴിപാടാണ്.ആദ്യം ശ്രീമൂലസ്ഥാനത്ത് തൊഴുക. പടിഞ്ഞാറേ ഗോപുരത്തിനുപുറത്ത് കിഴക്കോട്ട് ദര്‍ശനമായാണ് ശ്രീമൂലസ്ഥാനം. ഇവിടെയാണ് പരശുരാമന്‍ ശിവപ്രതിഷ്ഠ നടത്തിയതെന്ന് ഐതിഹ്യമുണ്ട്. അതിനാല്‍ ആ പേരുവന്നു, ഇവിടെ ദിവസവും വിളക്കുവയ്ക്കാറുണ്ട്. എന്നിട്ട് പടിഞ്ഞാറേ ഗോപുരത്തിലൂടെ അകത്തുകടന്ന് കൂത്തമ്പലത്തിനടുത്ത് കിഴക്കോട്ട് ദര്‍ശനമായി പ്രതിഷ്ഠിച്ചിട്ടുള്ള ശ്രീകൃഷ്ണനെ വന്ദിക്കുക. എന്നിട്ട് പ്രദക്ഷിണമായി വടക്കേ നടയിലെത്തിയശേഷം അവിടെയുള്ള ഒരു ചെറിയ കോവിലില്‍ കാണപ്പെടുന്ന ശിവഭൃത്യനായ ഋഷഭനെ തൊഴുക. ഋഷഭന്‍ സദാ ധ്യാനനിമഗ്‌നനും നഗ്‌നനുമാണെന്നാണ് സങ്കല്‍പ്പം. അതിനാല്‍ നമ്മുടെ വസ്ത്രത്തില്‍ നിന്നും ഒരു നൂലെടുത്തുവച്ച്, കൈകൊട്ടി ഉണര്‍ത്തിയശേഷം മാത്രമേ വന്ദിക്കാവൂ.തുടര്‍ന്ന് വടക്കുവശത്തുള്ള ഓവിനരികിലൂടെ വടക്കുന്നാഥനുമുന്നിലെത്തുക. വടക്കുന്നാഥനെ ദര്‍ശിച്ചശേഷം പടിഞ്ഞാറേ നാലമ്പലക്കെട്ടില്‍ കാണപ്പെടുന്ന അനന്തപത്മനാഭനെയും ശിവന്റെ വാഹനമായ നന്ദികേശ്വരനെയും വന്ദിക്കുക. തുടര്‍ന്ന് വീണ്ടും നാലമ്പലത്തിനകത്തുകടന്ന് വടക്കുന്നാഥനെ വന്ദിച്ചശേഷം കിഴക്കേ നടയില്‍ പ്രതിഷ്ഠിച്ചിട്ടുള്ള പാര്‍വതിയെയും തെക്കുപടിഞ്ഞാറുഭാഗത്ത് പ്രതിഷ്ഠിച്ചിട്ടുള്ള ഗണപതിയെയും വന്ദിക്കുക. പിന്നീട് ശങ്കരനാരായണനെയും ശ്രീരാമനെയും വന്ദിച്ചുകഴിഞ്ഞാല്‍ കിഴക്കോട്ട് തിരിഞ്ഞുനിന്ന് സൂര്യനമസ്‌കാരം നടത്തേണ്ടതുമുണ്ട്. പിന്നെയും പലരീതിയിലും വന്ദനം നടത്തേണ്ടതുണ്ട്.നാലമ്പലത്തിനുപുറത്തുകടന്നാല്‍ വടക്കുകിഴക്കേമൂലയില്‍ പടിഞ്ഞാട്ട് ദര്‍ശനമായി വാഴുന്ന പരശുരാമനെയാണ് ആദ്യം വന്ദിക്കേണ്ടത്. പിന്നീട് വടക്കുന്നാഥനുപിന്നില്‍ പടിഞ്ഞാട്ട് ദര്‍ശനമായി വാഴുന്ന ശിവഭൃത്യനായ സിംഹോദരനെ വന്ദിക്കുക. സിംഹത്തിന്റേതുപോലുള്ള വയറോടുകൂടിയവന്‍ എന്നാണ് സിംഹോദരന്‍ എന്ന വാക്കിന്റെ അര്‍ത്ഥം.
ഈ പ്രതിഷ്ഠയ്ക്കുപിന്നില്‍ ഒരു ഐതിഹ്യമുണ്ട്.സിംഹോദരന്‍ പെട്ടെന്ന് ശിവപുരത്തെ (ഇന്നത്തെ തൃശ്ശൂര്‍ തന്നെ) ഋഷഭാദ്രിയിലേക്ക് പോയ വിവരമറിഞ്ഞ് ശിവനും പാര്‍വതിയും അവിടേക്ക് പുറപ്പെട്ടു. വഴിയരികില്‍ അവര്‍ വിശ്രമിച്ച സ്ഥലത്താണ് ഇന്ന് പൂങ്കുന്നം ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഋഷഭാദ്രിയിലെത്തിയപ്പോഴേക്കും അവിടെ സിംഹോദരന്‍ ഉറച്ചുകഴിഞ്ഞിരുന്നു. ഒടുവില്‍ ശിവപാര്‍വതിമാരും അവിടെ ഉറച്ചു.ഇവിടെനിന്നും ഒരല്പം വടക്കുപടിഞ്ഞാറുമാറി നാലമ്പലച്ചുവരില്‍ ഒരു വലിയ ദ്വാരമുണ്ട്. ഇതിലൂടെ വടക്കുന്നാഥനെ ദര്‍ശിച്ചശേഷം വടക്കുകിഴക്കോട്ട് തിരിഞ്ഞുനിന്ന് ക്ഷേത്രേശനെ കാശിവിശ്വനാഥനായി സങ്കല്പിച്ചുകൊണ്ട് തൊഴുക. അവിടെത്തന്നെ തെക്കുകിഴക്കോട്ട് തിരിഞ്ഞുനിന്നുകൊണ്ട് ചിദംബരനാഥനായ നടരാജമൂര്‍ത്തിയെയും വന്ദിക്കുക. പിന്നീട് തെക്കുപടിഞ്ഞാറുഭാഗത്തെത്തിയാല്‍ ഒരു ആല്‍ത്തറയില്‍ കയറിനിന്ന് കൂടല്‍മാണിക്യസ്വാമിയെയും കൊടുങ്ങല്ലൂരമ്മയെയും ഊരകത്തമ്മയെയും വന്ദിക്കുക. അവിടെത്തന്നെ വടക്കോട്ട് തിരിഞ്ഞുനിന്ന് മുഖ്യപ്രതിഷ്ഠകളെ വന്ദിക്കുക. ഇതിന് പടിഞ്ഞാറുള്ള ആല്‍ത്തറയില്‍ മഹാഭാരതകര്‍ത്താവായ വേദവ്യാസനെ തൊഴുത് ഓം ഹരിശ്രീ ഗണപതയേ നമഃ എന്ന മന്ത്രം എഴുതുക. പിന്നീട് തെക്കുപടിഞ്ഞാറുഭാഗത്തുള്ള ശ്രീ അയ്യപ്പനേയും സങ്കല്‍പ്പ ഹനുമാനേയും തൊഴണം. പിന്നീട് തെക്കുപടിഞ്ഞാറേമൂലയിലാണ്, മൃതസഞ്ജീവനിത്തറ. രാമരാവണയുദ്ധത്തിനിടയില്‍ രാവണപുത്രനായ ഇന്ദ്രജിത്തില്‍നിന്നും പ്രഹരമേറ്റുവാങ്ങിയ ലക്ഷ്മണനെ രക്ഷിക്കാന്‍ മൃതസഞ്ജീവനിയുമായി ഹനുമാന്‍ ഹിമാലയത്തില്‍നിന്നും ലങ്കയിലേക്കുപോകുന്ന വഴിയില്‍ മലയുടെ ഒരുഭാഗം ഇവിടെ അടര്‍ന്നുവീണുവെന്നും അങ്ങനെയാണ് ഇതുണ്ടായതെന്നും പറയപ്പെടുന്നു. അതിനാല്‍ ഇവിടെ ഹനുമാനെ സങ്കല്പിച്ച് വിളക്കുവെപ്പുണ്ട്. ഇവിടത്തെ പുല്ല് പറിച്ച് തലയില്‍തൊട്ടാല്‍ ഒരുവര്‍ഷത്തേക്ക് തൊടുന്നയാളുടെ ബന്ധുക്കളാരും മരിക്കില്ലെന്ന് വിശ്വസിക്കപ്പെടുന്നു. അയ്യപ്പനെയും സങ്കല്പഹനുമാനെയും വന്ദിച്ചശേഷം ഇതിനും തെക്കുപടിഞ്ഞാറ് കാണപ്പെടുന്ന വേട്ടയ്‌ക്കൊരുമകനെ വന്ദിക്കുക. വേട്ടേക്കരന്‍ എന്നും ഇതിനെ പറയാറുണ്ട്. കിരാതമൂര്‍ത്തിയായ പരമശിവനാണെന്നും അതല്ല അയ്യപ്പനാണെന്നും അതുമല്ല ശിവപുത്രനാണെന്നും വേട്ടയ്‌ക്കൊരുമകനെപ്പറ്റി വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. ശിവലിംഗം പോലെയാണ് ഈ നടയിലെ വിഗ്രഹം. കിഴക്കോട്ടാണ് ദര്‍ശനം.2005 വരെ ക്ഷേത്രത്തിലെ നാലമ്പലത്തിനകത്ത് വടക്കുവശത്ത് തെക്കോട്ട് ദര്‍ശനമായാണ് വേട്ടയ്‌ക്കൊരുമകനെ പ്രതിഷ്ഠിച്ചിരുന്നത്. എന്നാല്‍ ആ സ്ഥാനം ശരിയല്ലെന്ന് 2005ലെ ദേവപ്രശ്‌നത്തില്‍ പറഞ്ഞിരുന്നു. അതുമൂലമാണ് പുതിയ ശ്രീകോവില്‍ പണിതത്. ഇന്ന് അവിടെവച്ചാണ് ക്ഷേത്രത്തിലെ നിവേദ്യവസ്തുക്കളായ അപ്പം, പായസം തുടങ്ങിയവ വിതരണം ചെയ്യപ്പെടുന്നത്.ഇതിന് വടക്കുവശത്ത് നാഗദേവതകളെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇവിടെ കന്നിമാസത്തിലെ ആയില്യം നാളില്‍ സര്‍പ്പബലി നടത്താറുണ്ട്. ഇതിന് വടക്കുകിഴക്കുഭാഗത്ത് മഹാവിഷ്ണുവിന്റെ തിരുവായുധങ്ങളായ ശംഖചക്രങ്ങളുടെ രൂപങ്ങള്‍ കാണാം. രണ്ടുസ്ഥലങ്ങളിലും വന്ദിച്ചശേഷം ശങ്കരാചാര്യരെ വന്ദിക്കുക. അദ്ദേഹം ഇവിടെവച്ചാണ് സമാധിയായതെന്ന് പറയപ്പെടുന്നു. ആ സ്ഥാനത്താണ് പ്രതിഷ്ഠ.ഇങ്ങനെ ക്രമപ്രകാരം വന്ദിച്ചാല്‍ ദര്‍ശനം പൂര്‍ണമായി. 3 കിലോമീറ്ററാണ് മൊത്തം പ്രദക്ഷിണം. ക്ഷേത്രത്തിനുചുറ്റും സ്വരാജ് റൗണ്ട് പണിതിരിക്കുന്നു.ഉത്സവമില്ലാത്ത ദേവനാണ് വടക്കുന്നാഥന്‍.
വടക്കുംനാഥന്‍ ക്ഷേത്രത്തിലെ ദേവന്മാര്‍ക്ക് ഉത്സവാഘോഷമോ പുരമോ ഇല്ല. പണ്ട് കാലത്ത് ഉത്സവമുണ്ടായിരുന്നെന്നും അത് പിന്നീട് മുടങ്ങിയെന്നും പറയുന്നു.ലക്ഷദീപങ്ങള്‍ തെളിയിച്ചും പുഷ്പങ്ങളാല്‍ അലങ്കരിച്ചും ആഘോഷിക്കുന്ന ശിവരാത്രി ഉത്സവമാണ് ഇവിടെ പ്രധാനം. അന്ന് തൃശ്ശൂര്‍ പൂരത്തിനു വരുന്ന ക്ഷേത്രങ്ങളില്‍ നിന്ന് ദേവിദേവന്മാര്‍ എഴുന്നള്ളിവന്ന് വടക്കുംനാഥനെ വന്ദിച്ച് മടങ്ങുന്നു. അവ പാറമേക്കാവ്, തിരുവമ്പാടി, ചെമ്പുക്കാവ്, കണിമംഗലം, ലാലൂര്‍, അയ്യന്തോള്‍, നൈതലക്കാവ്, ചൂരക്കോട്, കാരമുക്ക്, പനേക്കമ്പിള്ളി, അശോകേശ്വരം എന്നീ ക്ഷേത്രങ്ങളില്‍ നിന്നാണ്.ലോക പ്രസിദ്ധമായ തൃശൂര്‍ പൂരം ശ്രീവടക്കുംനാഥന്റെസാനിധ്യത്തിലാണ് നടക്കുക. തൃശൂര്‍ പൂരം നാളില്‍ കൈലാസനാഥനെ കണ്ട് വന്ദിക്കാന്‍ ചുറ്റുവട്ടത്തില്‍നിന്നു ദേവിദേവന്മാര്‍ എഴുന്നള്ളിയെത്തും. തൃശൂര്‍ പൂരമെന്നത് പല പല ക്ഷേത്രങ്ങളില്‍ നിന്ന് എഴുന്നെള്ളിച്ച് വന്ന ക്ഷേത്രമൈതാനിയിലേക്ക് തിരിച്ചുപോകുന്നതിനെയാണ് സൂചിപ്പിക്കുന്നത്. അതില്‍ തന്നെ പാറമേക്കാവ് പൂരം മാത്രമേ ക്ഷേത്രമതില്‍ക്കെട്ടിനകത്തേക്ക് പ്രവേശിക്കുന്നുള്ളൂ. വടക്കുന്നാഥന്‍ ഈ പൂരത്തിന്റെ സാക്ഷി മാത്രമാണ്. ഓരോരുത്തരും വന്നുപോകുന്നു, വരുന്നു. അത്രമാത്രം. പാറമേക്കാവ് ഭഗവതി മതില്‍ക്കെട്ടിനകത്തേക്ക് കടക്കുന്നതിന്റെ ഐതിഹ്യമിതാണ്:കൊച്ചിരാജാവിന്റെ കീഴിലെ ധീരയോദ്ധാവായിരുന്ന അപ്പാട്ട് കുറുപ്പാള്‍ തികഞ്ഞ ദേവീഭക്തനായിരുന്നു. എല്ലാമാസവും അദ്ദേഹം അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിനുപോകുമായിരുന്നു. വാര്‍ദ്ധക്യത്തെത്തുടര്‍ന്ന് അദ്ദേഹത്തിനുപോകാന്‍ കഴിയാതെ വരുമെന്ന അവസ്ഥ വന്നപ്പോള്‍ അവസാനദര്‍ശനത്തിനുശേഷം അദ്ദേഹം ഭഗവതിയോട് തന്റെ വീടിനടുത്തേക്ക് വരണമെന്ന് ആവശ്യപ്പെട്ടു. ഭക്തവത്സലയായ തിരുമാന്ധാംകുന്നിലമ്മ ആ ആവശ്യം സ്വീകരിച്ചു. തിരിച്ചെത്തിയ കുറുപ്പാള്‍ വടക്കുന്നാഥനെയും തൊഴുതശേഷം വടക്കുപടിഞ്ഞാറുവശത്തുള്ള ഇലഞ്ഞിത്തറയില്‍ കിടന്നുറങ്ങി. ഉണര്‍ന്ന് തന്റെ കുടയുമെടുത്ത് യാത്രചെയ്യാമെന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. എന്നാല്‍ അപ്പോഴേക്കും കുട ഉറച്ചുകഴിഞ്ഞിരുന്നു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ ജ്യോത്സ്യന്മാര്‍ കുടയില്‍ ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടെന്ന് കണ്ടെത്തി. അവിടെ ദിവസവും വിളക്കുവച്ച് പൂജയും നടത്തിവന്നു.കാലക്രമത്തില്‍ ഭഗവതിയുടെ പ്രതിഷ്ഠ ക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള ഒരു ചെറുപുഴയുടെ കരയിലെ പാറയുടെ മുകളില്‍ പ്രതിഷ്ഠിച്ചു. പാറയുടെ മുകളില്‍ പ്രതിഷ്ഠിച്ചതിനാല്‍ പാറമേക്കാവ് എന്ന പേരുവന്നു. ഭഗവതിയുടെ മൂലസ്ഥാനമായതുകൊണ്ടാണ് പൂരത്തിന് മതില്‍ക്കെട്ടിനകത്ത് ഇലഞ്ഞിത്തറയില്‍ പാണ്ടിമേളം നടത്തുന്നത്. പാണ്ടിമേളം മതില്‍ക്കെട്ടിനകത്ത് നടത്താന്‍ പാടില്ല. കാരണം അത് ആസുരവാദ്യമാണ്. ദേവവാദ്യമായ പഞ്ചാരിമാത്രമേ പാടുള്ളൂ. എന്നാല്‍ സമൂഹത്തിലെ ബ്രാഹ്മണമേധാവിത്വത്തോടുള്ളപ്രതിഷേധമായാണ് നഗരപിതാവായ ശക്തന്‍ തമ്പുരാന്‍ ഇങ്ങനെ ചെയ്തത്.മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന്‍ നിര്‍മിച്ച കേരളത്തിലെ ആദ്യക്ഷേത്രം എന്നാണ് തൃശ്ശൂര്‍ ശ്രീ വടക്കുംനാഥ ക്ഷേത്രം വിശ്വസിക്കപ്പെടുന്നത്. 108 ശിവാലയസ്‌തോത്രത്തില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന മഹാദേവക്ഷേത്രമാണ് തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ ആരാധന മൂര്‍ത്തിയായ ശിവന്റെ പേരില്‍ നിന്നാണ് തൃശ്ശൂര്‍ നഗരത്തിന് ആ പേര് വന്നത്. തൃശ്ശൂര്‍ നഗരഹൃദയത്തിലുള്ള തേക്കിന്‍കാട് മൈതാനത്തിന്റെ മദ്ധ്യത്തിലായാണ് ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിന് തൃശൂരുമായി ചരിത്രപ്രധാനമായ ബന്ധമുണ്ട്. ശക്തന്‍ തമ്പുരാന്റെ കാലഘട്ടത്തിലാണ് ഈ ക്ഷേത്രം പുനര്‍നിര്‍മ്മിച്ചത്. വിശാലമായ ക്ഷേത്രമതിലകം ഉള്ള വടക്കുംനാഥക്ഷേത്രത്തിന് 20 ഏക്കര്‍ വിസ്താരമുണ്ട്. മഹാഭാരതംപോലുള്ള ഇതിഹാസങ്ങളിലേയും പുരാണങ്ങളിലേയും കഥാസന്ദര്‍ഭങ്ങളും രൂപങ്ങളും ക്ഷേത്രച്ചുമരുകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. വലിയ വട്ട ശ്രീകോവിലിലാണ് ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്. പടിഞ്ഞാറ് അഭിമുഖമായാണ് പ്രതിഷ്ഠ.

No comments:

Post a Comment