ഭരതന്റെ (സംഗമേശ്വരന്‍) പ്രതിഷ്ഠയുള്ള ഇന്ത്യയിലെ അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണ് കൂടല്‍മാണിക്യം ക്ഷേത്രം. സുന്ദരമായ ഈ പുരാതനക്ഷേത്രം സ്ഥിതിചെയ്യുന്നത് കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുടയിലാണ്. ക്ഷേത്രത്തിനുള്ളില്‍ ഉപദേവതാപ്രതിഷ്ഠ ഇല്ലാതെ മുഖ്യപ്രതിഷ്ഠ മാത്രമേ ഉള്ളൂ എന്നത് ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ക്ഷേത്രത്തിനുള്ളില്‍ മറ്റു മഹാക്ഷേത്രങ്ങളെ പോലെ കൂത്തമ്പലമുണ്ട്.ഈ ക്ഷേത്രത്തിന്റെ മാണിക്യം എന്ന വിശേഷണം പണ്ട് കാലത്ത് രണ്ടു നദികള്‍ സംഗമിച്ചിരുന്നിടമായതിനാല്‍ വന്നതാകാം എന്നു കരുതുന്നു. കൂടക്കല്ലിന്റെ ലോപമാണ് എന്നും ഒരഭിപ്രായമുണ്ട്. ദ്വാരക സമുദ്രത്തില്‍ മുങ്ങിതാണുപോയപ്പോള്‍ ശ്രീകൃഷ്ണ ആരാധന ഏറ്റുവാങ്ങിയിരുന്ന ദാശരഥി വിഗ്രഹങ്ങള്‍ (ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍) സമുദ്രത്തില്‍ ഒഴുകിനടക്കുവാന്‍ തുടങ്ങി. പൊന്നാനി താലൂക്കിലെ നാട്ടുപ്രമാണിമാരായ വാക്കയില്‍ കൈമള്‍ക്ക് സമുദ്രത്തില്‍ നാല് ചതുര്‍ബാഹു വിഗ്രഹങ്ങള്‍ ഒഴുകിനടക്കുന്നുണ്ടെന്ന് സ്വപ്നദര്‍ശനമുണ്ടായി. പിറ്റേ ദിവസം സമുദ്രത്തീരത്തുനിന്നും മുക്കുവന്‍മാര്‍ വഴി ഈ വിഗ്രഹങ്ങള്‍ കൈമളുടെ അധീനതയില്‍ ലഭിച്ചുവത്രെ. അദ്ദേഹം ജ്യോതിഷികളുമായി ആലോചിച്ച് തീവ്രാനദിക്കരയില്‍ ശ്രീരാമക്ഷേത്രവും (ശ്രീരാമക്ഷേത്രം, തൃപ്രയാര്‍), കുലീപിനിതീര്‍ത്ഥകരയില്‍ ഭരതക്ഷേത്രവും (ശ്രീ കൂടല്‍മാണിക്യസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട), പൂര്‍ണ്ണാനദിക്കരയില്‍ ലക്ഷ്മണക്ഷേത്രവും(ലക്ഷ്മണപെരുമാള്‍ ക്ഷേത്രം, മൂഴിക്കുളം) ഭരതക്ഷേത്രത്തിന് സമീപമായി ശത്രുഘ്‌നക്ഷേത്രം (ശത്രുഘ്‌നസ്വാമി ക്ഷേത്രം, പായമ്മല്‍)എന്നീക്രമത്തില്‍ക്ഷേത്രനിര്‍മ്മാണത്തിനായി സ്ഥലങ്ങള്‍ തെരഞ്ഞെടുത്തു, പ്രതിഷ്ഠ നടത്തി.
സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ഇരിങ്ങാലക്കുട ഗ്രാമം പ്രകൃതിക്ഷോഭത്തിന്റെ കേന്ദ്രമായിരുന്നു എന്നും ആ കാലഘട്ടത്തില്‍ കുലിപനി മഹര്‍ഷി കുറേക്കാലം ഇവിടെ വസിച്ച് യാഗാദികര്‍മ്മങ്ങള്‍ നിര്‍വഹിച്ചു എന്നും പറയപ്പെടുന്നു. മഹര്‍ഷിയുടെ യാഗം ഈ പ്രദേശത്തെ ധന്യമാക്കി എന്നാണ് വിശ്വാസം. അന്നുപയോഗിച്ച ഹോമകുണ്ഠങ്ങളില്‍ ഒന്നാണ് കുലിപനിതീര്‍ത്ഥങ്ങളില്‍ ഇന്നും കാണുന്നത് എന്നും വിശ്വസിക്കുന്നു. ദിവ്യനദികളുടെ സാന്നിദ്ധ്യം ഈ തീര്‍ത്ഥക്കുളത്തില്‍ ഉണ്ട് എന്നാണ്‍ വിശ്വാസം. യജ്ഞത്തിന്റെ അവസാനം ഭഗവാന്റെ ശാശ്വത സാന്നിദ്ധ്യമാണ് മഹര്‍ഷി വരമായി ആവശ്യപ്പെട്ടത്. മഹര്‍ഷിയുടെ അപേക്ഷപ്രകാരം യാഗം നടന്ന സ്ഥലത്ത് നിത്യസാന്നിദ്ധ്യം ചെയ്തു കൊള്ളാമെന്ന് വിഷ്ണുഭഗവാന്‍ അരുളിചെയ്ത് അനുഗ്രഹിച്ചു. ഗംഗ, യമുന, സരസ്വതി എന്ന പുണ്യനദികളെ അവിടേക്ക് വരുത്തി കുലീപിനി എന്ന പേരില്‍ ഒരു തീര്‍ത്ഥം സൃഷ്ടിച്ചു. പിന്നീട് കുറേക്കാലം കഴിഞ്ഞതിനു ശേഷമാണ് ഇവിടെ ക്ഷേത്രനിര്‍മ്മാണവും പ്രതിഷ്ഠയുമുണ്ടായത് എന്നാണ് വിശ്വാസം.
ക്ഷേത്രത്തിന്റെ ആദ്യകാല ചരിത്രം അജ്ഞാതമാണ്. ക്ഷേത്രം ദേവസ്വം വക രേഖ രണ്ടു പ്രാവശ്യം നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ കാണപ്പെടുന്ന ഗ്രന്ഥവരി ശക്തന്‍ തമ്പുരാന്റെ കാലത്ത് എഴുതി സൂക്ഷിച്ചവയാണ്. അതിനു അധികം പഴക്കമില്ല. അതിനുശേഷമുള്ള ഗ്രന്ഥവരികള്‍ മനോധര്‍മ്മം പോലെ എഴുതിച്ചേര്‍ത്തതും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണ് എന്നാണ് ചരിത്രകാരന്മാര്‍ കരുതുന്നത്.കുറെകാലം ഈ ക്ഷേത്രം ജൈനമതാരാധനാലയമായി തീര്‍ന്നു. ജൈനമത തീര്‍ത്ഥങ്കരനായ ഭരതേശ്വരന്റെ പേരിലുള്ള ആരാധാനാലയമായി ഈ ക്ഷേത്രത്തെ ചരിത്രകാരന്മാര്‍ കണക്കാക്കുന്നുണ്ട്. കാലക്രമേണ ജൈനമത കേന്ദ്രങ്ങള്‍ പലതും ഹൈന്ദവ ആരാധനാലയങ്ങളായി മാറിയതായി ചരിത്രം രേഖപ്പെടുത്തുന്നു. ജൈനമതത്തിന്റെയും വൈഷ്ണവവിശ്വാസത്തിന്റെയും ചിന്താധാരകള്‍ ഇവിടെ സമന്വയിപ്പിച്ച് കൊണ്ട് ഭരതേശ്വരന്റെ സ്ഥാനത്ത് രാമായണത്തിലെ ഭരതനെ അവരോധിച്ച് രണ്ട് വിഭാഗത്തിന്റെയും താല്പര്യങ്ങള്‍ സംരക്ഷിച്ചതാണ് എന്ന വാദം ഇവിടെ നിലനില്‍ക്കുന്നു.ചേരസാമ്രാജ്യം ഒന്‍പതും പത്തും ശതകങ്ങളില്‍ അനേക ക്ഷേത്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ ഏഴാം ശതകത്തില്‍ അന്നത്തെ ചേരമാന്‍ പെരുമാള്‍ ചക്രവര്‍ത്തി സ്ഥാപിച്ചതാണ് കൂടല്‍മാണിക്യക്ഷേത്രം. ആയിരത്തിഒരുനൂറ് കൊല്ലത്തിനു മുമ്പ് കൊല്ലവര്‍ഷം 30 ല്‍ ചേരമാന്‍പെരുമാള്‍ ഭൂദാനം ചെയ്ത ശിലാരേഖ ഇന്നു ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. അപ്പോള്‍ എ.ഡി.500ല്‍ ഇരിങ്ങാലക്കുടയില്‍ ജനവാസവും എ.ഡി.650ല്‍ ക്ഷേത്രസ്ഥാപനവും ഉണ്ടായിട്ടുണ്ടെന്ന് അനുമാനിക്കാം. കുലോത്തുംഗചോളന്റെ എ.ഡി.1194 ലെ തഞ്ചാവൂര്‍ ശിലാശാസനത്തില്‍ ജൈനക്ഷേത്രത്തെ ചേദികുല മാണിക്യ പെരുമ്പള്ളി എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ ക്ഷേത്രത്തിന്റെ മാണിക്യം എന്ന വിശേഷണം ജൈനരില്‍ നിന്നോ ശിവനില്‍ നിന്നോ വന്നതായിരിക്കാം. ഇരിങ്ങാലക്കുട ഗ്രാമത്തിലെ 42 ഇല്ലക്കാരുടെ സഭായോഗത്തിന്റെ ക്ഷേത്രമായിരുന്നു കൂടല്‍മാണിക്യം. ഇവരില്‍ ഒന്‍പത് പേരാണ് ഊരാളന്മാര്‍. ഇതില്‍ ഒരു സ്ഥാനം കൊച്ചിരാജാവിനുമുണ്ടായിരുന്നു. യോഗക്കാരും ഊരാളന്മാരും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ ഊരാളന്മാരുടെ മണ്ഡപത്തില്‍ കയറാനുള്ള അവകാശം നിക്ഷേധിക്കപ്പെട്ടപ്പോഴാണ് മണ്ഡപത്തില്‍ കല്ലിട്ടതെന്നും പുരാവൃത്തമുണ്ട്. ഇതിനെ തുടര്‍ന്ന് അന്തര്‍ജനങ്ങള്‍ക്ക് ക്ഷേത്രത്തില്‍ പോകാന്‍ വിലക്കുണ്ടായിരുന്നെന്നു പറയുന്നു. ഭരതന്‍ എന്ന ആദ്യ മൂര്‍ത്തി നഗ്‌നനായിരുന്നതു കൊണ്ടായിരുന്നു എന്നും അഭിപ്രായമുണ്ട്.
ക്ഷേത്രചരിത്രം പരിശോധിച്ചാല്‍ കേരള ചരിത്രത്തിന്റെ മാറ്റങ്ങള്‍ പ്രതിഫലിക്കുന്ന കണ്ണാടിയായി പരിലസിക്കുന്നു ഈ ക്ഷേത്രം എന്നു മനസ്സിലാക്കാം. രാജശാസനകള്‍ കൊത്തിവയ്ക്കാന്‍ ഈ ക്ഷേത്രം തിരഞ്ഞെടുത്തിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. 8ആം നൂറ്റാണ്ടിലേയും 12ാം നൂറ്റാണ്ടിലേയും ഓരോ ശിലാശാസനകള്‍ ഈ ക്ഷേത്രത്തില്‍ ഇന്നും കാണാം. ഇതു രണ്ടും ശ്രീകോവിലിന്റെ വടക്ക് വശത്ത് അകത്തെ പ്രദക്ഷിണവഴിയില്‍ കിടന്നിരുന്നു. ഭക്തന്മാര്‍ ചവുട്ടിനടന്നതിനാല്‍ ചില അക്ഷരങ്ങള്‍ക്ക് തേയ്മാനം വന്നുപോയതുകൊണ്ട് ഇരുപത് കൊല്ലത്തിനു മുമ്പ് പടിഞ്ഞാറേ ചുമരില്‍ ഉറപ്പിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്.സാധാരണ മഹാക്ഷേത്രങ്ങളില്‍ പ്രധാന പ്രതിഷ്ഠയ്ക്ക് പുറമെ ഗണപതി, ശാസ്താവ്, ദക്ഷിണാമൂര്‍ത്തി തുടങ്ങിയ ഉപദേവന്മാരും ഉണ്ടായിരിക്കും. എന്നാല്‍ ഇവിടെ എല്ലാ സേവയും സംഗമേശ്വരനു മാത്രമേ ചെയ്യാറുള്ളു. എന്നാല്‍ വാതില്‍മാടത്തില്‍ തെക്കും വടക്കും ഓരോ തൂണുകളില്‍ ദുര്‍ഗ്ഗയും ഭദ്രകാളിയും ഉണ്ട്. പക്ഷെ അവിടെ അഭിഷേകമോ നിവേദ്യമോ ഒന്നും ഇല്ല.സാധാരണ മറ്റ് ക്ഷേത്രങ്ങളില്‍ ഉള്ള പോലെ അഞ്ചു പൂജയും മൂന്ന് ശ്രീബലിയും ഇവിടെ ഇല്ല. എതൃത്ത പൂജ, ഉച്ച പൂജ, അത്താഴ പൂജ എന്നീ പൂജകള്‍ നടത്തുന്നു. ഉഷപൂജയും പന്തീരടിയും ഇല്ല. പുറത്തേക്ക് എഴുന്നള്ളിക്കുക ഉത്സവകാലങ്ങളില്‍ മാത്രമേ പതിവുള്ളു. ഉത്സവബലിയും ഇല്ല. ശ്രീഭൂതബലി മാത്രമേ ഉള്ളു. ക്ഷേത്രത്തില്‍ തെച്ചി, തുളസി മുതലായ പൂജാപുഷ്പങ്ങള്‍ ഉപയോഗിക്കുന്നുവെങ്കിലും തെച്ചിയും തുളസിയും ക്ഷേത്രത്തില്‍ വളരുന്നില്ല. ക്ഷേത്രത്തിലെ തീര്‍ത്ഥത്തില്‍ മത്സ്യങ്ങള്‍ ഒഴികെ മറ്റ് ജലജന്തുക്കള്‍ സാധാരണമല്ല. പൂജയ്ക്കായി ചന്ദനത്തിരി, കര്‍പ്പൂരം മുതലായവ ഉപയോഗിക്കുന്നില്ല.
കേരളീയ വാസ്തുവിദ്യയുടെ പ്രത്യക്ഷ ഉദാഹരണമായ ഒരു കൂത്തമ്പലം ക്ഷേത്രതുല്യ പവിത്രതയോടെ നിലക്കൊള്ളുന്നു. കൂടല്‍മാണിക്യ സ്വാമി ഭക്തജനങ്ങളുടെ രോഗമോചകനായി ആരാധിക്കപ്പെടുന്നു. ഉദരരോഗനിവാരണത്തിനായി വഴുതനങ്ങ നിവേദ്യം കഴിക്കുന്നത് ഇവിടത്തെ പ്രത്യേകതയാണ്. ശ്വാസസംബന്ധമായ രോഗത്തിന്റെ നിവാരണത്തിനായി ക്ഷേത്രതീര്‍ത്ഥത്തില്‍ മീനൂട്ട് എന്ന വഴിപാടു നടത്തുന്നത് ശ്രേഷഠമായി കണക്കാക്കപ്പെടുന്നു. ക്ഷേത്രത്തില്‍ നടത്തുന്ന പുത്തരിനിവേദ്യത്തിന്റെ അനുബന്ധമായി നടത്തുന്ന മുക്കുടിനിവേദ്യം സേവിച്ചാല്‍ ഒരു വര്‍ഷത്തേക്ക് രോഗവിമുക്തരാകും എന്നാണ് വിശ്വാസം.വഴിപാടുകളില്‍ ഏറ്റവും പ്രധാനമായ താമരമാല ചാര്‍ത്തല്‍ വര്‍ഷക്കാലത്ത് അടിയന്തരങ്ങള്‍ക്ക് മഴ പെയ്യാതിരിക്കാന്‍ നടത്താറുണ്ട്.
മഹാവിഷ്ണുവിന്റെ അംശാവതാരവും ശ്രീരാമന്റെ സഹോദരനുമായ ഭരതനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഇവിടെ ഉപദേവതകളില്ല. വിഗ്രഹത്തിന് ഏകദേശം ഒരാള്‍ പൊക്കമുണ്ട്. ചതുര്‍ബാഹുവാണ്. കോദണ്ഡവും അഭയമുദ്രയും ചക്രവും ശംഖും ധരിച്ചിരിക്കുന്നു. കിരീടവും കുറച്ച് ആഭരണങ്ങളും ധരിച്ച് കനത്തില്‍ വലിയൊരു പുഷ്പമാല ചാര്‍ത്തിയിരിക്കുന്നു. അത് കിരീടത്തിന്റെ മുകളിലൂടെ രണ്ട് വശത്തേക്കുമായി പാദം വരെ നീണ്ടുകിടക്കുന്നു. കിഴക്കോട്ടാണ് ദര്‍ശനം. ക്ഷേത്രത്തില്‍ ഉപദേവതകളില്ല. തിടപ്പള്ളിയില്‍ ഹനുമാനും, വാതില്‍ മാടത്തില്‍ തെക്കും വടക്കും ദുര്‍ഗ്ഗയും ഭദ്രകാളിയും ഉണ്ടെന്നാണ് സങ്കല്പം.നാലമ്പലവും ബലിക്കല്‍പ്പുരയും രണ്ട് നിലയിലുള്ള വൃത്താകാരത്തിലുള്ള ശ്രീകോവിലും മണ്ഡപവുമെല്ലാം സാമാന്യം വലുതാണ്. ശ്രീകോവിലിന്റെ ഭിത്തികളില് ധാരാളം കലാചാതുരിയോടെയുള്ള ശില്പങ്ങളുമുണ്ട്. ശീവേലിപ്പന്തല്‍ വളരെ വലുതാണ്. ബലിക്കല്‍പ്പുരയും വലിയമ്പലവും എല്ലാം ചെമ്പുമേഞ്ഞവയാണ്.ക്ഷേത്രത്തിനു ചുറ്റും നാല് വലിയ കുളങ്ങള്‍ ഉണ്ട്. ക്ഷേത്രവളപ്പിന് അകത്തുള്ള തീര്‍ത്ഥം കുലീപിനി മഹര്‍ഷി ഇവിടെ ഒരു മഹായജ്ഞം നടത്തിയ ശേഷം പുണ്യനദിയായ ഗംഗ വന്ന് നിറഞ്ഞതായി ആണെന്ന് ഐതിഹ്യം. ഈ കുളം കുലീപിനി തീര്‍ത്ഥം എന്ന് അറിയപ്പെടുന്നു. ആറാട്ടിനും മറ്റ് ക്ഷേത്രാവശ്യങ്ങള്‍ക്കുമുള്ള ജലം ഇവിടെനിന്നാണ് ഉപയോഗപ്പെടുത്തുന്നത്. തീര്‍ത്ഥ പ്രദക്ഷിണം പാപമോക്ഷത്തിനുള്ള വഴിപാടായി കണക്കാക്കുന്നു. ക്ഷേത്രത്തില്‍ പ്രദക്ഷിണം പൂര്‍ണ്ണമാകണമെങ്കില്‍ തീര്‍ത്ഥവും കൂത്തമ്പലവും ക്ഷേത്രത്തോടൊപ്പം പ്രദക്ഷിണത്തില്‍ ഉള്‍പ്പെടുത്തണം എന്നാണ് വിശ്വാസം. ക്ഷേത്ര വളപ്പിനു പുറത്തായി കിഴക്കുവശത്തായി ഉള്ള കുളം കുട്ടന്‍ കുളം എന്ന് അറിയപ്പെടുന്നു. ഇത് കുട്ടന്‍ എന്ന ദ്രാവിഡ (ബുദ്ധ)ദേവനുമായി ബന്ധപ്പെട്ടപേരാണ്. മേടമാസത്തില്‍ ഉത്രം നാളില്‍ കൊടികയറി, തിരുവോണം നാളില്‍ ആറാട്ടായി ആകെ പതിനൊന്ന് ദിവസമാണ് ഇവിടത്തെ ഉത്സവം. കൊടി കയറുന്നതിനു മൂന്ന് ദിവസം മുമ്പെ ശുദ്ധി തുടങ്ങും. കൊടിപുറത്തു വിളക്ക് മുതല്‍ക്കാണ് കാഴ്ച്ച തുടങ്ങുക. നെറ്റിപ്പട്ടം അണിഞ്ഞ പതിനേഴ് ആനകള്‍ ക്ഷേത്രോത്സവത്തിന് ഉണ്ടാവാറുണ്ട്.
തൃശ്ശൂര്‍ പൂരത്തിന്റെ പിറ്റേ ദിവസമാണ് ഇവിടെ ഉത്സവം തുടങ്ങുക. ഉത്രം നാളില്‍ കൊടികയറി കഴിഞ്ഞാല്‍ കൂത്തമ്പലത്തില്‍ കൂടിയാട്ടത്തിലെ ഒരു ചെറിയ ഭാഗം അരങ്ങേറികൊണ്ട് കലോത്സവത്തിന്റെ നാന്ദി കുറിക്കുന്നു. കൊടിയേറ്റത്തിന്റെ പിറ്റേന്ന് കൊടിപുറത്ത് വിളക്ക്. ഈ ചടങ്ങിലൂടെയാണ് ഭഗവാന്‍ ആദ്യമായി നാലമ്പലത്തില്‍ നിന്നും ക്ഷേത്രങ്കണത്തിലേക്ക് എഴുന്നുള്ളുന്നത്. പിറ്റേന്ന് മുതല്‍ പള്ളിവേട്ടയുടെ തലെന്നാള്‍ വരെ വിളക്കിനെഴുന്നള്ളത്ത് എന്ന ചടങ്ങുണ്ട്. വലിയ വിളക്ക് എന്നാണ് ഏറ്റവും ഒടുവിലത്തെ വിളക്കിനു പറയുന്ന പേര്‍. കൊടിപുറത്തു വിളക്കിന്റെ പിറ്റേന്ന് രാവിലെ മുതല്‍ പള്ളിവേട്ട നാള്‍ പകല്‍ വരെ ദിവസവും ശ്രീബലിയെഴുന്നെള്ളിപ്പുണ്ട്. ശ്രീബലിക്കും വിളക്കിനും 17 ആനയും പഞ്ചാരിമേളവും അകമ്പടി സേവിക്കും.ചാലക്കുടി, കൂടപ്പുഴയിലെ ആറാട്ടുകടവ്രാവിലെയും രാത്രിയും 9 മണിമുതല്‍ ഏകദേശം 3 മണിക്കൂറോളം ഈ എഴുന്നള്ളിപ്പ് ഉണ്ടായിരിക്കും. പള്ളിവേട്ടദിവസം രാത്രി 9 മണിയോടെ ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ കിഴക്കുഭാഗത്തുള്ള ആല്‍ത്തറയിലാണ് പള്ളിവേട്ട നടക്കുന്നത്. ആദ്യം ഒരു ആന കഴുത്തിലെ മണിപോലും കിലുങ്ങി ശബ്ദമുണ്ടാക്കാതെ ആല്‍ത്തറയിലെത്തുന്നു. ചടങ്ങ് കഴിഞ്ഞാല്‍ അഞ്ച് ആനയുമായി പഞ്ചവാദ്യത്തോടെ തിരിച്ചെഴുന്നള്ളത്ത്. കുട്ടങ്കുളത്തിനു സമീപം എത്തിയാല്‍ വെടിക്കെട്ടും തുടര്‍ന്ന് പാണ്ടിമേളവും ഉണ്ടായിരിക്കും. പിറ്റേന്ന് പൂജകഴിഞ്ഞ് ശ്രീഭൂതബലി കഴിഞ്ഞ് മൂന്ന് ആനയുടെ അകമ്പടിയോടെ ആറാട്ടിനു യാത്രയാകുന്നു. ആറാട്ട് ചാലക്കുടിയിലെ കൂടപ്പൂഴയിലോ രാപ്പാളോ ആയിരിക്കും നടത്തുക. രാത്രി 9 മണിയോടെ ക്ഷേത്രത്തില്‍ എത്തി പ്രദക്ഷിണം പൂര്‍ത്തിയാക്കി അകത്തേയ്ക്ക് എഴുന്നുള്ളിക്കുന്നു. കൊടിയിറക്കിനു മുമ്പായി കൊടൊക്കല്‍ നെല്പറ നിറയ്ക്കുന്നത് കാലങ്ങളായി നടത്തിവരുന്ന ഒരു വഴിപാടാണ്.ഉത്സവസമയത്ത് 24 മണിക്കൂറും ക്ഷേത്രത്തില്‍ വിവിധ പരിപാടികള്‍ ഉണ്ടായിരിക്കും. രാവിലെ ശീവേലി കഴിഞ്ഞാല്‍ കിഴക്കെ നടപുരയില്‍ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിക്കാറുണ്ട്. 3 മണിമുതല്‍ പ്രത്യേക പന്തലില്‍ കലാപരിപാടികള്‍ ആരംഭിക്കും. സന്ധ്യയ്ക്ക് നടപ്പുരയില്‍ സന്ധ്യാവേലകള്‍ ആരംഭിക്കും. കൂത്തമ്പലത്തില്‍ ചാക്യാര്‍കൂത്തും പടിഞ്ഞാറേ നടപുരയില്‍ കുറത്തിയാട്ടം, പാഠകം എന്നിവയും ഉണ്ടാകും. വിളക്ക് കഴിഞ്ഞാല്‍ പുലരും വരെ കഥകളിയുണ്ട്. രാവിലേയും വൈകിട്ടും പുറത്തേക്ക് എഴുന്നുള്ളിക്കുന്നതിനു മുമ്പായി മാതൃക്കല്‍ തൊഴല്‍ എന്ന ഒരു പ്രത്യേക ചടങ്ങുണ്ട്. വലിയവിളക്ക് ദിവസം രാത്രി വിളക്ക് കഴിഞ്ഞാല്‍ ശ്രീരാമപട്ടാഭിഷേകം കഥകളി അറങ്ങേറുന്നു. പതിനേഴ് ആനകളാണ് ഉത്സവ പ്രദക്ഷിണത്തിന് എഴുന്നള്ളിക്കുന്നത്. പഞ്ചാരി മേളം ഉത്സവത്തിന് മേളക്കൊഴുപ്പേകുന്നു. ഏഴ് ആനകളുടെ നെറ്റിപ്പട്ടം തനിത്തങ്കം കൊണ്ട് നിര്‍മ്മിച്ചതാണ്. മറ്റ് പത്ത് ആനകളുടെ നെറ്റിപ്പട്ടങ്ങള്‍ വെള്ളികൊണ്ടും നിര്‍മ്മിച്ചതാണ്. ഇത് ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. പള്ളിവേട്ട ഒരു പ്രതീകാത്മകമായ നായാട്ട് ആണ്. കൂടല്‍ സന്നിധിയില്‍ നിന്ന് കുറച്ച് അകലെ പാതയുടെ മദ്ധ്യഭാഗത്തായുള്ള ആല്‍ത്തറക്കല്‍ സ്വാമിയുടെ തിടമ്പ് വാദ്യാഘോഷങ്ങളൊന്നുമില്ലാതെഎഴുന്നള്ളിയെത്തുന്നു. അവിടെ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്ന പന്നിയുടെ രൂപത്തിലേക്ക് ഒരു ശാന്തി അമ്പെയ്ത് കൊള്ളിക്കുന്നു. ഇതിനുശേഷം അഞ്ച് ആനകളുടെ അകമ്പടിയോടെ പഞ്ചവാദ്യവുമായി തിരിച്ച് പോവുന്നു. കിഴക്കേ നടയിലെ കുട്ടന്‍ കുളത്തിന്റെ കിഴക്കേ കരയില്‍ വച്ച് പഞ്ചവാദ്യം കലാശിക്കും. പിന്നെ പാണ്ടി കൊട്ടി ദേവനെ അകത്തേക്ക് എഴുന്നള്ളിക്കുന്നു. നാടിന്റെ രക്ഷകനായ ഭഗവാന്‍ ദുഷ്ടനിഗ്രഹത്തിനിറങ്ങുന്നതായാണ് സങ്കല്പം.
പ്രതിഷ്ഠാദിനം മകരമാസം പുണര്‍തം നാളിലാണ്.മേടമാസം ഉത്രം നാള്‍ കൊടിയേറ്റത്തോടെ ആരംഭിക്കുന്ന 11 ദിവസത്തെ ക്ഷേത്രോത്സവമാണ് പ്രധാന തിരുവാണ്ട് വിശേഷം. അംഗുലീയാങ്കം കൂത്തും പ്രബന്ധവുംഇടവംഇടവമാസത്തില്‍ തൃക്കേട്ട നാള്‍ മുതല്‍ 29 ദിവസം രാമായണം പ്രബന്ധവും അതിനു ശേഷം 12 ദിവസം അംഗൊലീയാങ്കവും ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി നടത്തിവരുന്നു. കര്‍ക്കടക മാസത്തില്‍ രാമായണപാരായണത്തോടെ മാസം ആചരിക്കുന്നു. കര്‍ക്കിടകമാസം അത്തം ക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷിക്കുന്നു. ക്ഷേത്രത്തില്‍ നിന്നും കതിരുകള്‍ വീടുകളില്‍ കൊണ്ടുവന്ന് പത്തായത്തില്‍ സൂക്ഷിക്കുന്നു. തുലാമാസം ഉത്രാടം നാള്‍ തണ്ടികകളിലായി പുന്നെല്ല്, നേന്ത്രക്കുല, പച്ചക്കറി മുതലായവ ക്ഷേത്രത്തിന്റെ അധീനതയിലുള്ള പോട്ടക്കച്ചേരിയില്‍ നിന്നും കൊണ്ടുവരുന്നു. ഈ വിഭവങ്ങള്‍ കൊണ്ട് ഭഗവാന്‍ പുത്തരി നിവേദ്യം ഒരുക്കി അത് കഴിഞ്ഞ് ഭക്തജനങ്ങള്‍ക്ക് പുത്തരിസദ്യ നടത്തുന്നു. പിറ്റേന്ന് കുട്ടഞ്ചേരി മൂസ്സ് പ്രത്യേകം തയ്യാറാക്കുന്ന മുക്കിടി നിവേദ്യം ക്ഷേത്രത്തില്‍ തൊഴാനെത്തുന്നവര്‍ക്ക് നല്‍കുന്നു. വൃശ്ചികമാസത്തില്‍ ഒരു മണ്ഡലക്കാലം മുഴുവന്‍ ക്ഷേത്രത്തില്‍ നിറമാലയും ചുറ്റുവിളക്കും ഉണ്ടായിരിക്കും. കുംഭമാസം പുണര്‍തം നാള്‍ കുലീപിനി തീര്‍ത്ഥത്തില്‍ പൊഞ്ഞനം ഭഗവതിയുടെ ആറാട്ട് നടക്കുന്നു. ധനുമാസം 1 മുതല്‍ 7 വരെ ക്ഷേത്രത്തില്‍ യജുര്‍വേദ ലക്ഷാര്‍ച്ചന നടക്കുന്നു. വിനായക ചതുര്‍ത്ഥിനാള്‍ ക്ഷേത്രത്തിനു കിഴക്ക് ഭാഗത്തുള്ള ആലിന്‍ ചുവട്ടിലെ ഗണപതിക്ക് പ്രത്യേക പൂജകള്‍ നടത്താറുണ്ട്.
ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍: താമരമാല, മീനൂട്ട്, വഴുതനങ്ങ നിവേദ്യം, കൂത്ത് , അവില്‍ നിവേദ്യം, നെയ് വിളക്ക്, വെടി വഴിപാട് എന്നിവയാണ്. അഭിഷ്ടസിദ്ധിക്കും സത്സന്താന ലബ്ധിക്കും കൂത്ത് വഴിപാട് നടത്താറുണ്ട്. ക്ഷേത്രത്തിലെ മറ്റൊരു വഴിപാടാണ് കളഭം. ക്ഷേത്രത്തില്‍ 41 ദിവസം തുടര്‍ച്ചയായി അത്താഴപൂജയ്ക്ക് തൊഴുന്നതും ശ്രേയസ്‌ക്കരമാണ്. കൂട്ട്പായസം സവിശേഷമാണ്. നാലിടങ്ങഴി അരികൊണ്ടുള്ള വെള്ള നിവേദ്യവും മുഖ്യമാണ്. പാല്പായസം, അപ്പം, നെയ്പായസം, ത്രിമധുരം, തുലാഭാരം എന്നിങ്ങനെ വിവിധതരത്തിലുള്ള വഴിപാടുകള്‍ വേറെയുണ്ട്.
ചുരുക്കം ചില ക്ഷേത്രങ്ങളില്‍ മാത്രമേ മീനൂട്ട് എന്ന വഴിപാട് ഉള്ളു. ഏറ്റവും പ്രാധാന്യം തൃപ്രയാറിലാണെങ്കിലും ഇവിടെയും പ്രധാനപ്പെട്ട വഴിപാടാണ്. ഇവിടത്തെ മത്സ്യങ്ങള്‍ ദേവാംശങ്ങളായതിനാല്‍ ഇവരെ തൃപ്തിപെടുത്തുന്നത് ദൈവികമായ ഒരു കാര്യമാണെന്ന വിശ്വാസമുണ്ട്. കാര്യസാദ്ധ്യത്തിനും സന്താനലാഭത്തിനും മീനൂട്ട് വളരെ പ്രധാനമാണ്. അമ്പലവാസികള്‍ക്ക് താമരമാലയ്ക്ക് പുത്തന്‍ കൊടുക്കുക എന്നത് പ്രധാനമാണ്. താമരമാല സ്വാമിക്ക് വളരെ ഇഷ്ഠമാണ്. പ്രതിബന്ധമുള്ള ഏത് കാര്യവും മാലയ്ക്കു മൂന്ന് പുത്തന്‍ ഉഴിഞ്ഞ് വച്ചാല്‍ ഉദ്ദേശിച്ച കാര്യം സഫലമായി തീരുമെന്നാണ്‍ ജനങ്ങളുടെ വിശ്വാസം. വര്‍ഷകാലത്ത് അടിയന്തരങ്ങള്‍ക്ക് മഴ പെയ്യാതിരിക്കാന്‍ ഈ വഴിപാട് കഴിച്ചാല്‍ മഴ പെയ്യില്ല എന്നും വിശ്വാസം ഉണ്ട്.നളചരിതം ആട്ടകഥയിലൂടെ കേരളഭാഷാസാഹിത്യത്തില്‍ അനശ്വരപ്രതിഷ്ഠ നേടിയ ഉണ്ണായിവാര്യര്‍ കൂടല്‍മാണിക്യസ്വാമിയുടെ ഒരുത്തമഭക്തനായിരുന്നു. ക്ഷേത്രത്തിന്റെ തെക്കേഗോപുരത്തിനു സമീപത്തുള്ള അകത്തൂട്ട് വാര്യത്താണദ്ദേഹത്തിന്റെ ജനനം. ദേവനു മാലക്കെട്ടല്‍ അകത്തൂട്ട് വാരിയത്തെക്കായതിനാല്‍ ബാല്യകാലം മുതല്‍ ഭഗവാനെ സേവിക്കാന്‍ ഉണ്ണായിവര്യര്‍ക്ക് സാധിച്ചു. ദിവസേന താമര, തുളസി, തെച്ചി എന്നീ പുഷ്പങ്ങള്‍കൊണ്ട് മാലകെട്ടി സംഗമേശന്‍ സമര്‍പ്പിച്ചിരുന്ന അദ്ദേഹത്തിനു സ്‌തോത്രരൂപത്തിലുള്ള ഒരു മാല ഭഗവാന്‍ സമര്‍പ്പിക്കണമെന്ന് ഒരാഗ്രഹം തോന്നി. അതിന്റെ ഫലമാണ് സ്‌തോത്രകാവ്യമായ ശ്രീരാമപഞ്ചശതി. ശ്രീ സംഗമേശനെ അഭിസംബോധന ചെയ്ത്‌കൊണ്ട്,അമ്പത് ദശകങ്ങളിലൂടെ,അഞ്ഞൂറ്റിമുപ്പത്തിനാലു ശ്ലോകങ്ങളെകൊണ്ട് സ്തുതിക്കുന്ന അതിമനോഹരമായ സ്‌തോത്രകാവ്യമാണിത്.
Wednesday, July 29, 2015
കൂടല്‍മാണിക്യം ക്ഷേത്രം
Labels:
ഉദയാമൃതം
Subscribe to:
Post Comments (Atom)
No comments:
Post a Comment