Tuesday, March 3, 2015

ഗുരുവായൂര്‍ ഉത്സവം കൊടിയേറി...

!!! ഓം നമോ നാരായണായ !!!

ഗുരുവായൂര്‍: പത്തുദിവസത്തെ ഗുരുവായൂരപ്പന്റെ തിരുവുത്സവത്തിന് തിങ്കളാഴ്ച രാത്രി സ്വര്‍ണ്ണധ്വജത്തില്‍ കൊടിയേറ്റി.
പൂയ്യം നക്ഷത്രത്തില്‍ രാത്രി എട്ടരയോടെ കൊടിയേറ്റ ച്ചടങ്ങ് തുടങ്ങി. കൊടിമരച്ചുവട്ടില്‍ സപ്തവര്‍ണ്ണക്കൊടിക്ക് പൂജനടത്തി ശ്രീലകത്ത് കൊണ്ടുപോയി ദേവചൈതന്യം സന്നിവേശിപ്പിച്ച ശേഷമായിരുന്നു കൊടിയേറ്റ്. വലിയ തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട്, സതീശന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ ചടങ്ങ് നിര്‍വ്വഹിച്ചു. തന്ത്രി ശ്രീകാന്ത് നമ്പൂതിരിപ്പാട് സന്നിഹിതനായിരുന്നു.
വൈകീട്ട് ദീപാരാധനയ്ക്കു ശേഷം തന്ത്രിയെ ഉത്സവയജ്ഞാചാര്യനായി വരിക്കുന്ന ആചാര്യവരണം ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് നിര്‍വ്വഹിച്ചു. നാലമ്പലത്തിനകത്തെ മുളയറയില്‍ വെള്ളിപ്പാലികകളില്‍ പന്ത്രണ്ട് വിവിധ ധാന്യങ്ങള്‍ വിതച്ച് മുളയിടല്‍ ചടങ്ങും നടത്തിയായിരുന്നു കൊടിയേറ്റം. പിന്നീട് കൊടിപ്പുറത്ത് വിളക്കാചാരമായിരുന്നു. എഴുന്നള്ളിപ്പിന് ഗജരത്‌നം പത്മനാഭന്‍ കോലമേറ്റി. തലയെടുപ്പുള്ള രാമന്‍കുട്ടിയും സിദ്ധാര്‍ഥനും പറ്റാനകളായി. വിളക്കിന് പതിനായിരത്തോളം ദീപങ്ങള്‍ ജ്വലിച്ചു. ഈ സമയം ഉത്സവ കലാപരിപാടികള്‍ക്ക് മേല്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ തിരിതെളിഞ്ഞു. കലാമണ്ഡലം ഗോപിയാശാന്‍ ദുര്യോധനവേഷമണിഞ്ഞ ഉത്തരാസ്വയംവരം കഥകളിയോടെയായിരുന്നു തുടക്കം.
ക്ഷേത്രത്തില്‍ ചൊവ്വാഴ്ച രാവിലെ ദിക്ക് കൊടികള്‍ സ്ഥാപിച്ചുകഴിഞ്ഞാല്‍ പ്രൗഢിയാര്‍ന്ന ഉത്സവ എഴുന്നള്ളിപ്പ് തുടങ്ങും. ഉത്സവനാളുകളില്‍ രാവിലെയും ഉച്ചതിരിഞ്ഞും നടക്കുന്ന കാഴ്ചശ്ശീവേലിക്ക് പഞ്ചാരിമേളത്തിന് നൂറോളം വാദ്യക്കാര്‍ അണിനിരക്കും.
രാവിലെ 11നും, രാത്രി എട്ടിനും ശ്രീഭൂതബലിക്ക് പൊന്‍പഴുക്കാമണ്ഡപത്തില്‍ ഗുരുവായൂരപ്പനെ എഴുന്നള്ളിച്ചുവെയ്ക്കും. രാത്രി ശ്രീഭൂതബലി എഴുന്നള്ളിപ്പിനു മുന്നില്‍ പുലര്‍ച്ചെവരെ പ്രഗത്ഭരുടെ തായമ്പകയും അരങ്ങേറും.
ഉത്സവദിവസങ്ങളില്‍ ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് വിശേഷ ഉത്സവക്കഞ്ഞിയും മുതിരപ്പുഴുക്കും നല്‍കും. 3000ത്തിലേറെ ഭവനങ്ങളിലേക്ക് രണ്ടുനേരവും ഭക്ഷണപ്പകര്‍ച്ചയും ഉണ്ടാകും. ഭക്ഷണത്തിന് മാത്രം 1.15 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. മാര്‍ച്ച് 11ന് ആറാട്ടോടെ ഉത്സവം സമാപിക്കും.

No comments:

Post a Comment