!!! ഓം നമോ നാരായണായ !!!
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിനെത്തുന്ന പതിനായിരക്കണക്കിന് ഭക്തര്‍ക്ക് പ്രസാദ ഊട്ട് തയ്യാറാക്കാനുള്ള അരിയും പച്ചക്കറികളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കലവറയിലെത്തി. ക്ഷേത്രത്തിന് പുറത്ത് പടിഞ്ഞാറുഭാഗത്താണ് കലവറയ്ക്കുള്ള പന്തല്‍ തയ്യാറാക്കിയിട്ടുള്ളത്.
ശനിയാഴ്ച മുതല്‍ കേരളത്തില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമായി പലചരക്കും പച്ചക്കറികളും എത്തിത്തുടങ്ങി. പ്രസാദ ഊട്ടിന്റെ പകര്‍ച്ചയ്ക്കും ഭക്തര്‍ക്ക് നല്‍കുന്ന ഊണിനുമായി തമിഴ്‌നാട്ടിലെ മുന്തിയ ഇനം അരിയാണ് ഉപയോഗിക്കുന്നത്. 40 ടണ്‍ അരി തമിഴ്‌നാട്ടില്‍നിന്നെത്തി. കഞ്ഞിക്ക് മട്ട അരിയാണ് ഉപയോഗിക്കുന്നത്. ഇതും 40 ടണ്‍ കലവറയിലെത്തിയിട്ടുണ്ട്.
20 ക്വിന്റല്‍ മുതിര, 1515 കിലോ വെളിച്ചെണ്ണ, മത്തന്‍, എളവന്‍ തുടങ്ങിയവയും കലവറയില്‍ എത്തി. പ്രസാദ ഊട്ടിന് കലവറയില്‍ എത്തിയ പലചരക്കും പച്ചക്കറികളും ഏതാനും ഭക്തരുടെ വകയായുള്ള വഴിപാടാണ്. ആവശ്യാനുസരണം സാധനങ്ങള്‍ എത്തിക്കാനും വഴിപാടുകാര്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട.്
ചൊവ്വാഴ്ച രാവിലെ മുതലാണ് പ്രസാദ ഊട്ടും പകര്‍ച്ചയും തുടങ്ങുന്നത്. രാവിലെ കഞ്ഞിക്ക് മുതിരപ്പുഴുക്കും പപ്പടവും ഉച്ചയ്ക്ക് ചോറിന് കാളന്‍, ഓലന്‍, ഉപ്പിലിട്ടത്, പപ്പടം എന്നിവയാണ് വിഭവങ്ങള്‍. ക്ഷേത്രത്തിന് തെക്കുഭാഗത്ത് പ്രസാദ ഊട്ടിനായി 20,000 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച പന്തലിന്റെ അവസാന മിനുക്കുപണികള്‍ നടക്കുകയാണ്. മണിക്കൂറില്‍ 4500ഓളം പേര്‍ക്ക് ഇരുന്ന് കഴിക്കുന്നതിന് സൗകര്യമുള്ള പന്തലാണ് തയ്യാറാക്കുന്നത്. ഇക്കുറി ഒന്നേക്കാല്‍ കോടിയോളം രൂപയാണ് പ്രസാദ ഊട്ടിന് ദേവസ്വം നീക്കിവെച്ചിട്ടുള്ളത്.
No comments:
Post a Comment