!!! ഓം നമോ നാരായണായ !!!
ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഉത്സവം ആരംഭിക്കുന്ന തിങ്കളാഴ്ച പഴയകാലത്തെ ഇല്ലായ്മയുടെ ഓര്‍മ്മ പുതുക്കുന്ന രണ്ട് ചടങ്ങുകള്‍ നടക്കും. ആനയില്ലാ ശീവേലിയും ആനയോട്ടവും. ദേവസ്വത്തിന് ആനയില്ലാതിരുന്ന ആദ്യകാലത്തെ ചടങ്ങാണിത്.
ദേവസ്വത്തില്‍ ഇപ്പോള്‍ 58 ആനകള്‍ ഉണ്ടെങ്കിലും തിങ്കളാഴ്ച രാവിലെ ശീവേലിക്ക് കീഴ്ശാന്തി നമ്പൂതിരി ഗുരുവായൂരപ്പന്റെ സ്വര്‍ണ്ണത്തിടമ്പ് കയ്യിലെടുത്ത് നടന്നാണ് മൂന്ന് പ്രദക്ഷിണം പൂര്‍ത്തിയാക്കുക. ആനയോട്ടം നടക്കുന്ന മൂന്നുമണിവരെ ആനകള്‍ ക്ഷേത്രപരിസരത്തുപോലും എത്തരുതെന്നാണ് ചട്ടം.
ദേവസ്വത്തില്‍ ആനകള്‍ ഇല്ലാതിരുന്ന കാലത്ത് ഉത്സവത്തിന് എഴുന്നള്ളിക്കാന്‍ പുറമെനിന്ന് ആനകളെ കൊണ്ടുവന്നിരുന്നു. കൊച്ചി രാജ്യത്തുനിന്നാണ് ആനകള്‍ എത്തിയിരുന്നത്. ഗുരുവായൂര്‍ ക്ഷേത്രാധികാരിയായിരുന്ന സാമൂതിരിരാജയും കൊച്ചി രാജാവും തമ്മിലുണ്ടായിരുന്ന കിടമത്സരത്തിനിടയിലായിരുന്നു ഒരിക്കല്‍ ഉത്സവകാലം. കൊച്ചി രാജ്യത്തുനിന്ന് മലബാര്‍ ഭാഗത്തേക്ക് ആനകള്‍ പോകുന്നത് വിലക്കി. ആനകളില്ലാതെ ഉത്സവം നടത്തേണ്ടിവരുമെന്ന് ഭക്തര്‍ വിഷമിച്ചുനില്‍ക്കെ ഉത്സവാരംഭദിനത്തില്‍ ആനകള്‍ ഓടിയെത്തിയെന്നാണ് ഐതിഹ്യം. തൃക്കണാമതിലകം ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിന് അണിനിരന്ന ആനകളാണ് അന്ന് ഗുരുവായൂരില്‍ ഓടിയെത്തിയത്. ഈ സംഭവം ഓര്‍മ്മിപ്പിക്കുന്നതാണ് ആനയോട്ടം. തിങ്കളാഴ്ച രാത്രി പൂയ്യം നക്ഷത്രത്തിലാണ് ഉത്സവത്തിന് കൊടിയേറ്റം.
No comments:
Post a Comment