Sunday, March 1, 2015

ഗുരുവായൂരപ്പന് ഇന്ന് സഹസ്രകലശാഭിഷേകം; ഉത്സവക്കൊടിയേറ്റം നാളെ...

!!! ഓം നമോ നാരായണായ !!!

ഗുരുവായൂര്‍: ആയിരം കലശവും, അതിവിശേഷ ബ്രഹ്മകലശവും ഞായറാഴ്ച ഗുരുവായൂരപ്പന് അഭിഷേകം ചെയ്യും. തിങ്കളാഴ്ച രാത്രി എട്ടരയ്ക്ക് പത്തു ദിവസത്തെ ഉത്സവത്തിന് കൊടിയേറും. കൊടിയേറ്റത്തിനു മുമ്പ് മൂന്നു മണിക്ക് ആനയോട്ടം നടക്കും.
സഹസ്രകലശാഭിഷേകം ഞായറാഴ്ച ഉച്ചപ്പൂജയ്ക്ക് മുന്‍പാണ് നടക്കുക. രാവിലെ ശീവേലിയും പന്തീരടിപൂജയും കഴിഞ്ഞ് ഏഴിന് ആയിരംകലശം അഭിഷേകം തുടങ്ങും. കൂത്തമ്പലത്തില്‍ പൂജിച്ചുവെച്ച കലശക്കുടങ്ങള്‍ കീഴ്ശാന്തിക്കാര്‍ നിരയായി നിന്നാണ് ശ്രീകോവിലില്‍ എത്തിക്കുക. ആയിരം കലശവും ആടിയതിനുശേഷം പത്തരയ്ക്ക് ബ്രഹ്മകലശം എഴുന്നള്ളിക്കും. കൂത്തമ്പലത്തില്‍ നിന്ന് പാണിയുടെയും വാദ്യങ്ങളുടേയും അകമ്പടിയോടെയാണ് എഴുന്നള്ളിപ്പ്. പട്ടുകുടയ്ക്ക് കീഴെ ബ്രഹ്മകലശം മേല്‍ശാന്തി ഭവന്‍ നമ്പൂതിരി വഹിക്കും. തന്ത്രി അഭിഷേകച്ചടങ്ങ് നിര്‍വ്വഹിക്കും. രാവിലെ നാലര മുതല്‍ പതിനൊന്നുമണിവരെ ഭക്തര്‍ക്ക് നാലമ്പലത്തിനകത്തേക്ക് പ്രവേശനം ഉണ്ടാകില്ല.
ശനിയാഴ്ച വൈകീട്ട് 975 വെള്ളിക്കുംഭങ്ങളിലും 26 സ്വര്‍ണ്ണക്കുംഭങ്ങളിലും കഷായം, പാല്‍ , തൈര്, നെയ്യ്, പഞ്ചഗവ്യം തുടങ്ങിയ ഒട്ടേറെ ദ്രവ്യങ്ങളും, മണിക്കിണറിലെ തീര്‍ത്ഥവും കീഴ്ശാന്തിക്കാര്‍ നിറച്ചു. നാലമ്പലത്തിനകത്ത് വിതച്ചിരുന്ന ധാന്യമുളകള്‍ കുത്തുവിളക്കിന്റെയും ശംഖനാദത്തിന്റെയും അകമ്പടിയില്‍ കൂത്തമ്പലത്തിലേക്ക് എഴുന്നള്ളിച്ച് ബ്രഹ്മകലശത്തിന് ചുറ്റും നിരത്തി. കലശങ്ങള്‍ക്ക് ഓതിക്കന്‍മാര്‍ അധിവാസപൂജ നടത്തി.
സഹസ്രകലശാഭിഷേകത്തിന് ഗുരുവായൂരപ്പന്റെ അനുവാദം ചോദിക്കുന്ന പ്രാര്‍ത്ഥന രാത്രി അത്താഴപ്പൂജയ്ക്കുശേഷം തന്ത്രി നിര്‍വ്വഹിച്ചു.
ഏറെ പ്രാധാന്യമുള്ള തത്ത്വകലശം ശനിയാഴ്ച ഗുരുവായൂരപ്പന് അഭിഷേകം ചെയ്തു. ജീവന്‍, പ്രാണന്‍ തുടങ്ങിയ 25 തത്ത്വങ്ങളെ പരിപോഷിപ്പിക്കാനുള്ള തത്ത്വകലശം തന്ത്രി ചേന്നാസ് സതീശന്‍ നമ്പൂതിരിപ്പാടാണ് വിഗ്രഹത്തില്‍ അഭിഷേകം ചെയ്തത്. ശ്രീകോവിലിനു മുന്നിലുള്ള നമസ്‌കാരമണ്ഡപത്തില്‍ തത്ത്വഹോമവും പൂജയും നടത്തിയതിനുശേഷമായിരുന്നു അഭിഷേകം. ഹോമം ഓതിക്കന്‍ കക്കാട് മനുനമ്പൂതിരി നിര്‍വ്വഹിച്ചു.

No comments:

Post a Comment