Tuesday, May 2, 2017

വീട് പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

വീടുപണി ആരംഭിക്കുന്ന എല്ലാരും അറിഞ്ഞിരിക്കേണ്ടതായ ചില വിവരങ്ങള്‍ ഇവിടെ കുറിക്കുന്നു. 


വിദേശത്ത് കഴിയുന്ന എത്രയോ ആളുകളാണ് നാട്ടിലെ വീട് നിര്‍മ്മാണം അവരുടെ വിശ്വസ്തരെ ഏല്‍പ്പിക്കുന്നത്....

അങ്ങനെയുള്ളവര്‍ ഇവിടെ എഴുതിയിരിക്കുന്ന ചില കാര്യങ്ങളെങ്കിലും വീട്ടുകാരോട് വിളിച്ച് അന്വേഷിക്കുമല്ലോ.

നാട്ടിലുള്ളവര്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ തീര്‍ച്ചയായും വീട് നിര്‍മ്മാണസമയത്ത് കൂടെ നിന്ന് അന്വേഷിക്കണം. ജോലിക്കാരുമായോ കോണ്‍ട്രാക്ടറുമായോ വഴക്ക് ഉണ്ടാകാതെ ശ്രദ്ധിക്കുകയും ചെയ്യണം. അവരുടെ തെറ്റുകള്‍ തന്മയത്വത്തോടെ ചൂണ്ടിക്കാണിക്കണം. ഇല്ലെങ്കില്‍ അവര്‍ നിങ്ങളുടെ വീടിന്‍റെ നിര്‍മ്മാണവേളയില്‍ എപ്പോഴെങ്കിലും നിങ്ങള്‍ക്കിഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്തുവെക്കും. വീട് നിര്‍മ്മാണം എന്നത് എപ്പോഴും ഉണ്ടാകില്ല. ആകയാല്‍ ഇത് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. വീടുപണി കഴിഞ്ഞ് പാലുകാച്ച് സമയത്ത് നിര്‍മ്മാണത്തില്‍ പങ്കാളികളായ എല്ലാര്‍ക്കും നിങ്ങളെക്കൊണ്ട് കഴിയുന്ന ഓരോ ചെറിയ സമ്മാനമെങ്കിലും നല്‍കണം.

നിര്‍മ്മാണസമയത്ത് ജോലിക്കാര്‍ക്ക് ചായ, വെള്ളം എന്നിവ നല്‍കാന്‍ മറക്കരുത് (കരാറില്‍ ഇല്ലെങ്കിലും).

നിര്‍മ്മാണത്തിന്‍റെ ഒരു ഘട്ടത്തിലും ജോലിക്കാര്‍ക്ക് മദ്യസേവ നടത്തരുത്. കോണ്‍ക്രീറ്റ് ചെയ്യാന്‍ വരുന്നവര്‍ പല 'അടവുകളും' നിങ്ങളോട് മദ്യം വാങ്ങുന്നതിനായി പറഞ്ഞെന്നിരിക്കും. അപ്പോള്‍ നിങ്ങള്‍ പറയേണ്ടത്, "ഇരട്ടി ശമ്പളം നല്‍കിയാണ്‌ നിങ്ങളെ കോണ്‍ക്രീറ്റ് ചെയ്യിക്കാനായി ഞങ്ങള്‍ വിളിച്ചിരിക്കുന്നത്, അതുകൊണ്ട് നിങ്ങളാണ് ഞങ്ങള്‍ക്ക് ഇന്ന് ചെലവ് ചെയ്യേണ്ടത്" എന്നാണ്. ഇപ്പോള്‍ ആരും കോണ്‍ക്രീറ്റ് ജോലിക്ക് വരുന്നവര്‍ക്ക് മദ്യം വാങ്ങി നല്‍കാറില്ല. അത് ശുഭപ്രദമായ ഒരു കാര്യവുമല്ല.

ഒരു വീടിന്‍റെ നിര്‍മ്മാണ ഘട്ടത്തെക്കുറിച്ച് എഴുതുന്നു. ഇത് വായിക്കുകയും നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് തീര്‍ച്ചയായും ഷെയര്‍ ചെയ്യണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

ബഡ്ജറ്റ്:
-----------

ആദ്യം എത്ര രൂപയുടെ വീട് പണിയാം എന്ന് ആലോചിക്കണം. ലോണ്‍ എടുത്താല്‍ തിരിച്ചടവ് എങ്ങനെ ആയിരിക്കും എന്ന് തീര്‍ച്ചയായും തീരുമാനിച്ചിരിക്കണം. നാട്ടുകാര്‍, അഭ്യുദയകാംക്ഷികള്‍, ബന്ധുക്കള്‍ എന്നിവര്‍ പറയുന്ന 'ചിലവേറിയ' കാര്യങ്ങള്‍ ഒഴിവാക്കി, നല്ല കാര്യങ്ങള്‍ ഉള്‍ക്കൊള്ളണം.

എത്ര റൂമുകള്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവ വേണമെന്ന് കൃത്യമായി നിങ്ങളുടെ പാര്‍ട്ട്ണറുമായി ആലോചിച്ച് തീരുമാനിക്കണം. ഒടുവില്‍ ഇവ ഒരു കണ്‍സല്‍ട്ടന്‍റ് അല്ലെങ്കില്‍ കോണ്‍ട്രാക്ടറുമായി ചര്‍ച്ച ചെയ്യുക. നിങ്ങളുടെ ബഡ്ജറ്റ്, കോണ്‍ട്രാക്ടറുടെ 'മോഹനവാഗ്ദാനങ്ങളില്‍' വീണ് പിന്നെയും വലുതാകരുത്. കടം വന്നാല്‍ കോണ്‍ട്രാക്ടര്‍, 'വലിയ' ഉപദേശം നല്‍കിയവര്‍ അങ്ങനെ ആരുംതന്നെ നിങ്ങളെ സഹായിക്കില്ലെന്ന് മനസ്സിലാക്കണം.

കിണര്‍, കല്ലിടീല്‍:
----------------------
ഇവ രണ്ടും ചെയ്യുന്നതിന് മുഹൂര്‍ത്തം നോക്കണം. ചില മുഹൂര്‍ത്തങ്ങള്‍www.utharaastrology.com എന്ന വെബ്സൈറ്റില്‍ ഉടന്‍ ലഭ്യമാകുന്നതാണ്. പ്ലാനും മറ്റും ഫൈനലൈസ് ചെയ്‌താല്‍ വീടുപണിയ്ക്കുള്ള ജലം, വൈദ്യുതി എന്നിവ ഏര്‍പ്പാടാക്കണം. കിണര്‍ ഇല്ലെങ്കില്‍, വീടിന് കല്ലിടുന്നതിനുമുമ്പ് ഉത്തമം ആയ സ്ഥലത്ത് കിണര്‍ കുഴിക്കണം. ഉത്തമം ആയ സ്ഥലത്തെ കിണറില്‍ നിന്നും ജലമെടുത്ത് വീടിന് കല്ലിടുന്ന പണി ആരംഭിക്കണം. അതാണ്‌ അത്യുത്തമം.

വാനം വെട്ട് (ഫൌണ്ടേഷനുള്ള കുഴി):
-------------------------------------------------

ഇതിന് പ്രത്യേക മുഹൂര്‍ത്തം നോക്കേണ്ടതില്ല.

വാനം (ഫൌണ്ടേഷന്‍) കോണ്‍ക്രീറ്റ്:
---------------------------------------------

ഇത് ഇളകിയ മണ്ണുള്ള പ്രദേശത്ത് നിര്‍ബ്ബന്ധമാണ്‌. ഒന്നരയിഞ്ച് മെറ്റല്‍ നാലിഞ്ച് കനത്തില്‍ ഇടിച്ചുറപ്പിക്കും. പിന്നെ കോണ്‍ക്രീറ്റ് ചെയ്യും. എന്നാല്‍ മിക്ക കോണ്‍ട്രാക്ടറും ആദ്യം മെറ്റല്‍, പിന്നെ അതിനുമുകളില്‍ വെള്ളം നിറയ്ക്കും, പിന്നെ സിമന്‍റ് പൊടിയും, ചരലോ അല്ലെങ്കില്‍ എം-സാന്‍റോ അതിനുമുകളില്‍ വിതറും. എന്നിട്ട് ചൂലുകൊണ്ട് മെറ്റലിന് ഉള്ളിലേക്ക് ഇറക്കും (ഇതും ശരിതന്നെയാണ്).

എന്ന് വാനം കോണ്‍ക്രീറ്റ് ചെയ്യുന്നോ അന്നുതന്നെ പാറകൊണ്ട് ബേസ്മെന്‍റും കെട്ടണം. അങ്ങനെയെങ്കില്‍ പാറ, ഈ കോണ്‍ക്രീറ്റില്‍ കൃത്യമായി പതിഞ്ഞിരിക്കും (പാറ, യാതൊരു കാരണവശാലും ഈ കുഴിയിലേക്ക് വലിച്ചെറിയിക്കരുത്). അഥവാ അടുത്ത ദിവസമാണ് പാറകെട്ട് ആരംഭിക്കുന്നതെങ്കില്‍ കോണ്‍ക്രീറ്റ് ചെയ്ത ഈ കുഴിയിലേക്ക് പാറ വലിച്ചെറിയിക്കരുത്. അങ്ങനെ ചെയ്‌താല്‍ പൊട്ടിപ്പൊളിഞ്ഞുപോകുന്ന ആ കോണ്‍ക്രീറ്റ് കൊണ്ട് പിന്നെ യാതൊരു ഗുണവും ലഭിക്കുകയില്ല.

ഫൌണ്ടേഷന്‍ നിറയ്ക്കുന്നത്:
-------------------------------------

കരാറില്‍ പറയുന്നത് "ഗ്രാവല്‍ കൊണ്ടോ അല്ലെങ്കില്‍ ക്വാറി വേസ്റ്റ് കൊണ്ടോ ഫൌണ്ടേഷന്‍ നിറയ്ക്കും" എന്നായിരിക്കും. കരാറില്‍ അങ്ങനെ എഴുതിക്കണം. അങ്ങനെയെങ്കില്‍ വാനം വെട്ടിയപ്പോള്‍ ലഭിച്ച മണ്ണ് നിങ്ങള്‍ എടുത്തുമാറ്റണം. എന്നിട്ട് ഫൌണ്ടേഷനും വാനം വെട്ടിയ കുഴിയുടെ ഇടയിലും മോട്ടോര്‍ വെച്ച് വെള്ളം ശക്തിയായി അടിക്കണം. ഒരാള്‍ അവിടെ ബലമുള്ള ഒരു കമ്പികൊണ്ട് കുത്തുകയും ചെയ്യണം. അപ്പോള്‍ ഫൌണ്ടേഷനും വാനം വെട്ടിയതിനും ഇടയില്‍ വലിയ ദ്വാരം തെളിഞ്ഞുവരാനുള്ള സാദ്ധ്യത കാണും. അവിടെ നല്ല മണ്ണ് ഇറക്കിക്കൊടുത്ത് വീണ്ടും വെള്ളം അടിക്കണം. അങ്ങനെ ഫൌണ്ടേഷന്‍റെ അകത്തും പുറത്തും ചെയ്യണം. ഇല്ലെങ്കില്‍ മഴക്കാലത്ത് ഫൌണ്ടേഷന്‍ 'ഇരുന്നു' പോകുകയും അങ്ങനെ ഭിത്തിയ്ക്ക് വിള്ളല്‍ വീഴുകയും മൊത്തത്തില്‍ വീടിന് ബലക്ഷയം ഉണ്ടാകുകയും ചെയ്യും.

പിന്നെ ഫൌണ്ടേഷന്‍ നിറയ്ക്കണം. ഇതില്‍, ക്വാറി വേസ്റ്റ് ആണെങ്കില്‍ വളരെ നല്ലതാണ്. പക്ഷേ അതില്‍ വരുന്ന വലിയ പാറയൊക്കെ എടുത്തുമാറ്റിക്കണം. ക്വാറി വേസ്റ്റ് കൊണ്ടുവരുന്ന ലോറിയില്‍ നിന്നും യാതൊരു കാരണവശാലും നേരിട്ട് ഫൌണ്ടേഷനിലേക്ക് അവ ഇറക്കരുത്. വസ്തുവില്‍ ഇറക്കി, കോണ്‍ട്രാക്ടറുടെ ജോലിക്കാരെക്കൊണ്ട് അവയിലെ വലിയ പാറ മാറ്റിയിട്ട്, ഫൌണ്ടേഷനില്‍ നിറയ്ക്കണം. അതോടൊപ്പം വെള്ളം ഒഴിച്ച് ചവിട്ടിതാഴ്ത്തിയും കൊടുക്കണം. അങ്ങനെ ചെയ്‌താല്‍ ഫൌണ്ടേഷനുള്ളില്‍ കോണ്‍ക്രീറ്റ് ചെയ്ത ബലം ലഭിക്കും.

പിന്നെ ഫൌണ്ടേഷന് മുകളില്‍ ബെല്‍റ്റ്‌ വാര്‍ക്കും. സാധാരണ ഇത് 4 ഇഞ്ച്‌ കനത്തിലാണ് ചെയ്യുന്നത്. തട്ടടിച്ച്, ഉള്ളിലൂടെ കമ്പിയിട്ട് കോണ്‍ക്രീറ്റ് ചെയ്യും. ഇപ്പോഴുള്ള മിക്ക കോണ്‍ട്രാക്ടറും ഈ ബെല്‍റ്റ്‌ വാര്‍ക്കുന്ന സമയത്ത് തറയും കോണ്‍ക്രീറ്റ് ചെയ്തുവരുന്നു. തറ കോണ്‍ക്രീറ്റ് ചെയ്യുന്നതിന് മുമ്പ് 'ടെര്‍മിനേറ്റര്‍' മൊത്തം തളിക്കാറുണ്ട്. ഗ്രാവല്‍, ക്വാറി വേസ്റ്റ് എന്നിവയിലൂടെ വരുന്ന പ്രാണികളെയും ഉറുമ്പിനെയും ചിതലിനെയും ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ബെല്‍റ്റ്‌ വാര്‍ക്കുന്ന സമയത്ത് തറയും കോണ്‍ക്രീറ്റ് ചെയ്‌താല്‍ മൂലകളിലൂടെയുള്ള ഉറുമ്പിന്‍റെയും ചിതലിന്‍റെയും ശല്യം ഒഴിവാകുന്നതാണ്.

കട്ടിളവെയ്പ്:
-----------------

ഇതിന് ശുഭമുഹൂര്‍ത്തം നോക്കണം. (ചില മുഹൂര്‍ത്തങ്ങള്‍ www.utharaastrology.com എന്ന വെബ്സൈറ്റില്‍ ഉടന്‍ ലഭ്യമാകുന്നതാണ്). ഫൌണ്ടേഷനും ബെല്‍റ്റും കഴിഞ്ഞാല്‍ പിന്നെ അടുത്ത ഘട്ടം തുടങ്ങുന്നത് കട്ടിളവെയ്പ് മുതലാണ്‌. വീടിന് ആവശ്യമുള്ള സകല കട്ടിളകളും ജനാലകളും എത്തിയെന്ന് ഉറപ്പുവരുത്തണം. ജനാലകളില്‍ മൂന്ന്‍ പട്ടവീതം വരുന്നത് തെരഞ്ഞെടുക്കുന്നത് നല്ലതാണ്. രണ്ട് പട്ടവീതം വരുന്ന ജനാല ഒരുപക്ഷെ, കള്ളന്മാര്‍ക്ക് അകത്ത് കടക്കാന്‍ വഴിയൊരുക്കിയേക്കാം. പ്രധാന കട്ടിളയാണ് ആദ്യം വെക്കുന്നത്. എന്നാല്‍, മെറ്റല്‍ ഡോര്‍ (റെഡിമെയ്ഡ് ഡോര്‍ വിത്ത്‌ കട്ടിള) വെക്കുന്നുവെങ്കില്‍ ആ കമ്പനിയുടെ ജോലിക്കാര്‍, വീടിന്‍റെ പെയിന്‍റിങ് കഴിഞ്ഞേ അത് ഉറപ്പിക്കുകയുള്ളൂ. അങ്ങനെയെങ്കില്‍ പ്രധാന മുറിയുടെ കട്ടിള ആദ്യമായി വെക്കാവുന്നതാണ്.

കട്ടിള, ജനാല എന്നിവ നിങ്ങള്‍ പറഞ്ഞ മരത്തില്‍ നിര്‍മ്മിച്ച് നിങ്ങളുടെ വീട്ടില്‍ കൊണ്ടുവന്ന് കോണ്‍ട്രാക്ടറുടെ പെയിന്‍ററെക്കൊണ്ട് സാന്‍റ്പേപ്പര്‍ കൊണ്ട് വൃത്തിയാക്കി, പ്രൈമര്‍ അടിപ്പിക്കണം (ഇപ്പോള്‍ തടിയിലും ഇരുമ്പിലും അടിക്കാവുന്ന 'മള്‍ട്ടി പര്‍പ്പസ്' പ്രൈമര്‍ ലഭ്യമാണ്. ഇങ്ങനെ പ്രൈമര്‍ അടിച്ചില്ലെങ്കില്‍ ജനാലയിലെ മെറ്റലില്‍ നിര്‍മ്മാണഘട്ടത്തില്‍ ഉറപ്പായും തുരുമ്പ് പിടിക്കും.

ചില കോണ്‍ട്രാക്ടര്‍മാര്‍ നിങ്ങളെ അവരുടെ വര്‍ക്ക്ഷോപ്പില്‍ കൊണ്ടുപോയി 'ഇതാണ് നിങ്ങളുടെ മെയിന്‍ ഡോര്‍, നല്ല ആഞ്ഞിലിയാണ് / തേക്കാണ്, ഇനി പ്രൈമര്‍ അടിക്കാമല്ലോ...' എന്നൊക്കെ പറഞ്ഞേക്കാം. നിങ്ങള്‍ അവിടെ നിന്നും പോയശേഷം ഏത് കട്ടിളയില്‍ പ്രൈമര്‍ അടിക്കുന്നു, ഏത് കട്ടിള നിങ്ങള്‍ക്ക് കൊണ്ടുവരുന്നു എന്നൊന്നും യാതൊരു ഗ്യാരണ്ടിയുമില്ലല്ലോ? ആകയാല്‍, കട്ടിള, ജനാല എന്നിവയെല്ലാം നിങ്ങളുടെ വീട്ടില്‍ കൊണ്ടുവന്ന് നിങ്ങളെ ബോദ്ധ്യപ്പെടുത്തി നിങ്ങളുടെ വീട്ടില്‍വെച്ച് പ്രൈമര്‍ അടിക്കാന്‍ പറയണം. അതാണ്‌ സത്യസന്ധതയുള്ള ഒരു കോണ്‍ട്രാക്ടര്‍ ചെയ്യേണ്ടത്.

കട്ടിളയില്‍ കൃത്യമായ അകലത്തില്‍ ഒരു സൈഡില്‍ മൂന്ന്‍ ക്ലാമ്പ്, സ്കോച്ച് സ്ക്രൂ കൊണ്ട് ഫിറ്റ് ചെയ്യിപ്പിക്കണം. ജനാലയില്‍ ഒന്നോ രണ്ടോ വീതം ക്ലാമ്പ് വെക്കാം.

പ്രധാന കട്ടിള:
-----------------

ഇത് വീടിന്‍റെ മൊത്തം നീളത്തിന്‍റെ (വസ്തുവിന്‍റെയല്ല) അളവെടുത്ത് വ്യാഴമണ്ഡലം, ശുക്രമണ്ഡലം അല്ലെങ്കില്‍ ഇവയില്‍ രണ്ടിലുമായി സ്ഥാപിക്കണം. വാസ്തുസംബന്ധമായ വിവരങ്ങള്‍www.utharaastrology.com എന്ന വെബ്സൈറ്റില്‍ ഉടന്‍ ലഭ്യമാകുന്നതാണ്. കൃത്യം മദ്ധ്യഭാഗത്തും സ്ഥാപിക്കാറുണ്ട്. എന്നാല്‍, അപ്പോള്‍ വീടിന്‍റെ ഉച്ച-നീച ഭാഗങ്ങളില്‍ പ്രധാന വാതില്‍ വരുമെന്ന ഒരു ന്യൂനത സംഭവിക്കാറുണ്ട്. മറ്റ് വാതിലുകളും ജനാലകളും പരസ്പരം ദോഷം വരാത്ത രീതിയില്‍ ('ഏറ്റും മുഴപ്പും' വരാതെ) സ്ഥാപിക്കണം. ഇതിന് നല്ലൊരു വാസ്തുശാസ്ത്രവിദഗ്ദ്ധന്‍റെ ഉപദേശം തേടാവുന്നതാകുന്നു.

ഷെയ്ഡ് വാര്‍പ്പ്:
----------------------

കട്ടിള, ജനാല എന്നിവ വെച്ച് കഴിഞ്ഞ് ഭിത്തികെട്ടും അടുക്കളയുടെ സ്ലാബും വാര്‍ത്തുകഴിഞ്ഞാല്‍ പിന്നെ ഷെയ്ഡ് വാര്‍പ്പാണ്. ഇലക്ട്രീഷ്യന്‍ ആവശ്യമായ പൈപ്പുകള്‍ ഇട്ടുവെക്കും. യാതൊരുകാരണവശാലും പിന്നെ ബെല്‍റ്റ്‌ കട്ടുചെയ്ത് പൈപ്പ് ഇടാന്‍ അനുവദിക്കരുത്. ആകയാല്‍ ഇലക്ട്രീഷ്യന്‍ ഉടമസ്ഥനുമായി ആവശ്യമായ കാര്യങ്ങള്‍ ആലോചിച്ച് ചെയ്യേണ്ടതാണ്. അതിന്‍റെ കൂടെ മുറികളില്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ 'ലഗ്ഗേജ് സ്ലാബ്' കൂടി വാര്‍ക്കും. ഇവയൊക്കെ ആദ്യമേ ആലോചിച്ച് തീരുമാനിക്കണം. ഇവ വാര്‍ത്തുകഴിഞ്ഞാല്‍ അടുത്ത ദിവസം മുതല്‍ ആവശ്യത്തിന് വെള്ളം ഒഴിക്കേണ്ടതാണ്. ചൂടുകാലത്ത് ഇത് മണിക്കൂറുകള്‍ ഇടവിട്ട്‌ ചെയ്യേണ്ടിവന്നേക്കാം.

ഇത് കഴിഞ്ഞാല്‍ പിന്നെ വാര്‍പ്പ് വരെയുള്ള ഭിത്തികെട്ടാണ്. എയര്‍ ഹോള്‍, എക്സ്ഹോസ്റ്റ് ഫാന്‍, അല്ലെങ്കില്‍ A/c എന്നിവയ്ക്കുള്ള സ്ഥലം ഒഴിവാക്കിയിടുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും.

പ്രധാന കോണ്‍ക്രീറ്റിങ്:
-----------------------------

കമ്പി, കമ്പികള്‍ തമ്മിലുള്ള അകലം എന്നിവ ശ്രദ്ധിക്കണം. കാര്‍പോര്‍ച്ച് നിര്‍മ്മിക്കുന്നത്, പില്ലര്‍ ഇല്ലാതെയാണെങ്കില്‍ പോര്‍ച്ചിന് മുകളിലൂടെ വലിയ കമ്പിയിട്ട് ഒരു ബീം കൂടി നിര്‍മ്മിക്കും. അങ്ങനെയെങ്കില്‍ ആ ബീമിന്‍റെ നീളം, കാര്‍പോര്‍ച്ചിന്‍റെ നീളത്തിന്‍റെ ഇരട്ടിയുണ്ടായിരിക്കണം (2 മീറ്റര്‍ മുന്നോട്ടുള്ള പോര്‍ച്ച് ആണെങ്കില്‍ ഭിത്തിയില്‍ നിന്നും അതിന്‍റെ ബീം 4 മീറ്റര്‍ പിന്നിലേക്കും പോയിരിക്കണം). ഇല്ലെങ്കില്‍ പോര്‍ച്ച് തകര്‍ന്നുവീഴാന്‍ സാദ്ധ്യതയുണ്ട്. എന്നാല്‍ പില്ലര്‍ ഇട്ടുള്ള പോര്‍ച്ച് ആണെങ്കില്‍ ഇതിന്‍റെ ആവശ്യമില്ല.

ഭിത്തിയും കോണ്‍ക്രീറ്റും യോജിക്കുന്ന ഭാഗത്ത് ഇപ്പോള്‍ 'ടാര്‍ ഷീറ്റ്' വെച്ചതിന് ശേഷമാണ് കമ്പി വിരിച്ചുപോകുന്നത്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ഭിത്തിയില്‍ വെള്ളം പിടിക്കുകയില്ല. വാര്‍ക്കുന്നതിന് കമ്പി കെട്ടിക്കഴിഞ്ഞാല്‍ 'കവറിംഗ് ബ്ലോക്ക്' കമ്പിയുടെ അടിയില്‍ വെക്കണം. എന്നാല്‍ മിക്ക കോണ്‍ട്രാക്ടര്‍മാരും ഇതിനുപകരം മെറ്റല്‍ വെച്ച് 'അഡ്ജസ്റ്റ്' ചെയ്യാറുണ്ട്. അപ്പോള്‍ കോണ്‍ക്രീറ്റ് സമയത്ത് മെറ്റല്‍ വഴുതിമാറി കമ്പിയും കോണ്‍ക്രീറ്റും കൃത്യം അകലം ലഭിക്കാത്ത അവസ്ഥയുണ്ടാകും.

തുടര്‍ന്ന്‍ ഏറ്റവും കുറഞ്ഞത് 21 ദിവസം കോണ്‍ക്രീറ്റ് അങ്ങനെതന്നെ നിര്‍ത്തി ആവശ്യത്തിന് വെള്ളം ഒഴിച്ചുകൊടുക്കണം. എന്നാല്‍ ഇപ്പോള്‍ 14 ദിവസം മാത്രമാണ് കോണ്‍ക്രീറ്റിനെ സംരക്ഷിക്കുന്നത്.

ഇതോടെ ഒരു വീടിന്‍റെ ഒന്നാംഘട്ട ജോലി പൂര്‍ത്തിയാകും.

ബാക്കിയുള്ള ഫിനിഷിംഗ് ജോലിയില്‍ ഉപയോഗിക്കുന്ന ഇലക്ട്രിക്കല്‍ വയര്‍, പ്ലമ്പിംഗ് സാമഗ്രികള്‍, ടൈല്‍സ്, ഗ്രാനൈറ്റ് എന്നിവയുടെ ഗുണനിലവാരം ഉടമസ്ഥന്‍ മനസ്സിലാക്കിയിരിക്കണം. ഫിനോലെക്സ്, ഹാവെല്‍സ് എന്നീ ബ്രാന്‍ഡഡ് കമ്പനികളുടെ കവറില്‍ വിലകുറഞ്ഞ ഇലക്ട്രിക്കല്‍ വയര്‍ തിരുകി കൊണ്ടുവന്ന് വയറിംഗ് ചെയ്യുകയും ആ ഒഴിഞ്ഞ കവര്‍, വീട്ടുടമയെ കാണിക്കാനായി അവിടെ വലിച്ചെറിയുകയും ചെയ്യുന്ന ചില കോണ്‍ട്രാക്ടര്‍മാരും ഉണ്ടെന്ന് അറിഞ്ഞിരിക്കണം.

ISI മാര്‍ക്കുള്ള ഇലക്ട്രിക് പൈപ്പ്, വെള്ളനിറത്തില്‍ പ്രിന്‍റ് ചെയ്ത് വരുന്നത് നല്ല ക്വാളിറ്റിയാണ്. എന്നാല്‍ അത് ഏറ്റവും വലിയ ക്വാളിറ്റിയല്ല. മഞ്ഞനിറത്തില്‍ കമ്പനിയുടെ പേരും ISI മാര്‍ക്കും നമ്പരും എഴുതി വരുന്നതാണ് ഇലക്ട്രിക്കല്‍ സാമഗ്രികളുടെ ഏറ്റവും നല്ല ക്വാളിറ്റി.

കമ്പിയിലും ഇങ്ങനെയുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാകുന്നു. ISI മാര്‍ക്കുള്ള TMT കമ്പികള്‍ തെരഞ്ഞെടുക്കണം. വിലകുറഞ്ഞ കമ്പികള്‍ വാങ്ങുന്നത് തല്ക്കാല ലാഭം ആയിരിക്കാം. പക്ഷേ ഭാവിയില്‍ അത് ദോഷം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.

ചില നല്ല കോണ്‍ട്രാക്ടര്‍മാര്‍ ഇവയൊക്കെ ഉടമസ്ഥന് മനസ്സിലാക്കിക്കൊടുത്ത് അവരുടെ ജോലി ഭംഗിയായി നിര്‍വ്വഹിക്കും. മറ്റ് ചിലര്‍, സാമ്പത്തികലാഭത്തിനായി ആ വീട്ടുടമയെ ചതിക്കുകയും ചെയ്യും.

ആകയാല്‍ ഉടമയുടെ ശ്രദ്ധയില്ലാതെ ഒരു വീട് നിര്‍മ്മിക്കരുത്. പത്തുപേരോട് ഒരു കോണ്‍ട്രാക്ടറെക്കുറിച്ച് അന്വേഷിച്ചതിനുശേഷം മാത്രം ആ കോണ്‍ട്രാക്ടറെ വീട് നിര്‍മ്മാണം ഏല്‍പ്പിക്കുക. ഒരു നല്ല പണിക്കാരന്‍ നിര്‍മ്മിച്ച വീട് എന്തുകൊണ്ടും നല്ലതായിരിക്കും.

നിങ്ങള്‍ നിര്‍മ്മിക്കുന്ന വീടിന് നിങ്ങളുടെ നേരിട്ടുള്ള മേല്‍നോട്ടം ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്,

Anil Velichappadan
https://www.facebook.com/uthara.astrology

No comments:

Post a Comment