Friday, May 26, 2017

നേത്രരോഗങ്ങള്‍ അകറ്റുന്ന തേനിയിലെ കൗമാരിയമ്മനും കന്നീശ്വരനും..

ശിവഭക്തി എന്നാല്‍ അതിന്‍റെ എല്ലാവിധ ഉന്മാദത്തോടെയും ലഹരിയോടെയും പാരമ്യതയോടെയും ദക്ഷിണഭാരതത്തില്‍ ഒരുപക്ഷെ കാണുവാന്‍ സാധിക്കുന്നത് പാണ്ട്യനാട്ടിലാവാം. ഓംകാരരൂപനെ, മഹേശ്വരനെ വിവിധനാമങ്ങളില്‍ ചിലയിടത്ത് ശക്തിസമേതനായും ഇരു മക്കള്‍ക്കൊപ്പവും, വേറെയിടത്തു വൈവിധ്യമാര്ന്ന ശൈവഭാവങ്ങളായ വൈത്തീശ്വരനായും, കപാലീശ്വരനായും സുന്ദരേശ്വരായും നടരാജനായും അര്ദ്ധനാരീശ്വരരായും ദ്രാവിഡമക്കള്‍ വളരെ പുരാതനകാലം മുതല്ക്കേ ആരാധിച്ചുവരുന്നു. ഭാരതത്തിലെ ക്ഷേത്രങ്ങളില്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന 12 ജ്യോതിര്‍ലിംഗ് ക്ഷേത്രങ്ങളില്‍ ഒന്നായ രാമേശ്വരം തമിഴ്നാട്ടില്‍ ആണെന്നുള്ളത്‌ കൂടി ഓര്മ്മിക്കുക.. തമിഴര്‍ അവരുടെ സന്താപത്തിലും സന്തോഷത്തിലും അവരറിയാതെ മനസ്സില്‍ നിന്നും വരുന്ന.. ’’ശിവ-ശിവ..’’ എന്നാ ചൊല്ലിലുണ്ട് അവരുടെ ഉള്ളിലുള്ള ശിവഭക്തിയുടെ തീവ്രത..

ശിവ-പാര്‍വ്വതി ചൈതന്യത്തെ കൗമാരിയമ്മന്‍ കന്നീശ്വരന്‍ എന്നീ മൂര്‍ത്തി ഭാവങ്ങളില്‍ ആരാധിച്ചുവരുന്ന ഒരു ക്ഷേത്രമാണ് തേനിയിലെ കൗമാരിയമ്മന്‍ കോവില്‍.. ശിവചൈതന്യമായ കന്നീശ്വരനും വളരെ പ്രാധന്യമുള്ളതിനാല്‍ കന്നീശ്വരമുടയോര്‍ കോവില്‍ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.. ഇരു ക്ഷേത്രങ്ങളും തമ്മില്‍ ഏകദേശം 300 മീറ്റര്‍ അകലമുണ്ട്. കൊല്ലം-തേനി ദേശിയപാത NH-183 നോട് ചേര്‍ന്ന് തേനി പട്ടണത്തില്‍ നിന്നും ഏകദേശം 6 കിലോമീറ്റര്‍ ദൂരത്തായി വീരപാണ്ടി എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1500-ഓളം വവര്‍ഷങ്ങള്‍ക്കു മുമ്പ് ആ നാട് ഭരിച്ചിരുന്ന പാണ്ട്യരാജാവായിരുന്ന വീരപാണ്ട്യനാല്‍ പണികഴിപ്പിച്ചിട്ടുള്ളതാണ് ഇപ്പോഴുള്ള ക്ഷേത്രം. ക്ഷേത്രത്തിന്‍റെ ചുറ്റും വിസ്തൃതിയില്‍ നെല്പ്പാ ടങ്ങളാണ് വിദൂരതയില്‍ കേരളാതിര്‍ത്തിയിലെ പശ്ചിമഘട്ടമലനിരകളും തൊട്ടടുത്തുകൂടി മുല്ലൈയാറും പരന്നൊഴുകുന്നു അതിനാല്‍ തികച്ചും നയനാനന്ദകരവും ശാന്തസുന്ദരമായ ക്ഷേത്രാന്തരീക്ഷവും ആണ് എപ്പോഴുമിവിടം..

ഐതിഹ്യം
*********************
അനേകായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഒരു സംഭവം. അന്ന് ഈ നാട് ഭരിച്ചിരുന്ന രാജാവായ വീരപാണ്ട്യനു എങ്ങനയോ വന്ന ഒരു അസുഖം മൂലം ഇരു കണ്ണുകളുടെയും കാഴ്ച നഷ്ട്മായി. രാജാവിന്‍റെ കാഴ്ച്ച തിരികെ കിട്ടുവാന്‍ ദൂരദേശത്തുനിന്നുപോലും പ്രഗത്ഭവൈദ്യന്മാരെ കൊണ്ടുവന്നിട്ടുപോലും നിരാശയായിരുന്നു ഫലം.. സകല പ്രതീക്ഷകളും നഷ്ടപ്പെട്ട പാണ്ട്യരാജാവ് ഇഷ്ടദൈവമായ മാരിയമ്മനെ മനമുരുകി പ്രാര്ത്ഥിക്കുവാന്‍ തുടങ്ങി. അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി വീരപാണ്ട്യന് ദേവി സ്വപ്നദര്‍ശനം നല്കുകയും.. സമീപമുള്ള വനപ്രദേശത്തോട് ചേര്ന്നുള്ള നിംബാരാണ്യത്തില്‍ എത്തി അവിടെയുള്ള കൗമാരിയമ്മനോടു അപേക്ഷിച്ചാല്‍ കാഴ്ച തിരികെ ലഭിക്കുമെന്നും അരുളിചെയ്തു.. അതിന്പ്രകാരം രാജാവ്‌ അവിടെയെത്തുകയും കൗമാരിയമ്മന്‍റെ അനുഗ്രഹമായി ഒരു കണ്ണിന്‍റെ മാത്രം കാഴ്ച തിരികെ ലഭിക്കുകയും ചെയ്തു.
പരമേശ്വരചൈതന്യമായ കന്നീശ്വരനെയും കൂടി ഭജിച്ചാല്‍ മാത്രമേ ഇരു കണ്ണുകള്‍ക്കും പൂര്ണ്ണമായി കാഴ്ച തിരികെ ലഭിക്കു എന്നും ദേവി വീണ്ടും രാജാവിന്‌ സ്വപ്നദര്‍ശനം നല്കുകയും ചെയ്തു. അപ്രകാരം കന്നീശ്വരനോടും പ്രാര്‍ഥിച്ച വീരപാണ്ട്യന് ഇരുകണ്ണുകള്ക്കും കാഴ്ച കിട്ടുകയും.. അങ്ങേയറ്റം സന്തോഷവാനും ഭക്തിപരവശനായ രാജാവ് ദേവികൗമാരിയമ്മനും കന്നീശ്വരനും ക്ഷേത്രം പണികഴിപ്പിക്കുകയും ചെയ്തു എന്നാണു ഐതിഹ്യം..

എല്ലാ വര്ഷവും തമിഴ്മാസമായ ചിത്തിരൈ മാസത്തിലെ ആദ്യത്തെ ചൊവ്വാ ക്ഷേത്രത്തെ സംബന്ധിച്ച് പ്രാധാന്യമുള്ളതാണ്.. തിരുവുത്സവം തുടങ്ങുന്നത് അന്നേ ദിവസമാണ് ചിത്തിരൈമാസത്തിലെ അവസാനത്തേതും നാലാമത്തേതുമായ ചൊവ്വാഴ്ച ക്ഷേത്രത്തിലെ തേരുത്സവവും നടക്കുന്നു.. വീരപാണ്ട്യന് കാഴ്ച തിരികെ നല്‍കിയ ദേവി ദേവന്മാര്‍ക്ക് മുമ്പില്‍, ക്ഷേത്രത്തിലെ എല്ലാ ചൊവ്വാഴ്ചയും വിശേഷ ദിവസമാണ്.. നേത്ര സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ ഈ ക്ഷേത്രത്തില്‍ എത്തി പ്രാര്‍ത്ഥിച്ചാല്‍ കന്നീശ്വരന്‍റെയും ദേവിയുടെയും അനുഗ്രഹത്താല്‍ രോഗശാന്തി ഉണ്ടാകും എന്നാണു വിശ്വാസം.

ഓം നമ:ശിവായ

No comments:

Post a Comment