Saturday, November 28, 2015

കാപ്പാട് കാവ്


കണ്ണൂർ ജില്ലയിലാണ് കാപ്പാട് കാവ്. കണ്ണൂരിൽ നിന്ന് എട്ട് കിലോ മീറ്റർ കിഴക്ക് ഭാഗത്തുള്ള ഈ ക്ഷേത്രത്തിലെത്താൻ ദേശീയ പാത പതിനേഴിലെ താഴെ ചൊവ്വയിൽ നിന്ന് നാല് കിലോ മീറ്റർ വടക്ക് കിഴക്കോട്ട് പോയാൽ മതി. കണ്ണൂരിനടുത്തുള്ള നാല് ദൈവത്താർ കാവുകളെ കുറിച്ച് വിചിത്രമായ ഒരു ഐതീഹ്യമുണ്ട്. ഈ ദൈവത്താർ കാവുകൾ കാപ്പാട്, പടുവിലായി, മാവിലായി, അണ്ടല്ലൂർ എന്നിവയാണ്.
നാല് ദൈവത്താർമാരും കൂടി കാഴ്ച കാണാനായി വടക്ക് നിന്നും തെക്കോട്ട് നീങ്ങി മാവിലായിക്കടുത്തപ്പോൾ ദാഹിച്ച കാപ്പാട് ദൈവത്താർ കീഴ് ജാതിക്കാരനിൽ നിന്നും വെള്ളം വാങ്ങി കുടിച്ചു. തുടർന്നു നടന്ന വഴക്കിന് ഒടുവിൽ കാപ്പാട് ദൈവത്താർ ചേട്ടൻ മാവിലായി ദൈവത്താറുടെ നാക്ക് പിഴുതെടുത്തു. അങ്ങിനെ നാക്കില്ലാതായ ദൈവത്താർ മാവിലായിൽ തന്നെ കുടിയിരിക്കുകയും, മറ്റ് ദൈവത്താറുകളും പല വഴിയ്ക്ക് പോവുകയും ചെയ്തു. കാപ്പാട് ദൈവത്താർ എടവലത്ത്, ചങ്ങാട്ട്, കുന്നുമ്മൽ എന്നീ വീടുകൾ സന്ദർശിച്ച ശേഷം തന്റെ പ്രഭാവം ഒരു മാരാർ സ്ത്രീക്ക് കാണിച്ചു കൊടുത്തു. ഒരു ചെമ്പക മരത്തിന് മുകളിൽ പ്രഭാ വലയം പല തവണ കണ്ട അവർ മറ്റുള്ളവരോട് വിവരം പറഞ്ഞു. പ്രശ്നം വച്ച് ചൈതന്യം സത്യമെന്ന് ഉറപ്പാക്കി മാരാർ കുടുംബം മറ്റ് മൂന്നു കുടുംബങ്ങളുടെ സഹായത്തോടെ ക്ഷേത്രം പണിത് പ്രതിഷ്ഠ നടത്തി.
ക്ഷേത്ര ഘടന ഗോപുരം ചുറ്റമ്പലം നടപ്പന്തൽ ഭജനപ്പുര ശ്രീകോവിൽ പാട്ടൂട്ട് അഗ്രശാല തുടങ്ങിയവയുള്ളതാണ്. മുഖ്യ വഴിപാടുകൾ ഗണപതി ഹോമം, പുഷ്പാഞ്ജലി, കതിന വെടി (കേൾവിക്ക്‌), പായസം എന്നിവയാണ്. മേടം ഒന്ന് മുതൽ നാല് വരെ വിഷു ഉത്സവമാണ് പ്രധാന ആഘോഷം, കണി കാണലും തെയ്യാട്ടവും ഉണ്ടാകും. മേലെ കൊട്ടത്തിലെ തിറയാട്ടമാണ് പ്രധാനം. ദർശന സമയം രാവിലെ ആറ് മുതൽ പതിനൊന്ന് വരെ, വൈകിട്ട് അഞ്ച് മുതൽ ഏഴ് വരെ.

No comments:

Post a Comment