Saturday, November 28, 2015

വൈക്കം മഹാദേവക്ഷേത്രം

ദക്ഷിണ ഭാരതത്തിലെ പുകള്‍പെറ്റ ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് വൈക്കം മഹാദേവ ക്ഷേത്രം. കോട്ടയം ജില്ലയില്‍ വൈക്കം നഗരത്തിലാണ് ദക്ഷിണ കാശിയെന്നറിയപ്പെടുന്ന മഹാശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിന്റെ ഉത്പത്തിയെക്കുറിച്ച് നിരവധി ഐതിഹ്യങ്ങളും, പ്രാദേശിക കഥകളും പുരാണവസ്തുതകളുമുണ്ടെങ്കിലും വ്യക്തമായ ചരിത്രരേഖകളുടെ കുറവുകാണുന്നുണ്ട്. ഖരപ്രതിഷ്ഠയാണന്നു വിശ്വസിക്കുമ്പോഴും പരശുരാമന്‍ സ്ഥാപിച്ച കേരളത്തിലെ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണന്നും കരുതിപോരുന്നു. എട്ട് ഏക്കറോളം വരുന്ന സ്ഥലത്ത് കിഴക്കോട്ട് ദര്‍ശനമായിട്ടാണ് വൈക്കം ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
സാധാരണ ശ്രീകോവിലിന്റെ മൂന്നിരിട്ടി വലിപ്പമുണ്ട് ഇവിടുത്തെ വലിയ വട്ട ശ്രീകോവിലിന് . ശ്രീകോവിലിന് രണ്ടു ചുറ്റുണ്ട്. ഓരോ ചുറ്റിനും ആറു കരിങ്കല്‍പ്പടികള്‍ വീതവും. പടിയാറും കടന്നവിടെ ചെല്ലുമ്പോള്‍ ശിവനെ കാണാകും ശിവശംഭോ എന്ന വരികള്‍ ഇത് വ്യക്തമായി പറയുന്നുണ്ട്. രണ്ടടി ഉയരമുള്ള പീഠത്തില്‍ ആറടിയോളം ഉയരമുള്ള മഹാലിംഗമാണ്. കിഴക്കോട്ടു ദര്‍ശനം. അഞ്ചു പൂജയും ശീവേലിയുമുണ്ട്. ആദ്യം പുറപ്പെടാശാന്തിയായിരുന്നു. രണ്ടു തന്ത്രിമാര്‍, മേയ്ക്കാടും ഭദ്രകാളി മറ്റപ്പള്ളിയും. ഇവിടെ ശിവന് രാവിലെ ദക്ഷിണാമൂര്‍ത്തി, ഉച്ചയ്ക്ക് കിരാതമൂര്‍ത്തി, വൈകിട്ട് പാര്‍വ്വതീസമേതനായ സാംബശിവന്‍ എന്നിങ്ങനെയാണ് ഭാവങ്ങള്‍. ശ്രീകോവിലിനു പുറത്ത് തെക്കുവശത്തായി മഹാഗണപതിയുടേയും വടക്കുവശത്തായി ശക്തി ഗണപതിയുടെയും വിഗ്രഹങ്ങള്‍. വടക്കേ ചുറ്റമ്പലത്തിന്റെ കിഴക്കേ അറ്റത്താണ് മാന്യസ്ഥാനം. പണ്ട് വൈക്കത്തപ്പന്‍ ബ്രാഹ്മണവേഷത്തില്‍ വന്നിരുന്നു ഭോജനം നടത്തുന്നത് വില്വമംഗലം സ്വാമിയാര്‍ കണ്ടുവെന്നും അന്നു മുതല്‍ക്കാണ് മാന്യസ്ഥാനം എന്നപേര് വന്നതെന്നും പറയപ്പെടുന്നു. ആ സ്ഥലത്ത് ഒരു കരിങ്കല്ല് സ്ഥാപിച്ചിട്ടുണ്ട്. അവിടെ ഒരു ഭദ്രദീപം കൊളുത്തിവച്ചാണ് ഇന്നും പ്രാതലിന് ഇലവയ്ക്കുന്നത്. പ്രാതലിന് വിഭവങ്ങള്‍ പാചകം ചെയ്യുന്നിടമാണ് വലിയ അടുക്കള.
ക്ഷേത്രാങ്കണത്തിന് തെക്കുവശത്തായി പനച്ചിക്കല്‍ ഭഗവതി. പടര്‍ന്നു പന്തലിച്ച മരങ്ങള്‍ അവിടെ കാട് സൃഷ്ടിക്കുന്നു. അഗസ്ത്യമുനി വൈക്കത്തപ്പനെ വന്ദിച്ചു മടങ്ങവെ പരിഹസിച്ച ഗന്ധര്‍വ്വ കന്യക മഹര്‍ഷിയുടെ ശാപം മൂലം രാക്ഷസിയായി. പിന്നീട് ശാപമോക്ഷത്താല്‍ പനയ്യിക്കല്‍ ഭഗവതിയായി. തെക്കുവശത്ത് ആല്‍ത്തറയ്ക്ക് സര്‍പ്പദൈവങ്ങള്‍. പടിഞ്ഞാറുഭാഗത്ത് വരണുന്റെ പ്രതിഷ്ഠ. ഭഗവാന്റെ ജടയില്‍ നിന്നും ഗംഗ പ്രതാപ തീര്‍ത്ഥമായി. ഇതാണ് വടക്കുവശത്ത് വലിയ ചിറ. കിണറായി മാറിയ ശിവാനന്ദതീര്‍ത്ഥവും ആര്‍ത്തി വിനാശക തീര്‍ത്ഥമെന്ന കുളവും ഉള്‍പ്പെടെ മൂന്ന് തീര്‍ത്ഥങ്ങളുണ്ട്. അടുത്ത് ശ്രീകൃഷ്ണ ക്ഷേത്രവുമുണ്ട്.
പണ്ട് നൂറ്റിയെട്ട് ഊരാഴ്മ കുടുംബക്കാരുടേതായിരുന്നു ക്ഷേത്രം. അവര്‍ തമ്മില്‍ പിണങ്ങിയപ്പോള്‍ അതിലൊരു നമ്പൂതിരി നിവേദ്യത്തില്‍ മുറുക്കിത്തുപ്പി അശുദ്ധമാക്കി. പടിഞ്ഞാറേ നടയിലൂടെ വന്ന അയാള്‍ രണ്ടാംമുണ്ട് ചുറ്റമ്പലത്തിന്റെ വാതില്‍പ്പടിമേല്‍ വച്ചിരുന്നു. തിരിച്ചുപോകുമ്പോള്‍ രണ്ടാം മുണ്ടെടുക്കാന്‍ തുനിയവൈ സര്‍പ്പദംശനമേല്‍ക്കുകയും പടിഞ്ഞാറേ ഗോപുരം കടന്നപ്പോള്‍ അവിടെ വീണുമരിക്കുകയും ചെയ്തു. വാതില്‍ താനെ അടയുകയും ചെയ്തു. അന്ന് അടഞ്ഞുപോയ വാതില്‍ ഇന്നും തുറക്കാതെ കിടക്കുന്നു.ക്ഷേത്രാങ്കണത്തിന്റെ വടക്കേയറ്റത്ത് രണ്ടുനില ഊട്ടുപുര. അവിടെ ക്ഷേത്രകലാപീഠവും പ്രവര്‍ത്തിക്കുന്നു. ഊട്ടുപുരയുടെ വടക്കുമാറി അമ്പലക്കുളവും.
എട്ട് ഏക്കറിലാണ് ക്ഷേത്രം നില്‍ക്കുന്നത് . കിഴക്കെ ഗോപുരം കടന്നാല്‍ ആനക്കൊട്ടില്‍. കരിങ്കല്‍ പാകിയ മുറ്റത്ത് 325 തിരിയിട്ട് കത്തിക്കാവുന്ന അശ്വത്ഥാകൃതിയിലുള്ള വിളക്ക്. ഇതില്‍ നെയ്യോ എണ്ണയോ ഒഴിച്ച് കത്തിക്കുന്ന ചടങ്ങാണ് ആലുവിളക്ക് തെളിയിക്കല്‍. 64 അടി ഉയരമുള്ള സ്വര്‍ണ്ണക്കൊടിമരം.ഈ ശിവക്ഷേത്രത്തിന്റെ ഒരു പ്രത്യേകത വാതില്‍ മാടത്തിലൂടെ കടന്നു പോകുമ്പോള്‍ കാണുന്ന ദാരുശില്പങ്ങളാണ്. രാമായണം കഥയാണവയില്‍ കൊത്തിവച്ചിരിക്കുന്നത്. മുപ്പരുമടക്കിവാഴും വൈക്കത്തു പെരും തൃക്കോവിലപ്പാ ഭഗവാനേ പോറ്റി മറ്റില്ലാശ്രയം എന്ന് രാമപുരത്ത് വാരിയര്‍ വൈക്കത്തപ്പനെ സ്തുതിച്ചിട്ടുണ്ട്.എഡി 300ല്‍ ജീവിച്ചിരുന്ന പെരുംതച്ചനാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്നു. വേണാട്ട് രാജാക്കന്മാരുടെ ഭരണകാലത്ത് ക്ഷേത്രനിര്‍മ്മിതിയെ കുറിക്കുന്ന 800 കൊല്ലം പഴക്കമുള്ള ഒരു ശിലാലിഖിതം കണ്ടെടുത്തിട്ടുള്ളതായി ചരിത്രകാരനായ ശ്രീധരമേനോന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ക്ഷേത്രം ഇന്ന് കാണുന്ന നിലയില്‍ പുനര്‍നിര്‍മ്മിക്കപ്പെട്ടത് എ.ഡി. 1539ലാണ്. വൈക്കത്തു മാത്രം കാണുന്ന ഒരു ചടങ്ങാണ് ഘട്ടിയം ചൊല്ലല്‍. ദീപാരാധനക്കും അത്താഴ ശ്രീബലിയുടെ മൂന്നാമത്തെ പ്രദക്ഷിണത്തിനുമാണ് ഇത് നടക്കുക. മുകളില്‍ ഋഷഭവാഹനവും അഞ്ചടി ഉയരമുള്ള ഒരു വെള്ളിവടി കൈയ്യില്‍ പിടിച്ച് അഞ്ജലീബദ്ധനായി നിന്ന് ദേവന്റെ സ്തുതിഗീതങ്ങള്‍ ചൊല്ലുകയാണ് ഘട്ടിയം ചൊല്ലല്‍ ചടങ്ങ്. തിരുവിതാകൂര്‍ മഹാരാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്ത് ആയിരത്തി മുപ്പത്തിയൊന്‍പതാമാണ്ട് തുലാമാസം ഇരുപത്തിയേഴാം തീയതിയായിരുന്നു ഈ ചടങ്ങിന് തുടക്കമിട്ടതെന്നാണു വിശ്വാസം.കേരളത്തിലെ അണ്ഡാകൃതിയിലുള്ള ഏക ശ്രീകോവിലാണ് വൈക്കം ക്ഷേത്രത്തിലേത്. വാസ്തു വിദ്യയില്‍ അപാരമായ വൈദഗ്ദ്ധ്യമുള്ള ശില്പികള്‍ക്ക് മാത്രമേ ഇത്തരമൊരു അപൂര്‍വ രചന ചെയ്യാന്‍ കഴിയുകയുള്ളു. പെരുന്തച്ചന്‍ നിര്‍മ്മിച്ചതെന്ന് കരുതുന്ന കേരളത്തിലെ രണ്ട് ക്ഷേത്ര ശ്രീകോവിലുകളില്‍ ഒന്നാണ് വൈക്കം മഹാദേവ ക്ഷേത്രം. മറ്റൊന്ന് വാഴപ്പള്ളിയിലാണ്. വൈക്കത്ത് അണ്ഡാകൃതിയിലും, വാഴപ്പള്ളിയില്‍ വര്‍ത്തുളാകൃതിയിലും ആണ് പെരുന്തച്ചന്‍ പണിതിരിക്കുന്നത്. വൈക്കത്തെ ശിവന്‍ പെരും തൃക്കോവിലപ്പനായാണ് അറിയപ്പെടുന്നത്.
നിര്‍മാല്യം, ഉഷഃപൂജ, ഉച്ചപൂജ, അത്താഴപൂജ, ശീവേലി, ഉച്ചശിവേലി, അത്താഴശിവേലി എന്നിവയാണു പ്രധാന പൂജകള്‍. അന്നദാന പ്രഭുവായ വൈക്കത്തപ്പന്റെ ഏറ്റവും പ്രധാന വഴിപാട് പ്രാതല്‍ ആണ്. പിന്നീടുള്ള പ്രധാന വഴിപാടുകള്‍ ആനന്ദപ്രസാദം, സഹസ്രകലശം, ദ്രവ്യകലശം, ആയിരം കലശം, ആയിരക്കുടം, ക്ഷീരധാര, ജലധാര, ആലുവിളക്ക് എന്നിവയാണ്.12 വര്‍ഷത്തിലൊരിക്കല്‍ ക്ഷേത്രാങ്കണത്തിന്റെ വടക്കു വശത്ത് നെടുമ്പുര കെട്ടി കളമെഴുത്തും പാട്ടും നടത്താറുണ്ട്. ഇതാണ് പ്രസിദ്ധമായ വടക്കുപുറത്തു പാട്ട്. ഇതേ മട്ടില്‍ മുമ്പ് തെക്കുംപുറത്ത് പാട്ടും ഉണ്ടായിരുന്നത്രെ.രണ്ട് ഉത്സവങ്ങളാണ് പ്രധാനപ്പെട്ടത്. വൃശ്ചികമാസത്തിലെ അഷ്ടമിയും (വൈക്കത്തഷ്ടമി) കുംഭമാസത്തിലെ മാശി അഷ്ടമിയും. ഇതുകൂടാതെ ശിവരാത്രി ചിറപ്പും ആഘോഷിക്കാറുണ്ട്.
വൈക്കത്തഷ്ടമിയാണ് പ്രധാന ആഘോഷ ദിവസം. വ്യാഘ്രപാദമുനിക്ക് ഭഗവാന്‍ ദര്‍ശനം നല്‍കിയത് ഈ ദിനമാണെന്ന് കരുതുന്നു. ഭഗവാന്റെ അഷ്ടമി ദര്‍ശനത്തിനും ചടങ്ങുകള്‍ക്കും പങ്കെടുക്കാന്‍ വേണ്ടി വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്തജനങ്ങള്‍ എത്തിച്ചേരുന്നു.ശൂരപത്മാസുരനെയും താരകാസുരനെയും നിഗ്രഹിക്കാന്‍ മകന്‍, സുബ്രഹ്മണ്യന്‍ പുറപ്പെടുമ്പൊള്‍ പുത്രവിജയത്തിന് വേണ്ടി ശിവന്‍ അഷ്ടമി ദിവസം അന്നദാനം നടത്തുന്നു. ശിവന്‍ മാത്രം നിരാഹാരവ്രതം അനുഷ്ഠിക്കുന്നു. കിഴക്കേ ആനപന്തലില്‍ മകനെ കാത്തിരിക്കുന്ന ശിവന്‍, വിജയശ്രീ ലാളിതനായി രാത്രിയിലെത്തിച്ചേരുന്ന ഉദയനാപുരത്തപ്പനെ വാദ്യാഘാഷങ്ങളോടും അലങ്കാരങ്ങളോടും കൂടി എതിരേല്‍ക്കുന്നു. കൂടാതെ ചുറ്റുമുള്ള ക്ഷേത്രങ്ങളിലെ ഭഗവതിമാരെയും സ്വീകരിക്കുന്നു. ഇത് കൂടി പൂജ എന്നാണ് അറിയപ്പെടുന്നത്. തുടര്‍ന്ന് വലിയ കാണിക്ക ആരംഭിക്കുന്നു.
കറുകയില്‍ വലിയ കൈമളുടെ കാണിക്കയാണാദ്യം. തുടര്‍ന്ന് മറ്റാളുകളും കാണിക്കയിടുന്നു. തുടര്‍ന്ന് ഉദയനാപുരത്തപ്പന്റെ ഹൃദയസ്പൃക്കായ വിടവാങ്ങല്‍ നടക്കുന്നു. അകമ്പടിയായി ആ സമയത്ത് വാദ്യങ്ങള്‍ ഉണ്ടാകാറില്ല. അഥവാ ഉണ്ടെങ്കില്‍ത്തന്നെയും ശോകമൂകമായിരിക്കും ആ സംഗീതം. ഉദയനാപുരത്തപ്പന്‍ യാത്രപറയുന്ന ചടങ്ങിനെ കൂടിപ്പിരിയല്‍ എന്നാണ് പറയുക. അഷ്ടമി വിളക്കിന്റെ അവസാനം ശിവപെരുമാള്‍ ശ്രീകോവിലിലേക്കും മകന്‍ ഉദയനാപുരത്തേക്കും എഴുന്നെള്ളുന്നു. ജഗദീശ്വരനായിട്ടുപോലും പുത്രനായ സുബ്രഹ്മണ്യനെപ്പറ്റിയോര്‍ത്ത് ദുഃഖിതനായാണ് ശിവന്റെ മടക്കം. ഇതാണ് വൈക്കത്തഷ്ടമിയുടെ ചടങ്ങുകള്‍. പിറ്റേ ദിവസം ക്ഷേത്രത്തില്‍ ആറാട്ടാണ്.

No comments:

Post a Comment