Wednesday, August 5, 2015

ETTUMANOOR MAHADEVA TEMPLE ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം

പരശുരാമനാല്‍ പ്രതിഷ്ഠിതമായ 108 ശിവക്ഷേത്രങ്ങളില്‍ പ്രഥമസ്ഥാനമുള്ള ഒരു ക്ഷേത്രമാണ് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം. കോട്ടയം നഗരത്തില്‍ നിന്ന് ഏകദേശം പത്തു കിലോമീറ്റര്‍ വടക്ക്കിഴക്ക് എം.സി.റോഡിന് കിഴക്കുഭാഗത്തായി പടിഞ്ഞാറ് ഭഗത്തേക്ക് ദര്‍ശനമായി ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നു. അഘോരമൂര്‍ത്തിയാണ് പ്രധാനപ്രതിഷ്ഠ. നൂറ്റെട്ട് ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് ഏറ്റുമാനൂര്‍ എങ്കിലും ഖരപ്രകാശ മഹര്‍ഷി ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രതിഷ്ഠിച്ച മൂന്നു ശിവലിംഗങ്ങളില്‍ ഒന്നാണ് ഇവിടെയുള്ളത് എന്നും വിശ്വസിക്കുന്നു. മറ്റു രണ്ടു ശിവലിംഗങ്ങള്‍ വൈക്കത്തും, കടുത്തുരുത്തിയിലും ആണ്. വട്ടത്തില്‍ പണിത ശ്രീകോവില്‍, വിസ്താരമേറിയ നമസ്‌കാര മണ്ഡപം, തിടപ്പള്ളികള്‍, വിശാലമായ നാലമ്പലം, ബലിക്കല്‍പുര, വിളക്കു മാടം എന്നിവയെല്ലാം ചെമ്പ് മേഞ്ഞതാണ്. ആനപ്പന്തല്‍ , കരിങ്കല്‍ പാകിയ തിരുമുറ്റം, പ്രദക്ഷിണ വീഥി, അലങ്കാര ഗോപുരം എന്നിവയും ഈ മഹാ ക്ഷേത്രത്തിലുണ്ട്. ശ്രീ കോവിലിന്റെയും ഗോപുരത്തിന്റെ ഭിത്തികളില്‍ മനോഹരങ്ങളായ ചുവര്‍ ചിത്രങ്ങളുണ്ട്.
പ്രധാനമൂര്‍ത്തിയായ ഏറ്റുമാനൂരപ്പന്‍ പടിഞ്ഞാട്ട് ദര്‍ശനമായി രൗദ്രഭാവത്തില്‍ വാഴുന്നു. ശിവലിംഗത്തിന് 3 അടി പൊക്കമുണ്ട്. ശ്രീകോവിലില്‍ ഓരോ ദിവസവും മൂന്നു ഭാവത്തില്‍ ഏറ്റുമാനൂരപ്പന്‍ വിളങ്ങുന്നു. ഉച്ച വരെ ഭക്തന്മാര്‍ ദര്‍ശിക്കുന്നത് അപസ്മാര യക്ഷനെ ചവിട്ടി മെതിക്കുന്ന രൂപത്തിലും , ഉച്ചക്കു ശേഷം അത്താഴ പൂജ വരെ ശരഭരൂപത്തിലും , അത്താഴ പൂജ മുതല്‍ നിര്‍മ്മാല്യ ദര്‍ശനം വരെ ശിവ ശക്തി രൂപത്തിലുമാണ്. ദക്ഷിണാമൂര്‍ത്തി, ഗണപതി, അയ്യപ്പന്‍, നാഗദൈവങ്ങല്‍, ബ്രഹ്മരക്ഷസ്സ് എന്നിവരാണ് ഉപപ്രതിഷ്ഠകല്‍. കൂടാതെ വടക്കുപടിഞ്ഞാറ് കീഴ്തൃക്കോവിലില്‍ അഭിമുഖമായി മഹാവിഷ്ണുവും കിഴക്ക് പാര്‍വതിയുമുണ്ട്. ഇവിടെ കുംഭ മാസത്തിലെ തിരുവാതിരക്ക് ആറാട്ട് നടത്തുന്നതിനു 10 ദിവസം മുമ്പ് സ്വര്‍ണ്ണ ധ്വജത്തില്‍ കൊടിയേറി ഉത്സവം ആരംഭിക്കുന്നു. ഈ ദിനങ്ങളില്‍ ശ്രീ പരമേശ്വരന്‍ അനവധി ആനകളുടെ അകമ്പടിയോടെ എഴുന്നള്ളുന്നു. എട്ടാംദിവസമാണ് ചരിത്ര പ്രസിദ്ധമായ ആസ്ഥാന മണ്ഡപത്തിലെ കാണിക്ക ഇടല്‍ ചടങ്ങ്. പത്താം ദിവസം തിരുവിതാംകൂര്‍ മഹാരാജാവ് നടയ്ക്കു വെച്ച ഏഴര പൊന്നാനകള്‍ ശ്രീ പരമേശ്വരന്റെ എഴുന്നള്ളത്തിനു അകമ്പടി സേവിക്കുന്നു.
നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഒരു മഹാക്ഷേത്രമാണ് ഏറ്റുമാനൂര്‍ ക്ഷേത്രം. പുലര്‍ച്ചെ മൂന്നുമണിയ്ക്ക് പള്ളിയുണര്‍ത്തല്‍. തുടര്‍ന്ന് നാലുമണിയ്ക്ക് നടതുറക്കും. തുടര്‍ന്ന് അരമണിക്കൂര്‍ നിര്‍മ്മാല്യദര്‍ശനം. പിന്നീട് ശിവലിംഗത്തില്‍ അഭിഷേകം നടത്തുന്നു. അഭിഷേകം കഴിഞ്ഞാല്‍ നിവേദ്യം, പിന്നീട് ഉഷഃപൂജ. ഉഷഃപൂജയ്ക്ക് മാധവിപ്പള്ളിപ്പൂജ എന്നു പേരുണ്ട്. ഇതിനുപിന്നിലുള്ള ഒരു ഐതിഹ്യം കോഴിക്കോട് സാമൂതിരിയ്ക്ക് മാധവി എന്നുപേരുള്ള ഒരു സഹോദരി ഉണ്ടായിരുന്നു. യൗവനാരംഭത്തില്‍ അവള്‍ക്ക് ഒരു ഗന്ധര്‍വന്റെ ആവേശമുണ്ടായി. അതിനെത്തുടര്‍ന്ന് വിദഗ്ദ്ധചികിത്സകള്‍ നടത്തിയിട്ടും കാര്യമുണ്ടായില്ല. തുടര്‍ന്ന് ഏറ്റുമാനൂരില്‍ ഭജനമിരുത്തുകയും രോഗം മാറുകയും ചെയ്തു. പിന്നീട് സാമൂതിരി ഉഷഃപൂജയ്ക്ക് സഹോദരിയുടെ പേരുനല്‍കി, അത് തന്റെ വകയാക്കി മാറ്റി.ഉഷഃപൂജ കഴിഞ്ഞ ഉടനെ എതിരേറ്റുപൂജ അഥവാ എതൃത്തപൂജ തുടങ്ങും. സൂര്യോദയസമയത്താണ് ഈ പൂജ നടക്കുന്നത്. പിന്നീട് തന്റെ ഭൂതഗണങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി ഭഗവാന്‍ ഇറങ്ങുന്നു. ഇതാണ് കാലത്തെ ശീവേലി. മേല്‍ശാന്തി ശ്രീകോവിലില്‍നിന്നിറങ്ങി ബലിക്കല്ലുകളില്‍ ബലി തൂകുന്നു. തുടര്‍ന്ന് തിടമ്പ് കയ്യിലെടുത്ത് കീഴ്ശാന്തി ആനപ്പുറത്ത് കയറുന്നു. ശീവേലിയ്ക്ക് എല്ലാ ക്ഷേത്രവാദ്യങ്ങളും അകമ്പടി സേവിയ്ക്കുന്നു. ശീവേലിയ്ക്ക് ഭഗവാന്റെ പിന്നാലെ ഭക്തരും പ്രദക്ഷിണം വയ്ക്കുന്നു. അവസാനപ്രദക്ഷിണം ഓട്ടപ്രദക്ഷിണമായിരിയ്ക്കും.
നിഴലിന് പന്ത്രണ്ടടി നീളം വരുന്ന സമയത്ത്, അതായത് രാവിലെ എട്ടുമണിയ്ക്ക്, പന്തീരടിപൂജ തുടങ്ങും. പന്ത്രണ്ടടിനീളം വരുന്ന സമയത്ത് നടത്തുന്ന പൂജയായതുകൊണ്ടാണ് പന്തീരടിപൂജ എന്നു വിളിയ്ക്കുന്നത്. പന്തീരടിപൂജ കഴിഞ്ഞ ഉടനെ ധാര തുടങ്ങും. ഉഗ്രമൂര്‍ത്തിയായ ശിവന്റെ കോപം തണുപ്പിയ്ക്കുന്നതിനാണ് ധാര എന്നു വിശ്വസിയ്ക്കപ്പെടുന്നു. ഭാരതത്തിലെ എല്ലാ ശിവക്ഷേത്രങ്ങളിലും ധാര പ്രധാനവഴിപാടാണ്. പിന്നീട് നവകാഭിഷേകം. ഉച്ചപ്പുജയും ശീവേലിയും കഴിഞ്ഞ് ഉച്ചയ്ക്ക് 12 മണിയോടെ നടയടയ്ക്കുന്നു.വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയസമയത്ത് ദീപാരാധന നടക്കുന്നു. പിന്നീട് അത്താഴപ്പൂജയും ശീവേലിയും. അവകഴിഞ്ഞാല്‍ തൃപ്പുക തുടങ്ങുന്നു. പേരു സൂചിപ്പിയ്ക്കുന്നതുപോലെ ശ്രീകോവിലില്‍ അഷ്ടഗന്ധം പുകയ്ക്കുന്ന ചടങ്ങാണിത്. തൃപ്പുക കഴിഞ്ഞാല്‍ നടയടയ്ക്കുന്നു.
കൊല്ലവര്‍ഷം 720 ഇല്‍ ഭഗവാന്‍ സ്വയം കൊളുത്തിയെന്നു വിശ്വസിക്കപെടുന്ന വിളക്ക് പിന്നെ ഇതു വരെ അണഞ്ഞിട്ടില്ല. ഇതിലേക്ക് എണ്ണ നിറക്കുന്നത് ഇവിടത്തെ ഒരു പ്രധാന വഴിപാടാണ്. പുലര്‍ച്ചക്കു മുന്‌പെയുള്ള ആദ്യ പൂജയെ മാധവിപള്ളി പൂജ എന്നു പറയുന്നു. തന്റെ സഹോദരിയുടെ മാറാരോഗത്തിന്റെ ശമനത്തിനായി സാമൂതിരി നേര്‍ന്നു നടത്തിയ പൂജയാണിത്. ഉത്സവത്തിനു ആസ്ഥാന മണ്ഡപത്തില്‍ കാണിക്ക അര്‍പ്പിക്കുന്നത് വളരെ പ്രധാനമാണ്. ഏഴരപ്പൊന്നാനയാണു ഇവിടത്തെ ഏറ്റവും വിശേഷപ്പെട്ട കാഴ്ച. തടിയില്‍ നിര്‍മ്മിച്ചു സ്വര്‍ണ്ണ തകിടു പൊതിഞ്ഞ 7 വലിയ ആനകളും ഒരു കുട്ടിയാനയും കൂടുന്നതാണു ഏഴരപ്പൊന്നാന.
ക്ഷേത്രത്തിലെ ഉല്‍സവ കാലത്തു എട്ടാം ഉല്‍സവ ദിവസം ഈ പൊന്നാനകളുടെ എഴുന്നെള്ളത്തു കാണാന്‍ അഭൂതപൂര്‍വ്വമായ തിരക്കാണു ഉണ്ടാകുന്നത്.

No comments:

Post a Comment