!!! ഓം നമോ നാരായണായ !!!
ഗുരുവായൂര്‍: പുതുതായി കൊയ്‌തെടുത്ത നെല്ലിന്റെ അരികൊണ്ട് തയ്യാറാക്കിയ നിവേദ്യവും പായസവും നെയ്യപ്പവും ഗുരുവായൂരപ്പന് നിവേദിച്ച് ക്ഷേത്രത്തില്‍ തിങ്കളാഴ്ച തൃപ്പുത്തിരി ആഘോഷിച്ചു.
ഉച്ചപ്പൂജയ്ക്ക് പുത്തിരി നിവേദ്യത്തോടൊപ്പം വിശേഷവിഭവങ്ങളായ ഉപ്പുമാങ്ങയും പഴംനുറുക്കും പത്തിലക്കറിയും പുത്തരിച്ചുണ്ട ഉപ്പേരിയും നിവേദിച്ചു. പുറമെ കാളന്‍, എരിശ്ശേരി, പഴപ്രഥമന്‍, ഉറതൈര്, വെണ്ണ, വറുത്തുപ്പേരി, പാല്‍പ്പായസം എന്നിവയും ശ്രീലകത്ത് സ്വര്‍ണ്ണപ്പാത്രങ്ങളില്‍ നിറഞ്ഞു. ഉച്ചപ്പൂജ നിര്‍വഹിച്ചത് തന്ത്രി ചേന്നാസ് സതീശന്‍ നമ്പൂതിരിപ്പാടായിരുന്നു.
ശ്രീകോവിലിനു മുന്നില്‍ മണിക്കിണറിനു സമീപം രാവിലെ പത്തരയ്ക്ക് വിഘ്‌നേശ്വര പൂജയോടെ തൃപ്പുത്തിരി ചടങ്ങ് തുടങ്ങി. കീഴ്ശാന്തി കീഴിയേടം രാമന്‍ നമ്പൂതിരി ഗണപതിപൂജ നടത്തി. പാരമ്പര്യ അവകാശി പത്തുകാരന്‍ വാരിയര്‍ വടക്കേപ്പാട്ട് മുരളീധരന്‍ അരി അളന്നു. നൂറോളം കീഴ്ശാന്തിക്കാര്‍ ഒത്തുചേര്‍ന്ന് പുത്തിരിപ്പായസം തയ്യാറാക്കി. 1,80,000 രൂപയുടെ പായസ ടിക്കറ്റാണ് ഭക്തര്‍ക്ക് വിതരണം ചെയ്തത്.
ഔഷധസസ്യമായ ഉഴിഞ്ഞവള്ളി ചുറ്റിയ ഉരുളിയിലാണ് പുത്തിരിപ്പായസം ശ്രീലകത്തേയ്ക്ക് എഴുന്നള്ളിച്ചത്. ഉച്ചപ്പൂജ കഴിഞ്ഞ ഉടനെ ശീവേലിയും നടന്നു. ഉച്ചയ്ക്ക് ശീവേലി തൃപ്പുത്തിരി നാളിലെ പ്രത്യേകതയാണ്. പുന്നെല്ലരി നിവേദ്യം പരിവാരദേവതകള്‍ക്ക് സമര്‍പ്പിക്കാനായിരുന്നു ഉച്ചശ്ശീവേലി. കൊമ്പന്‍ ചെന്താമരാക്ഷന്‍ തിടമ്പേറ്റി. ശാന്തിയേറ്റ കീഴ്ശാന്തി വേങ്ങേരി വാസുദേവന്‍ നമ്പൂതിരി തിടമ്പ് എഴുന്നള്ളിച്ചു. ശശി മാരാര്‍ വാദ്യം നയിച്ചു.
ചിങ്ങം ഒന്നായിരുന്നതിനാല്‍ തൃപ്പുത്തരിക്ക് തൊഴാന്‍ പതിവിലേറെ തിരക്കായിരുന്നു. മൂന്നു ലക്ഷം രൂപയുടെ പാല്‍പ്പായസം വഴിപാടുണ്ടായി.
No comments:
Post a Comment