Wednesday, August 5, 2015

അന്യമാകുന്ന പിള്ളേരോണം

പിള്ളേരോണം ഇന്ന് മലയാളികള്‍ക്ക് ഏറെക്കുറെ അന്യമായിരിക്കുന്നു. മുന്‍പ് തിരുവോണം പോലെതന്നെ പിള്ളേരോണവും കേരളീയ ഭവനങ്ങളിലെ പ്രധാന ആഘോഷമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പിള്ളേരോണത്തെ മലയാളികള്‍ക്ക് പറഞ്ഞ് പരിചയപ്പെടുത്തേണ്ടിയിരിക്കുന്നു. ചിങ്ങത്തിലെ തിരുവോണത്തിന്‌ 27 ദിവസം മുമ്പ്‌ കര്‍ക്കിടകത്തിലെ തിരുവോണനാളിലാണ്‌ പിള്ളേരോണം കൊണ്ടായിടിരുന്നത്‌. വൈഷ്ണവര്‍ വാമനന്റെ ഓര്‍മ്മയ്ക്കായാണ് കര്‍ക്കടകമാസത്തിലെ ഈ ഓണം ആഘോഷിച്ചിരുന്നത്.
കര്‍ക്കടകത്തിലെ വറുതിയില്‍ തെല്ലൊരാശ്വാസമായാണ് പണ്ടുള്ളവര്‍ പിള്ളേരോണം ആഘോഷിച്ചിരുന്നത്. ആധുനികതയുടെ കടന്നുകയറ്റത്തോടെ പിള്ളേരോണത്തിന് മുമ്പുണ്ടായിരുന്ന പ്രാധാന്യം ഇന്നില്ലെങ്കിലും ഇന്നും കേരളത്തിന്റെ പല ഭാഗങ്ങളിലും പിള്ളേരോണം ആഘോഷിക്കുന്നുണ്ട്. തിരുവോണത്തിന്റെ കൊച്ചു പതിപ്പാണ് പിള്ളേരോണം. എന്നാല്‍ അത്തപ്പൂക്കളമിടലും പുത്തനുടുപ്പുകളുമൊന്നുമില്ലാത്ത ഒരു ഓണാഘോഷം. ഇത്‌ ബാല്യകാലത്തിന്റെ അവകാശവും ഉത്സവവുമായിരുന്നു. സദ്യയ്‌ക്കുമാത്രം മാറ്റമില്ല. തൂശനിലയില്‍ പരിപ്പും പപ്പടവും ഉള്‍പ്പെടെ എല്ലാ വിഭവങ്ങളുമുള്ള ഗംഭീര സദ്യ. തോരാതെ പെയ്യുന്ന കര്‍ക്കിടകമഴയ്‌ക്കിടെയാണ്‌ പിള്ളേരോണം വരുന്നത്‌.
കള്ളക്കര്‍ക്കിടകത്തിലെ തോരാ മഴമാറി പത്തുനാള്‍ വെയിലുണ്ടാവുമെന്നാണ്‌ പഴമക്കാര്‍ പറയുന്നത്‌. ഈ പത്താം വെയിലിലാണ്‌ പിള്ളേരോണം എത്തുന്നത്‌. മുമ്പൊക്കെ തിരുവോണം പോലെതന്നെ പിള്ളേരോണവും മലയാളികളുടെ ഒരു പ്രധാന ആഘോഷമായിരുന്നു. വലിയ തറവാടുകളിലും മറ്റും വമ്പന്‍ ആഘോഷങ്ങളായിരുന്നു പിള്ളാരോണത്തിനുണ്ടായിരുന്നത്‌. കുട്ടികള്‍ കൂടുതലുണ്ടെന്നതുതന്നെയാണ്‌ ഈ പിള്ളാരോണം ഗംഭീരമാകാന്‍ കാരണം. പിള്ളേരുകൂട്ടം ഇല്ലാതാവുമ്പോള്‍ പിന്നെന്ത്‌ പിള്ളേരോണം.
പഴയ കാലത്ത് പിള്ളേരോണം മുതല്‍ ഓണാഘോഷം ആരംഭിക്കുമായിരുന്നു. പിള്ളേരോണവുമായി ബന്ധപ്പെട്ട് നിരവധി ഐതീഹ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സാമൂതിരിയുടെ ഭരണകാലത്ത് തിരുനാവായില്‍ മാ‍മാങ്കം അരങ്ങേറിയത് പിള്ളേരോണം മുതലുള്ള ദിവസങ്ങളിലാണത്രേ. ഇന്നത്തെ കുട്ടികളുടെ ഒരു വലിയ നഷ്ടമാണ്‌ ഈ പിള്ളേരോണം. കളികളും ആര്‍പ്പുവിളികളും സദ്യയുണ്ണലുമായുമായി വന്നുപോകുമായിരുന്ന പിള്ളേരോണം ഇപ്പോഴത്തെ കുട്ടികള്‍ക്ക്‌ എവിടെ മനസ്സിലാകാന്‍. അവര്‍ക്ക്‌ ഓണമെന്നതും ഏതെങ്കിലും ഹോട്ടലിലോ ഫ്ളാറ്റുകളുടെ നാലുചുവരുകള്‍ക്കുള്ളിലോ ഒതുങ്ങുന്ന ഉണ്ണാന്‍ വിഭവങ്ങള്‍ കൂടുതലുള്ള ഒരു ദിനം മാത്രം.
കൂട്ടുകുടുംബ വ്യവസ്ഥിതി മാറി അണുകുടുംബങ്ങളായി. ഓരോ വീട്ടിലും ഒന്നോ രണ്ടോ കുട്ടികള്‍. അവര്‍മാത്രമായി എന്ത്‌ പിള്ളേരോണം ആഘോഷിക്കാന്‍ അവരുടെ അച്ഛന്മാര്‍ക്കും അമ്മമാര്‍ക്കും പോലും പിള്ളേരോണമെന്നത്‌ ഒരു കേട്ടുകേള്‍വിമാത്രമായിരിക്കും. മുത്തച്ഛനോ മുത്തശ്ശിയോ ഉണ്ടെങ്കില്‍ ഭാഗ്യം ഈ കേട്ടുകഥ അവര്‍ക്കും നേരിട്ട്‌ കേള്‍ക്കാം...

No comments:

Post a Comment