Wednesday, August 19, 2015

കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം

കൊല്ലത്ത് നിന്നും ഏകദേശം 27 കിലോമീറ്റര്‍ അകലെ, കൊട്ടാരക്കരയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം. യഥാര്‍ഥത്തില്‍ ഇത് മണികണ്‌ഠേശ്വരം (കിഴക്കേക്കര) ശിവക്ഷേത്രം ആണ്. ശിവന്‍ ആണ് പ്രധാന പ്രതിഷ്ഠ. കിഴക്കോട്ട് ദര്‍ശനമായ മുഖ്യവിഗ്രഹം ശിവന്റേതാണ്. എന്നിരുന്നാലും ഉപദേവനായിരുന്ന ഗണപതിയുടെ പേരില്‍ ആണു ദേവാലയത്തിന്റെ പ്രശസ്തി.
കൊട്ടാരക്കരയില്‍ രണ്ട് ശിവക്ഷേത്രങ്ങളാണ് പ്രധാനം. കിഴക്കേക്കര ശിവക്ഷേത്രവും പടിഞ്ഞാറ്റിന്‍കര ശിവക്ഷേത്രവും. കിഴക്കേക്കര ശിവക്ഷേത്രം അകവൂര്‍, ഊമന്‍പള്ളി എന്നീ നമ്പൂതിരിക്കുടുംബങ്ങളുടെ അധികാരത്തിലും പടിഞ്ഞാറ്റിന്‍കര ശിവക്ഷേത്രം ഇളയിടത്ത് രാജകുടുംബത്തിന്റെയും അധികാരത്തിലായിരുന്നു. പടിഞ്ഞാറ്റിന്‍കര ക്ഷേത്രത്തിന്റെ നിര്‍മാണമേല്‍നോട്ടം ഉളിയന്നൂര്‍ പെരുംതച്ചന് ആയിരുന്നു. ക്ഷേത്രനിര്‍മ്മാണത്തിനിടയില്‍ അദ്ദേഹം പ്ലാന്തടിയില്‍ ഒരു ചെറിയ ഗണപതിവിഗ്രഹം ഉണ്ടാക്കി. അദ്ദേഹം ഈ വിഗ്രഹവുമായി പ്രധാനപുരോഹിതനെ സമീപിച്ച് ശിവപ്രതിഷ്ഠക്കുശേഷം ഈ ഗണപതിവിഗ്രഹംകൂടി പ്രതിഷ്ഠിക്കണം എന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം പെരുന്തച്ചന്റെ അപേക്ഷ നിരസിച്ചു. ഇവിടെ ശിവനെയാണ് പ്രതിഷ്ഠിയ്‌ക്കേണ്ടതെന്നുംബ്രാഹ്മണനായ തന്നെക്കാള്‍ അറിവ് പെരുന്തച്ചന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നിരാശനായ പെരുന്തച്ചന്‍ കിഴക്കേക്കര ശിവക്ഷേത്രത്തില്‍ എത്തി. അപ്പോള്‍ അവിടുത്തെ പുരോഹിതന്‍ ശിവനു നിവേദിക്കാനായി കൂട്ടപ്പം ഉണ്ടാക്കുകയായിരുന്നു. പെരുന്തച്ചന്‍ അദ്ദേഹത്തോട് ഗണപതിയെ അവിടെ പ്രതിഷ്ഠിക്കാമോ എന്ന് ചോദിച്ചു. പുരോഹിതന്‍ സമ്മതിക്കുകയും പെരുന്തച്ചന്‍ ഗണപതിയെ തെക്കോട്ട് ദര്‍ശനമായി പ്രതിഷ്ഠിക്കുകയും ചെയ്തു. അനന്തരം പെരുന്തച്ചന്‍ പുരോഹിതനോട് ചോദിച്ചു ഉണ്ണിഗ്ഗണപതി എന്തായാലും വിശന്നിരിക്കുകയാവും. എന്താണ് ഇന്ന് നൈവേദ്യത്തിന് ഉണ്ടാക്കിയിരിക്കുന്നത്? കൂട്ടപ്പം പുരോഹിതന്‍ പറഞ്ഞു. ഒരു ഇലയില്‍ ഏഴ് കൂട്ടപ്പങ്ങള്‍ കൊരുത്തത് പെരുന്തച്ചന്‍ ഗണപതിക്ക് നിവേദിച്ചു. സന്തുഷ്ടനായ പെരുന്തച്ചന്‍ ഇവിടെ മകന്‍ അച്ഛനെക്കാള്‍ പ്രശസ്തനാകും എന്ന് പറഞ്ഞു. ആ പ്രവചനം പില്‍ക്കാലത്ത് സത്യമായി. ഇന്ന് ഈ ക്ഷേത്രം ശിവക്ഷേത്രം എന്നതിലുപരി ഗണപതിക്ഷേത്രം എന്ന പേരിലാണ് പ്രശസ്തം.
പ്രതിഷ്ഠയ്ക്കുശേഷം പെരുന്തച്ചന്‍ പോയി. ഗണപതിവിഗ്രഹത്തെകണ്ട പുരോഹിതനു ഗണപതി ഇപ്പോഴും വിശന്നിരിക്കുകയാണ് എന്ന് തോന്നി. ശിവനു നിവേദിച്ച അവലും മറ്റും ഗണപതി വലിച്ചെടുത്ത് ഭക്ഷിക്കുന്നതായി അദ്ദേഹത്തിന്‍ അനുഭവപ്പെട്ടു. അമ്പലത്തിലുള്ള ഭക്ഷണപദാര്‍ഥങ്ങളില്‍ ഓരോന്നായി അദ്ദേഹം ഗണപതിക്ക് നിവേദിച്ചു. എന്തുനല്‍കിയിട്ടും ഗണപതി സംതൃപ്തനാകുന്നില്ല എന്നുകണ്ട പുരോഹിതന്‍ വലഞ്ഞു. ഗത്യന്തരമില്ലാതെ അദ്ദേഹം ഗണപതിക്ക് മുന്നിലിരുന്നുതന്നെ അരിപ്പൊടിയും കദളിയും ശര്‍ക്കരയും ചേര്‍ത്ത് ചെറിയ കൂട്ടപ്പങ്ങള്‍ (ഉണ്ണിയപ്പങ്ങള്‍) ഉണ്ടാക്കി നിവേദിക്കാന്‍ തുടങ്ങി. ഇപ്പോഴും കൊട്ടാരക്കര ഗണപതിയമ്പലത്തിലെ പ്രധാന നിവേദ്യമാണ് ഉണ്ണിയപ്പം.
ഇതേ ഐതിഹ്യം തന്നെ ചെറിയൊരു വ്യത്യാസത്തോടെയും നിലവിലുണ്ട്. അത് ഇപ്രകാരമാണ്. കിഴക്കേക്കര ശിവക്ഷേത്രത്തിന്റെ നിര്‍മ്മാണച്ചുമതല പെരുന്തച്ചനായിരുന്നു. പ്ലാന്തടിയില്‍ താന്‍ നിര്‍മിച്ച ഗണപതി വിഗ്രഹം അവിടെ പ്രതിഷ്ഠിക്കണമെന്ന് മുഖ്യപുരോഹിതനോട് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ പുരോഹിതന്‍ ഇവിടെ ശിവനെയാണ് പ്രതിഷ്ഠിക്കേണ്ടതെന്നും വേണമെങ്കില്‍ ഉപദേവനായി ഗണപതിയെ പ്രതിഷ്ഠിയ്ക്കാമെന്നും പറയുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം ക്ഷേത്രത്തിന്റെ തെക്കേനടയില്‍ ഗണപതിയെ പ്രതിഷ്ഠിച്ചു. ഈ ക്ഷേത്രം ഇനി ഈ മകന്റെ പേരില്‍ അറിയപ്പെടുമെന്ന് പെരുന്തച്ചന്‍ പറഞ്ഞു. അതുതന്നെ നടക്കുകയും ചെയ്തു.ഉദയാസ്തമനപൂജ, അഷ്ടദ്രവ്യ ഗണപതിഹോമം, നാളികേരം ഉടയ്ക്കല്‍, പുഷ്പാഞ്ജലി, പുഷ്പാര്‍ച്ചന, തുലാഭാരം, തിരുമധുരം എന്നിവയാണു പ്രധാന വഴിപാടുകള്‍.

No comments:

Post a Comment