Saturday, November 29, 2014

ഗുരുവായൂരില്‍ ഇന്ന് അഷ്ടമിവിളക്ക്; ഇനി എഴുന്നള്ളിപ്പിന് സ്വര്‍ണ്ണക്കോലം...

!!! ഓം നമോ നാരായണായ !!!

ഗുരുവായൂരില്‍ ഇന്ന് അഷ്ടമിവിളക്ക്; ഇനി എഴുന്നള്ളിപ്പിന് സ്വര്‍ണ്ണക്കോലം...

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഏകാദശിയുടെ അഷ്ടമിവിളക്കുദിവസമായ ശനിയാഴ്ച മുതല്‍ ഗുരുവായൂരപ്പന്റെ വിശിഷ്ടസ്വര്‍ണ്ണക്കോലം എഴുന്നള്ളിക്കാന്‍ തുടങ്ങും. ഗുരുവായൂരിലെ പുരാതന തറവാടായ പുളിക്കീഴെ വാരിയത്ത് കുടുംബം വകയാണ് അഷ്ടമി ചുറ്റുവിളക്ക്.
അഷ്ടമിവിളക്കിന് രാത്രി നാലാമത്തെ പ്രദക്ഷിണത്തിനാണ് സ്വര്‍ണ്ണക്കോലം ആനപ്പുറത്ത് കയറ്റുക. കൊമ്പന്‍ വലിയ കേശവന്‍ കോലമേറ്റും. സ്വര്‍ണ്ണക്കോലത്തില്‍ പൊന്‍തിടമ്പുമായി കേശവന്‍ എഴുന്നേല്‍ക്കുന്നതോടെ പതിനായിരത്തോളം ദീപങ്ങള്‍ നറുനെയ്യില്‍ പ്രഭവിതറും.
നവമി, ദശമി, ഏകാദശി വിളക്കുകള്‍ക്കും സ്വര്‍ണ്ണക്കോലമാണ് എഴുന്നള്ളിക്കുക. ഗജരാജന്‍ കേശവനു മുന്‍പുണ്ടായിരുന്ന ഗജകേസരി പത്മനാഭന് തിരുവിതാംകൂര്‍ മഹാരാജാവ് സമ്മാനിച്ച വീരശൃംഖല ചാര്‍ത്തിയ സ്വര്‍ണ്ണക്കോലത്തിന് കോടികള്‍ വിലമതിക്കും. നിറയെ സ്വര്‍ണ്ണപ്പൂക്കളുള്ള കോലത്തിന് നടുവില്‍ മുരളീധരഗോളകയാണ്. മരതകക്കല്ലും, പ്രഭാമണ്ഡലവും, വ്യാളീമുഖവും ആലേഖനംചെയ്ത സ്വര്‍ണ്ണക്കോലം ഉത്സവം, ഏകാദശി, അഷ്ടമിരോഹിണി ആഘോഷങ്ങള്‍ക്കു മാത്രമേ എഴുന്നള്ളിക്കാറുള്ളൂ.
വെള്ളിയാഴ്ച സപ്തമി വിളക്ക് വെളിച്ചെണ്ണയില്‍ തെളിയും. വെളിച്ചെണ്ണയില്‍ തെളിയിക്കുന്ന ഏക ഏകാദശി ചുറ്റുവിളക്കാണിത്. നെന്മിനി മനക്കാരുടെ വകയാണ് സപ്തമിവിളക്ക്. വിളക്ക് കഴിഞ്ഞാല്‍ ബാക്കി വെളിച്ചെണ്ണയില്‍ ഒരുഭാഗം മനയില്‍ എത്തിക്കണമെന്നാണ് ചട്ടം. വിളക്കിന് എണ്ണ തികയാതെവരാന്‍ പാടില്ല എന്നുള്ളതാണ് പുരാതനകാലത്ത് മനയിലെ കാരണവന്‍മാര്‍ ഇങ്ങനെ നിശ്ചയിക്കാന്‍ കാരണം. ഈ ചട്ടം ഇന്നും മുടങ്ങാതെ നടക്കുന്നുണ്ട്.
വ്യാഴാഴ്ച ഷഷ്ഠിവിളക്ക് ആഘോഷിച്ചു. മാണിക്കത്ത് കുടുംബം വകയായിരുന്നു ഷഷ്ഠിവിളക്ക്. രാത്രി ഷഷ്ഠിവിളക്ക് തൊഴാന്‍ ഭക്തരുടെ നിറസാന്നിധ്യം അനുഭവപ്പെട്ടു. ക്ഷേത്രം അടിയന്തിരക്കാരായ ശശി, കൃഷ്ണകുമാര്‍ എന്നിവര്‍ എഴുന്നള്ളിപ്പിന് ഇടയ്ക്കയും മുരളി നാദസ്വരവും വായിച്ചു. മാണിക്കത്ത് ചന്ദ്രശേഖരമേനോന്‍, അച്യുതമേനോന്‍, ലക്ഷ്മിയമ്മ, കുമിദാദേവി എന്നിവര്‍ വിളക്കിന് നേതൃത്വം നല്‍കി.

No comments:

Post a Comment