പന്തളം കൊട്ടാരത്തില്‍ തിരുവാഭരണത്തിന്റെ മിനുക്കു പണികള്‍ പൂര്‍ത്തിയാക്കി
പന്തളം: മകരസംക്രമ സന്ധ്യയില്‍ ശബരിമലയിലെ ശാസ്‌താ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനുള്ള തിരുവാഭരണങ്ങളുടെ മിനുക്കുപണി സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ പൂര്‍ത്തിയായി. പന്തളം രാജാവ് രാജരാജശേഖരന്‍ മണികണ്‌ഠന് സ്‌നേഹോപഹാരമായി പണിതു നല്‍കിയ തിരുവാഭരണങ്ങളാണ് ജനുവരി 12 ന് വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ശബരിമലയിലേക്ക് കൊണ്ടുപോകുന്നത്. മാവേലിക്കര സ്വദേശി കമലാനാഥന്‍ ആചാരിയാണ് തിരുവാഭരണം മിനുക്കിയത്.
കാരയ്‌ക്കാട് ആനാട്ടുതടത്തില്‍ വാസുക്കുട്ടന്റെ നേതൃത്വത്തില്‍ നെറ്റിപ്പട്ടം, കൊടികള്‍, മെഴുവട്ടക്കുട തുടങ്ങിയവയുടെ മിനുക്കുപണി നടന്നു. വൃശ്‌ചികം ഒന്നു മുതല്‍ സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ തിരുവാഭരണം ഭക്‌തര്‍ക്ക് ദര്‍ശിക്കാം. പുലര്‍ച്ചെ അഞ്ചരമുതല്‍ വൈകിട്ട് എട്ടുമണിവരെയാണ് ദര്‍ശന സൗകര്യം ഒരുക്കിയിരിക്കുന്നത്. മൂന്നുപെട്ടികളിലായിട്ടാണ് തിരുവാഭരണം സൂക്ഷിക്കുന്നത്.
ഒന്നാം പെട്ടിയില്‍ തങ്കത്തില്‍ തീര്‍ത്ത ആഭരണങ്ങളാണുള്ളത്. തിരുമുഖം, പ്രഭാമണ്ഡലം, വലിയ ചുരിക, ചെറിയ ചുരിക, വലിയാന, ചെറിയാന, കടുവ, ശംഖ്, നവരത്‌ന മോതിരം, ശരല്‍പ്പൊളി മാലകള്‍ എന്നിവയും രണ്ടാമത്തെയും മൂന്നാമത്തെയും പെട്ടികളില്‍ മാളികപ്പുറത്തു നിന്നുള്ള എതിരേല്‍പ്പിനുള്ള തലക്കെട്ട്, ജീവിത, തലപ്പാറ, ഉടുമ്പാറ, കൊടി എന്നിവയാണുള്ളത്. ഇതില്‍ ജീവിത സ്വര്‍ണമാണ്. മൂന്നാമത്തെ പെട്ടിയില്‍ കലശക്കുടവും പൂജാപാത്രവുമാണുള്ളത്.
!!!! സ്വാമിയേ ശരണമയ്യപ്പാ !!!!
No comments:
Post a Comment