കണികാണും നേരം
തുടക്കം നന്നായാല്‍ എല്ലാം നന്നായി എന്നതാണല്ലോ നമ്മുടെ വിശ്വാസം.
അത്തരമൊരു നല്‍ക്കാഴ്‌ചയാണ് വിഷുക്കണി ഒരുക്കുന്നത്.
സ്വന്തം അധ്വാനത്താല്‍ വിളയിച്ചെടുത്തുതും വീടിനു ചുറ്റുപാടും നിന്നും ലഭിക്കുന്നതും ആയ വിഭവങ്ങള്‍ കൊണ്ടാണ് വിഷുക്കണി ഒരുക്കുക.
തേച്ചുമിനുക്കിയ ഓട്ടുരുളിയില്‍ ഉണക്കലരി, പൊന്‍നിറമുള്ള കണി വെള്ളരി, ഉരുളിക്കും വെള്ളരിക്കുമിടയില്‍ വിശറിപോലെ ഭംഗിയായി ഞൊറിഞ്ഞുവച്ച ഇരട്ടക്കര മുണ്ടില്‍ കണികാണുന്നവന്റെ മുഖവും കാണത്തക്ക വണ്ണം ചാരിവച്ചിരിക്കുന്ന വാല്‍കണ്ണാടി, വാല്‍കണ്ണാടിയുടെ കഴുത്തില്‍ പൊന്‍മാല, പാദത്തില്‍ കൊന്നപ്പൂങ്കുല, കുങ്കുമച്ചെപ്പ്, കണ്‍മഷിക്കൂട്, പൊതിച്ച നാളികേരം, പഴം, താമ്പൂലം, വെള്ളിനാണയങ്ങള്‍, നിറച്ചെണ്ണപകര്‍ന്നു കൊളുത്തിവച്ച നിലവിളക്ക്, ചക്ക, മാങ്ങാ തുടങ്ങിയ വീട്ടുവളപ്പില്‍ വിരിഞ്ഞ ഫലവര്‍ഗങ്ങള്‍ എന്നിവ ഒത്തു ചേരുന്നതാണ് വിഷുക്കണി.
അപ്രിയമായതൊന്നും കണ്ണില്‍ പെടാതിരിക്കാനായി വഴിയിലെങ്ങും കണ്ണു തുറക്കാതെയാണ് കണികാണാന്‍ വരിക.
ഈ ഐശ്വര്യപൂര്‍ണമായ കാഴ്‌ചയോടൊപ്പം വാല്‍കണ്ണാടിയില്‍ നിലവിളക്കിന്റെ സ്വര്‍ണപ്രഭയില്‍ തിളങ്ങുന്ന സ്വന്തം മുഖവും .
ഒരു വര്‍ഷം മുഴുവന്‍ അകകണ്ണില്‍ ഈ അഭൗമ ദൃശ്യം തിളങ്ങി നില്‍ക്കാതിരിക്കില്ല.
വിഷുക്കണിക്ക് മുമ്പിലിരുന്ന് മൂത്തവരില്‍ നിന്നും വാങ്ങുന്ന കൈനീട്ടത്തിന്റെ സന്തോഷവും അങ്ങനെതന്നെ.
പണ്ടൊക്കെ വീട്ടുകാരുടെ കണികാണല്‍ കഴിഞ്ഞാല്‍ കന്നുകാലികളെയും കണികാണിക്കുമായിരുന്നു.
വിഷു വന്ന വഴി
കാട്ടിലമ്മ പൊന്നണിഞ്ഞു നില്‍ക്കുന്നു.
കാടുകളില്‍ കൊന്ന പൂത്തുനില്‍ക്കുന്നതുകണ്ട മലയാളിയുടെ മനസില്‍ തെളിഞ്ഞ കടങ്കഥയാണിത്. സൂര്യന്‍ ഭൂമധ്യ രേഖയ്‌ക്കുനേരേ മുകളിലെത്തുന്നതോടെ അന്തരീക്ഷത്തിലെ ആര്‍ദ്രതയും ചൂടും വര്‍ധിക്കുന്നു. ഇത് തിരിച്ചറിഞ്ഞാണ് വിഷുക്കാലത്ത് കൊന്ന നിറയെ പൂക്കുന്നത്.ജ്യോതിശാസ്‌ത്രപ്രകാരം വിഷുസംക്രമം എന്നാല്‍ രാശിമാറ്റം എന്നാണര്‍ത്ഥം. മീനംരാശിയില്‍നിന്ന് സൂര്യന്‍ മേടം രാശിയിലേക്ക് പ്രവേശിക്കുന്ന വേളയാണിത്. വിഷുവിനാണ് സൂര്യന്‍ ഭൂമധ്യരേഖയ്‌ക്ക് നേരേ മുകളില്‍ ഉദിക്കുന്നത്.തുല്യാവസ്‌ഥയോടുകൂടിയത് എന്നാണ് വിഷു എന്ന വാക്കിന്റെ അര്‍ത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിനം. വിഷു രണ്ടുണ്ട്. രാത്രിയും പകലും തുല്യമായി വരുന്ന രണ്ടുദിനങ്ങള്‍ ഒരു വര്‍ഷത്തിലുണ്ടാവാറുണ്ട്. ഒന്ന് മേടം ഒന്നിനും അഥവാ മേട വിഷുവിനും മറ്റൊന്ന് തുലാം ഒന്നിനും.
തുലാ വിഷുവേക്കാള്‍ മേടവിഷുവിന് മലയാളികള്‍ പ്രാധാന്യം കൊടുക്കാന്‍ എന്താവാം കാരണം?
മലയാളക്കരയില്‍ കാര്‍ഷികവൃത്തികള്‍ക്കു തുടക്കം കുറിക്കുന്ന അവസരമാണ് ഇത് എന്നതുതന്നെ. വെന്തുരുകിയ മണ്ണില്‍ കീടങ്ങളും കളകളും പോയി വേനല്‍ മഴ പെയ്‌തിറങ്ങുന്നതോടെ വിതയ്‌ക്കാന്‍ മണ്ണൊരുങ്ങുന്നു. മേടം ഒന്നുമുതല്‍ പത്താമുദയംവരെ കൃഷിപ്പണികള്‍ തുടങ്ങാന്‍ നല്ല കാലമാണ്. കൃഷിയുമായി ബന്ധപ്പെട്ടതാണല്ലോ നമ്മുടെ എല്ലാ ഉത്സവങ്ങളും. വിഷുവും അങ്ങനെതന്നെ.
കൊല്ലവര്‍ഷം വരുന്നതിനുമുമ്പ് വിഷുവായിരുന്നു കേരളത്തിന്റെ ആണ്ടുപിറപ്പ്. വസന്തത്തിന്റെ വരവിനെയാണ് അക്കാലത്ത് നവവത്സരത്തിന്റെ തുടക്കമായിക്കണക്കാക്കി പോന്നത്. വിഷുവിനാണത്രെ സൂര്യന്‍നേരേ കിഴക്കുദിക്കുന്നത്.വിഷു ഒരാഘോഷമായി കൊണ്ടാടാന്‍ തുടങ്ങിയത് ഭാസ്‌കര രവിവര്‍മ്മയുടെ കാലം മുതലാണെന്നാണ് വിശ്വാസം. കുലശേഖര രാജാവായിരുന്നു ഭാസ്‌കര രവിവര്‍മ്മ.
ഐതിഹ്യ കഥകള്‍
ഒരു നാള്‍ ഇഷ്‌ടപ്പെടാത്ത നേരത്ത് സൂര്യപ്രകാരം തന്റെ കൊട്ടാരത്തിലേയ്‌ക്ക് കടന്നു വന്നതിനുള്ള ശിക്ഷയായി അസുര രാജാവ് രാവണന്‍ സൂര്യനെ കിഴക്കുദിക്കാന്‍ അനുവദിച്ചില്ല. ശ്രീരാമന്‍ ലങ്കാ യുദ്ധക്കാലത്ത് രാവണ നിഗ്രഹം നടത്തിയശേഷമാണത്രെ സൂര്യന് കിഴക്കുദിക്കാനായത്.ഈ ദിവസം ജനങ്ങള്‍ ഗംഭീരമായി ആഘോഷിച്ചു. ഇങ്ങനെയാണത്രെ വിഷുവാഘോഷത്തിന്റെ തുടക്കം. നരകാസുരനെ വധിച്ച ശ്രീകൃഷ്‌ണന്റെ അപദാനങ്ങളെ പ്രകീര്‍ത്തിക്കുന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് വിഷുവെന്നും ഒരു കഥയുണ്ട്. ഭഗവാന്‍ ശ്രീകൃഷ്‌ണന്‍ മാനുഷഭാവം വിട്ട് വൈകുണ്‌ഠത്തിലേക്ക് മടങ്ങിയത് മേടസംക്രമണ സന്ധ്യയിലാണെന്നാണ് വിശ്വാസം.
ഭഗവാന്റെ സ്വര്‍ഗാരോഹണത്തിനുശേഷം ആരംഭിച്ച കലിയുഗത്തെ ശ്രീകൃഷ്‌ണവിഗ്രഹം കണികണ്ടുകൊണ്ടാണ് ജനങ്ങള്‍ സ്വീകരിച്ചത്. കണ്ണനെ കണികാണുന്നതിന്റെ രഹസ്യം ഇതാണത്ര.കണിക്കൊന്നവിഷുവിന് കണിവയ്‌ക്കാനുപയോഗിക്കുന്നതുകൊണ്ടാണ് ഇതിന് കണിക്കൊന്ന എന്ന പേരുവന്നത്. പ്രധാനമായും ഏപ്രില്‍, മെയ് മാസങ്ങളിലാണ് കണിക്കൊന്ന പൂക്കുന്നത്. പൂങ്കുലയ്‌ക്ക് ഒരടിയില്‍ കൂടുതല്‍ നീളമുണ്ടാകും.നേര്‍ത്ത തണ്ടില്‍ അനേകം മൊട്ടുകളും പൂക്കളും ഒരുമിച്ച് കാണും. കേരളത്തിലങ്ങളോമിങ്ങോളം കൊന്നമരം കാണപ്പെടുന്നു. നമ്മുടെ സംസ്‌ഥാന പുഷ്‌പം കൂടിയാണ് കണിക്കൊന്ന. ഇതിന്റെ ശാസ്‌ത്രനാമം കാഷ്യ ഫിസ്‌റ്റുല എന്നാണ്.
വൈലോപ്പിള്ളിയുടെ വിഷുക്കണിയോര്‍മ്മ
വെള്ളിപോല്‍ വിളങ്ങുന്നോ-
രോട്ടുരുളിയും കണി-
വെള്ളരിക്കയും തേങ്ങാ-
മുറികള്‍ തിരികളുംകൊന്നയും പൊന്നും ചാര്‍ത്തി-
ച്ചിരിക്കും മഹാലക്ഷ്‌മിതന്നുടെ കണ്ണാടിയും,
ഞൊറിഞ്ഞ കരമുണ്ടും,
അരി കുങ്കുമച്ചെപ്പും,
ഐശ്വര്യ മഹാറാണി-
ക്കരങ്ങു ചമയ്‌ക്കുവാ-
നമ്മയ്‌ക്കു വശം പണ്ടേ
എന്നാണ് മഹാകവി വൈലോപ്പിള്ളി തന്റെ ബാല്യകാലത്തെ വിഷുക്കണിയോര്‍മ്മകള്‍ കവിതയിലൂടെ ചികഞ്ഞെടുക്കുന്നത്.
വിഷുക്കഞ്ഞിയും വിഷുക്കട്ടയും
വിഷുക്കാലത്തെ സ്‌പെഷല്‍ വിഭവങ്ങളാണ് വിഷുക്കഞ്ഞിയും വിഷുക്കട്ടയും. വിഷുനാളിലെ പ്രഭാത ഭക്ഷണമാണ് വിഷുക്കഞ്ഞി. അരി, തേങ്ങ, ശര്‍ക്കര, പാല്‍ എന്നിവ ചേര്‍ത്താണ് വിഷുകഞ്ഞി തയ്യാറാക്കുന്നത്. ഉണക്കലരി തേങ്ങാപാലില്‍ വേവിച്ച് വറ്റിച്ചുണ്ടാക്കുന്നതാണ് വിഷുക്കട്ട. ഇത് പപ്പടവും കൂട്ടി കുഴച്ചു കഴിക്കാന്‍ നല്ല രസമാണ്.
പണ്ടൊക്കെ സാധാരണക്കാരുടെ വീടുകളില്‍ വിഷുവിന്‍ നാളില്‍ ഉച്ചയ്‌ക്ക് കഞ്ഞിയാണുണ്ടാവുക. ശര്‍ക്കരയും തേങ്ങാപ്പൂളും പപ്പടവും, മാമ്പഴക്കാളനും, ചക്കയെരിശ്ശേരിയും, ചക്കച്ചുള വറുത്തതുമെല്ലാം ചേര്‍ന്ന വിഭവ സമൃദ്ധമായ കഞ്ഞിയാണിത്.
വിഷുച്ചാല്‍ കീറാം
അരിമാവുകൊണ്ട് അലങ്കരിച്ച കൃഷിയായുധങ്ങളുമായി ഗൃഹനാഥനുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെല്ലാം കൃഷിയിടത്തിലിറങ്ങി ചെറുചാലുകള്‍ കീറി ചാണകവും പച്ചിലവളവുമിട്ട് മൂടി കൃഷിപ്പണിയ്‌ക്ക് തുടക്കം കുറിക്കുന്ന ചടങ്ങാണ് വിഷുച്ചാല്‍ കീറല്‍.
ഈ വിഷുവിന് ഓരോ വീട്ടിലും വിഷുച്ചാല്‍ കീറിക്കൊണ്ട് നമുക്ക് നഷ്‌ടപ്പെട്ട ആ നല്ല കാലത്തെ തിരിച്ചു പിടിക്കാം.ഉള്ള സ്‌ഥലത്ത് ഓരോ വീടിനും ആവശ്യമുള്ള പച്ചക്കറികളും ചീരയും ചേനയുമെല്ലാം നട്ടുവളര്‍ത്താം. കീടനാശിനിയും വിഷവുമില്ലാത്ത നല്ല പച്ചക്കറികളുല്‌പാദിപ്പിച്ച് ആരോഗ്യകരമായ ഭക്ഷണത്തിലൂടെ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളെ പടിക്കു പുറത്താക്കാം.2014 കുടുംബകൃഷി വര്‍ഷമായി ഐക്യരാഷ്‌ട്ര സംഘടനയുടെ നേതൃത്വത്തില്‍ ലോകം മുഴുവന്‍ ആചരിക്കുകയാണല്ലോ.
ഓരോ വീട്ടിലും കൃഷിയെ മടക്കിക്കൊണ്ടുവരാനുള്ള നല്ല മുഹൂര്‍ത്തമായി ഈ വിഷുക്കാലത്തെ നമുക്ക് പ്രയോജനപ്പെടുത്താം.
വിഷുപ്പക്ഷി
വിഷുക്കാലമായാല്‍ ''വിത്തും കൈക്കോട്ടും വെക്കം കൈയേന്ത്'' എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് വിരുന്നെത്തുന്ന പക്ഷിയാണ് വിഷുപ്പക്ഷി.
ചക്കയ്‌ക്കുപ്പുണ്ടോ കുയില്‍, ഉത്തരായണങ്ങിളി, കതിരുകാണാകിളി എന്നെല്ലാം ഇതിനെ പലരും വിളിക്കാറുണ്ട്. ഇംഗ്ലീഷിലെ പേര് ഇന്ത്യന്‍ കുക്കു (ദ്ധദ്ധ്രന്റ ്യഗ്മ്യഗ്നഗ്ന). കുകുലിഡെ കുടുംബത്തില്‍ പെട്ട ഈ പക്ഷിയുടെ ശാസ്‌ത്രനാമം കുകുലിഡെ മൈക്രോപ്‌റ്ററസ് എന്നാണ്. മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കാനായാണിത് ഏപ്രില്‍ മാസത്തോടെ ഇവിടെയെത്തുന്നത്.കാക്കയുടെയും കാക്കത്തമ്പുരാട്ടിയുടെയും കൂട്ടിലാണ് കുയിലിനെപ്പോലെ ഇതും മുട്ടയിടുക.
ചക്കയ്‌ക്കുപ്പുണ്ടോ...അച്‌ഛന്‍ കൊമ്പത്ത് ...അമ്മ വരമ്പത്ത്, കള്ളന്‍ ചക്കേട്ടു..., കണ്ടാമിണ്ടണ്ട... തുടങ്ങി പലവിധത്തിലും പലരും ഇതിന്റെ ശബ്‌ദത്തെ അനുകരിക്കാറുണ്ട് . വിഷുപ്പക്ഷിയെകണ്ടവര്‍ ചുരുക്കമായിരിക്കും. മങ്ങിയ ചാരനിറമുള്ള ഏകദേശം പുള്ളിക്കുയിലിനെപ്പോലെയിരിക്കുന്ന കുറികി തടിച്ച ശരീരമാണിതിന്.
വിഷുച്ചൊല്ലുകള്‍
* വിഷു കഴിഞ്ഞാല്‍ പിന്നെ വേനലില്ല.
വിഷുക്കാലം കഴിഞ്ഞാല്‍ മഴക്കാലം തുടങ്ങി എന്നാണീ ചൊല്ല് സൂചിപ്പിക്കുന്നത്.
*മേടം വന്നാല്‍ മറിച്ചെണ്ണണ്ട
വിഷുക്കാലമായാല്‍ നല്ല കാലമാണ് എന്ന് സൂചന.
*മേടം പത്തിനു മുമ്പ് പൊടി വിത കഴിയണം.
വിഷുകണ്ട രാവിലെ വിത്തിറക്കണം
മറ്റുള്ളവരുടെ വിഷു
ഒഡിഷക്കാര്‍ മേടംഒന്ന് മേശസംക്രാന്തി എന്ന പേരില്‍ പുതുവത്സരമാഘോഷിക്കുന്നു.
അസമുകാര്‍ക്ക് ഇത് ബിഹുവാണ്.
ഉത്തരേന്ത്യയില്‍ പ്രത്യേകിച്ച് പഞ്ചാബ്,ഹരിയാന,ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയസംസ്‌ഥാനങ്ങളില്‍ ഇക്കാലത്ത് ആചരിക്കപ്പെടുന്ന വിളവെടുപ്പ് ഉത്സവമാണ് വൈശാഖി.
തമിഴ്‌നാട്ടുകാരാകട്ടെ തമിഴ്‌പുത്താണ്ട് എന്നപേരിലാണ് പുതുവത്സരദിനം കൊണ്ടാടുന്നത്.
മണിപ്പൂരുകാരുടെ വിഷു ആഘോഷത്തിന്റെ പേരാണ് സാജിബു ചീയ്‌റയോബ.
No comments:
Post a Comment