Tuesday, January 13, 2015

ആനന്ദലഹരിയില്‍ അയ്യപ്പപാദം തേടി ഹരിഹര സുതനെ അയ്യപ്പാ.... ഗിരിവരനിലയാ അയ്യപ്പാ.....

!!! സ്വാമിയേ ശരണമയ്യപ്പാ !!!

ആനന്ദലഹരിയില്‍ അയ്യപ്പപാദം തേടി

ഹരിഹര സുതനെ അയ്യപ്പാ....
ഗിരിവരനിലയാ അയ്യപ്പാ.....

പന്തളം പാടിയത് ഏറ്റുപാടി പതിനായിരങ്ങള്‍. നേരമേറെയായുള്ള കാത്തുനില്‍പ്പ് ഭക്തിയുടെ ആനന്ദലഹരിയില്‍ അലിയുകയാണ്.
സ്വന്തം രാജകുമാരന് അണിഞ്ഞൊരുങ്ങാന്‍ ആഭരണങ്ങളുമായി കാനനക്ഷേത്രത്തിലേക്ക് വര്‍ഷമൊന്നുകൂടുമ്പോഴുള്ള യാത്ര, ഇതിനൊപ്പം നടക്കാനും, ശരണംവിളിക്കാനുമുള്ള ആവേശം. അത് നൃത്തമായും താളമായുമൊക്കെ ഇവിടെ കണ്ടു.

വലിയകോയിക്കല്‍ കൊട്ടാരമുറ്റത്ത് ആരവംതീര്‍ത്ത് ആകാശത്ത് കൃഷ്ണപ്പരുന്ത്. ഭഗവാന്‍ നേരിട്ടെത്തി സാന്നിധ്യമറിയിച്ചതിന്റെ ആഹ്ലാദമാണെവിടെയും. തിരുവാഭാരണ പേടകവുമായി പെരിയസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍പിള്ള വലിയകോയിക്കല്‍ ക്ഷേത്രമുറ്റത്തേക്കിറങ്ങി. കൊട്ടിക്കയറിയ താളമേളങ്ങള്‍ അയ്യപ്പനാമത്തിന് വഴിമാറി.

കൊട്ടാരവഴിക്ക് ഇരുവശവും നിന്നവര്‍ നല്‍കിയ പുഷ്പാര്‍ച്ചനയ്ക്കിടയിലൂടെയെത്തി മണികണ്ഠനാല്‍ത്തറയും വണങ്ങി തിരുവാഭരണപേടകം യാത്രതുടങ്ങി. നട്ടുച്ച എരിയുകയാണ്. ചുട്ടുപൊള്ളുന്ന വഴിയിലൂടെ കൈപ്പുഴയിലേക്ക് അയ്യപ്പന്‍ കുളിരായി കൂട്ടിനുള്ളപ്പോള്‍ പാദങ്ങള്‍ ഇതൊന്നും അറിഞ്ഞതേയില്ല.

പരമ്പരാഗതപാതയ്ക്ക് മുകളില്‍ വഴികാട്ടിയായി പറന്ന കൃഷ്ണപ്പരുന്തിനെ നോക്കി കുളനട ഭഗവതിക്ഷേത്രത്തിലേക്ക്. കനകാഭരണങ്ങള്‍ കണ്ടിട്ടും കണ്ടിട്ടും മതിവരാതെ ഭക്തര്‍. നാട്ടുവഴികളും വയല്‍വഴികളും താണ്ടി ഉള്ളന്നൂരിലേക്ക്. ഭഗവതിയുടെ അനുഗ്രഹം തേടിയതോടെ യാത്രയ്ക്ക് ശരവേഗം. കരിയാകുഴിയും പറയങ്കര തവിട്ടുപൊയ്കയും പിന്നിട്ട് കുറിയാനപ്പള്ളി ക്ഷേത്രത്തില്‍ ദര്‍ശനം. കാടുവെട്ടിക്കലും കാവുംപടി ക്ഷേത്രവും പിന്നിട്ടതോടെ വെയിലൊഴിഞ്ഞുതുടങ്ങി.

പാട്ടും പ്രാര്‍ഥനയുമായി വഴിയിലുടനീളം വരവേല്പ്. കിടങ്ങന്നൂരിലും നാല്‍ക്കാലിക്കലും കഴിഞ്ഞ് ആറന്മുളയുടെ കവാടത്തില്‍ വന്‍സ്വീകരണം. വഞ്ചിപ്പാട്ടിന്റെ താളത്തിലാണ് പാര്‍ഥസാരഥിയുടടെ പടിക്കുതാഴെ ആചാരപരമായ വരവേല്പ്. അമ്പാടിയുടെ പുണ്യംപേറുന്ന ആറന്മുളയില്‍നിന്ന് പൊന്നുംതോട്ടം ഭഗവതിക്കടുത്തെത്തുമ്പോഴേയ്ക്കും വെയില്‍ പൂര്‍ണമായും ഒഴിഞ്ഞു.
ഇടവഴിയില്‍ തിങ്ങിനിറഞ്ഞ യാത്രയില്‍ ശരണംവിളിക്ക് ഇരട്ടി ആവേശം. ഇരുട്ടുവീണു തുടങ്ങിയപ്പോഴേക്കും പാമ്പാടിമണ്ണിലെത്തി വിശ്രമം. കനകാഭരണങ്ങള്‍ കണ്ടുതൊഴാന്‍ ഇവിടെ പതിവിലേറെ തിരക്ക്. പാതകളിലുടനീളം അയ്യപ്പനെകാത്ത് ആയിരങ്ങള്‍. ദീപപ്രഭയിലാണ് പള്ളിയോടക്കരക്കാര്‍ മുഴുവന്‍.

ചെറുകോല്‍ സുബ്രഹ്മണ്യസ്വാമിയുടെ അനുഗ്രഹംപേറി നീര്‍പ്പാലത്തിലൂടെ പുതിയകാവിലമ്മയുടെ തലോടലിലേക്ക്. ക്ഷേത്രമുറ്റത്തെ വിശ്രമം അമ്മയുടെ മടിത്തട്ടിലെ ഉറക്കംതന്നെ. ആഭരണദര്‍ശനത്തിനും അനുഗ്രഹത്തിനുമായി നാടുമുഴുവന്‍ ഇവിടേക്ക് ഒഴുകിയെത്തിയിട്ടുണ്ട്. ചെറിയ വിശ്രമത്തിനുശേഷം പുലര്‍ച്ചെ രണ്ടരയോടെ അയ്യപ്പപാദത്തിലേക്കുള്ള തുടര്‍യാത്ര.

No comments:

Post a Comment