Tuesday, May 2, 2017

പ്രചോദനകഥകൾ


ഒരു പട്ടി അതിന്റെ കുട്ടിയെ നോക്കിയിരിക്കുകയാണ്‌. സ്വന്തം വാലില്‍ കടിക്കുന്നതിനായി പട്ടിക്കുട്ടി വട്ടം കറങ്ങുന്നു.
'നീ എന്താണ്‌ ഈ കാണിക്കുന്നത്‌?' തള്ളപ്പട്ടി ചോദിച്ചു.
'അമ്മേ, ഞാനീ കഴിഞ്ഞ ദിവസങ്ങളിലെല്ലാം കുത്തിയിരുന്ന്‌ ആലോചിക്കുകയായിരുന്നു എന്താണ്‌ യഥാര്‍ഥ സന്തോഷത്തിന്റെ രഹസ്യമെന്ന്‌.''
''എന്നിട്ട്‌ നീ അതു കണ്ടുപിടിച്ചോ?''
''അതല്ലേ ഞാനീ കാണിക്കുന്നത്‌. പട്ടികളായ നമ്മുടെ ജീവിത സന്തോഷത്തിന്റെ രഹസ്യം ഈ വാലാണ്‌. അതു കൊണ്ട്‌ അതേല്‍ ഒന്നു പിടിക്കാനാണ്‌ ഞാന്‍ നോക്കുന്നത്‌.''
''എടാ, പണ്ട്‌ ഞാനും നിന്നെപ്പോലെ ഇങ്ങനെ ചിന്തിച്ചതാണ്‌. കുറേ വട്ടം കറങ്ങിയതുമാ ഈ സന്തോഷം ഒന്നു കടിച്ചെടുക്കാന്‍. അവസാനം എനിക്കും മനസിലായി ഇതു കൊണ്ടു ഫലം ഇല്ലെന്ന്‌. അതു കൊണ്ട്‌ ഞാന്‍ നേരെ മുന്നോട്ടു നടക്കുന്നു വാല്‍ എന്റെ പിന്നാലെ വരുന്നു. അതു കൊണ്ട്‌ നീ ഇങ്ങനെ വട്ടം കറങ്ങി സമയം കളയേണ്ട കാര്യമില്ല. നിന്റെ സന്തോഷത്തിന്റെ രഹസ്യം വാല്‍ ആണെങ്കില്‍ നീ നേരെ നടക്കുക. അതു നിന്റെ പിന്നാലെ വന്നോളും.'' തള്ളപ്പട്ടി പറഞ്ഞു.
ഇതു ശരിയല്ലേ? അല്‍പം മനഃസമാധാനത്തിന്‌ വേണ്ടി മനുഷ്യന്‍ നിന്ന്‌ വട്ടം കറങ്ങുകയാണ്‌. ഒരു മദ്യപനോട്‌ നീ എന്തിനാണ്‌ കുടിക്കുന്നതെന്ന്‌ ചോദിച്ചാല്‍ 'ഓ, എന്തോ പറയാനാ? ഇത്തിരി ആശ്വാസത്തിന്‌ വേണ്ടിയാ' എന്നാകും മറുപടി. ഇനി ഒരു കൂട്ടര്‍ പറയും 'ഇവനെ ഇത്തിരി അകത്താക്കിയാല്‍ ഒന്നു ചിരിക്കാം, ഉറക്കെ പാട്ടുപാടാം.''
വേദന നിറഞ്ഞ ലോകത്തിലാണ്‌ നമ്മള്‍ ജീവിക്കുന്നത്‌. അതിനാല്‍ എല്ലാവരും ആഗ്രഹിക്കുന്നത്‌ അല്‍പം സമാധാനവും സന്തോഷവും നേടിയെടുക്കാനാണ്‌. ഈ കാര്യങ്ങള്‍ ഒന്നും തന്നെ ദീര്‍ഘയാത്രയില്‍ നമുക്കു സമാധാനമോ സന്തോഷമോ തരികയില്ല. ആശ്വാസത്തിന്‌ പകരം ഇതൊക്കെ ഹൃദയം തകര്‍ക്കുകയാണ്‌ ചെയ്യുന്നത്‌. നീ പോകേണ്ട വഴിയിലൂടെ പോയാല്‍ സമാധാനം നിന്റെ പിന്നാലെ വന്നോളും. ആദ്യം ദൈവത്തിന്റെ നീതിയും രാജ്യവും അന്വേഷിക്കുക; അതോടെ സന്തോഷവും സമാധാനവും അനുഗ്രഹങ്ങളും ദൈവം തരും. യഥാര്‍ഥ സന്തോഷം അനുഭവിക്കുന്ന വ്യക്‌തി ഏതു സാഹചര്യത്തിലും പരിഭവിക്കുന്നില്ല. അവന്റെ ജീവിതം ദൈവം നിയന്ത്രിക്കുന്നു.
നാം പണത്തിന്‌ പിന്നാലെ ഓടിയാല്‍ നമുക്ക്‌ സന്തോഷം ലഭിക്കുമോ? ഒരു പതിനായിരം കെട്ട്‌ അഞ്ഞൂറിന്റെ നോട്ട്‌ കൊണ്ട്‌ മൂടിയാലും അതിന്‌ അടിയില്‍ കിടന്ന്‌ മനുഷ്യന്‍ വിളിച്ചു പറയും 'എനിക്ക്‌ ഇത്രയും പോരാ.' അതാണ്‌ മനുഷ്യന്റെ സ്‌ഥിതി. ഒരിക്കല്‍ ഒരു പിതാവ്‌ തന്റെ മകന്‌ സ്വര്‍ണം കൊണ്ടുണ്ടാക്കിയ റിസ്‌റ്റ് വാച്ച്‌ കൊടുത്തു. എന്നിട്ട്‌ പറഞ്ഞു: 'മോനെ വല്യപ്പച്ചന്‍ എന്റെ പിതാവിന്‌ കൊടുത്തതാണ്‌ ഈ വാച്ച്‌. അപ്പച്ചന്‍ അത്‌ എനിക്ക്‌ തന്നു. ഇതു ഞാന്‍ നിനക്കു തരുന്നു. കളയാതെ സൂക്ഷിച്ചു കൊള്ളണം.''
'ആകട്ടെ അപ്പച്ചാ.' എന്നു പറഞ്ഞ്‌ അവന്‍ വാച്ചു കൊണ്ടുപോയി മുറിക്കുള്ളില്‍ സൂക്ഷിച്ചു വച്ചു. രണ്ടാഴ്‌ച കഴിഞ്ഞ്‌ അവന്‍ വാച്ചെടുത്ത്‌ പോക്കറ്റിലിട്ട്‌ കൂട്ടുകാരെ കാണിക്കുവാന്‍ കൊണ്ടുപോയി. അടുത്തുള്ള തടിമില്ലിന്റെ മുന്നില്‍ കളിച്ചു കൊണ്ടിരുന്നപ്പോള്‍ അറപ്പു പൊടി കൂട്ടിയിട്ടിരുന്നിടത്ത്‌ വാച്ച്‌ നഷ്‌ടമായി. കൂട്ടുകാരെല്ലാം ചേര്‍ന്ന്‌ കുറേ സമയം തപ്പിയിട്ടും വാച്ചു കിട്ടിയില്ല. അവന്‌ കരച്ചിലും വിമ്മിട്ടവും വന്നു. അവസാനം കൂട്ടുകാരെല്ലാം അവരവരുടെ വഴിക്ക്‌ പോയി. അപ്പോള്‍ അവന്‍ ഇപ്രകാരം ചിന്തിച്ചു. കൂട്ടുകാര്‍ സ്‌ഥലം വിട്ടിരിക്കുന്നു. ഞാന്‍ നിശബ്‌ദനായി നില്‍ക്കാന്‍ പോവുകയാണ്‌. അപ്പോള്‍ വാച്ചിന്റെ ടിക്‌-ടിക്‌ ശബ്‌ദം എനിക്ക്‌ കേള്‍ക്കാം. അങ്ങനെ അത്‌ എനിക്ക്‌ തിരികെ കിട്ടും. അവന്‍ പൂച്ചയെപ്പോലെ അവിടെ പമ്മി നിന്നു. അപ്പോള്‍ കേള്‍ക്കാം ടിക്‌-ടിക്‌ ശബ്‌ദം. അറപ്പു പൊടിക്കുള്ളില്‍ നിന്നും വാച്ച്‌ കണ്ടെടുത്തു. ആ സന്തോഷത്തില്‍അവന്‍ തുള്ളിച്ചാടി. ഇതു പോലെ ജീവിതത്തില്‍ നാമെല്ലാം ആഗ്രഹിക്കുന്ന കാര്യമാണ്‌ സന്തോഷം. നഷ്‌ടപ്പെട്ട സന്തോഷം എങ്ങനെ നേടാം? ഈ ബാലനെപ്പോലെ അല്‍പസമയം നിശബ്‌ദമായി ശ്രദ്ധിക്കുക. ദൈവം ചെയ്‌ത ഉപകാരങ്ങള്‍ ഓര്‍ക്കുക. ദൈവിക നന്മകള്‍ ധ്യാനിക്കുക. അപ്പോള്‍ ടിക്‌-ടിക്‌ ശബ്‌ദം നിന്റെ കാതുകളില്‍ നിറയും. നഷ്‌ടപ്പെട്ട സന്തോഷം തിരികെ ലഭിക്കും. ഒരു ചിന്തകന്‍ പറയുന്നു: 'ലഭിച്ച അനുഗ്രഹങ്ങള്‍ക്ക്‌ നന്ദി പറയുവാന്‍ കഴിയാത്ത ഒരു വ്യക്‌തി സന്തോഷം എന്തെന്ന്‌ അറിഞ്ഞിട്ടില്ല.

No comments:

Post a Comment