Monday, December 8, 2014

ഭാഗവത മഹാസത്രം: കൃഷ്ണവിഗ്രഹം ഗുരുവായൂരില്‍നിന്ന് പുറപ്പെട്ടു...

ഭാഗവത മഹാസത്രം: കൃഷ്ണവിഗ്രഹം ഗുരുവായൂരില്‍നിന്ന് പുറപ്പെട്ടു...

ഗുരുവായൂര്‍: ആലുവ തിരുവാലൂര്‍ മഹാദേവക്ഷേത്രത്തില്‍ നടക്കുന്ന 32-ാമത് ഭാഗവത മഹാസത്രത്തിന്റെ യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള കൃഷ്ണവിഗ്രഹം ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍നിന്ന് പുറപ്പെട്ടു. ഞായറാഴ്ച രാവിലെ ഭക്തിനിര്‍ഭരമായ ചടങ്ങുകളോെടയാണ് കൃഷ്ണവിഗ്രഹം എഴുന്നള്ളിച്ചത്.

ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് അലങ്കരിച്ച രഥത്തില്‍ ആരതി ഉഴിയുകയും മാല ചാര്‍ത്തുകയും ചെയ്തു. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ ഭദ്രദീപം തെളിയിച്ചു. സത്രസമിതി പ്രസിഡന്റ് എം.കെ. കുട്ടപ്പമേനോന്‍, സെക്രട്ടറി ടി.ജി. പത്മനാഭന്‍ നായര്‍, സത്രനിര്‍വ്വഹണ സമിതി ചെയര്‍മാന്‍ കെ. ശിവശങ്കരന്‍, ജനറല്‍ കണ്‍വീനര്‍ പി.ബി. സജു, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ കെ.എം. രാജന്‍, ഗിരീഷ് കെ. നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

തുടര്‍ന്ന് വിഗ്രഹഘോഷയാത്ര മമ്മിയൂര്‍ ക്ഷേത്രസന്നിധിയിലേക്ക് നീങ്ങി. മുതുവട്ടൂര്‍ ചെറ്റിയാലക്കല്‍ ഭഗവതി ക്ഷേത്രം, ഏങ്ങണ്ടിയൂര്‍ മഹാവിഷ്ണു ക്ഷേത്രം, തൃത്തല്ലൂര്‍ ശിവക്ഷേത്രം, ഗണേശമംഗലം ഗണപതി ക്ഷേത്രം, വാടാനപ്പള്ളി ഭഗവതി ക്ഷേത്രം, നാട്ടിക ഹനുമാന്‍ സ്വാമി ക്ഷേത്രം, തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, ഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രം, ആല ശങ്കരനാരായണ ക്ഷേത്രം, കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം എന്നിവിടങ്ങളിലും ഞായറാഴ്ച സ്വീകരണം നല്‍കി.

തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലായി 200 ലേറെ ക്ഷേത്രങ്ങളില്‍ വരവേല്‍പ്പ് ഏറ്റുവാങ്ങിയശേഷം 19-ന് കൃഷ്ണവിഗ്രഹം സത്രവേദിയിലെത്തും. തുടര്‍ന്ന് ഭാഗവത സത്രത്തിന്റെ ഉദ്ഘാടനം മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും. 20 -നാണ് സമാപനം. അഞ്ചുലക്ഷത്തോളം ഭക്തജനങ്ങള്‍ പങ്കെടുക്കും.

No comments:

Post a Comment