Thursday, June 29, 2017

കൊട്ടിയൂരില്‍ നിഗൂഢ പൂജകള്‍ ആരംഭിച്ചു

വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള കലം കൊട്ടിയൂരിലെത്തിയതോടെ നിഗുഢ പൂജാകര്‍മ്മങ്ങള്‍ മണിത്തറയില്‍ ആരംഭിച്ചു. നല്ലൂരാന്‍ എന്നറിയപ്പെടുന്ന കുലാല സ്ഥാനികന്റെ നേതൃത്വത്തിലുള്ള സംഘം സന്ധ്യയോടെ കലവും എഴുന്നെള്ളിച്ച് കൊട്ടിയൂരിലെത്തി ചേര്‍ന്നു. കലപൂജ നടക്കുന്ന ദിവസങ്ങളില്‍ സന്ധ്യയോടെ അക്കരെ സന്നിധാനത്തിന്റെ ചുറ്റുമുള്ള കയ്യാലകളിലെ ദീപങ്ങള്‍ അണയ്ക്കും. മണിത്തറയിലെയും വാളറയിലെയും ദീപങ്ങള്‍ മാത്രം അണയ്ക്കില്ല. കലക്കെട്ടുകള്‍ സമര്‍പ്പിച്ച് മണിത്തറയിലെത്തിയ കലക്കാര്‍ക്ക് പുറം തിരിഞ്ഞിരിക്കുന്ന സ്ഥാനിക ബ്രാഹ്മണന്‍ പ്രസാദം നല്‍കി. തുടര്‍ന്ന് കലങ്ങള്‍ കരിമ്പനക്കല്‍ ചാത്തോത്ത് കയ്യാലയില്‍ സൂക്ഷിച്ചു. കയ്യാലയില്‍ ഒരുക്കി വെച്ചിട്ടുള്ള സദ്യ കഴിച്ചതോടെ കയ്യാലകളില്‍ വെളിച്ചം തെളിഞ്ഞു. നൂറ്റി അമ്പത്തിയാറ് കലങ്ങളാണ് എഴുന്നള്ളിക്കുക. ഇതില്‍ നൂറ്റി നാല്പത്തി രണ്ട് കലങ്ങള്‍ പൂജയ്ക്കായി എടുക്കും. കലപൂജ നടക്കുന്ന ദിവസങ്ങളില്‍ ശിവഭൂതഗണങ്ങള്‍ സന്നിധാനത്തിലെത്തുമെന്നാണ് വിശ്വാസം. ഈ സമയത്ത് മണിത്തറയില്‍ ആര്‍ക്കും പ്രവേശനമുണ്ടാകില്ല. ഇന്നലെ ഉച്ചയ്ക്ക് ശീവേലി വരെ മാത്രമേ സ്ത്രീകള്‍ക്ക് അക്കരെ ദര്‍ശനം ഉണ്ടായിരുന്നുള്ളൂ. ഉച്ചശീവേലിക്ക് ശേഷം തിടമ്പിറക്കിയ ആനകള്‍ തിരുവഞ്ചിറയില്‍ പ്രദക്ഷിണം വെച്ച് ഊരാളന്‍മാരും തന്ത്രിമാരും മറ്റ് സ്ഥാനികരും കഴകക്കാരും ഭക്തജനങ്ങളുമെല്ലാം മധുരപദാര്‍ത്ഥങ്ങള്‍ നല്‍കി. അതിനുശേഷം അമ്മാറക്കലിലും പടിഞ്ഞാറെ നടയിലും നമസ്‌കരിച്ച ആനകള്‍ പടിഞ്ഞാറെ നടവഴി പിന്നോട്ട് നടന്ന് ഇടബാവലിയില്‍ പ്രവേശിച്ചു.ആനകള്‍ സന്നിധാനം വിട്ടൊഴിയുന്നതോടെ സ്ത്രീകളും ഇടബാവലി കടന്നു.ഇതിനോടപ്പം വാദ്യക്കാരും അക്കരെ സന്നിധാനത്ത് നിന്ന് പിന്‍വാങ്ങി. കൂത്തമ്പലത്തിലെ നങ്ങ്യാര്‍ മാത്രം സന്നിധാനം വിട്ടൊഴിയില്ല. വറ്റടിനാള്‍ സ്വയംഭൂ മൂടേണ്ടുന്ന അഷ്ടബന്ധത്തിനായുള്ള മണ്ണ് നിര്‍മ്മാണവും ആരംഭിച്ചു. അത്തംചതുശ്ശതം കലപൂജ വരെ കൊട്ടിയൂരില്‍ പ്രത്യേക ആരാധനകളോ പൂജകളോ ഇല്ല. നിത്യപൂജകള്‍ തുടരും.

കരിമ്പ് പൂത്താൽ ഉടമ മരിക്കുമോ?

കരിമ്പു പൂത്താൽ ഉടമ മരിക്കുമെന്നൊരു വിശ്വാസം ഇന്നും പലസ്ഥലങ്ങളിലും ഉണ്ട്.  കരിമ്പിൻറെ തണ്ടാണ് ഉപയോഗിക്കുന്നത്. കരിമ്പിൻറെ ഇല കാലികൾക്ക് ആഹാരമായി നല്കുന്നു. വളരെ ഊർജ്ജം ആവശ്യമായ പ്രക്രിയയാണ് കരിമ്പ് പൂക്കുന്നത്. കരിമ്പ് പൂത്താൽ തണ്ടിൻറെ വളർച്ച നില്ക്കുകയും ഓല കരിയുകയും ചെയ്യും. കരിമ്പ് പൂക്കാതിരുന്നാൽ തണ്ടിൻറെ അമിത വളർച്ചയെ സഹായിക്കും.

   സൂര്യൻറെ ഗതി ആധാരമാക്കിയാണ് കരിമ്പ് പൂക്കുന്നത്. ഏതെങ്കിലും ഒരു പ്രത്യേക രാത്രിയുടെ ദൈർഘ്യത്തിനനുസരിച്ചാണ് അതിനുള്ള കാലം തിട്ടപ്പെടുത്തുന്നത്. കരിമ്പിൻറെ ഇനത്തിനും വളരുന്ന സ്ഥലത്തിനുമനുസരിച്ച് ഈ കാലഗണന മാറുന്നു. മറ്റു ചെടികളിലും മനുഷ്യരിലും കണ്ടു വരുന്ന ജൈവഘടികാരമാണ് ചെടികളിലെ ഇത്തരം അവസ്ഥയെ നിയന്ത്രിക്കുന്നത്.  ഈ പ്രവർത്തനം നടക്കാതിരിക്കണമെങ്കിൽ ചെടികളെ ഘടികാരം നോക്കാൻ അനുവദിക്കാതിരിക്കണം. കരിമ്പിൻറെ ജീവിതത്തിലെ ചില പ്രത്യേക രാത്രികളെ ശക്തമായ കൃത്രിമ വെളിച്ചം ഉപയോഗിച്ച് , അറിയാൻ കഴിയാതെയാക്കാമെങ്കിലും , രാത്രിയുടെയും പകലിൻറെയും ദൈർഘ്യം അറിയാൻ ചെടിയെ സഹായിക്കുന്ന മുകളിലത്തെ ഏതാനും ഇലകളെ നീക്കം ചെയ്യതും കരിമ്പ് പൂക്കുന്നത് തടയാം.  ചില പ്രത്യേക രാസവസ്തുക്കൾ ഉപയോഗിച്ച് കരിമ്പ് പുക്കുന്നത് തടയുന്നുണ്ടങ്കിലും ഇത് ആരോഗ്യത്തിന് ഹാനികരമാണ്. ഇത്തരത്തിൽ കരിമ്പ് പൂക്കുന്നത് വിളവിനെ ബാധിക്കുമെന്നതാണ് കരിമ്പ് പൂത്താൽ ഉടമ മരിക്കും എന്നായി പരിണമിച്ചത്.

Wednesday, June 28, 2017

വാള്‍ മടങ്ങുന്നതുവരെ മുതിരേരിക്കാവ് ഉറങ്ങുന്നു

കൊട്ടിയൂരിലേക്കു വാളുപോയാല്‍ പിന്നെ 27 ദിവസം വൈശാഖ മഹോത്സവം കഴിയുന്നതുവരെ വയനാട്ടില്‍ ഉത്സവങ്ങളും ആഘോഷങ്ങളുമില്ല.നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന രീതിയാണിത്. ഇനി വാളുമടങ്ങിവന്നിട്ടുമാത്രമേ കുടുംബത്തില്‍ കല്യാണം മുതല്‍ ഗൃഹപ്രവേശം വരെയുള്ള ചടങ്ങുകള്‍  നടത്തുകയുള്ളൂ എന്നാണ് അനുഷ്ഠാനം. മുമ്പൊക്കെ ഈ കീഴ്വഴക്കങ്ങളെ പാടേ അനുസരിച്ചവരാണ് വയനാട്ടുകാര്‍.  ഇതെല്ലാം ഇപ്പോഴും കൃത്യതയോടെ കാത്തുവെയ്ക്കുകയാണ് വടക്കെ വയനാട്ടിലെ കോഴിയോട്ട് കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെല്ലാം. മുതിരേരിയിലെ നാനാജാതി മതസ്ഥരും ഈ ആചാരത്തെ ഇന്നും തെറ്റിക്കാറില്ല. ചോതി നാളില്‍ മുതിരേരിക്കാവില്‍ നിന്നും വാളുമായി കൊട്ടിയൂരിലേക്കു ക്ഷേത്രം തന്ത്രി പുറപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ 27 ദിവസം ഈ കാവിലേക്കും ആര്‍ക്കും പ്രവേശനമില്ല ശിവലിംഗം തുളസിയിലയിട്ടു മൂടിയാണ് തന്ത്രി വാളുമായി പടിയിറങ്ങുക. തുടര്‍ന്നു ക്ഷേത്രത്തിലേക്കുള്ള വഴികളെല്ലാം മുള്ളുവെച്ച് അടയ്ക്കുകയാണ്  പതിവ്. അടിയാന്‍മാരുടെ നാട്ടുഗദ്ദികയടക്കം കൊട്ടിയൂരില്‍നിന്നും മുതിരേരിക്കാവിലേക്കു വാള്‍ മടങ്ങി വന്നതിനുശേഷം മാത്രമാണ് നടക്കുക.  കൊട്ടിയൂരിലെ ഇളനീരാട്ടത്തിനുശേഷമുള്ള തൃക്കലശാട്ടം കഴിഞ്ഞാണ് അവിടെനിന്നും വാളിന്റെ മടക്കം ഇവിടെനിന്നും വാള്‍ കൊണ്ടുപോകുന്നതിനായുള്ള ഉപാസനകളെല്ലാം പൂര്‍ത്തിയാക്കി ധ്യാനത്തിലിരിക്കുന്ന തന്ത്രി വെളിപാടുണ്ടാകുമ്പോള്‍ വാളുമായി  വയനാടന്‍ മലമടക്കുകള്‍ കയറുകയായി. തിരികെ കൊട്ടിയൂരിലെത്തുന്ന വാള്‍ ആദ്യദിവസം ശിവലിംഗത്തിനരികില്‍ വെയ്ക്കും. അന്നേദിവസം വാള്‍  പട്ടിണിക്കിടുക എന്നാണ് ഇതിനുള്ള വിശേഷണം. ഇതിനുശേഷമാണ് അടുത്ത ഒരാണ്ടിലേക്കുള്ള പൂജാവിധികള്‍ക്കായി ക്ഷേത്രനട തുറക്കുക വയനാടിന്റെ ആത്മീയവഴികളില്‍ വേറിട്ടതാണ് മുതിരേരിക്കാവിന്റെ ആചാരങ്ങളെല്ലാം. ഇന്നും ആധുനികതയിലേക്കു വഴിമാറാത്ത പ്രകൃതിയോടു ഏററവും അടുത്തു നില്‍ക്കുന്നതാണ് കാവും പരിസരങ്ങളും. പതിവുതെറ്റിക്കാതെ വാളുപോക്കിനു കാവിലെത്തി മടങ്ങുന്നതും വയനാട്ടിലെ  ഹൈന്ദവ കുടുംബങ്ങളുടെ ശീലമാണ്. പ്രകൃതിഭാവങ്ങളുമായി തിമിര്‍ത്തുപെയ്യുന്ന മഴയില്‍ കൊട്ടിയൂര്‍ ക്ഷേത്രം ജനനിബിഡമാകും. ഓലമേഞ്ഞ പര്‍ണശാലകളും ഓടപ്പൂക്കളുമായി മഴയില്‍ കുതിര്‍ന്ന കൊട്ടിയൂര്‍ അമ്പലത്തില്‍ ദര്‍ശനംനടത്തുകയെന്നതും നിയോഗമായി കാണുന്നവരായിരുന്നു മുന്‍ തലമുറകളെല്ലാം. കാലം മുന്നേറുമ്പോഴും ഈ ശീലങ്ങളെ ജീവിതത്തോടൊപ്പം കൂട്ടുന്നവര്‍ തന്നെയാണ് ഈ  ശീലങ്ങളെ ജീവിതത്തോടൊപ്പം കൂട്ടുന്നവര്‍ തന്നെയാണ് ഈ ആരാധനാലയത്തെയും ഇന്നു തിരക്കുകൊണ്ട് മൂടുന്നത്. നെയ്യാട്ടവും  ഇളനീരാട്ടവും കഴിഞ്ഞാണ് ഇവിടെ നിന്നുമുള്ള വിശ്വാസികളുടെ മടക്കയാത്രകള്‍.

Tuesday, June 27, 2017

ശയനപ്രദക്ഷിണം

ഇഷ്ടകാര്യസിദ്ധിക്കു ശയനപ്രദക്ഷണം ഇവിടെ നടത്തുന്നത് ഏറെ ഉത്തമമാണ്. തിരുവൻചിറയിലെ ചെളിവെളളത്തിലൂടെയാണ് ശയന പ്രദക്ഷിണം വയ്ക്കുന്നത്. മാറാദുരിതങ്ങൾക്ക് ആൾരൂപം ഒഴിപ്പിക്കൽ എന്ന ചടങ്ങ് മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവിടെയുണ്ട്‌. അതിരാവിലെ 7 മണിക്കു തന്നെ എത്തി വഴിപാടുകൾക്ക് രസീതെഴുതേണ്ടതാണ്. കുടം ഒഴിപ്പിക്കൽ അതിവിശിഷ്ടമാണ്. രാവിലെ 8 മണിയോടെ രസീതെഴുതിയാൽ മാത്രമേ ഈ വഴിപാടു നടത്താൻ സാധിക്കൂ. ജന്മാന്തര ദുരിതമോചനവും ധനവർ‌ധനയും അഷ്ടൈശ്വര്യങ്ങളും ലഭിക്കും. സ്വർണ്ണക്കുടത്തിൽ ഐശ്വര്യവും, വെളളിക്കുടത്തിൽ ദുരിതനിവൃത്തിയുമാണ്. ഓരോ നേർച്ചക്കാരന്റെയും പേരു ചൊല്ലി ഒട്ടനവധി പൂജാരിമാരും എഴു തന്ത്രിമാരും സാമൂതിരിയും നേർച്ചക്കാരുടെ ഐശ്വര്യത്തിനുവേണ്ടി ഭഗവാനോട് ഉറക്കെ  പ്രാർത്ഥിച്ചു നടത്തുന്ന വഴിപാടാണിത്

മകം കലം വരവ്‌ നാളെ ( 28-06-2017 )

നാളെയാണ്‌ മകം കലം വരവ്‌.നാളെ നല്ലൂരാന്‍ എന്നറിയപ്പെടുന്ന കുലാല സ്‌ഥാനികന്റെ  നേതൃത്വത്തിലുള്ള സംഘം സന്ധ്യയോടെ കലവും എഴുന്നെള്ളിച്ച്‌ കൊട്ടിയൂരിലെത്തും.നാളെ  ഉച്ചയ്‌ക്ക്‌ ശീവേലി വരെ മാത്രമേ  സ്‌ത്രീകള്‍ക്ക്‌  അക്കരെ ദര്‍ശനം ഉണ്ടായിരിക്കുകയുള്ളൂ. ഉച്ചശീവേലിക്ക്‌ ശേഷം തിടമ്പിറക്കുന്ന ആനകള്‍ തിരുവഞ്ചിറയില്‍ പ്രദക്ഷിണം വെച്ച്‌ ഊരാളന്‍മാരും തന്ത്രിമാരും മറ്റ്‌ സ്‌ഥാനികരും കഴകക്കാരും ഭക്‌തജനങ്ങളുമെല്ലാം  നല്‍കുന്ന മധുരപദാര്‍ത്ഥങ്ങള്‍ കഴിച്ചതിനുശേഷം അമ്മാറക്കലിലും പടിഞ്ഞാറെ നടയിലും നമസ്‌കരിച്ച്‌ ആനകള്‍ പടിഞ്ഞാറെ നടവഴി പിന്നോട്ട്‌് നടന്ന്‌ ഇടബാവലിയിലൂടെ ഇക്കരെയ്‌ക്ക്‌ കടയ്‌ക്കും. ആനകള്‍ സന്നിധാനം വിട്ടൊഴിയുന്നതോടെ സ്‌ത്രീകളും ഇടബാവലി കടക്കണം.ഇതിനോടപ്പം വാദ്യക്കാരും അക്കരെ സന്നിധാനത്ത്‌ നിന്ന്‌ പിന്‍വാങ്ങും.

Monday, June 26, 2017

സ്ത്രീകള്‍ക്ക് പ്രവേശനം ബുധനാഴ്ച ഉച്ചവരെ

കൊട്ടിയൂര്‍ വൈശാഖോത്സവം സമാപിക്കാന്‍ ഇനി ദിവസങ്ങള്‍മാത്രം. കലപൂജയ്ക്ക് ആവശ്യമായ കലങ്ങള്‍ ബുധനാഴ്ച സന്ധ്യയോെട കൊട്ടിയൂരിലെത്തിക്കും. അന്ന് ഉച്ചയ്ക്കുശേഷം മുതല്‍ അക്കരെ കൊട്ടിയൂരിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടാകില്ല.ഭഗവാന് നേദിക്കുന്ന നാല് വലിയവട്ടളം പായസങ്ങളില്‍ മൂന്നാമത്തേതായ ആയില്യം ചതുശ്ശതം ചൊവ്വാഴ്ച പന്തീരടിനിവേദ്യത്തോടൊപ്പം ദേവന് സമര്‍പ്പിക്കും. സ്ത്രീകള്‍ക്ക് പങ്കെടുക്കാവുന്ന അവസാനത്തെ ചതുശ്ശതമായതിനാല്‍ ചൊവ്വാഴ്ച ഭക്തകളുടെ തിരക്കായിരിക്കും.  നല്ലൂരാന്‍ എന്നറിയപ്പെടുന്ന കുലാലജാതികന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലായി നടക്കുന്ന കലപൂജയ്ക്കുള്ള കലങ്ങള്‍ എത്തിക്കുക.  കലപൂജ നടക്കുന്ന ദിവസങ്ങളില്‍ രാത്രികാലങ്ങളില്‍ അക്കരെ കൊട്ടിയൂരില്‍ തീര്‍ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കില്ല. അക്കരെ കൊട്ടിയൂരില്‍ ആനകള്‍ പങ്കെടുക്കുന്ന അവസാനത്തെ ശീവേലി ബുധനാഴ്ച ഉച്ചയ്ക്ക് പൂര്‍ത്തിയായി ആനകള്‍ ഇക്കരെക്ക് മടങ്ങും. ഇതോടെ സ്ത്രീകളും അക്കരെസന്നിധാനം വിടും

Saturday, June 24, 2017

ഇന്ന് തൃക്കൂര്‍ അരിയളവും തിരുവാതിര ചതുശ്ശതവും

രോഹിണി ആരാധനയ്ക്കുശേഷം ആയില്യം നക്ഷത്രത്തിന് മുമ്പായുള്ള കൊട്ടിയൂര്‍ പെരുമാളിന്റെ പ്രസാദമെന്ന് വിശേഷിപ്പിക്കുന്ന തൃക്കൂര്‍ അരിയളവ് ഇന്ന് നടക്കും.  കോട്ടയം കോവിലകം, മണത്തണയിലെ കുളങ്ങരേത്ത്, കരിമ്പനക്കല്‍ ചാത്തോത്ത്, ആക്കല്‍, തിട്ടയില്‍ തറവാടുകളിലെ സ്ത്രീകള്‍ക്ക് അരിയും ഏഴില്ലക്കാര്‍ക്ക് തേങ്ങയും വെല്ലവുമാണ് നല്കുക. കോവിലകത്തെ സ്ത്രീകള്‍ക്ക് പന്തീരടിപൂജയ്ക്ക് തൊട്ടുപുറകെ വെള്ളിത്തട്ടില്‍ സ്വര്‍ണപ്പാത്രത്തിലാണ് അരി ചൊരിയുന്നത്. മറ്റ് സ്ത്രീകള്‍ക്ക് അത്താഴശീവേലിക്കുശേഷം കിഴക്കെനടയിലെ മുഖമണ്ഡപത്തില്‍വെച്ചും അരി ചൊരിയും. 4 തറവാടുകളിലെയും പുരുഷന്മാര്‍ക്കും ആണ്‍കുട്ടികള്‍ക്കും ആയുസ്സില്‍ ഒരിക്കല്‍മാത്രം അരിവാങ്ങാം. വൈശാഖ മഹോത്സവ നാളുകളില്‍ ഊരാളന്മാരുടെ കുടുംബത്തിലെ സ്ത്രീകള്‍ക്ക് തൃക്കൂര്‍ അരിയളവിനും ഏഴില്ലക്കാരുടെ വീടുകളിലെ സ്ത്രീകള്‍ക്ക് ഒരുതവണ പ്രത്യേക പ്രസാദം വാങ്ങാനും മാത്രമേ ക്ഷേത്രസന്നിധിയില്‍ പ്രവേശിക്കാവൂ. നാളികേരവും മധുരവും ചേര്‍ത്തതാണ് പ്രസാദം. കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിലെ നാല് ചതുശ്ശതങ്ങളില്‍ ആദ്യത്തേതായ തിരവാതിര ചതുശ്ശതവും  ഇന്ന് നടക്കും.  തിരുവാതിര, പുണര്‍തം, ആയില്യം,അത്തം എന്നീ നാളുകളിലാണ് ചതുശ്ശതം അഥവാ വലിയവട്ടളം പായസം ദേവന് നിവേദിക്കുന്നത്.   തിരുവാതിര പന്തീരടിയോടെയാണ്തിടപ്പള്ളിയില്‍ പായസ നിര്‍മ്മാണം ആരംഭിക്കുക. 100 ഇടങ്ങഴി അരി, 100 നാളികേരം, 100 കിലോ ശര്‍ക്കരയും നെയ്യും ചേര്‍ത്താണ് പായസം തയ്യാറാക്കുക. മണിത്തറയില്‍ വെച്ചും കോവിലകം കയ്യാലയില്‍ വെച്ചും പായസനിവേദ്യം വിതരണം ചെയ്യും.

Friday, June 23, 2017

ഗുരുവായൂർ മാഹാത്മ്യം കഥകൾ കൊമ്പുള്ള തേങ്ങ.

കുറച്ച് വർഷങ്ങൾക്കുമുമ്പ് വരെ ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിൽ വിചിത്രമായ ഒരു ഉണക്കത്തേങ്ങ കെട്ടിത്തൂക്കിയിരുന്നു. ഒരു കൊമ്പുള്ള തേങ്ങ. അതിന്റെ ഐതിഹ്യം ഇങ്ങിനെയാണ്. നമ്മുടെ നാട്ടിൽ പണ്ടുവരെയുള്ള ഒരാചാരമായിരുന്നു കന്നിഫലം ദേവന് സമർപ്പിക്കയെന്നത്.
കടിഞ്ഞൂൽ കനിയെ അടിമ കിടത്തുക എന്ന സമ്പ്രദായം കൂടിയുള്ളതാണല്ലോ . ഗുരുവായൂർ ദേശത്തെ ഒരു വീട്ടുമുറ്റത്തെ തെങ്ങു ചൊട്ടയിട്ടു. ആദ്യത്തെ കുലത്തേങ്ങാ  ഗുരുവായൂരപ്പന് സമർപ്പിക്കാമെന്ന് ഗൃഹനാഥൻ വഴിപാട് നേർന്നു ഒരു നാൾ സ്ഥലത്തിന്റെ ജന്മിയുടെ ദൃഷ്ടിയിൽ ഈ തെങ്ങിൻ കുല പെട്ടുപോയി. ആ കുലയിലെ തേങ്ങ മുഴുവൻ തനിക്കു വേണമെന്നായി ജന്മി. അത് സാധ്യമല്ലെന്നും ആ കുല മുഴുവൻ നടക്കൽവച്ചു കൊള്ളാമെന്നു താൻ പ്രാർത്ഥിച്ചിട്ടുണ്ടെന്നായി ഗൃഹനാഥൻ. ആ ഒഴികഴിവു കേട്ട് ജന്മി പുച്ഛസ്വരത്തിൽ ചോദിച്ചു. "എന്താ ഈ കുലക്ക് പ്രത്യേകത : അതിലെ വിത്തിനെന്താ കൊമ്പുണ്ടോ?" ഗുരുവായൂരപ്പന്റെ ഇച്ഛയുണ്ടെങ്കിൽ അതിനു കൊമ്പു മുളക്കും എന്ന് ഭക്തനും വിശ്വാസിയുമായ ഗൃഹനാഥൻ മറുപടിയും പറഞ്ഞു. അത്യത്ഭുതമെന്നു പറയാം!! ആ കുലയിലെ തേങ്ങകളിലെല്ലാം ഓരോ കൊമ്പു മുളച്ചു തുടങ്ങി. ജന്മിക്കു ഭയവും പശ്ചാത്താപവും തോന്നി എന്തിനേറെ രണ്ടുപേരും ചേർന്ന് ആ കുല ഗുരുവായൂരപ്പന് നേതാക്കൾ സമർപ്പിച്ചു. തന്റെ ഭക്തന്റെ വാക്കുകളെ സത്യമാക്കിയ ഗുരുവായൂരപ്പന്റെ കാരുണ്യമല്ലാതെ മറ്റെന്താവാം ഇത്. ഈ കൊമ്പുള്ള തേങ്ങ ദേവസ്വം മ്യുസിയത്തിൽ പ്രദർശനത്തിന് വച്ചിട്ടുണ്ട്. 
ഓം നമോ ഭഗവതേ വാസുദേവായ!
ഓം: നമോ: നാരായണായ.
ശ്രീ ഗുരുവായൂരപ്പൻ

തൃക്കൂര്‍ അരിയളവും തിരുവാതിര ചതുശ്ശതവും നാളെ ( 24 - 06 - 2017 )

കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിലെ നാല് ചതുശ്ശതങ്ങളില്‍ ആദ്യത്തേതായ തിരുവാതിര ചതുശ്ശതവും തൃക്കൂര്‍ അരിയളവും നാളെ നടക്കും.
കോട്ടയം സ്വരൂപത്തിലെ സ്ത്രീകള്‍ക്ക് പന്തീരടികാമ്പ്രം നമ്പൂതിരിപ്പാട് നിശ്ചിത അളവ് അരി സ്വര്‍ണത്തളികയില്‍ പകര്‍ന്ന് നല്‍കും. രാത്രി പൂജയ്ക്ക്‌ശേഷം നാലു തറവാട്ടിലെ സ്ത്രീകള്‍ക്ക് മണിത്തറയില്‍ വെച്ച് അരി നല്‍കും. ഏഴില്ലക്കാര്‍ക്ക് പഴവും ശര്‍ക്കരയും നല്‍കും. തൃക്കൂര്‍ അരിയളവിന് മാത്രമാണ് താറവാട്ടുകാരായ സ്ത്രീകള്‍ക്ക് അക്കരെ ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടാകാറുള്ളൂ. തിരുവാതിര, പുണര്‍തം, ആയില്യം, അത്തം എന്നീ നാളുകളിലാണ് ചതുശ്ശതം അഥവാ വലിയവട്ടളം പായസം ദേവന് നിവേദിക്കുന്നത്. തിരുവാതിര പന്തീരടിയോടെയാണ് തിടപ്പള്ളിയില്‍ പായസ നിര്‍മ്മാണം ആരംഭിക്കുക.100 ഇടങ്ങഴി അരി, 100 നാളികേരം, 100 കിലോ ശര്‍ക്കരയും നെയ്യും ചേര്‍ത്താണ് പായസം തയ്യാറാക്കുക. മണിത്തറയില്‍ വെച്ചും കോവിലകം കയ്യാലയില്‍ വെച്ചും പായസ നിവേദ്യം വിതരണം ചെയ്യും . മണത്തണ പാരമ്പര്യ ഊരാളതറവാട്ടുകളിലെയും ഏഴില്ലം തറവാട്ടുകളിലെയും സ്ത്രീകൾ ഉൽത്സവത്തിനു വന്നാൽ ഈ ചടങ്ങ് കഴിങ്ങു കഴിഞ്ഞ് മാത്രമേ മടങ്ങിപോകാൻ പാടുള്ളൂ .

വൈശാഖമഹോത്സവവും കാനന നടുവിലെ പർണ്ണശാലയും

വർഷത്തിൽ പതിനൊന്നു മാസങ്ങളിലും ദേവഗണങ്ങൾ പൂജക്ക്‌ എത്തുന്ന ഒരു സ്ഥലം പിന്നിട് ഒരു ഇരുപതിയെഴുനാൽ കാനന മധ്യത്തിലെ ആ പുണ്യ ഭൂമി ജനങ്ങൾക് തുറന്നു കൊടുക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണ് കൊട്ടിയൂർ പുഴയില മുങ്ങി ഈറൻ അണിഞ്ഞു തടാക മധ്യത്തിലെ ഓലപ്പുരയിൽ ഭക്തർ എത്തുന്നു ഭഗവാനെ തൊട്ടും തലോടിയും ഭക്തർ മറുകരതാണ്ടുന്ന കേരളത്തിലെ അപൂർവ്വ തീര്തടന കേന്ദ്രം . വയനടാൻ കുന്നുകൾക്ക് താഴെ വാവലി പുഴയുടെ തീരത്തെ ഒരു പൂജസ്ഥാനം ഈ കാനനകൈലാസേശ്വരക്ഷേത്രം.കൊട്ടിയൂർ കഥകളുടെ മാത്രമല്ല കാഴ്ചയുടെയും മനോഹാരിതയും സമ്മാനിക്കും ടെവാഗങ്ങൾ പൂജ നടത്തുമ്പോൾ വിഗ്നം വരാതിരിക്കാൻ ആണ് പതിനൊന്നു മാസം ക്ഷേത്രത്തിൽ മറ്റാരും പ്രവേശിക്കാത്തത്. ബ്രാഹ്മണന്‍ മുതല്‍ കാട്ടിലെ പഴമക്കാരായ കാടന്‍ വരെയുള്ളവര്‍ കൊട്ടിയൂര്‍ ക്ഷേത്രത്തിലെ സ്ഥാനികരാണ്. ഹിന്ദു സമാജത്തിലെ മുഴുവന്‍ വിഭാഗങ്ങള്‍കും തുല്യപ്രാധാന്യം കല്പിച്ച്, ഓരോ ജാതീയവിഭാഗതിനും അവരവരുടെ ജീവിതവൃത്തിയുമായി ബന്ധപെട്ട് അടിയന്തരാവകാശങ്ങള്‍ നല്‍കിപ്പോരുന്ന ഒരു വ്യവസ്ഥിതി വൈശാഖോത്സവത്തെ വേരിട്ടതാക്കുന്നു. ത്രിശിലാചലം, തൃച്ചെറുമന്ന എന്നീ പേരുകളിലും അറിയപ്പെടുന്നു. ഈ ക്ഷേത്രത്തിൽ പ്രാചീനകാലം മുതല്‍ നടത്തിവരുന്ന അയിത്തരഹിത ആചാരമാണ് കൊട്ടിയൂര്‍ വൈശാഖോത്സവം എന്ന് ഏറെ പ്രശസ്തമാണ്.അതിപുരാതന കാലത്ത് ദക്ഷപ്രജാപതി യാഗം നടത്തിയ സ്ഥലമാണത്രേ കൊട്ടിയൂര്‍. യാഗവേദിയിലെത്തിയ സതീദേവി അപമാനിതയായി ദേഹത്യാഗം ചെയ്ത പുണ്യഭൂമി. തന്‍റെ പ്രാണെശ്വരി ആത്മത്യാഗം ചെയ്ത ഹോമകുണ്‌ഡത്തിനരികിലായി യാഗപര്യവസാനവേളയില്‍ സ്വയംഭൂവായി നിലകൊള്ളുന്ന ശിവചൈതന്യം ലോകരക്ഷയ്ക്കായി നടത്തിയ യാഗം ലക്ഷ്യത്തിൽ എതത്തെ സര്‍വ്വിനാശത്തിലേക്ക് പോകുന്നതുകണ്ട് ബ്രഹ്മാവ്‌,വിശുന്,മഹേശ്വർ തുടങ്ങി മുപ്പത്തിമുക്കോടി ദേവകളും ഒത്തു ചേർന്ന സ്ഥലം ‘കുടിയൂരായി’. ഇത് കാലക്രമേണ പരിണമിച്ച് ‘കൊട്ടിയൂരാ’യി മാറി. ശിവശിഷ്യരില്‍ പ്രധാനിയായ പരശുരാമന്‍ ഈ സഹ്യപര്‍വതസാനുവിലെത്തി തപസ്സുചെയ്തു. ദേവേന്ദ്രനിര്‍ദേശമനുസരിച്ച് തപസ്സുമുടക്കനായി കലി എത്തി. കലിയുടെ പ്രവൃത്തിയില്‍ കുപിതനായ ഭാര്‍ഗവരാമന്‍ കലിയെ കൊലപ്പെടുത്താനുറച്ചപ്പോള്‍ ത്രിമൂര്‍ത്തികള്‍ പ്രത്യക്ഷപ്പെട്ടുവത്രേ. കലി ഒരിക്കലും ഈ യാഗഭൂമിയില്‍ പ്രവേശിക്കയില്ലെന്നും, ഇവിടുത്തെ ഭക്തര്‍ക്ക് ദോഷം ഉണ്ടാകില്ലെന്നും, ദേവഭൂമിയായ ഇവിടെ വര്ഷം തോറും വൈശാഖമഹോത്സവം നടത്തണമെന്നുള്ള ഉപാധിയില്‍ കലിയെ ഭാര്‍ഗവരാമന്‍ വിട്ടയച്ചു. മേടമാസത്തിലെ വിശാഖം മുതല്‍ മിഥുനമാസത്തിലെ ചോതി വരെ മൂന്നു മാസങ്ങളിലാണ് പരശുരാമകല്പിതമായ ഉത്സവച്ചടങ്ങുകള്‍ നടക്കുന്നത്.കാലാന്തരത്തില്‍ വൈശാഖമഹോത്സവം തടസ്സപ്പെടുകയും, ഈ പ്രദേശം കൊടുംകാടു മൂടുകയും ചെയ്തു.തുടർന്ന് വർഷങ്ങൾക്ക് ശേഷം ഒരു കുറിച്ച്യ യുവാവ് നായാട്ടുവേളയില്‍ ശിവച്ചൈതന്യം വഹിക്കുന്ന കല്‍വിളക്ക് കണ്ടെത്തുകയും ചെയ്തു അതിനു ശേഷം ക്ഷേത്രം ഓലപ്പുര വെച്ച് നിർമ്മിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.വയനടാൻ കുന്നുകളുടെ മലനിരകളോട് ചേർന്ന് പ്രകൃതിയോടിണങ്ങിയ ഒരു ക്ഷേത്രാരാധനാ സങ്കല്‍പ്പമാണ് കൊട്ടിയൂരിലുള്ളത്. ഒരു മഹാക്ഷേത്രത്തിന്‍റെതായിട്ടുള്ള വാസ്തുവിദ്യകളോ,കൊടിമരമോ ചുറ്റു അമ്പലവോ ഇവിടെയില്ല. ബാവലീതീര്‍ത്ഥമൊഴുകിയെത്തുന്ന തിരുവഞ്ചിറ എന്ന നദിയുടെ മധ്യത്താണ് കട്ടുകല്ലില്‍ തീര്‍ത്ത ഈ പുണ്യ ക്ഷേത്രം. ‘മണിത്തറ’ എന്നാ സ്വയംഭൂ ശിവസങ്കല്പസ്ഥാനം, സതീദേവി ജീവത്യാഗം ചെയ്ത ‘അമ്മ മറഞ്ഞ തറ’ എന്നാ ‘അമ്മാറക്കല്‍ തറ’, തിരുവഞ്ചിറയ്ക്ക് ചുറ്റുമായി താമസിക്കാനുള്ള പര്‍ണശാലാസമാനമായ ‘കയ്യാലകള്‍’ എന്നാ പേരിലുള്ള ഓലപ്പുരകൾ ആണ് ഇവിടെ ഉള്ളത് ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ നീരെഴുന്നള്ളത്തിനു ജലം കൊണ്ടുപോകുന്നത് കാട്ടുകൂവയുടെ ഇലയിലാണ്.പ്രധാന പ്രസാദമായ ഓടപ്പൂവ് സഹ്യസാനുവിലെ മുളങ്കാടുകളിലെ ഒടത്തണ്ട് (ഈറ്റ) ചതച്ചെടുത്തു ചീകിയാണ് ഉണ്ടാക്കുന്നത്. തുമ്പയും, തുളസിയും, കൂവളത്തിലയുമാണ്‌ മണിത്തറയിലുപയോഗിക്കുന്നത്. ഭക്തര്‍ക്ക് പ്രസാദവും, ഭക്ഷണവും നല്‍കുന്നത് മരവാഴയിലയിലാണ്. ഞെട്ടിപ്പനയോലയും, കവുള്‍ചെടിയുടെ തോലിയുമാണ് കയ്യാലകെട്ടിന് ഉപയോഗിക്കുന്നത്. പ്രകൃതിയും, മനുഷ്യനും ഒന്നാണെന്നു ഉദ്ഘോഷിക്കുന്ന ഈ യഗോത്സവം നല്‍കുന്ന പാരിസ്ഥിതിക ദര്‍ശനം നാം ഉള്‍ക്കൊളെളണ്ടതുണ്ട് . വെടിക്കെട്ടും, ചമയങ്ങളും, ആഘോഷങ്ങളുമൊന്നുമില്ലാത്ത തികച്ചും ആഡംബര രഹിതമായാണ് ആരാധനാ ക്രമം.ഇതൊരു ക്ഷേത്രം എന്ന് കരുതാൻ ആരുക്കും ഇഷ്ടം അല്ല ഒരു ആരാധനാ കേന്ദ്രം എന്ന് പറയുവാനാണ് എല്ലാവർക്കും ഇഷ്ടം വൈഷകൊൽത്സവം കഴിയുമ്പോൾ ഇവിടം പിന്നെ പഴയരീതിൽ ആകുന്നു കാടു,മഴ,ഇരുപത്തിയേഴു നാൾ മനുഷ്യർ പൂജിച്ച ഒരു ദേവനും ഇവിടെ ഉണ്ടാകും .അടുത്ത വൈഷകൊല്ത്സവവും കാത്ത്.

ഭക്തിയുടെ നിറവില്‍ രോഹിണി ആരാധന നടന്നു

കൊട്ടിയൂര്‍ വൈശാഖോത്സവത്തിലെ മൂന്നാമത്തെ ആരാധനയായ രോഹിണി ആരാധന ഭക്തിയുടെ നിറവില്‍ നടന്നു. ഇന്ന് ഉച്ചയോടെ ഭക്തരുടെ ഓംകാര മന്ത്രവും ഒപ്പം മഴയും സന്നിധാനം ഭക്തിയുടെ ആനന്ദലഹരിയില്‍ മുങ്ങി. തുടര്‍ന്ന് സ്വര്‍ണം, വെള്ളി കുംഭങ്ങള്‍ എഴുന്നള്ളിച്ച് പൊന്നിന്‍ ശീവേലിയും കുടിപതികള്‍, വാളശന്‍മാര്‍, കാര്യത്ത് കൈക്കോളന്‍, പാട്ടാളി എന്നിവര്‍ക്കായി ഭണ്ഡാരയറയ്ക്കു മുന്നില്‍ സദ്യയും നടത്തി. സന്ധ്യയ്ക്ക് ബാബുരാളര്‍ സമര്‍പ്പിച്ച പാലമൃത് എന്ന് വിളിക്കപ്പെടുന്ന പഞ്ചഗവ്യം സ്വയംഭൂ വിഗ്രഹത്തില്‍ അഭിഷേകം ചെയ്തു. വേക്കളത്തിനടുത്ത് കരോത്ത് നായര്‍ തറവാട്ടില്‍ നിന്നാണ് പാലമൃത് എഴുന്നള്ളിച്ച് കൊണ്ടു വന്നത്. പന്തീരടി കാമ്പ്രം സ്ഥാനിക ബ്രാഹ്മണന്‍ ആരാധന പൂജയോടെ നടത്തി.അക്കരെകൊട്ടിയൂരും പരിസരവും ഭക്തജനങ്ങളാല്‍ നിറഞ്ഞ് കവിയുന്ന കാഴ്ചയായിരുന്നു
ദര്‍ശനത്തിനായുള്ള ക്യൂ ബാവലിപ്പുഴയും കടന്നു ണിക്കൂറോളം ക്യു നിന്നാണ് ഭക്തജനങ്ങള്‍ക്ക് ദര്‍ശനം സാധ്യമായത് . 28 നാണ് മകം കലം വരവ്. അന്ന് ഉച്ചശീവേലി വരെ മാത്രമാണ് അക്കരെ സന്നിധാനത്ത് സ്ത്രീകള്‍ക്ക് പ്രവേശമുണ്ടാവൂ  .