Wednesday, May 31, 2017

കൊട്ടിയൂര്‍ ഉത്സവ നഗരിയില്‍ ഓടപ്പൂ 'വിരിഞ്ഞു'

വൈശാഖ മഹോത്സവ നഗരിയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത വഴിപാടായ 'ഓടപ്പൂ' ഒരുക്കുന്ന തിരക്കിലാണ്   കൊട്ടിയൂരിലെ നൂറുകണക്കിന് കുടുംബങ്ങള്‍. വരുമാന മാര്‍ഗമെന്നതിലുപരി കൊട്ടിയൂരുകാരുടെ വികാരമാണ് ഓടപ്പൂ നിര്‍മാണം. ഉത്സവ നഗരിയില്‍ റോഡിനിരുവശവും ഓടപ്പൂക്കള്‍ കെട്ടിത്തൂക്കിയ സ്റ്റാളുകള്‍ മനോഹര കാഴ്ചയാണ്.
ദക്ഷന്റെ താടിയാണ് ഒടപ്പൂവെന്നാണ് വിശ്വാസം. കൊട്ടിയൂരിലെത്തുന്ന തീര്‍ത്ഥാടകര്‍ ഓടപ്പൂ വാങ്ങാതെ മടങ്ങാറില്ല. വനത്തില്‍നിന്ന് ഓടകള്‍ കൊണ്ടുവന്ന് പ്രത്യേക രീതിയില്‍ ചീകിയെടുത്താണ് പൂവ് നിര്‍മിക്കുന്നത്.  വയനാട് വൈത്തിരിയില്‍നിന്ന് വനം വകുപ്പിന്റെ അനുമതിയോടെ 'കള്ളി' എന്നറിയപ്പെടുന്ന മൂപ്പെത്താത്ത ഓട കൊട്ടിയൂരിലെത്തിക്കും.  പുറംതൊലി ചീകിക്കളഞ്ഞ് ചതച്ച് ഒരു ദിവസം വെള്ളത്തിലിട്ടാണ് ഓടപ്പൂ നിര്‍മാണ കേന്ദ്രങ്ങളിലെത്തിക്കുക. പ്രത്യേക ഉപകരണം കൊണ്ട് ചീകി വൃത്തിയാക്കി നല്‍കിയാല്‍ മൂന്ന് രൂപ ലഭിക്കും. ഒരു ദിവസം അഞ്ഞൂറു പൂവ് വരെ നിര്‍മിക്കുന്നവരുണ്ട്.  വൈശാഖ മഹോത്സവം കൊട്ടിയൂരുകാര്‍ക്ക് വരുമാന മാര്‍ഗം കൂടിയാണ്. ഓടപ്പൂ വില്‍പ്പന  സ്റ്റാളുകള്‍ 28 ലക്ഷത്തോളം രൂപയ്ക്കാണ് ലേലത്തില്‍ പോയത്.  സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് നൂറോളം സ്റ്റാള്‍ വേറെയുമുണ്ട്.   25 രൂപമുതല്‍ 200 രൂപവരെയായിരുന്നു കഴിഞ്ഞ തവണ ഓടപ്പൂവിന്റെ വില

Tuesday, May 30, 2017

നെയ്യമൃത് മഠം വ്രതക്കാര്‍ നാളെ മഠത്തില്‍ പ്രവേശിക്കും

കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി തെരൂര്‍ നെയ്യമൃത് മഠം വ്രതക്കാര്‍ കഴിഞ്ഞ ഒരാഴ്ചക്കാലത്തെ വേറെവെപ്പിന് ശേഷം നാളെ ആയില്യം നാളില്‍ മഠത്തില്‍ പ്രവേശിക്കും. മഠത്തില്‍ പ്രവേശിക്കുന്നതിന്റെ ഭാഗമായി രാവിലെ ആറ് മണിക്ക് തെരൂര്‍ മഹാദേവക്ഷേത്രം മേല്‍ശാന്തി ആനന്ദ് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ഗണപതിഹവനം ഉണ്ടായിരിക്കും. തുടര്‍ന്ന് മഠത്തില്‍ കാരണവരായ കാനാടന്‍ കേളോത്ത് ഗംഗാധരന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള 31 അംഗ സംഘം കലശം കുളിച്ചശേഷം രാവിലെ തന്നെ മഠത്തില്‍ പ്രവേശിക്കും. രണ്ടാംദിനമായ ജൂണ്‍ 1ന് രാവിലെ എട്ട്മണിയോടെ കാരണവര്‍ ഗംഗാധരന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 31 അംഗ സംഘം ഓംകാരധ്വനി മുഴക്കും. ജൂണ്‍ 4ന് അത്തം നാളില്‍ രാത്രി എട്ട്മണിക്ക് നിഴല്‍ കൂടല്‍ ചടങ്ങ് നടത്തും. 5ന് തിങ്കളാഴ്ച രാവിലെ 8 മണിയോടെ കാരണവരുടെ നേതൃത്വത്തിലുള്ള 31 അംഗ സംഘം നെയ്ക്കിണ്ടിയുമായി കൊട്ടിയൂരിലേക്ക് യാത്രതിരിക്കും. 6ന് ചോതി നാളില്‍ നെയ്യാട്ടത്തിന് ശേഷം സ്വവസതിയിലേക്ക് യാത്രതിരിക്കും.
അഞ്ച് ദിവസത്തെ മഠാധിവാസത്തിനിടയില്‍ തെരൂര്‍ മഠത്തില്‍ ഭജന, കൊട്ടിയൂര്‍ പെരുമാള്‍ ചരിതം, പട്ടോല വായന എന്നിവ മഠത്തില്‍ കാരണവരുടെ നേതൃത്വത്തില്‍ ഉണ്ടായിരിക്കും. ഗംഗാധരന്‍ നമ്പ്യാര്‍ കാരണവരും, പി.സി.കെ.നമ്പ്യാര്‍ രണ്ടാം കാരണവരും പി.മധുസൂദനന്‍ നമ്പ്യാര്‍ മൂന്നാം കാരണവരും നാലാംകാരണവരായ കെ.വി.എം. കുഞ്ഞികൃഷ്ണനും ദൈനംദന കാര്യങ്ങള്‍ക്ക് കൂട്ടായി നേതൃത്വം നല്‍കും.

നെയ്യമൃത് സംഘം വേറെവെപ്പ് ചടങ്ങ് സമാപിച്ചു

കൊട്ടിയൂര്‍ നെയ്യമൃത് വ്രതക്കാരുടെ വെറെവെപ്പ് ചടങ്ങ് സമാപിച്ചു . ഓരോ മഠങ്ങളിലെയും വ്രതക്കാരുടെ വീട് നിശ്ചയിച്ച് കാരണവരുടെ നേതൃത്വത്തില്‍ വെറെവെപ്പ് നടത്തുന്ന ചടങ്ങ് ഭക്തിനിര്‍ഭരമാണ്. ശബരിമല വ്രതം പോലുള്ള ആദ്യ ഒരാഴ്ചത്തെ വ്രതം കഴിഞ്ഞാല്‍ രണ്ടാമത്തെ അനുഷ്ഠാന വ്രതമാണ് വേറെവെപ്പ്. നെയ്യമൃത് മഠങ്ങളില്‍ പ്രവേശിക്കുന്നതോടു കൂടി മൂന്നാമത്തെ കഠിനവ്രതം തുടങ്ങുന്നത്. അറുപതും എഴുപതും കിലോമീറ്റര്‍ കാല്‍നട യാത്ര ചെയ്താണ് നെയ്യമൃത് വ്രതക്കാര്‍ പെരുമാള്‍ സന്നിധിയില്‍ നെയ്യ് സമര്‍പ്പണം നടത്തുന്നത്. വില്ലിപ്പാലന്‍ കുറുപ്പ്, തമ്മേങ്ങാടന്‍ നമ്പ്യാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യം പുറപ്പെടുന്നത്.
കുന്നോത്ത് കവരിശ്ശേരി മഠം കാരണവര്‍ പ്രദീപന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘം വേറെവെപ്പ് പൂര്‍ത്തിയാക്കി ചൊവ്വാഴ്ച മഠത്തില്‍ പ്രവേശിക്കും. 30 മുതല്‍ ജൂണ്‍ 5 വരെ മഠത്തില്‍ തങ്ങുന്ന നെയ്യമൃത് സംഘം ആറു ദിവസത്തെ മഠാധിവാസത്തിന് ശേഷം അഞ്ചിന് പുലര്‍ച്ചെ നെയ്യമൃതുമായി കാല്‍നടയായി കൊട്ടിയൂരിലേക്ക് എഴുന്നള്ളും. മഠത്തില്‍ കലശംകുളി, ഭജന, പട്ടോലവായന തുടങ്ങിയ ചടങ്ങുകള്‍ ഉണ്ടാകും.
കൊട്ടിയൂരിലേക്ക് പുറപ്പെടുന്ന സംഘം അഞ്ചിന് വൈകുന്നേരം മണത്തണയില്‍ എത്തി വിശ്രമിക്കും. ആറിന് പുറപ്പെട്ട് രണ്ടുമണിയോടെ കൊട്ടിയൂരിലെത്തും. ആറിന് അര്‍ധരാത്രിയാണ് നെയ്യാട്ടം. നെയ്യാട്ടത്തിന് ശേഷം സംഘവും പരിവാരങ്ങളും മാതൃമഠത്തിലേക്ക് മടങ്ങും.
പുന്നാട്, കീഴൂര്‍, മുരിങ്ങോടി, തെരൂര്‍, കൊടോഴിപ്രം, വേശാല, പട്ടാന്നൂര്‍, കല്ലൂര്‍ തുടങ്ങിയ മഠങ്ങളും മഠത്തില്‍ കയറല്‍ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.

പ്രദക്ഷിണവിധി

ക്ഷേത്രദര്‍ശനത്തിലെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണ് പ്രദക്ഷിണം. കൈകള്‍ ഇളക്കാതെ അടിവെച്ചടിവച്ച്, ദേവന്റെ സ്‌തോത്രങ്ങള്‍ ഉച്ചരിച്ച്, രൂപം മനസ്സില്‍ ധ്യാനിച്ച് പ്രദക്ഷിണം വെക്കണം. ബലിക്കല്ലുകള്‍ക്കു പുറത്തുകൂടിയാണ് പ്രദക്ഷിണം വെക്കേണ്ടത്. ഗണപതിക്ക് ഒന്ന്, സൂര്യന് രണ്ട്, ശിവന് മൂന്ന്, വിഷ്ണുവിനും ദേവിക്കും നാല്, അരയാലിന് ഏഴ് എന്നിങ്ങനെയാണ് പ്രദക്ഷിണത്തിന്റെ എണ്ണം. സ്വയം ഭൂ ആഗമനത്തില്‍ 21 പ്രദക്ഷിണം ഉത്തമമാണെന്നു പറയുന്നു. മറ്റൊരു വിധിയനുസരിച്ച് ഗണപതിക്ക് ഒന്നും ആദിത്യനും ഭദ്രകാളിക്കും രണ്ടും ശിവന് മൂന്നും വിഷ്ണുവിന് നാലും ശാസ്താവിന് അഞ്ചും സുബ്രഹ്മണ്യന് ആറും ദുര്‍ഗ്ഗയ്ക്കും ആല്‍മരത്തിനും ഏഴും വീതം പ്രദക്ഷിണങ്ങളാകാം. സൂര്യോദയം മുതല്‍ അസ്തമനം വരെ ഇടവിടാതെ നടത്തുന്ന പ്രദക്ഷിണത്താല്‍ സകല ആഗ്രഹങ്ങളും സാധിക്കുന്നു എന്നാണ് വിശ്വാസം. കൂടുതല്‍ കഠിനമായ ശയനപ്രദക്ഷിണം കഠിനദോഷങ്ങള്‍ പരിഹരിക്കുന്നതിനായി അനുഷ്ഠിക്കപ്പെടുന്നതാണ്. ഗ്രഹപ്പിഴകളുടെ കാഠിന്യമനുസരിച്ച് പ്രദക്ഷിണങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് പരിഹാരത്തിന് ഉത്തമമാണ്. രാവിലെ പ്രദക്ഷിണം ചെയ്യുന്നവര്‍ക്ക് രോഗശമനവും ഉച്ചയ്ക്ക് ചെയ്യുന്നവര്‍ക്ക് സര്‍വ്വാഭീഷ്ടസിദ്ധിയും വൈകുന്നേരം ചെയ്യുന്നവര്‍ക്ക് സര്‍വ്വപാപ പരിഹാരവും അര്‍ദ്ധരാത്രി ചെയ്യുന്നവര്‍ക്ക് മോക്ഷവും കൈവരുന്നു എന്ന് അംശുമതി ആഗമത്തില്‍ പറയുന്നുണ്ട്. പ്രദക്ഷിണവേളയിലെല്ലാം ദേവന്‍ നമ്മുടെ വലതുവശത്തായിരിക്കും.

ശിവക്ഷേത്രത്തിന്റെ പ്രദക്ഷിണത്തിനു അല്പം വ്യത്യാസമുണ്ട്. ഇവിടെ ശ്രീകോവിലില്‍നിന്ന് അഭിഷേകജലം ഒഴുകിപ്പോകുന്ന ഓവുവരെ ബലിക്കല്ലുകള്‍ക്കു പുറത്തൂകൂടി പ്രദക്ഷിണമായി എത്തുകയും അവിടെനിന്ന് താഴികകുടം നോക്കി വന്ദിച്ചശേഷം അപ്രദക്ഷിണമായി ബലിക്കല്ലുകളുടെ അകത്തുകൂടി തിരിച്ചുവന്ന് ഓവിനു സമീപമെത്തുകയും മടങ്ങി ക്ഷേത്രനടയിലെത്തുകയും ചെയ്യണം. അപ്പോഴാണ് ഒരു പ്രദക്ഷിണം പൂര്‍ണമാകുന്നത്. താന്ത്രികവും യോഗശാസ്ത്രപരവുമായ ചില കാരണങ്ങളാണ് ഈ വിത്യസ്തതയ്ക്കു പിന്നിലുള്ളത്. തന്ത്രശാസ്ത്രത്തില്‍ എല്ലാ ദേവന്‍മാര്‍ക്കും ഉപരിയായി വര്‍ത്തിക്കുന്നത് ശിവനാണ്. ശരീരത്തിലെ ഷഡാധാരങ്ങളില്‍ ഏറ്റവും മുകളിലുള്ള സഹസ്രാരപത്മത്തിലെ ബ്രഹ്മരന്ധ്രസ്ഥാനമാണ് ശിവന് കല്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ശിവലിംഗത്തില്‍ അഭിഷേകം നടത്തുമ്പോള്‍ സഹസ്രാരപത്മത്തില്‍ നിന്നും യോഗാനുഭൂതിയാകുന്ന അമൃതധാര അഭിഷേകജലത്തോടൊപ്പം കലര്‍ന്ന് വടക്കുഭാഗത്തുള്ള സോമസൂത്രത്തിലൂടെ ഒഴുകുന്നു. അതുകൊണ്ടാണ് ശിവാഗമത്തില്‍ സോമസൂത്രം ന ലംഘയേല്‍ എന്നു പറഞ്ഞിരിക്കുന്നത്. കിഴക്കുനിന്നും പ്രദക്ഷിണമായി ഓവിനു സമീപമെത്തുമ്പോള്‍ സാധകന്‍തന്നെ സഹസ്രാരപത്മം വരെ എത്തുന്നു. അതുകൊണ്ടുതന്നെ ശിവക്ഷേത്രത്തിലെ പ്രദക്ഷിണം പ്രാണായാമതുല്യമായ ഒരു പ്രക്രിയയാണെന്നു പറയാം.

പ്രദക്ഷിണത്തിനുശേഷം ദേവനെ ദര്‍ശിച്ചുവന്ദിക്കുന്നു. പിന്നീടാണ് നമസ്‌കാരം. സാഷ്ടാംഗനമസ്‌കാരമാണ് ഏറ്റവും ഉത്തമം. മാറിടം, നെറ്റി, വാക്ക്, മനസ്സ്, അഞ്ജലി(തൊഴുകൈ), കണ്ണ്, കാല്‍മുട്ടുകള്‍, കാലടികള്‍ എന്നിവയാണ് എട്ടംഗങ്ങള്‍. നമസ്‌കരിച്ചുകിടക്കുന്ന സമയത്ത് കാലടികള്‍, കാല്‍മുട്ടുകള്‍, മാറ്, നെറ്റി എന്നീ നാലുസ്ഥാനങ്ങള്‍ മാത്രമേ നിലത്തുമുട്ടാവൂ. അങ്ങനെ കിടന്നുകൊണ്ട് കൈകള്‍ തലക്കുമീതെ നീട്ടി തൊഴുന്നു. അഞ്ജലി കൂപ്പുന്നത് അഞ്ചാം അംഗവും ദേവസ്തുതിയാര്‍ന്ന വാക്ക് ആറാം അംഗവും ദേവനെ ദര്‍ശിക്കുന്ന കണ്ണ് ഏഴാം അംഗവും ദേവനെ ധ്യാനിക്കുന്ന മനസ്സ് എട്ടാം അംഗവും ഇങ്ങനെയാണ് സാഷ്ടാംഗ നമസ്‌കാരം ചെയ്യുന്നത്.

പ്രദക്ഷിണം, ദര്‍ശനം, വന്ദനം, നമസ്‌കാരം എന്നിവ കഴിഞ്ഞിട്ടുവേണം തീര്‍ത്ഥവും പ്രസാദവും സ്വീകരിക്കുവാന്‍. രിക്തഹസ്തനായി ദേവദര്‍ശനം പാടില്ല. യഥാശക്തി കാണിക്കയിടുകയും വഴിപാടുകള്‍ കഴിക്കുകയും വേണം. വലം കൈകൊണ്ട് തീര്‍ത്ഥം വാങ്ങി കൈ ചുണ്ടില്‍ തൊടാതെ വിരലുകള്‍ക്കിടയില്‍ക്കൂടി നാവിലേക്കിറ്റിക്കുകയാണു വേണ്ടത്. കൈ ചുണ്ടില്‍ തൊട്ടാല്‍ എച്ചിലാവുമെന്നുള്ളതിനാല്‍ ശ്രദ്ധയോടെ മൂന്നുരു നാരായണ നാമം ജപിച്ചുവേണം തീര്‍ത്ഥം സേവിക്കേണ്ടത് എന്നാണ് പ്രമാണം. പ്രസാദമായി ലഭിക്കുന്ന ഭസ്മം, ചന്ദനം എന്നിവ നെറ്റിയില്‍ വരച്ച് കുറിയിടുകയും കരി, ചാന്ത്, സിന്ദൂരം എന്നിവ പൊട്ടായി തൊടുകയുമാണു വേണ്ടത്.

Monday, May 29, 2017

ശിവലിംഗ മാഹാത്മ്യം

സകല ഭൂതങ്ങളും യാതൊന്നില്‍നിന്നു ഉദ്ഭവിക്കുന്നോ യാതൊന്നില്‍ ലയിക്കുകയും ചെയ്യുന്നുവോ ആ പരമാകാരത്തെയാണ് ലിംഗമെന്നു പറയുന്നത്. അതുകൊണ്ട് ശിവസങ്കല്‍പ്പങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ശിവലിംഗമായതും. ഇവ ഇളകുന്നവയെന്നും ഇളകാത്തവയെന്നും രണ്ട് തരം. ക്ഷേത്രത്തിനുളളില്‍ സ്വയം ഭൂവായോ പ്രതിഷ്ഠിച്ചോ ഉളളവയാണ് ഇളകാത്തവ. മണ്ണ്, ലോഹം, രത്നം, മരം, കല്ല്, എന്നിവയാല്‍ നിര്‍മ്മിക്കപ്പെട്ടവ ഇളകുന്നവ. ക്ഷണികമായ ലിംഗങ്ങളുമുണ്ട്. ഈ ലിംഗങ്ങളെ വെക്കാന്‍ പീഠങ്ങളുണ്ടാക്കുന്നു. ഇവ പല ആകൃതിയിലും വലിപ്പത്തിലുമാണ്. ആണ്‍കല്ല് കൊണ്ട് ലിംഗങ്ങളും പെണ്‍കല്ല് കൊണ്ട് പീഠങ്ങളും നിര്‍മ്മിക്കുന്നു.

ലിംഗം അഞ്ചു തരം.

1. ജ്യോതിര്‍ലിംഗം: ഭൂമിയില്‍ നിന്നു സ്വയമേവ ഉണ്ടായവ സ്വയംഭൂ ശിവലിംഗം. ഇതു തന്നെയാണ് ജ്യോതിര്‍ലിംഗം.

2. ബിന്ദു ലിംഗം: രണ്ടാമത്തേത് ബിന്ദു ലിംഗം. ശബ്ദം പുറത്തു വരാതെ പ്രണവമന്ത്രം ജപിച്ചാല്‍ ബിന്ദുലിംഗം മനസില്‍ പ്രത്യക്ഷപ്പെടുന്നു. അവിടെത്തന്നെ മനസ്സുറപ്പിച്ച് പഞ്ചാക്ഷരി മന്ത്രം ജപിക്കുമ്പോള്‍ ശിവസാന്നിദ്ധ്യം ഉണ്ടാകുന്നു.

3. പ്രതിഷ്ടാ ലിംഗം: ക്ഷേത്രങ്ങളില്‍ അഷ്ടബന്ധമിട്ടുറപ്പിച്ചിരിക്കുന്ന ലിംഗം പ്രതിഷ്ടാ ലിംഗം. ശിലകൊണ്ടോ ലോഹങ്ങള്‍ കൊണ്ടോ നിര്‍മിക്കപ്പെട്ട അചലലിംഗത്തിന് മൂന്നു ഭാഗങ്ങള്‍.. , ഏറ്റവും താഴെ ചതുരാകൃതിയിലുള്ളത് ബ്രഹ്മഭാഗം. അഷ്ടകോണാകൃതിയിലുള്ള മദ്ധ്യഭാഗം വിഷ്ണുഭാഗം. ഇവ രണ്ടും പീഠത്താല്‍ മറയപ്പെട്ടിരിക്കുന്നു. പീഠത്തിനു മുകളില്‍ കാണുന്ന ഭാഗം രുദ്രഭാഗം എന്നും പൂജാഭാഗമെന്നും പറയുന്നു. അവിടെ കാണുന്ന രേഖകളാണ് ബ്രഹ്മഭാഗം. ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരുടെ സാന്നിദ്ധ്യത്താല്‍ പവിത്രമാണ് ശിവലിംഗപ്രതിഷ്ഠ.

4. പരലിംഗം: രസലിംഗം,ബാണലിംഗം,സുവര്‍ണലിംഗം എന്നീ മൂന്നു തരം ലിംഗങ്ങളെ പരലിംഗമെന്നു പറയുന്നു. രാജാക്കന്മാരും യോദ്ധാക്കളും ആരാധിക്കുന്ന അസ്ത്രം പോലെയുള്ള ലിംഗമാണ് ബാണലിംഗം. ഐശ്വര്യവര്‍ദ്ധനയ്ക്കു വേണ്ടിയാണ് സുവര്‍ണലിംഗാരാധന നടത്തുന്നത്.

5. ഗുരുലിംഗമാണ് അഞ്ചാമത്തേത്

Saturday, May 27, 2017

പ്രചോദന കഥകൾ

ഒരു ഗ്രാമത്തില്‍ ഒരു നിരീശ്വര വാദി ഉണ്ടായിരുന്നു . ദൈവം ഇല്ലെന്നു നിരന്തരം വാദിച്ചിരുന്ന ഇദേഹം ഗ്രാമത്തിലെ ഒരു പണ്ഡിതനെ ദൈവം ഉണ്ടെന്നു തെളിയിക്കാന്‍ വെല്ലു വിളിച്ചു .സമയവും വേദിയും നിശ്ച്ചയിക്കപ്പെട്ടു. വിവരം എല്ലാവരെയും അറിയിച്ചു . സംവാദത്തിന്റെ വേദിയും തയ്യാറായി.

ജനങ്ങള്‍ സമ്മേളിച്ചു . സംവാദത്തിനു തയ്യാറായി യുക്തി വാദിയും നേരത്തെ തന്നെ വേദിയില്‍ എത്തി ചേര്‍ന്നു . നേരത്തെ നിശ്ചയിക്കപ്പെട്ട സമയമായിട്ടും ദൈവ വാദിയായ പണ്ഡിതന്‍ എത്തിയില്ല . സമയം ഇഴഞ്ഞു കൊണ്ടിരുന്നു . അക്ഷമരായി ജനങ്ങളും യുക്തി വാദിയും കാത്തിരിക്കുമ്പോള്‍ ഓടി കിതച്ചു കൊണ്ട് ദൈവ വാദിയായ പണ്ഡിതന്‍ എത്തി ചേര്‍ന്നു .എല്ലാവരോടും ക്ഷമാപണങ്ങളോടെ പണ്ഡിതന്‍ മൈക്കിന് മുന്‍പില്‍ എത്തി .
"പ്രിയമുള്ളവരേ , വൈകിയതിന് മാപ്പ് ! ഞാന്‍ ഇങ്ങോട്ട് വരുമ്പോള്‍ ശക്തമായി മഴ പെയ്യുന്നുണ്ടായിരുന്നു.നമ്മുടെ ഗ്രാമത്തിലെ നദിയാവട്ടെ കര കവിഞ്ഞൊഴുകുന്നു.പുഴയ്ക്കു കുറുകെ കെട്ടിയ തടിപ്പാലം വെള്ളത്തില്‍ ഒലിച്ചു പോയ കാര്യം നിങ്ങള്‍ക്ക് അറിയാമല്ലോ ? എന്ത് ചെയ്യണമെന്നു ഒരു തീര്ച്ചയുമില്ലാതെ ഞാന്‍ നില്‍കുമ്പോള്‍ എന്‍റെ ഭാഗ്യത്തിന് പുഴക്കരയിലെ വലിയ മരം കട പുഴകി നദിയിലേക്ക് വീണു .ഞാന്‍ നോക്കി നില്‍ക്കുമ്പോള്‍ അതിന്‍റെ ശിഖിരങ്ങള്‍ സ്വയം മുറിഞ്ഞു വേര്‍പ്പെട്ടു പോയി . ഉടന്‍ തന്നെ ആ മരത്തടി സ്വയം പിളര്‍ന്ന് പലകകളായി .ആ പലകകളില്‍ സ്വയം സുഷിരങ്ങള്‍ വീഴുകയും ആ പലകകങ്ങള്‍ കൂടിച്ചേര്‍ന്ന് ഒരു ബോട്ടായി മാറുകയും ചെയ്തു .ആ ബോട്ടില്‍ നദി കടന്നാണ് ഞാന്‍ വരുന്നത് .വൈകിയതിനു എന്നോട് ക്ഷമിക്കൂ ..."

ദൈവ വാദിയുടെ വാക്കുകള്‍ കേട്ട യുക്തിവാദിയും ആബാലവൃദ്ധം ഗ്രാമീണരും ആര്‍ത്തലച്ചു ചിരിച്ചു .ചിരിയടക്കാന്‍ പാട് പെട്ട് കൊണ്ട് യുക്തിവാദി വിളിച്ചു പറഞ്ഞു :

" ഇയാള്‍ക്ക് ഭ്രാന്താണ്! ഒരു മരം ആരുടേയും സഹായമില്ലാതെ സ്വയം ഒരു ബോട്ടായി മാറുമെന്നോ ?

വട്ടന്‍ !"

ഗ്രാമീണര്‍ വീണ്ടും ആര്‍ത്തു ചിരിച്ചു .

"ഇയാള്‍ക്ക് ഭ്രാന്താണ് " ചിലര്‍ വിളിച്ചു പറഞ്ഞു .

ചിരിയും ബഹളങ്ങളും അടങ്ങിയപ്പോള്‍ ദൈവ വാദിയായ പണ്ഡിതന്‍ വീണ്ടും സംസാരിക്കാന്‍ തുടങ്ങി:

"ഒരു ബോട്ട് സ്വയം ഉണ്ടാവില്ലെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍ എങ്ങനെയാണ് ഈ കാണുന്നവയെല്ലാം ഇത്ര കണിശമായ കൃത്യതയോടെ സ്വയം ഉണ്ടായത് ?

പൂവും പൂമ്പാറ്റയും തേനും തേനീച്ചയും ആണും പെണ്ണും മഴയും വെയിലും താരങ്ങളും താരാപഥങ്ങളും പുല്ലും പുല്‍ച്ചാടിയും എന്ന് വേണ്ട ഇക്കാണുന്ന എല്ലാം സ്വയം ഉണ്ടായതാണോ?"

ജനങ്ങള്‍ നിശബ്ദരായി ! യുക്തിവാദിയും !!

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം വിളക്കുതിരി സംഘം 28 ന് യാത്ര തിരിക്കും

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് അക്കരെ സന്നിധാനത്ത് ദീപങ്ങൾ തെളിയിക്കാൻ ആവശ്യമായ വിളക്കു തിരിത്തുണി, കിള്ളിശീല, ഉത്തരീയങ്ങൾ, ഈരണവസ്ത്രങ്ങൾ എന്നിവ ഭഗവത് സന്നിധിയിലേക്ക് ഏഴുന്നള്ളിക്കുന്ന ചടങ്ങാണ് ' വിളക്കുതിരി എഴുന്നള്ളത്ത്'. 'കിള്ളിവരവ്' എന്നും ഈ ചടങ്ങ് അറിയപ്പെടുന്നു. ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ആദ്യ എഴുന്നള്ളത്ത് സംഘമാണ് വിളക്കുതിരിസംഘം. പതിനെട്ടര കുത്ത്
തുണിയാണ് എഴുന്നള്ളിച്ചു കൊണ്ടുവരുന്നത്. പുറക്കുളത്തെ (കൂത്തുപറമ്പ് ) തിരൂർക്കുന്ന് ഗണപതി ക്ഷേത്രത്തിൽ നിന്നാണ് വിളക്കുതിരി പുറപ്പെടുന്നത്. മണിയന്‍ ചെട്ടിയാന്‍ സ്ഥാനികന്‍ ചിങ്ങന്‍ കൃഷ്ണന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് പുറക്കളം തിരൂര്‍ക്കുന്ന് ഗണപതി ക്ഷേത്രത്തിനടുത്തുള്ള മഠത്തില്‍ വച്ച് ഉത്സവത്തിനാവശ്യമായ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നത്.   വിളക്കുതിരികള്‍, കിള്ളിശീല, കൂത്തിരി, ഉത്തരീയം, തലപ്പാവ് എന്നിവയെല്ലാമാണ് പുറക്കുളത്ത് നിര്‍മ്മിക്കുന്നത്.
മണിയന്‍ ചെട്ടിയാന്മാര്‍ ഏല്‍പ്പിക്കുന്ന വിളക്കുതിരികള്‍ തെളിയിക്കുന്നതോടെയാണ് വൈശാഖ മഹോത്സവത്തിന് തുടക്കമാകുക. പ്രാക്കൂഴം നാളില്‍ മീത്തില്‍ കയറിയ സംഘം ഒമ്പത് ദിവസം കൊണ്ട് തുണിത്തരങ്ങള്‍ നെയ്ത് കഴിഞ്ഞാല്‍ മാത്രമേ മീത്തില്‍ നിന്നും പുറത്തിറങ്ങുകയുള്ളൂ. അതുവരെ  ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച് വ്രതശുദ്ധിയോടെ  മീത്തില്‍ തങ്ങും.
നീരെഴുന്നള്ളത്ത് ദിവസം  ഇക്കരെ കൊട്ടിയൂരിലെത്തുന്ന വിളക്കുതിരി സംഘം പിറ്റേന്ന് പ്രത്യേക ചടങ്ങില്‍ വച്ചാണ് ഉല്‍പന്നങ്ങള്‍ ക്ഷേത്ര ഭാരവാഹികളെ ഏല്‍പ്പിക്കുക. തുടര്‍ന്ന് ഊരാളന്മാരുടെ അടിയന്തിര യോഗം ചേര്‍ന്ന് തുണിത്തരങ്ങള്‍ എണ്ണി തിട്ടപ്പെടുത്തും.

Friday, May 26, 2017

കൊട്ടിയൂർ മാഹാത്മ്യം

കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ പഞ്ചായത്തിലാണ്‌ പുരാതനമായ കൊട്ടിയൂർ ക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എല്ലാ ജാതിയിൽപ്പെട്ട ആളുകള്‍ക്കും ഇവിടെ അവകാശങ്ങള്‍ ഉണ്ടെന്നതാണ്. വനവാസികള്‍ മുതൽ ബ്രാഹ്മണര്‍ വരെയുള്ളവരാണ് ഈ ക്ഷേത്രത്തിലെ ചടങ്ങുകള്‍ നടത്തുന്നത്.
ഈ ക്ഷേത്രത്തെ 'ദക്ഷിണകാശി എന്നു വിശേഷിപ്പിക്കാറുണ്ട്. വടക്കുംകാവ്, വടക്കീശ്വരം, തൃച്ചെറുമന്ന എന്നീ പേരുകളിലും പ്രസിദ്ധമാണ് . കൊട്ടിയൂരിൽ രണ്ടു ക്ഷേത്രങ്ങളാനുള്ളത് . ഇക്കരെ കൊട്ടിയൂരും അക്കരെ കൊട്ടിയൂരും. പണ്ടത്തെ ആചാരങ്ങളിൽ ലവലേശം മാറ്റമില്ലാതെ ആചരിക്കുന്ന ഒരപൂർവ്വ ക്ഷേത്രമാണ്‌ കൊട്ടിയൂർ ക്ഷേത്രം. ഇക്കരെ കൊട്ടിയൂരിൽ മാത്രമാണ് നിത്യ പൂജ ഉള്ളത് . അക്കരെ കൊട്ടിയൂരിൽ ക്ഷേത്രമില്ല. ബാവലിപ്പുഴയുടെ ഭാഗമായ തിരുവഞ്ചിറ എന്ന ചെറിയ ജലാശയത്തിന് നടുവില്‍ ശിവലിംഗവും പരാശക്തിയുടെ ആസ്ഥാനമായ അമ്മാറക്കല്ലു തറയുമാണ് ഇവിടെയുള്ളത്. വൈശാഖ മഹോത്സവം നടക്കുമ്പോള്‍ മാത്രമേ ഇവിടേയ്ക്ക് പ്രവേശനമുള്ളു.വൈശാഖ ഉത്സവം നെയ്യാട്ടത്തോടു കൂടിയാണ് തുടങ്ങുക.മറ്റു ജില്ലകളിൽ നിന്നും അന്യ
സംസ്ഥാനങ്ങളിൽ നിന്നും ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തിച്ചേരുന്ന ഉത്സവമാണിത്. അക്കരെ കൊട്ടിയൂരില്‍ ക്ഷേത്രമില്ല. എന്നാൽ ഭഗവത്‌ ചൈതന്യം അവിടമാകെ നിറഞ്ഞു നില്‍ക്കുകയാണ്‌ . ത്രിമൂർത്തികൾ ഒരുമിച്ച സ്ഥലമായതിനാൽ " കൂടിയ ഊര് " പിന്നീട് കൊട്ടിയൂർ എന്നായി പരിണമിച്ചു എന്നാണ് വിശ്വാസം .

കൊട്ടിയൂരമ്പലം സ്ഥിതി ചെയ്യുന്നിടത്താണ്‌ ദക്ഷയാഗം നടന്നതെന്ന്‌ ഐതിഹ്യം. ബ്രഹ്മാവിന്റെ
പുത്രനായ ദക്ഷ പ്രജാപതിയുടെ ഇളയ മകൾ സതി ദേവിയെ ശ്രീ പരമേശ്വരൻ വിവാഹം കഴിച്ചു . തുടർന്ന് ദക്ഷന് കൂടുതൽ സ്ഥാനമാനങ്ങളും ബഹുമാനവും ലഭിച്ചു . ഒരു ദിവസം മഹാദേവൻ ഇന്ദ്ര സദസ്സിൽ ഇരിക്കുമ്പോൾ ദക്ഷ പ്രജാപതി അവിടേക്ക്
ആഗതനായി . മഹാദേവനൊഴികെ എല്ലാവരും ആദര സൂചകമായി എഴുന്നേറ്റു . മഹാദേവൻ
എഴുന്നേൽക്കാത്തതിനാൽ അന്ന് മുതൽ ദക്ഷന് ശിവൻ ശത്രു ആയി . അങ്ങനെയിരിക്കെ ദക്ഷൻ യാഗം നടത്താൻ തീരുമാനിച്ചു . എന്നാൽ യാഗത്തിൽ പങ്കെടുക്കാൻ മകളായ സതീദേവിയെയും
മരുമകനായ മഹാദേവനെയും ദക്ഷൻ ക്ഷണിച്ചില്ല . ക്ഷണിക്കാതെ തന്നെ യാഗത്തിനെത്തിയ ദേവിയെ ദക്ഷൻ അപമാനിച്ചു. അതിൽ മനംനൊന്ത ദേവി
യാഗാഗ്നിയില്‍ ചാടി ദേഹം വെടിഞ്ഞു. അവിടം അമ്മ മറഞ്ഞ തറയായും അറിയപ്പെട്ടു. വിവരമറിഞ്ഞ മഹാദേവൻ രൗദ്ര ഭാവം പൂണ്ടു . തിരുമുടിയിൽ നിന്നും വീരഭദ്രനും തൃക്കണ്ണിൽ നിന്നും ഭദ്രകാളിയും പ്രത്യക്ഷരായി . ഇവർ ഭൂതഗണങ്ങളോടൊപ്പം ദക്ഷ യാഗഭൂമിയിൽ എത്തുകയും യാഗ ഭൂമി തകർക്കുകയും ദക്ഷനെ വധിച്ചു തല ഹോമകുണ്ഡത്തിൽ ഹോമിക്കുകയും ചെയ്തു . വീരഭദ്രന്‍ അറിയിച്ച പ്രകാരം ത്രിമൂർത്തികൾ കൊട്ടിയൂരെത്തി . അവരുടെ സംഗമം കൊണ്ട്‌ അവിടെ പവിത്രമായി. അവരുടെ അഭ്യർത്ഥനയുടെ ഫലമായി യാഗം മുഴുമിപ്പിക്കാൻ മഹാദേവന്‍ അനുവദിച്ചു. ആടിന്റെ തല ദക്ഷന്റെ ശരീരത്തോട് ചേർത്ത് ജീവൻ കൊടുത്ത് യാഗം
പൂർത്തീകരിച്ചു . തുടർന്ന് പരമശിവൻ അമ്മാറത്തറയ്ക്കരികെ സ്വയംഭൂവായി.
അത്‌ ഇന്നും മണിത്തറയായി അറിയപ്പെടുന്നു. പിന്നീട് കൊടും വനമായി തീർന്ന യാഗസ്ഥലം കുറിച്യരുടെ വാസസ്ഥലമായി, ഒരു കുറിച്യ യുവാവ് അമ്പിന് മൂർച്ച കൂട്ടാൻ ഒരു കല്ലിൽ ഉരയ്ക്കുകയും കല്ലിൽ നിന്ന് രക്തം വരികയും ചെയ്തു. ഇതറിഞ്ഞത്തിയ പടിഞ്ഞീറ്റ നമ്പൂതിരി കൂവയിലയിൽ കലശമാടിയത്രേ. വൈശാഖ ഉത്സവം ആരംഭിച്ച്, ക്ഷേത്രത്തിൽ ഇന്നു കാണുന്ന ചിട്ടകൾ ഉണ്ടാക്കിയത് ശങ്കരാചാര്യർ ആണെന്ന് കരുതുന്നു.

പരശുരാമനുമായി ബന്ധപ്പെട്ടുമുണ്ട് ഒരൈതിഹ്യം

കടലിൽ നിന്ന് കേരളം വീണ്ടെടുത്ത പരശുരാമൻ കൊട്ടിയൂരിലെത്തി. കലിയും ആർത്തട്ടഹസിച്ച് ഓടിയെത്തി. പരശുരാമൻ കലിയെ ബന്ധിച്ച് മർദ്ദിക്കാൻ തുടങ്ങി. ത്രിമൂർത്തികൾ പ്രത്യക്ഷപ്പെട്ട് കലിയെ കെട്ടഴിച്ചുവിടാൻ ആവശ്യപ്പെട്ടു. താൻ വീണ്ടെടുത്ത ഭൂപ്രദേശത്തു മേലിൽ കലിബാധയുണ്ടാകരുത്. അങ്ങനെ ഉറപ്പ് തന്നാൽ കലിയെ വിട്ടയക്കാമെന്നു പരശുരാമൻ നിബന്ധന വച്ചു. കലി അതു സമ്മതിച്ചു. അതിന്റെ ഓർമ്മയ്ക്കായാണ് ഇവിടെ 27 ദിവസത്തെ വൈശാഖോത്സവം നടത്തുന്നത്. ഈ സമയത്ത് ത്രിമൂർത്തികളും ഉത്സവത്തിൽ പങ്കെടുക്കുമെന്നാണ് വിശ്വാസം. കൊട്ടിയൂരപ്പനെ ദർശിച്ചാൽ കലിബാധയുണ്ടാകില്ലെന്ന് ഭക്തജനങ്ങൾ വിശ്വസിക്കുന്നു.

അക്കരെ കൊട്ടിയൂരിലാണ് മൂലസ്ഥാനം.
വെള്ളത്തിൽ ചവിട്ടാതെ അവിടെ എത്താൻ കഴിയില്ല . പശ്ചിമഘട്ടത്തില്‍ നിന്നുത്ഭവിക്കുന്ന വാവാലിപ്പുഴ ഒരു കാലത്ത്‌ രുധിരാഞ്ചിറയായി അറിയപ്പെട്ടിരുന്നുവെന്നും ദക്ഷപ്രജാപതിയുടെ തലയറുത്ത്‌ ചോരപ്പുഴയായി ഒഴുകിയപ്പോള്‍ രുധിരാഞ്ചിറയെന്ന്‌ അറിയപ്പെടുക യായിരുന്നുവെന്നും പിന്നീട്‌ അത്‌ തിരുവാഞ്ചിറയായി അറിയപ്പെട്ടുവെന്നുമാണ്‌ പഴമ. ബാവലിപ്പുഴയുടെ ഇരു ഭാഗങ്ങളില്യായാണ് കൊട്ടിയൂര്‍ നിലകൊള്ളുന്നത് അക്കരെ കൊട്ടിയൂരും ഇക്കരെ കൊട്ടിയൂരും. ബാവലി പുഴയുടെ വടക്ക തീരത്ത് "തിരുവഞ്ചിറ “എന്നുവിളിക്കുന്ന ഒരു ചെറിയ ജലാശയത്തിന്‍റെ നടുവില്‍ ആരാധന കേന്ദ്രമായ ശിവലിംഗവും പരാശക്തിയുടെ സ്ഥാനമായ അമ്മാറക്കല്ലും കാണാം .
തിരുവഞ്ചിറയിലെ ശയനപ്രദക്ഷിണം അതി വിശേഷമാണ്.കണ്ണുകെട്ടി മുട്ടൊപ്പം വെള്ളത്തിലൂടെ യാണ് ശയന പ്രദക്ഷിണം നടത്തേണ്ടത്. 28 ദിവസത്തെ വൈശാഖഉത്സവം ചോതി വിളക്ക് തെളിയുന്നതോടെ ആരംഭിക്കുന്നു . അതിനൊരു മാസം മുമ്പ് മേടമാസത്തിലെ ചോതി നാൾ മുതൽ പ്രാരംഭ ചടങ്ങുകൾ തുടങ്ങുന്നു . ക്ഷേത്ര അവകാശം കുറിച്ച്യ സമുദായക്കാർക്കാണ് . ഉത്സവം നടത്താൻ ക്ഷേത്രം അവരിൽ നിന്നും ഏറ്റു വാങ്ങുകയും ഉത്സവം കഴിയുമ്പോൾ ക്ഷേത്രം അവർക്ക് വിട്ടു
കൊടുക്കുകയും വേണം . എല്ലാ സമുദായക്കാരും പങ്കെടുക്കുന്നതാണ് ഈ യാഗോത്സവം
. ഇടവത്തിലെ ചോതി നക്ഷത്രം തൊട്ട് മിഥുന ത്തിലെ ചിത്തിര നക്ഷത്രം വരെയാണ് ഇവിടെ വൈശാഖ മഹോത്സവം നടക്കുന്നത്.പിന്നെ ജൂണീല്‍ രേവതി ഉത്സവവും നടക്കുന്നു. ശുദ്ധിയോടെ കൊണ്ടു വരുന്ന നെയ്യ് സ്വയംഭൂലിംഗത്തില്‍ അര്‍പ്പിക്കുന്നതോടെ ആരംഭിക്കുകയായി. കോഴിക്കോട് കുറ്റ്യാടി മരുതോങ്കരയിലെ ജാതി മഠത്തില്‍ നിന്ന് അഗ്നിയും, വയനാട്ടിലെ തലപ്പുഴയ്ക്കടുത്ത് നിന്ന് വാളും എഴുന്നെളളിച്ച് ഉത്സവ സ്ഥലത്തെത്തിക്കുന്നു. വിശാഖം നാളില്‍ തിരുവാഭരണങ്ങള്‍, സ്വര്‍ണ്ണ, വെള്ളിപ്പാത്രങ്ങള്‍ എന്നിവ സകല വാദ്യാഘോഷത്തോടെയും എഴുന്നെള്ളിച്ച് ക്ഷേത്രത്തിലെത്തിക്കുന്നു. ഇതോടെ
പൂജാദികര്‍മ്മങ്ങള്‍ ആരംഭിക്കുന്നു. ഇതിനുശേഷം മാത്രമേ സ്ത്രീകള്‍ക്ക് ക്ഷേത്ര സന്നിധിയില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളൂ. ബാവലിപ്പുഴയില്‍
കുളിച്ച് തിരുവിഞ്ചിറയിലൂടെ മണിത്തറയിലെത്തി പ്രതിഷ്ഠകളെല്ലാം വലം വച്ച് തൊഴുത്. വഴിപാടുകളര്‍പ്പിച്ച് പ്രസാദം വാങ്ങുകയും ഭണ്ഡാരം പെരുകുകയും ചെയ്താല്‍ തീര്‍ത്ഥാടനം കഴിഞ്ഞു . ഇളനീര്‍വെപ്പ്, ഇളനീരാട്ടം, അഷ്ടമി ആരാധന, രേവതി ആരാധന, രോഹിണിയാരാധന, കലംവരവ്, കലശപൂജ, കലശാട്ട് എന്നിവയാണ് മറ്റു പ്രധാന ചടങ്ങുകള്‍.

നെയ്യമൃത് വ്രതം

ആർഷ സംസ്കാരത്തിന്റെ സ്വതസിദ്ധമായ പരിശുദ്ധി, ആപത്കരമായ ഏതു പ്രതിസന്ധികളെയും തരണം ചെയ്തു ജീവനെ ഉദ്ധരിച്ചു സത്യത്തിലേക്കും അമൃതത്തിലേക്കും ലയിപ്പിക്കുക എന്നതാണ്. അമൃതസ്വരൂപനാക്കി മാറ്റാനുള്ള കർമ്മപദ്ധതിയുടെ വിശിഷ്ടമായ ഒരു അനുഷ്ടാനമാണ് കൊട്ടിയൂർ നെയ്യമൃത്. പ്രത്യേക ഗൂഡപൂജകളോടേയും മന്ത്രത്തോടെയും അഷ്ടബന്ധതാൽ ബന്ധിപ്പിക്കപ്പെട്ടമണിതറയിലെ സ്വയംഭൂസ്ഥാനം പതിനൊന്നു മാസത്തിനു ശേഷം ഇടവമാസത്തിലെ ചോതിനാളിൽ തുറക്കപ്പെടുന്ന പവിത്രമായ ചടങ്ങാണ് നെയ്യാട്ടം. നെയ്യാട്ടത്തിനു അർപ്പിക്കപ്പെടുന്ന വിശിഷ്ട വസ്തുവായ നെയ്യമൃത് എത്തിക്കുവാനുള്ള അവകാശം സിദ്ധിക്കപ്പെട്ട തറവാടാണ് തമ്മേങ്ങാടൻ തറവാട് . തമ്മേങ്ങാടൻകാര് കലശപാത്രത്തിൽ നെയ്യമൃത് എത്തിക്കുന്നതോടൊപ്പം തന്നെ മറ്റു തറവാട്ടുകാർക്ക് ഇടങ്ങനാഴിക്കാർ എന്നപേരിൽ കിണ്ടിയിൽ നെയ്യമൃത് എഴുന്നെള്ളിക്കുവാൻ നേതൃത്വവും നൽക്കുന്നു വിശിഷ്ഠവും പരിപാവനവുമായ ഈ സമർപ്പണത്തിന് പിന്നിൽ ഇരുപത്തീഏഴു ദിനങ്ങൾ. വിശാഖം മുതൽ സ്ത്രീകളുടെ കഞ്ഞി, കുടുംബ ഐശ്വര്യത്തിന്റെ നാന്ദിയായി പരിശുദ്ധിയോടെ ചെയ്യുന്ന കർമ്മം. അതിനു ശേഷം അശ്വതി മുതൽ വേറെവേപ്പ്. സ്ത്രീകളെ ഒന്നിലും പങ്കെടുപ്പിക്കാതെ അവരെ ഊട്ടുന്ന ചടങ്ങ്. ആയില്യത്തിനു മഠത്തിൽ കയറൽ, കലശം കുളി കഴിഞ്ഞ് മഠത്തിൽ കയറി ബന്ധുജനങ്ങൾക്ക് വെച്ച് വിളമ്പി കൊടുക്കുന്ന ചടങ്ങ്. വ്യക്തി, കുടുംബം, സമൂഹം എന്നിവ ഘട്ടം ഘട്ടമായി സേവിക്കുക എന്ന പ്രക്രിയ. അത്തം നാളിൽ മഠത്തിൽ നിന്നു ഇറങ്ങൽ. ഓംകാര ശബ്ദം മുഴക്കി നെയ്യമൃത് എഴുന്നെള്ളിക്കൽ കൊട്ടിയൂരിലേക്ക് യാത്ര. ആദ്യ ദിവസം ചാവശ്ശേരി രണ്ടാമത്തെ ദിവസം മണത്തണ മൂന്നാമത്തെ ദിവസം മണത്തണ ചപ്പാരത്തു നിന്നും വില്ലിപ്പലനുമായി ചേർന്നു കൊട്ടിയൂരിലേക്ക്.

ശ്രീ കൊട്ടിയൂർ ക്ഷേത്രത്തിലെ അത്ഭുതം ജനിപ്പിക്കുന്ന ഒരു ചടങ്ങാണ് പ്രകൂഴ ദിവസം രാത്രി ആയിലാർ കാവിൽ നടക്കുന്ന നിഗൂഡ പൂജ. ഗോത്രാചാര രീതിയുടെ ഒരു നിഴൽ ചടങ്ങാണ് ആയില്യാർ കാവിലെ പൂജ. പടിഞ്ഞിറ്റ നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് പൂജകൾ നടക്കുന്നത്. ആയില്യാർ ക്കാവിലെ നിവേദ്യമാണ് അപ്പട (അരി മഞ്ഞൾ എന്നിവ പൊടിച്ചു കനലിൽ ചുട്ടെടുക്കുന്ന ഒരു അപ്പം) യാഗോത്സവത്തിലെ മുഴുവൻ ചടങ്ങുകളും നടത്തുന്നത് ജന്മസ്ഥാനികരാണ്. ഇത്തരത്തിൽ സ്ഥാനത്തു വരുന്നവർക്ക് ജന്മോപദേശം ലഭിക്കാണമെന്നാണ് നിശ്ചയം. സ്ഥാനികൻ ആസന്ന മരണ സമയത്ത് തന്റെ അനന്തരാവകാശിക്ക് യാഗോത്സവത്തിനു അനുഷ്ടിക്കേണ്ട കാര്യങ്ങൾ ഉപദേശിച്ചു കൊടുക്കും. പ്രകൂഴ നാളിലെ ആയില്യാർക്കാവിലെ അപ്പട നിവേദ്യത്തിനു കയ്പ്പ് രസം അനുഭവപ്പെടുന്ന സ്ഥാനികൻ നീരെഴുന്നള്ളത്തിനു മുൻപും നീരെഴുന്നള്ളത്തിന്റെ അപ്പടക്ക് കയ്പ്പ് രസം അനുഭവപ്പെടുന്ന സ്ഥാനികൻ കലശാട്ടിനു മുൻപും മരണമടയും എന്നാണു വിശ്വാസം. ഇത്തരം കയ്പ്പ് അനുഭവപ്പെടുന്ന സ്ഥാനികൻ തന്റെ അനന്തരാവകശിക്ക് ജന്മോപദേശം നൽകുന്നു.

വിവരങ്ങൾക്ക് കടപ്പാട് : കരുണൻ നമ്പ്യാർ

എത്തിച്ചേരാനുള്ള വഴി

കണ്ണൂരിൽ നിന്നും തലശേരിയിൽ നിന്നും മട്ടന്നൂർ വഴി ഇരിട്ടിയിൽ എത്താം . തളിപ്പറമ്പിൽ നിന്നും ശ്രീകണ്ടപുരം വഴി 42 കിലോമീറ്റർ യാത്ര ചെയ്തും
ഇരിട്ടിയിൽ എത്താം . ഇവിടെ നിന്നും മാനന്തവാടിക്കുള്ള കുറുക്കു പാതയിൽ 40
കിലോമീറ്റർ യാത്ര ചെയ്തു ഇക്കരെ കൊട്ടിയൂരിൽ എത്താം . അവിടെ നിന്നും ഇടത്തോട്ടു തിരിഞ്ഞു ഏകദേശം 200 മീറ്റർ നടന്നാൽ നദിയും അതിനു കുറുകെയുള്ള പാലവും കാണാം . ഈ പാലം കടന്നാൽ ദക്ഷ യാഗ ഭൂമിയായ അക്കരെ കൊട്ടിയൂരിൽ എത്താം . വൈശാഖ ഉത്സവ സമയത്ത് മാത്രമേ അവിടെ പോകാൻ പാടുള്ളൂ .