Sunday, August 23, 2015

തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രം

തൃശൂരിലെ തലപ്പിള്ളി താലൂക്കില്‍ തിരുവില്വാമലയില്‍ സ്ഥിതിചെയ്യുന്ന ശ്രീരാമ ക്ഷേത്രമാണ് തിരുവില്വാമല ശ്രീ വില്വാദ്രിനാഥക്ഷേത്രം. ഇവിടത്തെ ശ്രീരാമപ്രതിഷ്ഠ സ്വയംഭൂവാണെന്നും, ക്ഷേത്രം പരശുരാമന്‍ നിര്‍മ്മിച്ചതാണെന്നുമാണ് ഐതിഹ്യം. ക്ഷേത്രത്തിന്റെ വടക്കു ഭാഗത്ത് ഏകദേശം നാല് കിലോമീറ്റര്‍ ദൂരത്ത് മാറി ഭാരതപ്പുഴ ഒഴുകുന്നു. ക്ഷേത്രം ഒരു കുന്നിന്റെ മുകളില്‍ ആയതിനാല്‍ അവിടെ നിന്നും നോക്കിയാല്‍ ഭാരതപ്പുഴ കാണാം. ശംഖുചക്രഗദാധാരിയായ ശ്രീരാമപ്രതിഷ്ഠയ്ക്ക് പുറമേ ലക്ഷ്മണന്‍, ഗണപതി, ഹനുമാന്‍ എന്നിവരുടെ പ്രതിഷ്ഠകളുമുണ്ട്. ശ്രീരാമനും ലക്ഷ്മണനും പാല്‍പ്പായസവും ഹനുമാന് വടമാലയും അവില്‍ നിവേദ്യവുമാണ് പ്രധാന വഴിപാട്. ക്ഷേത്രത്തിനടുത്ത് കിഴക്ക് ഭാഗത്തായി ഉദ്ദേശം നൂറു മീറ്റര്‍ നീളമുള്ള ഒരു ഗുഹയുണ്ട്. പുനര്‍ജനി എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഗുഹ വിശ്വകര്‍മാവ് നിര്‍മിച്ചതാണെന്നാണ് ഐതിഹ്യം. വൃശ്ചിക മാസത്തിലെ ഏകാദശി (ഗുരുവായൂര്‍ ഏകാദശി) നാള്‍ ഈ ഗുഹ നൂഴ്ന്നു കടക്കുന്നത് പാപങ്ങള്‍ക്ക് പ്രായശ്ചിത്തമാകുമെന്നാണ് വിശ്വാസം.
പഴയ രേഖകളില്‍ ഈ ക്ഷേത്രത്തിന്റെ പേര്‍ തിരുമല്ലിനാഥ ക്ഷേത്രം എന്നാണ്. ലക്ഷ്മണന്‍ അനന്തന്റെ അവതാരമാണെന്നാണ് വിശ്വാസം. ഇതിനടുത്ത് പാമ്പാടി എന്ന സ്ഥലമുള്ളതും നാഗബന്ധത്തിന്‍ സൂചനയാണ്. മൂവേഴുവട്ടം മഹാക്ഷത്രിയരെ മുടിച്ച മഹാപാപത്തില്‍ നിന്നും മുക്തി നേടാന്‍ വഴികാണാതെ അലയുന്ന പരശുരാമന്, പരമശിവന്‍ കൈലാസത്തില്‍ താന്‍ നിത്യപൂജ നടത്തിയിരുന്ന വിഷ്ണുവിഗ്രഹം നല്‍കി അനുഗ്രഹിക്കുകയുണ്ടായി. ഈ ദിവ്യവിഗ്രഹം പ്രതിഷ്ഠിക്കാന്‍ വില്വമല തണെ വിശേഷപ്പെട്ടതെന്ന് കരുതി പരശുരാമന്‍ ലോകാനുഗ്രഹത്തിനായി പ്രതിഷ്ഠിച്ചതാണു ശ്രീകോവിലിലെ വിഗ്രഹം എന്നാണ് ഐതിഹ്യം.
വില്വാദ്രിനാഥ ക്ഷേത്രത്തിന് അടുത്തുള്ള അത്ഭുത സിദ്ധികള്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഗുഹയാണ് പുനര്‍ജ്ജനി ഗുഹ. ഇതിനെ പാപനാശിനി ഗുഹ എന്നും പറയും. ക്ഷേത്രില്‍നിന്നും രണ്ടര കിലോമീറ്റര്‍ അകലെയുള്ള വില്വമലയിലാണ് പുനര്‍ജനി. ഗുരുവായൂര്‍ ഏകാദശി ദിവസം തൊട്ടടുത്തുള്ള പാപനനശിനിയില്‍ കുളിച്ച് പുനര്‍ജനിയിലൂടെ നൂണ്ട് കടന്നാല്‍ പാപങ്ങള്‍ തീര്‍ന്ന് പുതിയ ജന്മമായി എന്നാണ് വിശ്വാസം. പഴയകാലത്ത് ഗുഹയില്‍ തടസമുണ്ടോ എന്നറിയാന്‍ നെല്ലിക്ക ഉരുട്ടുമായിരുന്നു. അതിനു ശേഷം പൂജാരിയാണ് ആദ്യം നൂളുക. ഇതിനു പിന്നിലാണ് മറ്റുള്ളവര്‍. ഏറ്റവും പരിചയമുള്ളവര്‍ക്കു നൂളാന്‍ അരമണിക്കൂറോളം വേണ്ടിവരും. ഗുഹയുടെ കിടപ്പ് പൊങ്ങിയും താഴ്ന്നും ആകയാല്‍ കമഴ്ന്നും മലര്‍ന്നും ഇരുന്നും ഞെരങ്ങിയും വേണം മുന്നേറാന്‍. പുരുഷന്മാര്‍ക്കു മാത്രമേ പ്രവേശനമുള്ളക്ഷേത്രത്തില്‍ പ്രധാന പ്രതിഷ്ഠകള്‍ ശ്രീരാമനും ലക്ഷ്മണനുമാണ്. നാലമ്പലത്തിനുള്ളില്‍ ഒരേ വലിപ്പത്തോടെയും ഒരേ പ്രാധാന്യത്തോടെയും അനഭിമുഖമായി രണ്ട് ചതുരശ്രീകോവിലുകളുണ്ട്. ഇവയില്‍ മുമ്പിലുള്ള ശ്രീകോവിലില്‍ ശ്രീരാമനും പിന്നിലുള്ള ശ്രീകോവിലില്‍ ലക്ഷ്മണനും യഥാക്രമം പടിഞ്ഞാട്ടും കിഴക്കോട്ടും ദര്‍ശനമായി വാഴുന്നു. ഇരുവര്‍ക്കും കൊടിമരമില്ല.
ചതുര്‍ബാഹുവായി ശംഖചക്രഗദാപത്മധാരിയായി നില്‍ക്കുന്ന രൂപത്തിലുള്ള മഹാവിഷ്ണുവിന്റെ രൂപത്തിലാണ് ഇരുവരുടെയും പ്രതിഷ്ഠകള്‍. പടിഞ്ഞാട്ട് ദര്‍ശനമായ വിഗ്രഹമാണ് വലുത്. തുല്യപ്രാധാന്യത്തോടെയാണ് ഇരുവരെയും കാണാറുള്ളത് എന്നതിനാല്‍ ഇരുവര്‍ക്കും നിത്യപൂജകളും വഴിപാടുകളും ഒരുപോലെയാണ്. എന്നാല്‍ ചിലര്‍ പടിഞ്ഞാറേ നടയ്ക്കും ചിലര്‍ കിഴക്കേ നടയ്ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. പടിഞ്ഞാറേ നടയില്‍ ആദ്യം തൊഴുതാല്‍ മോക്ഷം ലഭിക്കുമെന്നും കിഴക്കേ നടയില്‍ ആദ്യം തൊഴുതാല്‍ ഭൗതിക ഐശ്വര്യങ്ങള്‍ ലഭിക്കുമെന്നും ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു.
ക്ഷേത്രത്തിന് തെക്കുകിഴക്കുഭാഗത്ത് ചുറ്റമ്പലത്തിന്റെ പുറത്തായി പടിഞ്ഞാട്ട് ദര്‍ശനമായി ഹനുമാന്റെ ശ്രീകോവില്‍ സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനകത്തു തെക്കുപടിഞ്ഞാറുഭാഗത്തായി കിഴക്കോട്ട് ദര്‍ശനമായി ഗണപതിയുടെ ശ്രീകോവില്‍ സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്തായി ഏകദേശം അമ്പത് അടിയോളം താഴ്ചയിലാണ് അയ്യപ്പന്റെ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ഇവിടേയ്ക്ക് ഇറങ്ങിചെല്ലുവാനായി പടികളും ഉണ്ട്. ക്ഷേത്രത്തില്‍ നിന്നും താഴെ കുഴിയില്‍ (കുണ്ട്) സ്ഥിതിചെയ്യുന്നത് കൊണ്ട്, ഇവിടത്തെ അയ്യപ്പനെ കുണ്ടില്‍ അയ്യപ്പന്‍ എന്നും വിളിച്ചു വരുന്നു. കിഴക്കോട്ടാണ് ദര്‍ശനം.കന്നി മാസത്തിലെ ആദ്യത്തെ വ്യഴാച്ച ഇവിടെ നിറമാല നടക്കുന്നു. ുംഭമാസത്തിലെ കറുത്ത ഏകാദശിയാണ് തിരുവില്വാമല ഏകാദശി. അഷ്ടമി വിളക്കു മുതല്‍ ഏകാദശി ഉത്സവം തുടങ്ങുകയായി.വളരെ പണ്ട് പരശുദായര്‍ എന്നറിയപ്പെടുന്ന ഒരു വിഭാഗം നമ്പ്യാതിരിമാരുടെ നിയന്ത്രണത്തിലായിരുന്നു ക്ഷേത്രം. 16ാം നൂറ്റാണ്ടില്‍ സാമൂതിരിയും പാലക്കാട്ടു രാജാവും പുറക്കോയ്മയായും കക്കാട്ടു നമ്പ്യാതിരി അകക്കോയ്മയായും കൊച്ചിരാജാവ് മേല്‌കോയ്മയായും തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചി ദേവസ്വം ബോര്‍ഡാണ് ഇപ്പോള്‍ ക്ഷേത്രത്തിന്റെ ഭരണം നിര്‍വഹിക്കുന്നത്.

Wednesday, August 19, 2015

ചിങ്ങപ്പുലരിയില്‍ ആയിരങ്ങള്‍ അയ്യപ്പനെ വണങ്ങി...

!!! സ്വാമിയേ ശരണം അയ്യപ്പാ !!!

പത്തനംതിട്ട: ചിങ്ങപ്പുലരിയില്‍ ശബരിമലയില്‍ മലയാളികളും അന്യസംസ്ഥാനക്കാരും ഉള്‍പ്പെടെ ആയിരക്കണക്കിനു ഭക്തര്‍ അയ്യപ്പനെ വണങ്ങി ദര്‍ശനപുണ്യം നേടി.

ആദ്യമായി താന്ത്രികചുമതല ഏറ്റെടുത്ത കണ്ഠര് മഹേഷ് മോഹനരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. സഹസ്രകലശപൂജയും ലക്ഷാര്‍ച്ചനയും കളഭാഭിഷേകവുമായിരുന്നു പുതുവര്‍ഷദിനത്തിലെ വിശേഷാല്‍പൂജകള്‍.

ചെറുമുക്ക് വല്ലഭന്‍ അക്കിത്തിരിപ്പാടിന്റെ നേതൃത്വത്തില്‍ എട്ടു ദിവസം നീണ്ടുനില്കുന്ന ഋഗ്വേദമന്ത്രാര്‍ച്ചനയും സന്നിധാനത്ത് പ്രത്യേകം ഒരുക്കിയ പന്തലില്‍ തിങ്കളാഴ്ച തുടങ്ങി. ഇത്തവണ നട അടയ്ക്കുന്നതുവരെയുള്ള അഞ്ചു ദിവസവും തിരുവോണത്തിന് നട തുറക്കുമ്പോള്‍ മൂന്നു ദിവസവുമായിട്ടായിരിക്കും ഇതു നടക്കുക. മേല്‍ശാന്തി കൃഷ്ണദാസ് നന്പൂതിരിയാണ് ഋഗ്വേദമന്ത്രാര്‍ച്ചന വഴിപാടായി നടത്തുന്നത്. കന്നിമാസത്തില്‍ യജുര്‍വേദാര്‍ച്ചനയും അദ്ദേഹത്തിന്റെ വകയായി നടത്തുന്നുണ്ട്. 

മാളികപ്പുറത്ത് ശ്രീകോവില്‍ പിത്തള പൊതിഞ്ഞതിന്റെ സമര്‍പ്പണവും നടന്നു. വെണ്മണി സ്വദേശിയായ ഒരു ഭക്തനാണ് വഴിപാടായി പിത്തള പൊതിയല്‍ നടത്തിയത്. മാളികപ്പുറത്ത് മേല്‍ശാന്തി കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ 21ന് കളഭാഭിഷേകവും ഉണ്ടായിരിക്കും.
അയ്യപ്പന് ചൊവ്വാഴ്ച ആരംഭിക്കുന്ന സഹസ്രകലശം നാലു ദിവസവും തുടരും. ഉദയാസ്തമയപൂജ, പടിപൂജ, പുഷ്പാഭിഷേകം എന്നിവയും എല്ലൂ ദിവസവും ഉണ്ടാകും.

വിനായകചതുര്‍ത്ഥിയോടനുബന്ധിച്ച് ചൊവ്വാഴ്ച പമ്പ ഗണപതി ക്ഷേത്രത്തില്‍ മഹാഗണപതിഹോമവും പ്രത്യേക പൂജകളും നടക്കും.

ചതുർത്ഥിയുടെ കഥ

ഭദ്രപാദമാസത്തിലെ പൗര്‍ണ്ണമിക്ക് ശേഷം വരുന്ന നാലാംദിവസമാണ് വിനായകചതുര്‍ത്ഥി ആഘോഷിക്കുന്നത്. ഭാരതം മുഴുവന്‍ വിനായകചതുര്‍ത്ഥി ആഘോഷിക്കുന്നുണ്ട്. 

ഏതൊരു കാര്യസാദ്ധ്യത്തിനും വിഘ്നശാന്തിക്കും വിനായക പ്രീതി വേണമെന്ന വിശ്വാസം ഭാരതീയരില്‍ ജാതിമത വ്യത്യാസമില്ലാതെ, രൂഢമൂലമാണ്. വിഘനേശ്വരന് പല മൂര്‍ത്തി ഭേദങ്ങളുണ്ട്. വിനായകന്‍, ഗണേശന്‍, പിള്ളെയാര്‍, , ഗജാനനന്‍, മൂഷികവാഹനന്‍, മോദകപ്രിയന്‍ തുടങ്ങി അനേകം നാമങ്ങളാല്‍ പൂജിതനാണ് വിനായകന്‍. 

വിനായകചതുര്‍ത്ഥി ദിവസം വീടുകളില്‍ ഗണേശയന്ത്രം വരയ്ക്കുന്നു. വളരെ നാളത്തെ ശ്രമങ്ങളുടെ ഫലമായി വലിയ പ്രതിമയുണ്ടാക്കി പൂജിക്കുന്നു. സകല അലങ്കാരങ്ങോളും കൂടിയാണ് വിനായകനെ പൂജിക്കുന്നത്.

പട്ടുകുടയും പലഹാരങ്ങളും ഭജനയും ആത്മാര്‍ത്ഥമായ ഭക്തിയും വിനായകന് സമര്‍പ്പിക്കുന്നു. വിഘ്നേശ്വരന് ഏറ്റവും പ്രിയങ്കരമായ മോദകം, അട, ശര്‍ക്കര പൊങ്കല്‍, ഉണ്ണിയപ്പം, എല്ലാം നിവേദിക്കുന്നു. 

കറുകമാല ചാര്‍ത്തി, പതിനാറ് ഉപചാരങ്ങള്‍ നല്‍കി, വിപുലമായി പൂജിക്കുന്നു. അതിന് ശേഷം ആഘോഷത്തോടെ വിനായക വിഗ്രഹത്തെ അടുത്തുള്ള നദിയിലോ, സമുദ്രത്തിലോ നിമ്മര്‍ജ്ഞനം ചെയ്യുന്നു. 

ചതുര്‍ത്ഥിയുടെ കഥ 

അതി സുന്ദരമായി നൃത്തം ചെയ്യുന്ന ദേവനാണ് ഗണപതി ഒരിക്കല്‍ ഗണപതിയുടെ നൃത്തംകാണാന്‍ ശ്രീപരമേശ്വരനും ശ്രീപാര്‍വ്വതിക്കും ആഗ്രഹമുണ്ടായി. ഗണപതി നൃത്തം ചെയ്തു. അതില്‍ സംപ്രീതരായ മാതാപിതാക്കള്‍ ഗജാനന് ഏറ്റവും പ്രിയപ്പെട്ട മോദകമുണ്ടാക്കിക്കൊടുത്തു. 

വയറ് നിറയെ മോദകം കഴിച്ച് സന്തുഷ്ടനായിത്തീര്‍ന്ന ഗണപതി ത്രിസന്ധ്യാ സമയത്ത് കൈലാസത്തിലൂടെ യാത്ര ചെയ്തു. പെട്ടെന്ന് കഴിച്ച മോദകം മുഴുവന്‍ പുറത്തു ചാടി. ഇതു കണ്ട് വിഷണ്ണനായി ഗണപതി ആരും കണ്ടില്ലെന്നുറപ്പ് വരുത്തി. മോദകയുണ്ടകള്‍ തിരിച്ച് വയറിലേക്ക ് തന്നെ തളളി. 

ഇതെല്ലാം കണ്ടു കൊണ്ടിരുന്ന ചന്ദ്രന്‍ ഈ വിചിത്ര ദൃശ്യം കണ്ട് പൊട്ടിച്ചിരിച്ചു. പരിഹാസച്ചിരി കേട്ട് ക്രൂദ്ധനായിത്തീര്‍ന്ന ഗണപതി ""എനിക്ക് സന്തോഷകരമായ ദിവസം എന്നെ കളിയാക്കിയതിനാല്‍ ഈ ദിവസം നിന്നെക്കാണുന്ന ആളുകള്‍ക്ക ് അപവാദം കേള്‍ക്കാനിടവരട്ടൈയെന്ന് ''ശപിച്ചു.

അതിനാലാണ് വിനായകചതുര്‍ത്ഥി ദിവസം ചന്ദ്രനെ കാണാന്‍ പാടില്ലെന്ന് വിശ്വസമുണ്ടായത്

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം

കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ് ആലപ്പുഴ ജില്ലയിലെഹരിപ്പാട് സ്ഥിതിചെയ്യുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ചതുർബാഹുവായ സുബ്രഹ്മണ്യൻആണ്. കൂടാതെ ധാരാളം ഉപദേവതകളും ഉണ്ട്.

ഐതിഹ്യം

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട് ഒരു കഥ നിലനിൽക്കുന്നുണ്ട്. പണ്ട് ഈ സ്ഥലത്തിന്റെ പേര് 'കുമാരപുരം' എന്നായിരുന്നു (ഏകചക്ര ആയിരുന്നുവെന്നും പറയപ്പെടുന്നു). അന്നിവിടത്തെ പ്രമാണിമാരുടെ ഉടമസ്ഥാവകാശത്തിൽ ഒരു സുബ്രഹ്മണ്യസ്വാമിക്ഷേത്രം നിലനിന്നിരുന്നു. 'തൃക്കോവിൽ ക്ഷേത്രം' എന്നായിരുന്നു അതിന്റെ പേര്. അതിന്റെ സമീപത്തായി ഒരു മഹാക്ഷേത്രം നിർമ്മിച്ച് അവിടെ അയ്യപ്പസ്വാമിയെ പ്രതിഷ്ഠിയ്ക്കാൻ പ്രമാണിമാർ തീരുമാനിച്ചു. അവർ വിദഗ്ദ്ധരായ പണിക്കാരെ അതിന് നിയോഗിച്ചു. അങ്ങനെ മാസങ്ങൾ നീണ്ട കഠിനാധ്വാനത്തിനൊടുവിൽ ക്ഷേത്രനിർമ്മാണം പൂർത്തിയായി. ദേവശില്പിയായ വിശ്വകർമ്മാവ്പോലും അമ്പരന്നുപോകും വിധം മനോഹരമായ, പഞ്ചപ്രാകാരങ്ങളോടുകൂടിയ ഒരു മഹാക്ഷേത്രം അവിടെ ഉയർന്നുവന്നു. അവിടെ പ്രതിഷ്ഠയ്ക്കുള്ള ദിവസവും നിശ്ചയിയ്ക്കപ്പെട്ടു.

അങ്ങനെയിരിയ്ക്കെ ഒരുദിവസം എല്ലാ പ്രമാണിമാർക്കും ഒരേ സമയം സ്വപ്നദർശനമുണ്ടായി. അവർ നിർമ്മിച്ച മഹാക്ഷേത്രത്തിൽ പ്രതിഷ്ഠിയ്ക്കാൻ ഏറ്റവും അനുയോജ്യമായ ഒരു വിഗ്രഹംകായംകുളം കായലിൽ ജലാധിവാസമേറ്റുകിടപ്പുണ്ടെന്നതായിരുന്നു ദർശനത്തിൽ പ്രത്യക്ഷപ്പെട്ട ദിവ്യന്റെ വാക്കുകൾ. പണ്ട് പരശുരാമൻപൂജിച്ച് ജലാധിവാസം ചെയ്ത ചതുർബാഹു സുബ്രഹ്മണ്യവിഗ്രഹമാണ് അതെന്നും അത് എടുക്കാനായി ഉടനെത്തന്നെ പുറപ്പെടണമെന്നും അത് അന്വേഷിച്ച് അവിടെച്ചെല്ലുമ്പോൾ ഒരുസ്ഥലത്ത് നീർച്ചുഴിയുംപൂജാപുഷ്പങ്ങളും പ്രത്യക്ഷപ്പെടുമെന്നും അവിടെ ഇറങ്ങിത്തപ്പിയാൽ വിഗ്രഹം കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് എല്ലാവരും കൂടി അത്യുത്സാഹത്തോടെ വിഗ്രഹം തപ്പാനായി കായംകുളത്തെത്തി. അവിടെ കായലിൽ നീർച്ചുഴിയും പൂജാപുഷ്പങ്ങളും കണ്ട സ്ഥലത്ത് ഇറങ്ങിത്തപ്പിയപ്പോൾ അവർക്ക് വിഗ്രഹം കിട്ടി. തുടർന്ന് അവർ അതെടുത്ത് അടുത്തുള്ള നാലുപറക്കടവിലേയ്ക്ക് കൊണ്ടുപോയി. തുടർന്ന് പായിപ്പാട്ടാറ്റിലൂടെ ഘോഷയാത്രയായി വിഗ്രഹം കുമാരപുരത്തിച്ചു. ഈ സംഭവത്തിന്റെ ഓർമ്മയ്ക്കായി ഇന്നുംചിങ്ങമാസത്തിലെ ചതയം നാളിൽ പായിപ്പാട്ടാറ്റിൽ വള്ളംകളി നടത്തിവരുന്നു.

തുടർന്ന് പുതിയ ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുപോയ വിഗ്രഹം സകലവിധ താന്ത്രികച്ചടങ്ങുകളോടെയും പ്രതിഷ്ഠിച്ചു. ആ സമയത്ത് ഒരു ദിവ്യൻ അവിടെ പ്രത്യക്ഷപ്പെട്ടുവെന്നും അദ്ദേഹം ജീവകലശാഭിഷേകം നടത്തിയെന്നും ആ ദിവ്യൻ സാക്ഷാൽ പരശുരാമൻ തന്നെയായിരുന്നുവെന്നും പറയപ്പെടുന്നു. അങ്ങനെ, ശ്രീഹരിയുടെ, അതായത്മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമൻ കാലുകുത്തിയ സ്ഥലം 'ഹരിപ്പാദപുരം' എന്നും കാലാന്തരത്തിൽ 'ഹരിപ്പാട്' എന്നും അറിയപ്പെടാൻ തുടങ്ങി. ഒരു വൃശ്ചികമാസത്തിൽ കാർത്തിക നക്ഷത്രവും പൗർണ്ണമിയും കൂടിയ ദിവസം നട്ടുച്ചയ്ക്കായിരുന്നു പ്രതിഷ്ഠ. അതിനാൽ ഇന്നും ആ ദിവസം ക്ഷേത്രത്തിൽ വളരെ പ്രധാനമാണ്.

ക്ഷേത്രം

കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യസ്വാമിക്ഷേത്രമാണ് ഹരിപ്പാട്ടുള്ളത്. വലുപ്പം കൊണ്ടും, പ്രശസ്തി കൊണ്ടും, ഐതിഹ്യപ്പെരുമകൊണ്ടും, ആചാരാനുഷ്ഠാനങ്ങൾ കൊണ്ടുമെല്ലാം ഹരിപ്പാട് ഈ സ്ഥാനത്ത് വരുന്നു. ഏകദേശം ഏഴേക്കർ വരുന്ന വിശാലമായ മതിലകത്തിനത്തിനുപുറമേ ചെമ്പുമേഞ്ഞ വലിയ വട്ടശ്രീകോവിൽ, വലിയ ആനക്കൊട്ടിൽ, മൂന്ന്ഭാഗത്തുമുള്ള ഗോപുരങ്ങൾ,(വടക്ക് ചെറിയ രണ്ട്‌ വാതിലുകൾ മാത്രമാണുള്ളത്.) നാലമ്പലം, വിളക്കുമാടം, കൂത്തമ്പലം, ഭഗവദ്വാഹനമായ മയിലിനെ ശിരസ്സിലേറ്റുന്ന കേരളത്തിലെ ഏറ്റവും വലിയ സ്വർണ്ണക്കൊടിമരങ്ങളിലൊന്ന്, വലിയ രണ്ട് കുളങ്ങൾ - ഇവയെല്ലാം ഈ ക്ഷേത്രത്തിന്റെ മനോഹരമായ നിർമ്മിതിയുടെ ഉത്തമോദാഹരണങ്ങളാണ്.

പ്രതിഷ്ഠാവിഗ്രഹത്തിന്റെ വലുപ്പത്തിന്റെ കാര്യത്തിലും ഹരിപ്പാട് തന്നെയാണ് കേരളത്തിലെ സുബ്രഹ്മണ്യസ്വാമിക്ഷേത്രങ്ങളിൽ മുമ്പിൽ. ആറടിയ്ക്കുമുകളിൽ ഉയരമുള്ള അതിഭീമാകാരമായ കൃഷ്ണശിലാവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായാണ് സുബ്രഹ്മണ്യസ്വാമി വാഴുന്നത്. അതേസമയം വിഗ്രഹം സുബ്രഹ്മണ്യന്റേതാണെന്ന് തെളിച്ചുപറയാൻ വയ്യ. കാരണം, ഇവിടത്തെ ആദ്യസങ്കല്പം വിഷ്ണുവായിരുന്നുവെന്നും പിന്നീട് വിഷ്ണുവിനെ ശിവനും ഒടുവിൽ ശിവസുതനായ സുബ്രഹ്മണ്യനുമാക്കിമാറ്റുകയായിരുന്നുവെന്നും പറയപ്പെടുന്നു. ഇതിനുള്ള തെളിവുകൾ വിഗ്രഹത്തിൽ വ്യക്തമായി കാണാൻ കഴിയും: ഉയർത്തിപ്പിടിച്ച രണ്ടുകൈകളിൽ ശംഖചക്രങ്ങളും താഴോട്ടുള്ള ഇടതുകയ്യിൽ ഗദയും വലതുചുമലിൽ വേലും ഇടതുചുമലിൽ ത്രിശൂലവും കിരീടവുംജടാമകുടവും ഗംഗാജലവും ചന്ദ്രക്കലയും ത്രിനേത്രങ്ങളുമെല്ലാം ഇതിലുണ്ട്. ആദ്യം ഇത് ബുദ്ധനെ പ്രതിഷ്ഠിയ്ക്കാൻ നിശ്ചയിച്ച ക്ഷേത്രമായിരുന്നുവെന്നും അന്ന് ബൗദ്ധ-ജൈനപണ്ഡിതന്മാരെ എതിർത്തുതോൽപ്പിയ്ക്കാൻ ഇവിടെവന്ന ഭടന്മാരിൽ ഭൂരിപക്ഷം വൈഷ്ണവരായിരുന്നതിനാൽ അവർ വിഷ്ണുവിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ നിശ്ചയിയ്ക്കുകയുംശൈവഭടന്മാർ ഇതിനെതിരെ രംഗത്തുവരികയും ചെയ്തു. തുടർന്ന് ഇരുവരും തമ്മിൽ സംഘട്ടനമുണ്ടായി. പിന്നീട് ശൈവഭടന്മാർ വിഗ്രഹത്തിലെ കിരീടം, മഞ്ഞപ്പട്ട്, മയിൽപ്പീലി, മറ്റ് ആഭരണങ്ങൾ തുടങ്ങിയവ എടുത്തുമാറ്റുകയുംപാഞ്ചജന്യം ശംഖ്, സുദർശനചക്രം, കൗമോദകി ഗദ, ഗോപിക്കുറി എന്നിവ മറയ്ക്കുകയും ജടാമകുടം, ചന്ദ്രക്കല, ഗംഗാജലം, ത്രിശൂലം, ഉടുക്ക്, മൂന്നാം തൃക്കണ്ണ്, കഴുത്തിൽ പാമ്പ് തുടങ്ങിയവ ഘടിപ്പിച്ച് ദേഹമാസകലം ഭസ്മം പൂശിരുദ്രാക്ഷവും പുലിത്തോലും അണിയിച്ച് ശിവനാക്കിമാറ്റുകയും ചെയ്തു. പിന്നീട് ശൈവരിൽത്തന്നെ ഒരു വിഭാഗം സുബ്രഹ്മണ്യന് കൂടുതൽ പ്രാധാന്യം കൊടുക്കാൻ തുടങ്ങിയപ്പോൾ അവർ വിഗ്രഹത്തിൽ വേൽ സ്ഥാപിച്ചു. കിരീടവും വസ്ത്രവും ആഭരണങ്ങളും വീണ്ടും സ്ഥാപിച്ചു. പിന്നീട് മൂന്നുകൂട്ടരെയും സമവായത്തിലെത്തിയ്ക്കാൻ ഈ ഭാവങ്ങളെല്ലാം ഒന്നിച്ച് വിഗ്രഹത്തിൽ കാണിയ്ക്കാൻ തുടങ്ങി. കൂടാതെ മൂന്നുസങ്കല്പങ്ങൾക്കുമായി മൂന്ന് ഉത്സവങ്ങളും നിശ്ചയിച്ചു: ഒന്ന്, മേടമാസത്തിൽ വിഷുദിവസം കൊടിയേറി കണികണ്ട് പത്താമുദയത്തിന് ആറാട്ടോടെ കഴിയുന്ന ചിത്തിര ഉത്സവം; രണ്ട്, ചിങ്ങമാസത്തിൽ അത്തം നാളിൽ കൊടിയേറി തിരുവോണം നാളിൽ ആറാട്ടോടെ കഴിയുന്ന ആവണി ഉത്സവം; മൂന്ന്, ധനുമാസത്തിൽ ചതയം നാളിൽ കൊടിയേറി തിരുവാതിര നാളിൽ ആറാട്ടോടെ കഴിയുന്ന മാർകഴി ഉത്സവം. ഇവ യഥാക്രമം സുബ്രഹ്മണ്യൻ, വിഷ്ണു, ശിവൻ എന്നീ സങ്കല്പങ്ങളെ സൂചിപ്പിയ്ക്കുന്നു.

ഉപദേവതകൾ

ക്ഷേത്രത്തിൽ ഉപദേവതകളായി ദക്ഷിണാമൂർത്തി, ഗണപതി, അയ്യപ്പൻ, ശ്രീകൃഷ്ണൻ, ദുർഗ്ഗ, ഭദ്രകാളി, നാഗദൈവങ്ങൾ,ബ്രഹ്മരക്ഷസ്സ്, യക്ഷി എന്നിവർ കുടികൊള്ളുന്നു. നാലമ്പലത്തിനകത്ത് പ്രധാന ശ്രീകോവിലിൽത്തന്നെ തെക്കേ നടയിൽ തെക്കോട്ട് ദർശനമായാണ് ദക്ഷിണാമൂർത്തി-ഗണപതി പ്രതിഷ്ഠകൾ. നാലമ്പലത്തിനുപുറത്ത് തെക്കുകിഴക്കേമൂലയിൽ പ്രത്യേകമായി നിർമ്മിച്ച ക്ഷേത്രത്തിൽ ശ്രീകൃഷ്ണൻ കുടികൊള്ളുന്നു. "തിരുവമ്പാടി ക്ഷേത്രം" എന്ന് ഇതറിയപ്പെടുന്നു. ഗോശാലകൃഷ്ണനായാണ് ഇവിടെ പ്രതിഷ്ഠയുടെ സങ്കല്പം. ശ്രീകൃഷ്ണക്ഷേത്രത്തിന് പടിഞ്ഞാറുമാറി നാലമ്പലത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായാണ് അയ്യപ്പസ്വാമിയുടെ ശ്രീകോവിൽ. ഇതിനും തെക്കുപടിഞ്ഞാറായി നാഗദൈവങ്ങളും ബ്രഹ്മരക്ഷസ്സും കുടികൊള്ളുന്നു. വടക്കുപടിഞ്ഞാറുഭാഗത്താണ് ദുർഗ്ഗ-ഭദ്രകാളി ദേവിമാരുടെ പ്രതിഷ്ഠ. വടക്കുകിഴക്കുഭാഗത്ത് യക്ഷിയും. ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ കീഴ്തൃക്കോവിൽ കിഴക്കേ നടയിൽ മതിൽക്കെട്ടിനുപുറത്ത് കുടികൊള്ളുന്നു. ദ്വിബാഹുവായ ബാലസുബ്രഹ്മണ്യനാണ് കീഴ്തൃക്കോവിലപ്പനായി വാഴുന്നത്.

ക്ഷേത്ര ആചാരങ്ങൾ

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം. പുലർച്ചെ നാലുമണിയ്ക്ക് നടതുറക്കുന്നു. ആദ്യം തലേദിവസത്തെ ആടയാഭരണങ്ങൾ ചാർത്തി നടത്തുന്ന നിർമ്മാല്യദർശനമാണ്. നിർമ്മാല്യത്തിനുശേഷം വിഗ്രഹത്തിൽ എണ്ണ, ജലം, വാകപ്പൊടി മുതലായവകൊണ്ട് അഭിഷേകം നടത്തുന്നു. അഭിഷേകത്തിനുശേഷം വിഗ്രഹം അലങ്കരിയ്ക്കുന്നു. മലർ നിവേദ്യമാണ് അടുത്ത ചടങ്ങ്. അപ്പോഴേയ്ക്കും സമയം അഞ്ചുമണിയാകും. മലർനിവേദ്യത്തിനുശേഷം ഉഷഃപൂജയാണ്. ഇതിന് അടച്ചുപൂജയുണ്ട്. നെയ്പായസവും വെള്ളനിവേദ്യവുമാണ് ഈ സമയത്ത് ഭഗവാന്റെ നിവേദ്യം. പിന്നീട് സൂര്യോദയസമയത്ത് എതിരേറ്റുപൂജ. ഇത് ഉപദേവതകൾക്ക് നിവേദ്യം സമർപ്പിച്ചുകൊണ്ടുള്ള പൂജയാണ്. ഇതേസമയത്ത് തന്നെയാണ് ക്ഷേത്രത്തിലെ മഹാഗണപതിഹോമവും. ആറരയോടെ എതിരേറ്റുശീവേലി തുടങ്ങുന്നു. തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം സമർപ്പിയ്ക്കുന്നത് ഭഗവാൻ നേരിട്ട് കാണുന്നു എന്നാണ് ശീവേലിയുടെ പിന്നിലുള്ള അർത്ഥം. ജലഗന്ധപുഷ്പങ്ങളുമായി മേൽശാന്തിയും സുബ്രഹ്മണ്യസ്വാമിയുടെ തിടമ്പുമായി കീഴ്ശാന്തിയും ശ്രീകോവിലിന് പുറത്തിറങ്ങുന്നു. അകത്തെ ബലിവട്ടത്തുള്ള ഓരോ ബലിക്കല്ലിലും മേൽശാന്തി ബലി തൂകുന്നു. അഷ്ടദിക്പാലകർ, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ, നിർമ്മാല്യധാരി (ഇവിടെ ധൂർത്തസേനൻ), ശാസ്താവ്, അനന്തൻ, ദുർഗ്ഗ, ബ്രഹ്മാവ്, സുബ്രഹ്മണ്യൻ തുടങ്ങിയവരാണ് ബലിക്കല്ലുകളുടെ രൂപത്തിൽ ശ്രീകോവിലിനുചുറ്റുമുള്ളത്. തുടർന്ന് പുറത്തിറങ്ങിയശേഷം പ്രദക്ഷിണവഴിയിലൂടെ മൂന്നുതവണ പ്രദക്ഷിണം വച്ച് പുറത്തെ ബലിക്കല്ലുകളിലും ബലിതൂകുന്നു. തുടർന്ന് വലിയ ബലിക്കല്ലിലും ബലിതൂകി തിരിച്ചുപോകുന്നു. ശീവേലി കഴിഞ്ഞാൽ പാൽ, ഇളനീർ, പനിനീർ, കളഭം, കുങ്കുമം, ഭസ്മം മുതലായവകൊണ്ട് അഭിഷേകം നടത്തുന്നു. തുടർന്ന് ഒമ്പത് വെള്ളിക്കുടങ്ങളിൽ തീർത്ഥജലം നിറച്ചുവച്ച് അവ മണ്ഡപത്തിൽവച്ച് പൂജിച്ച് വിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്ന ചടങ്ങാണ് "നവകാഭിഷേകം". ഇത് നിത്യേന നടത്തുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് ഹരിപ്പാട് ക്ഷേത്രം. തുടർന്ന് എട്ടുമണിയ്ക്ക് പന്തീരടിപൂജ നടക്കുന്നു. നിഴലിന് പന്ത്രണ്ടടി നീളം വരുന്ന സമയത്ത് നടത്തുന്ന പൂജയായതുകൊണ്ടാണ് പന്തീരടിപൂജ എന്നുപറയുന്നത്. പന്തീരടിപൂജ കഴിഞ്ഞാൽ പത്തുമണിയോടുകൂടി പഞ്ചഗവ്യാഭിഷേകം തുടങ്ങുന്നു. പാൽ, നെയ്യ്, ചാണകം, ഗോമൂത്രം, തൈര് എന്നിവ നിശ്ചിതമായ ഒരളവിൽ ചേർത്തുണ്ടാക്കുന്നതാണ് പഞ്ചഗവ്യം. ഇതും അപൂർവ്വം ചില ക്ഷേത്രങ്ങളിലേ നിത്യേന അഭിഷേകം ചെയ്യാറുള്ളൂ. തുടർന്ന് പത്തരയോടെ ഉച്ചപൂജ തുടങ്ങുന്നു. ഇതിനും അടച്ചുപൂജയുണ്ട്. പ്രധാന നിവേദ്യമായ തുലാപായസം ഈ സമയത്താണ് നേദിയ്ക്കുന്നത്. ഉച്ചപൂജയ്ക്കുശേഷം പതിനൊന്നരയോടെ ഉച്ചശീവേലി. എതിരേറ്റുശീവേലിയുടെ അതേ ചടങ്ങുകൾ തന്നെയാണ് ഉച്ചശീവേലിയ്ക്കും. ഉച്ചശീവേലി കഴിഞ്ഞ് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ നടയടയ്ക്കുന്നു.

വൈകീട്ട് നാലുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടക്കുന്നു. തുടർന്ന് രാത്രി ഏഴരയോടെ അത്താഴപൂജ നടത്തുന്നു. ഇതിനും അടച്ചുപൂജയുണ്ട്. പാൽപ്പായസവും അപ്പവുമാണ് നിവേദ്യങ്ങൾ.. തുടർന്ന് എട്ടരയ്ക്ക് അത്താഴശീവേലി. എതിരേറ്റുശീവേലിയുടെയും ഉച്ചശീവേലിയുടെയും അതേ ചടങ്ങുകൾ തന്നെയാണ് ഇതിനും. അത്താഴശീവേലി കഴിഞ്ഞ് രാത്രി ഒമ്പതുമണിയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.

ക്ഷേത്രത്തിൽ രണ്ട് തന്ത്രിമാരുണ്ട്. അവർ പടിഞ്ഞാറേ പുല്ലാംവഴി, കിഴക്കേ പുല്ലാംവഴി എന്നീ കുടുംബങ്ങളിൽ നിന്നുള്ളവരാണ്. ദിവസവും ഇവിടെ തന്ത്രിപൂജയുണ്ട് (പുലമുടക്കുള്ളപ്പോൾ ഒഴികെ). കാസർഗോഡ് ജില്ലയിലെനീലേശ്വരത്തിനടുത്തുള്ള പുല്ലൂർ ഗ്രാമസഭയിൽ നിന്നുള്ള പത്തിലത്തിൽ പോറ്റിമാർക്കാണ് മേൽശാന്തിയവകാശം. കീഴ്ശാന്തിമാർ ദേവസ്വം നിയമനമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രം.

വഴിപാടുകൾ

ഇടിച്ചുപിഴിഞ്ഞപായസവും തുലാപായസവും പഞ്ചാമൃതവുമാണ് പ്രധാന വഴിപാടുകൾ. കൂടാതെ അഭിഷേകവും നാരങ്ങാമാല ചാർത്തലും പ്രധാനമാണ്.

ക്ഷേത്രത്തിൽ എത്തിച്ചേരാനുള്ള വഴി

ഹരിപ്പാട് ബസ് സ്റ്റാന്റിൽ നിന്ന് (ദേശീയപാത 47-ൽ ഉള്ള പ്രധാന ബസ് സ്റ്റാന്റ്) ഒന്നര കിലോമീറ്റർ വടക്കുപടിഞ്ഞാറ് മാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഹരിപ്പാട്‌ റെയിൽവേ സ്റ്റേഷനിൽ നിന്നും ക്ഷേത്രത്തിലേക്ക് എത്താൻ ഒന്നര കിലോമീറ്റർ മാത്രമേയുള്ളൂ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 115 കിലോമീറ്ററും, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 125 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം.