Tuesday, March 31, 2015

ശബരിമല ആറാട്ട് വെള്ളിയാഴ്ച...

!!! സ്വാമിയേ ശരണം അയ്യപ്പാ !!!

ശബരിമല: പത്തുദിവസത്തെ ശബരിമല ഉത്സവത്തിന് സമാപനംകുറിച്ച് ഭഗവാന്റെ ആറാട്ട് വെള്ളിയാഴ്ച പമ്പയില്‍ നടക്കും. പള്ളിവേട്ട ഏപ്രില്‍ 2നാണ്. പള്ളിവേട്ട ഘോഷയാത്ര രാത്രി 9.30ന് സന്നിധാനത്തുനിന്ന് ശരംകുത്തിയിലേക്ക് പുറപ്പെടും. ചടങ്ങുകള്‍ക്കുശേഷം രാത്രി 11.30ന് ഘോഷയാത്ര സന്നിധാനത്തേക്ക് മടങ്ങും.

ഉത്സവകാലത്ത് എത്തുന്ന ഭക്തന്മാര്‍ക്ക് ഏറ്റവും സന്തോഷം പകരുന്ന വിളക്കിനെഴുന്നള്ളിപ്പ് ശബരിമലയില്‍ നടന്നുവരുന്നു. ഏപ്രില്‍ 2 വരെ ഇതുണ്ടാകും. അത്താഴപൂജയ്ക്കുശേഷം തീവെട്ടിയും വാദ്യഘോഷങ്ങളുമായാണ് എഴുന്നള്ളിപ്പ്. മേല്‍ശാന്തി കൃഷ്ണദാസ് നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. വിളക്കിനെഴുന്നള്ളിപ്പില്‍ ഭഗവാനെ ഏറെനേരം ദര്‍ശിക്കാനുള്ള അവസരം അയ്യപ്പന്മാര്‍ക്ക് ലഭിക്കുന്നു.

Tuesday, March 3, 2015

ഗുരുവായൂര്‍ ഉത്സവം കൊടിയേറി...

!!! ഓം നമോ നാരായണായ !!!

ഗുരുവായൂര്‍: പത്തുദിവസത്തെ ഗുരുവായൂരപ്പന്റെ തിരുവുത്സവത്തിന് തിങ്കളാഴ്ച രാത്രി സ്വര്‍ണ്ണധ്വജത്തില്‍ കൊടിയേറ്റി.
പൂയ്യം നക്ഷത്രത്തില്‍ രാത്രി എട്ടരയോടെ കൊടിയേറ്റ ച്ചടങ്ങ് തുടങ്ങി. കൊടിമരച്ചുവട്ടില്‍ സപ്തവര്‍ണ്ണക്കൊടിക്ക് പൂജനടത്തി ശ്രീലകത്ത് കൊണ്ടുപോയി ദേവചൈതന്യം സന്നിവേശിപ്പിച്ച ശേഷമായിരുന്നു കൊടിയേറ്റ്. വലിയ തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട്, സതീശന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ ചടങ്ങ് നിര്‍വ്വഹിച്ചു. തന്ത്രി ശ്രീകാന്ത് നമ്പൂതിരിപ്പാട് സന്നിഹിതനായിരുന്നു.
വൈകീട്ട് ദീപാരാധനയ്ക്കു ശേഷം തന്ത്രിയെ ഉത്സവയജ്ഞാചാര്യനായി വരിക്കുന്ന ആചാര്യവരണം ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് നിര്‍വ്വഹിച്ചു. നാലമ്പലത്തിനകത്തെ മുളയറയില്‍ വെള്ളിപ്പാലികകളില്‍ പന്ത്രണ്ട് വിവിധ ധാന്യങ്ങള്‍ വിതച്ച് മുളയിടല്‍ ചടങ്ങും നടത്തിയായിരുന്നു കൊടിയേറ്റം. പിന്നീട് കൊടിപ്പുറത്ത് വിളക്കാചാരമായിരുന്നു. എഴുന്നള്ളിപ്പിന് ഗജരത്‌നം പത്മനാഭന്‍ കോലമേറ്റി. തലയെടുപ്പുള്ള രാമന്‍കുട്ടിയും സിദ്ധാര്‍ഥനും പറ്റാനകളായി. വിളക്കിന് പതിനായിരത്തോളം ദീപങ്ങള്‍ ജ്വലിച്ചു. ഈ സമയം ഉത്സവ കലാപരിപാടികള്‍ക്ക് മേല്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ തിരിതെളിഞ്ഞു. കലാമണ്ഡലം ഗോപിയാശാന്‍ ദുര്യോധനവേഷമണിഞ്ഞ ഉത്തരാസ്വയംവരം കഥകളിയോടെയായിരുന്നു തുടക്കം.
ക്ഷേത്രത്തില്‍ ചൊവ്വാഴ്ച രാവിലെ ദിക്ക് കൊടികള്‍ സ്ഥാപിച്ചുകഴിഞ്ഞാല്‍ പ്രൗഢിയാര്‍ന്ന ഉത്സവ എഴുന്നള്ളിപ്പ് തുടങ്ങും. ഉത്സവനാളുകളില്‍ രാവിലെയും ഉച്ചതിരിഞ്ഞും നടക്കുന്ന കാഴ്ചശ്ശീവേലിക്ക് പഞ്ചാരിമേളത്തിന് നൂറോളം വാദ്യക്കാര്‍ അണിനിരക്കും.
രാവിലെ 11നും, രാത്രി എട്ടിനും ശ്രീഭൂതബലിക്ക് പൊന്‍പഴുക്കാമണ്ഡപത്തില്‍ ഗുരുവായൂരപ്പനെ എഴുന്നള്ളിച്ചുവെയ്ക്കും. രാത്രി ശ്രീഭൂതബലി എഴുന്നള്ളിപ്പിനു മുന്നില്‍ പുലര്‍ച്ചെവരെ പ്രഗത്ഭരുടെ തായമ്പകയും അരങ്ങേറും.
ഉത്സവദിവസങ്ങളില്‍ ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് വിശേഷ ഉത്സവക്കഞ്ഞിയും മുതിരപ്പുഴുക്കും നല്‍കും. 3000ത്തിലേറെ ഭവനങ്ങളിലേക്ക് രണ്ടുനേരവും ഭക്ഷണപ്പകര്‍ച്ചയും ഉണ്ടാകും. ഭക്ഷണത്തിന് മാത്രം 1.15 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. മാര്‍ച്ച് 11ന് ആറാട്ടോടെ ഉത്സവം സമാപിക്കും.

ആനയില്ലാതെ ഗുരുവായൂരപ്പന്‍ എഴുന്നള്ളി...

!!! ഓം നമോ നാരായണായ !!!

ഗുരുവായൂര്‍: ഉത്സവാരംഭ ദിനമായ തിങ്കളാഴ്ച ഐതിഹ്യപ്പെരുമയില്‍ ആനയില്ലാതെ ഗുരുവായൂരപ്പന്‍ ശീവേലിക്ക് എഴുന്നള്ളി. എന്നും ആനപ്പുറത്ത് എഴുന്നള്ളുന്ന ഗുരുവായൂരപ്പന്‍ വര്‍ഷത്തില്‍ ഒരു ദിവസം ഒരു നേരം മാത്രമാണ് ആനയില്ലാതെ എഴുന്നള്ളുന്നത്. ക്ഷേത്രത്തിന് സ്വന്തമായി ആനയില്ലാതിരുന്ന പുരാതനകാലത്ത് ഉത്സവത്തിന് പുറമെനിന്നാണ് ആനകളെ കൊണ്ടുവന്നിരുന്നത്. ഒരു വര്‍ഷം ഉത്സവാരംഭദിനത്തില്‍ രാവിലെ ശീവേലിക്ക് ആനകള്‍ എത്തിയില്ല. ഇതിന്റെ ഓര്‍മ്മ പുതുക്കുന്ന ചടങ്ങായിരുന്നു തിങ്കളാഴ്ച.
കീഴ്ശാന്തി തിരുവാലൂര്‍ മനോഹരന്‍ നമ്പൂതിരിയാണ് ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പുമായി ശീവേലിക്ക് മൂന്നു പ്രദക്ഷിണം പൂര്‍ത്തിയാക്കിയത്. മേല്‍ശാന്തി മുന്നൂലം ഭവന്‍ നമ്പൂതിരി പരിവാരദേവതകള്‍ക്ക് ഹവിസ് തൂവി എഴുന്നള്ളിപ്പിനു മുന്നില്‍ നീങ്ങി. അനേകം ഭക്തര്‍ നാരായണനാമം ഉരുവിട്ട് എഴുന്നള്ളിപ്പില്‍ പങ്കെടുത്തു.

Sunday, March 1, 2015

ഗുരുവായൂരപ്പന് സപ്തവര്‍ണ്ണ ഉത്സവക്കൊടിയും കയറും ഒരുങ്ങി...

!!! ഓം നമോ നാരായണായ !!!

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഉത്സവത്തിന് സ്വര്‍ണ്ണക്കൊടിമരത്തില്‍ ഉയര്‍ത്താനുള്ള സപ്തവര്‍ണ്ണപ്പട്ടിന്റെ കൊടിക്കൂറയും ചെമ്പട്ടില്‍ പൊതിഞ്ഞ കയറും തയ്യാറായി. ദേവസ്വം തയ്യാറാക്കുന്ന സപ്തവര്‍ണ്ണക്കൊടിയും കൊടിക്കയറും പടിഞ്ഞാറെ നടയിലെ തുന്നല്‍ക്കാരനായ വിനയന്‍ എന്ന ഭക്തനാണ് പണിപൂര്‍ത്തിയാക്കിയത്.
ഉത്സവക്കൊടിയുടെ മുകളില്‍ ഒരുഭാഗത്ത് ശ്രീചക്രത്തിന്റെയും മറുഭാഗത്ത് ഗരുഡന്റെയും ചിത്രങ്ങളാണ് ചുമര്‍ചിത്രശൈലിയില്‍ ആലേഖനം ചെയ്തിട്ടുള്ളത്. കൊടിക്ക് പതിനൊന്ന് അടി നീളം വരും. 165 അടിയോളം നീളമുള്ള ഒറ്റക്കയര്‍ ചുവന്ന പട്ടില്‍ പൊതിഞ്ഞ് ഒരുക്കിയതാണ് കൊടിക്കയര്‍. കൂട്ടിക്കെട്ടിയ കയര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉപയോഗിക്കില്ല.
ഉത്സവ എഴുന്നള്ളിപ്പിന് മുന്നില്‍ പിടിക്കാനുള്ള പതിനാറ് കൊടിക്കൂറകളും ക്ഷേത്രത്തില്‍ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കാനുള്ള പത്ത് ദിക്ക് കൊടികളും തയ്യാറായി. തിങ്കളാഴ്ച രാത്രി എട്ടരയ്ക്കാണ് ഉത്സവക്കൊടിയേറ്റം. പനങ്ങാടുള്ള ഒരു ഭക്തന്‍ ഒരു കൊടിക്കയര്‍ വഴിപാടായി ശനിയാഴ്ച സമര്‍പ്പിച്ചു.

പ്രസാദ ഊട്ടിന് തമിഴ്‌നാട്ടില്‍നിന്ന് 40 ടണ്‍ അരി; മണിക്കൂറില്‍ 4500 പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ സൗകര്യം...

!!! ഓം നമോ നാരായണായ !!!

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിനെത്തുന്ന പതിനായിരക്കണക്കിന് ഭക്തര്‍ക്ക് പ്രസാദ ഊട്ട് തയ്യാറാക്കാനുള്ള അരിയും പച്ചക്കറികളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കലവറയിലെത്തി. ക്ഷേത്രത്തിന് പുറത്ത് പടിഞ്ഞാറുഭാഗത്താണ് കലവറയ്ക്കുള്ള പന്തല്‍ തയ്യാറാക്കിയിട്ടുള്ളത്.
ശനിയാഴ്ച മുതല്‍ കേരളത്തില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമായി പലചരക്കും പച്ചക്കറികളും എത്തിത്തുടങ്ങി. പ്രസാദ ഊട്ടിന്റെ പകര്‍ച്ചയ്ക്കും ഭക്തര്‍ക്ക് നല്‍കുന്ന ഊണിനുമായി തമിഴ്‌നാട്ടിലെ മുന്തിയ ഇനം അരിയാണ് ഉപയോഗിക്കുന്നത്. 40 ടണ്‍ അരി തമിഴ്‌നാട്ടില്‍നിന്നെത്തി. കഞ്ഞിക്ക് മട്ട അരിയാണ് ഉപയോഗിക്കുന്നത്. ഇതും 40 ടണ്‍ കലവറയിലെത്തിയിട്ടുണ്ട്.
20 ക്വിന്റല്‍ മുതിര, 1515 കിലോ വെളിച്ചെണ്ണ, മത്തന്‍, എളവന്‍ തുടങ്ങിയവയും കലവറയില്‍ എത്തി. പ്രസാദ ഊട്ടിന് കലവറയില്‍ എത്തിയ പലചരക്കും പച്ചക്കറികളും ഏതാനും ഭക്തരുടെ വകയായുള്ള വഴിപാടാണ്. ആവശ്യാനുസരണം സാധനങ്ങള്‍ എത്തിക്കാനും വഴിപാടുകാര്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട.്
ചൊവ്വാഴ്ച രാവിലെ മുതലാണ് പ്രസാദ ഊട്ടും പകര്‍ച്ചയും തുടങ്ങുന്നത്. രാവിലെ കഞ്ഞിക്ക് മുതിരപ്പുഴുക്കും പപ്പടവും ഉച്ചയ്ക്ക് ചോറിന് കാളന്‍, ഓലന്‍, ഉപ്പിലിട്ടത്, പപ്പടം എന്നിവയാണ് വിഭവങ്ങള്‍. ക്ഷേത്രത്തിന് തെക്കുഭാഗത്ത് പ്രസാദ ഊട്ടിനായി 20,000 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച പന്തലിന്റെ അവസാന മിനുക്കുപണികള്‍ നടക്കുകയാണ്. മണിക്കൂറില്‍ 4500ഓളം പേര്‍ക്ക് ഇരുന്ന് കഴിക്കുന്നതിന് സൗകര്യമുള്ള പന്തലാണ് തയ്യാറാക്കുന്നത്. ഇക്കുറി ഒന്നേക്കാല്‍ കോടിയോളം രൂപയാണ് പ്രസാദ ഊട്ടിന് ദേവസ്വം നീക്കിവെച്ചിട്ടുള്ളത്.

ഗുരുവായൂരില്‍ 'ആനയില്ലാ ശീവേലി' നാളെ...

!!! ഓം നമോ നാരായണായ !!!

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഉത്സവം ആരംഭിക്കുന്ന തിങ്കളാഴ്ച പഴയകാലത്തെ ഇല്ലായ്മയുടെ ഓര്‍മ്മ പുതുക്കുന്ന രണ്ട് ചടങ്ങുകള്‍ നടക്കും. ആനയില്ലാ ശീവേലിയും ആനയോട്ടവും. ദേവസ്വത്തിന് ആനയില്ലാതിരുന്ന ആദ്യകാലത്തെ ചടങ്ങാണിത്.
ദേവസ്വത്തില്‍ ഇപ്പോള്‍ 58 ആനകള്‍ ഉണ്ടെങ്കിലും തിങ്കളാഴ്ച രാവിലെ ശീവേലിക്ക് കീഴ്ശാന്തി നമ്പൂതിരി ഗുരുവായൂരപ്പന്റെ സ്വര്‍ണ്ണത്തിടമ്പ് കയ്യിലെടുത്ത് നടന്നാണ് മൂന്ന് പ്രദക്ഷിണം പൂര്‍ത്തിയാക്കുക. ആനയോട്ടം നടക്കുന്ന മൂന്നുമണിവരെ ആനകള്‍ ക്ഷേത്രപരിസരത്തുപോലും എത്തരുതെന്നാണ് ചട്ടം.
ദേവസ്വത്തില്‍ ആനകള്‍ ഇല്ലാതിരുന്ന കാലത്ത് ഉത്സവത്തിന് എഴുന്നള്ളിക്കാന്‍ പുറമെനിന്ന് ആനകളെ കൊണ്ടുവന്നിരുന്നു. കൊച്ചി രാജ്യത്തുനിന്നാണ് ആനകള്‍ എത്തിയിരുന്നത്. ഗുരുവായൂര്‍ ക്ഷേത്രാധികാരിയായിരുന്ന സാമൂതിരിരാജയും കൊച്ചി രാജാവും തമ്മിലുണ്ടായിരുന്ന കിടമത്സരത്തിനിടയിലായിരുന്നു ഒരിക്കല്‍ ഉത്സവകാലം. കൊച്ചി രാജ്യത്തുനിന്ന് മലബാര്‍ ഭാഗത്തേക്ക് ആനകള്‍ പോകുന്നത് വിലക്കി. ആനകളില്ലാതെ ഉത്സവം നടത്തേണ്ടിവരുമെന്ന് ഭക്തര്‍ വിഷമിച്ചുനില്‍ക്കെ ഉത്സവാരംഭദിനത്തില്‍ ആനകള്‍ ഓടിയെത്തിയെന്നാണ് ഐതിഹ്യം. തൃക്കണാമതിലകം ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിന് അണിനിരന്ന ആനകളാണ് അന്ന് ഗുരുവായൂരില്‍ ഓടിയെത്തിയത്. ഈ സംഭവം ഓര്‍മ്മിപ്പിക്കുന്നതാണ് ആനയോട്ടം. തിങ്കളാഴ്ച രാത്രി പൂയ്യം നക്ഷത്രത്തിലാണ് ഉത്സവത്തിന് കൊടിയേറ്റം.

ഗുരുവായൂര്‍ ആനയോട്ടം നാളെ; ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി...

!!! ഓം നമോ നാരായണായ !!!

ഗുരുവായൂര്‍: ഉത്സവത്തിന് മുന്നോടിയായുള്ള ആനയോട്ടം തിങ്കളാഴ്ച ഉച്ചയ്ക്ക്്്്്്് നടക്കും. ആനയോട്ടം നല്ല രീതിയില്‍ നടത്താനുള്ള തയ്യാറെടുപ്പുകളും ക്രമീകരണങ്ങളും പൂര്‍ത്തിയായി. ആനയോട്ടം നടക്കുന്ന കിഴക്കേ നട റോഡില്‍ ബാരിക്കേഡുകള്‍ കെട്ടി. കൂടുതല്‍ പോലീസിനെ നിയോഗിക്കുന്നുണ്ടെന്ന്്് എസിപി ആര്‍. ജയചന്ദ്രന്‍ പിളള അറിയിച്ചു.
ഇക്കുറി 32 ആനകളാണ് ആനയോട്ടത്തില്‍ പങ്കെടുക്കുന്നത്. മുന്നില്‍ ഓടാനായി രാമന്‍കുട്ടി, കണ്ണന്‍, കേശവന്‍കുട്ടി, ഗോപിക്കണ്ണന്‍, അച്യുതന്‍, ദേവദാസ്, രവികൃഷ്ണന്‍, നന്ദന്‍, ജൂനിയര്‍ വിഷ്ണു, ജൂനിയര്‍ കേശവന്‍ എന്നീ കൊമ്പന്‍മാരെയും പിടിയാന നന്ദിനിയെയുമാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍നിന്ന് തിങ്കളാഴ്ച രാവിലെ നറുക്കിട്ടെടുക്കുന്ന അഞ്ച് ആനകളെയാവും മുന്നില്‍ ഓടിക്കുക.
വൈകീട്ട് മൂന്നിന് ക്ഷേത്രഗോപുരമണിയടിച്ചാല്‍ ആനയ്ക്ക്്് കെട്ടാനുള്ള മണികള്‍ പാപ്പാന്‍മാര്‍ ഏറ്റുവാങ്ങിയശേഷം അവ ആരവങ്ങളോടെ മഞ്ജുളാലിലേക്ക്്് കൊണ്ടുവന്ന്് ആനകളെ അണിയിക്കും. തുടര്‍ന്ന്്്് മാരാര്‍ ശംഖനാദം ഉയര്‍ത്തിയാല്‍ ആനയോട്ടം തുടങ്ങും. ക്ഷേത്രഗോപുരനട ആദ്യം കടക്കുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും. ജേതാവിനെ ക്ഷേത്രം അവകാശികള്‍ നിറപറ വെച്ച്്് സ്വീകരിക്കും. ഉത്സവത്തിന്റെ പത്തു ദിവസവും ഗുരുവായൂരപ്പന്റെ തിടമ്പേറ്റാനുള്ള ഭാഗ്യം ആ ജേതാവിനായിരിക്കും.

ഗുരുവായൂരപ്പന് ഇന്ന് സഹസ്രകലശാഭിഷേകം; ഉത്സവക്കൊടിയേറ്റം നാളെ...

!!! ഓം നമോ നാരായണായ !!!

ഗുരുവായൂര്‍: ആയിരം കലശവും, അതിവിശേഷ ബ്രഹ്മകലശവും ഞായറാഴ്ച ഗുരുവായൂരപ്പന് അഭിഷേകം ചെയ്യും. തിങ്കളാഴ്ച രാത്രി എട്ടരയ്ക്ക് പത്തു ദിവസത്തെ ഉത്സവത്തിന് കൊടിയേറും. കൊടിയേറ്റത്തിനു മുമ്പ് മൂന്നു മണിക്ക് ആനയോട്ടം നടക്കും.
സഹസ്രകലശാഭിഷേകം ഞായറാഴ്ച ഉച്ചപ്പൂജയ്ക്ക് മുന്‍പാണ് നടക്കുക. രാവിലെ ശീവേലിയും പന്തീരടിപൂജയും കഴിഞ്ഞ് ഏഴിന് ആയിരംകലശം അഭിഷേകം തുടങ്ങും. കൂത്തമ്പലത്തില്‍ പൂജിച്ചുവെച്ച കലശക്കുടങ്ങള്‍ കീഴ്ശാന്തിക്കാര്‍ നിരയായി നിന്നാണ് ശ്രീകോവിലില്‍ എത്തിക്കുക. ആയിരം കലശവും ആടിയതിനുശേഷം പത്തരയ്ക്ക് ബ്രഹ്മകലശം എഴുന്നള്ളിക്കും. കൂത്തമ്പലത്തില്‍ നിന്ന് പാണിയുടെയും വാദ്യങ്ങളുടേയും അകമ്പടിയോടെയാണ് എഴുന്നള്ളിപ്പ്. പട്ടുകുടയ്ക്ക് കീഴെ ബ്രഹ്മകലശം മേല്‍ശാന്തി ഭവന്‍ നമ്പൂതിരി വഹിക്കും. തന്ത്രി അഭിഷേകച്ചടങ്ങ് നിര്‍വ്വഹിക്കും. രാവിലെ നാലര മുതല്‍ പതിനൊന്നുമണിവരെ ഭക്തര്‍ക്ക് നാലമ്പലത്തിനകത്തേക്ക് പ്രവേശനം ഉണ്ടാകില്ല.
ശനിയാഴ്ച വൈകീട്ട് 975 വെള്ളിക്കുംഭങ്ങളിലും 26 സ്വര്‍ണ്ണക്കുംഭങ്ങളിലും കഷായം, പാല്‍ , തൈര്, നെയ്യ്, പഞ്ചഗവ്യം തുടങ്ങിയ ഒട്ടേറെ ദ്രവ്യങ്ങളും, മണിക്കിണറിലെ തീര്‍ത്ഥവും കീഴ്ശാന്തിക്കാര്‍ നിറച്ചു. നാലമ്പലത്തിനകത്ത് വിതച്ചിരുന്ന ധാന്യമുളകള്‍ കുത്തുവിളക്കിന്റെയും ശംഖനാദത്തിന്റെയും അകമ്പടിയില്‍ കൂത്തമ്പലത്തിലേക്ക് എഴുന്നള്ളിച്ച് ബ്രഹ്മകലശത്തിന് ചുറ്റും നിരത്തി. കലശങ്ങള്‍ക്ക് ഓതിക്കന്‍മാര്‍ അധിവാസപൂജ നടത്തി.
സഹസ്രകലശാഭിഷേകത്തിന് ഗുരുവായൂരപ്പന്റെ അനുവാദം ചോദിക്കുന്ന പ്രാര്‍ത്ഥന രാത്രി അത്താഴപ്പൂജയ്ക്കുശേഷം തന്ത്രി നിര്‍വ്വഹിച്ചു.
ഏറെ പ്രാധാന്യമുള്ള തത്ത്വകലശം ശനിയാഴ്ച ഗുരുവായൂരപ്പന് അഭിഷേകം ചെയ്തു. ജീവന്‍, പ്രാണന്‍ തുടങ്ങിയ 25 തത്ത്വങ്ങളെ പരിപോഷിപ്പിക്കാനുള്ള തത്ത്വകലശം തന്ത്രി ചേന്നാസ് സതീശന്‍ നമ്പൂതിരിപ്പാടാണ് വിഗ്രഹത്തില്‍ അഭിഷേകം ചെയ്തത്. ശ്രീകോവിലിനു മുന്നിലുള്ള നമസ്‌കാരമണ്ഡപത്തില്‍ തത്ത്വഹോമവും പൂജയും നടത്തിയതിനുശേഷമായിരുന്നു അഭിഷേകം. ഹോമം ഓതിക്കന്‍ കക്കാട് മനുനമ്പൂതിരി നിര്‍വ്വഹിച്ചു.